ബഹിരാകാശത്ത് നിന്ന് വൈദ്യുതി

സൂര്യൻ കത്തിജ്ജ്വലിച്ച് നിലനിൽക്കുന്നിടത്തോളം കാലം സൗരോർജം ലഭിക്കും. 800 കോടി വർഷംകൂടി സൂര്യൻ ഇതുപോലെ കത്തിജ്ജ്വലിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. 460 കോടി വർഷമാണ് നിലവിലെ പ്രായം. ഇപ്പോൾ സോളാർ പാനലുകൾ ഉപയോഗിച്ച് സൗരോർജം ശേഖരിച്ച് വൈദ്യുതിയാക്കി പല ആവശ്യങ്ങൾക്കും മനുഷ്യർ ഉപയോഗിക്കുന്നു. മേൽക്കൂരയിലെ സോളാർ പാനലുകളിലൂടെ വീടുകളിലും വ്യവസായങ്ങൾക്കും ബാറ്ററികളിൽ ശേഖരിച്ചും അല്ലാതെ നേരിട്ടും സൗരോർജ വൈദ്യുതി പ്രയോജനപ്പെടുത്താറുണ്ട്. തെരുവുവിളക്കുകളും വാഹനങ്ങളും ട്രാഫിക് സിഗ്നലുകളും വരെ സൗരവൈദ്യുതികൊണ്ടാണ് പ്രവർത്തിക്കുന്നത്. വൻതോതിൽ വൈദ്യുതി ആവശ്യമുള്ളപ്പോൾ ധാരാളം സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിക്കേണ്ടിവരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാണുന്നതുപോലെ. അതിന് ഏറെ സ്ഥലവും പണച്ചെലവും വരും. മഴ, കാർമേഘം, രാത്രി, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ തടസ്സങ്ങൾ വേറെയും. ഒരാഴ്ച മഴ തോരാതെ പെയ്താൽ വൈദ്യുതി ഉൽപാദനം പ്രതീക്ഷിച്ചതുപോലെ നടന്നെന്നു വരില്ല. ഇത്തരം തടസ്സങ്ങളും പരിമിതികളും ഇല്ലാതെ സൗരോർജത്തെ വൈദ്യുതി ആക്കാനുള്ള കഠിനശ്രമങ്ങളിലാണ് യു.എസ് എയർഫോഴ്സ്.

വ്യോമസേനയുടെ പദ്ധതി

ബഹിരാകാശത്തുനിന്ന് സൗരോർജം ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനും പദ്ധതിയിടുകയാണ് യു.എസ് വ്യോമസേന. യു.എസ് എയർഫോഴ്‌സിന്റെ സ്‌പേസ് സോളാർ പവർ ഇൻക്രിമെന്റൽ ഡെമോൺസ്‌ട്രേഷൻ ആൻഡ് റിസർച് പ്രോജക്ട് (എസ്‌.എസ്‌.പി.ഐ.ഡി.ആർ) വഴിയാണിത്. ഭൂമിയിലെ വിദൂര സൈനികത്താവളങ്ങളിലേക്ക് നേരിട്ട് സൗരോർജം പ്രസരിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് അവർ ലക്ഷ്യമിടുന്നത്. പല രാജ്യങ്ങളിലും യു.എസിന് സൈനികത്താവളങ്ങളുണ്ട്. അധിനിവേശം യു.എസിന്റെ പതിവുശീലവുമാണ്. ഇത്തരം സ്ഥലങ്ങളിൽ വൈദ്യുതിക്ക് സൂര്യനെ ആശ്രയിക്കാതെ നിർവാഹമില്ല. നിലവിൽ, സൈനികത്താവളങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് വൈദ്യുതിക്കായി ഇന്ധനങ്ങളും മറ്റ് വസ്തുക്കളും കൊണ്ടുപോകാൻ യു.എസ് സൈന്യം ട്രക്കുകളും അകമ്പടി വാഹനങ്ങളും ഉപയോഗിക്കുന്നു. ഈ വാഹനവ്യൂഹങ്ങൾ ആകാശത്തുനിന്നും കരയിൽനിന്നുമുള്ള ആക്രമണത്തിന് ഇരയാകുന്നതാകാം ഇത്തരം കണ്ടുപിടിത്തത്തിന് യു.എസ് വ്യോമസേനയെ പ്രേരിപ്പിച്ചത്.

