സൂര്യൻ മേഡ് ഇൻ ചൈന; കൃത്രിമ സൂര്യൻ പദ്ധതിയിൽ നിർണായക മുന്നേറ്റവുമായി ചൈന, 582 ടൺ ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ കാന്തത്തിന്‍റെ പരീക്ഷണം വിജയകരം

പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജ്ജം ലക്ഷ്യമിട്ടുള്ള കൃത്രിമ സൂര്യനെ നിർമിക്കുന്ന പദ്ധതിയിൽ നിർണ്ണായക മുന്നേറ്റവുമായി ചൈന. ലോകത്തിലെ ഏറ്റവും വലിയ അതിചാലക ഫ്യൂഷൻ കാന്തത്തിന്റെ നിർമ്മാണവും പരീക്ഷണവും ചൈന വിജയകരമായി പൂർത്തിയാക്കി. 2030ഓടെ ഫ്യൂഷൻ പവറിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ചൈനയുടെ ലക്ഷ്യത്തിന് ഈ നേട്ടം വലിയ കരുത്തുപകരും.

ചൈനീസ് അക്കാദമി ഓഫ് സയൻസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സ് ആണ് ഈ ഭീമൻ കാന്തം വികസിപ്പിച്ചെടുത്തത്. ഡി ആകൃതിയിലുള്ള ഈ ടോയ്റോയിഡൽ ഫീൽഡ് സൂപ്പർകണ്ടക്റ്റിംഗ് കാന്തത്തിന് 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുണ്ട്. സൂര്യനിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന അതേ അണുകേന്ദ്ര സംയോജന പ്രക്രിയയാണ് കൃത്രിമ സൂര്യനിലും ഉപയോഗിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാതെ, 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനുമുകളിൽ താപനിലയിൽ ഹൈഡ്രജൻ പരമാണുക്കളെ സംയോജിപ്പിച്ച് ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതാണ് ഈ പദ്ധതി. ഭാവിയിൽ സുരക്ഷിതവും ശുദ്ധവുമായ അനന്തമായ ഊർജ്ജ സ്രോതസ്സായി ഇത് മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

അന്താരാഷ്ട്ര തെർമോന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടറിനായി വികസിപ്പിച്ച സമാന കാന്തങ്ങളെ അപേക്ഷിച്ച് 1.3 മടങ്ങ് വ്യാപ്തിയും മൂന്നിടങ്ങ് ഊർജ്ജ സംഭരണശേഷിയുമുള്ളതാണ് ഈ പുതിയ കാന്തം. റിയാക്ടറിനുള്ളിൽ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള പ്ലാസ്മ ചോർന്നുപോകാതെ നിയന്ത്രിച്ചു നിർത്തുക എന്നതാണ് ഈ കാന്തത്തിന്റെ പ്രധാന ചുമതല.

പൂർണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയും വസ്തുക്കളും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. ആറ് വർഷം നീണ്ട ഗവേഷണത്തിലൂടെ 47 പേറ്റന്റുകളും 25 വ്യവസായ മാനദണ്ഡങ്ങളും ചൈന സ്വന്തമാക്കിക്കഴിഞ്ഞു. മൈനസ് 269 ഡിഗ്രി സെൽഷ്യസ് താപനിലയിൽ, അതിശക്തമായ വൈദ്യുത പ്രവാഹത്തെയും യാന്ത്രിക സമ്മർദ്ദങ്ങളെയും അതിജീവിച്ച് 60 വർഷത്തോളം തകരാറുകൾ കൂടാതെ പ്രവർത്തിക്കാൻ ഈ കാന്തത്തിന് സാധിക്കും.

2030-ഓടെ ആദ്യമായി ഫ്യൂഷൻ പവർ ഉൽപ്പാദിപ്പിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2027 അവസാനത്തോടെ ബേണിംഗ് പ്ലാസ്മ എക്സ്പിരിമെന്റൽ സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് പൂർത്തിയാക്കാനാണ് പദ്ധതി. അന്തിമമായി ലോകത്തിലെ ആദ്യത്തെ ഫ്യൂഷൻ ഡെമോൺസ്ട്രേഷൻ പവർ സ്റ്റേഷനായ ചൈന ഫ്യൂഷൻ എൻജിനീയറിങ് ഡെമോൺസ്ട്രേഷൻ റിയാക്ടർ നിർമ്മിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

വലിയ മുന്നേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും റിയാക്ടറിന്റെ പൂർണ്ണമായ സമാഹരണവും, ദീർഘകാല പരീക്ഷണങ്ങളും, ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതുൾപ്പെടെയുള്ള വലിയ വെല്ലുവിളികൾ ഇനിയും മറികടക്കാനുണ്ടെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.

Tags:    
News Summary - Sun, Made in China, Artificial Sun, World's Largest Magnet,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.