വിദൂര താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ ഊർജ ആവശ്യം പരിഹരിക്കുകയാണ് ഉദ്ദേശ്യമെങ്കിലും പദ്ധതി വിജയിച്ചാൽ സാധാരണ ജനങ്ങളുടെ ഉപയോഗത്തിനും ലഭ്യമാക്കും. സൗരോർജ പാനലുകൾ ഉപയോഗിച്ച് ബഹിരാകാശത്ത് സൂര്യന്റെ ഊർജം ശേഖരിച്ച് ഭൂമിയിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുക. സോളാർ പാനലുകൾ ഭ്രമണപഥത്തിൽ വിന്യസിച്ചാൽ എപ്പോഴും സൂര്യരശ്മികൾ പതിക്കും. ഇത് തടസ്സമില്ലാത്ത ഊർജം വിതരണം ചെയ്യും.

കേബ്ൾ വലിക്കുമോ!

ഭൂമിയിലേക്ക് ഊർജം കൊണ്ടുവരുന്നതാണ് പ്രശ്നം. സൗരോർജത്തെ ബഹിരാകാശത്തു വെച്ചു തന്നെ വൈദ്യുതിയാക്കി മാറ്റിയാലും ആ വൈദ്യുതി കൊണ്ടുവരാൻ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് കേബ്ളുകൾ വലിക്കുക പ്രായോഗികമല്ല. ഇതിനായി സൂര്യപ്രകാശം സ്വീകരിക്കുന്ന ഉപഗ്രഹങ്ങളെ (സാറ്റലൈറ്റുകൾ) ബഹിരാകാശത്ത് വിന്യസിക്കാനാണ് പദ്ധതി. ഈ ഉപഗ്രഹങ്ങൾ സൂര്യപ്രകാശം സ്വീകരിച്ച് റേഡിയോ ഫ്രീക്വൻസി (RF) ഊർജമാക്കി ഭൂമിയിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുക. ഇവിടെ ഭൂമിയിലുള്ള ആന്റിനകൾ ഈ ഊർജം സ്വീകരിച്ച് വൈദ്യുതിയാക്കി മാറ്റും. ഈ പദ്ധതി പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്ന യു.എസ് എയർഫോഴ്സ് റിസർച് ലബോറട്ടറി (AFRL) പദ്ധതിയുടെ പ്രാരംഭ ആശയവും സാധ്യതയും വിവരിക്കുന്ന വിഡിയോ യൂട്യൂബിൽ ഷെയർ ചെയ്തിട്ടുണ്ട്. 1970കളുടെ തുടക്കം മുതൽ പലതരം ബഹിരാകാശ അധിഷ്ഠിത സൗരോർജ വൈദ്യുതി പദ്ധതി നിർദേശങ്ങൾ ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, നിലവിലെ ബഹിരാകാശ വിക്ഷേപണച്ചെലവ് കണക്കിലെടുത്തൽ അവയൊന്നും സാമ്പത്തികമായി ലാഭകരമല്ല. കൂടാതെ, നിരവധി വെല്ലുവിളികളും ഗവേഷണങ്ങൾക്ക് തടസ്സമായി. ജപ്പാൻ, ചൈന, റഷ്യ, ഇന്ത്യ, യു.കെ എന്നിവ ഇതേ ഗവേഷണങ്ങൾ നടത്തുന്നതായാണ് സൂചനകൾ.

Tags:    
News Summary - electricity from space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.