രാജസ്ഥാെൻറ ‘സഹ പൈലറ്റ്’ അല്ല; സചിെൻറ ‘പറക്കൽ’ ഇനി എങ്ങോട്ട്?
ജയ്പുർ: രാജസ്ഥാൻ ഭരണത്തിൻെറ ‘സഹ പൈലറ്റ്’ സ്ഥാനത്ത് നിന്ന് യുവ നേതാവ് സചിൻ പൈലറ്റ് നീക്കം ചെയ്യപ്പെട്ടതോടെ, രാഷ്ട്രീയ ഇടനാഴികളിൽ ഉയരുന്ന പ്രധാന സംശയമിതാണ്- സചിൻ പൈലറ്റിൻെറ ‘പറക്കൽ’ ഇനി എങ്ങോട്ടായിരിക്കും. സചിൻ പുതിയ പാർട്ടി രൂപവത്കരിക്കുമോ?, അതോ ബി.െജ.പി പാളയത്തിലെത്തുമോ? എന്നീ ചോദ്യങ്ങളുെട ഉത്തരം തേടി തുടങ്ങിയിട്ടുണ്ട് പലരും. രണ്ടിൽ എന്തു സംഭവിച്ചാലും ഒന്നുറപ്പ്. ക്ഷീണം കോൺഗ്രസിന് തന്നെ. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ബി.െജ.പിയിൽ ചേക്കേറിയതിൻെറ ക്ഷീണത്തിൽ നിന്ന് അവർ ഇനിയും കരകയറിയിട്ടില്ല. അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടിട്ടുമില്ല. മുഖ്യമന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികളുള്ള പഞ്ചാബും ഛത്തീസ്ഗഡും പുതിയ പാഠങ്ങൾ പഠിപ്പിക്കാൻ തയാറായി നിൽപ്പുമുണ്ട്.
സചിൻ പൈലറ്റിനെ േകാൺഗ്രസ് നേതൃത്വം മെരുക്കുമോ അതോ സചിെൻറ ആവശ്യം അംഗീകരിക്കുമോ എന്ന കാത്തിരിപ്പിൻെറ അവസാനമായിരുന്നു ജയ്പുരിൽ ചൊവ്വാഴ്ച നടന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗം. കോൺഗ്രസ് വക്താവ് രൺദീപ് സുർേജവാല രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും സചിൻ പൈലറ്റിനെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. സചിനൊപ്പം മന്ത്രിസഭയിൽനിന്ന് വിശ്വവേന്ദ്ര സിങ്ങും രമേഷ് മീണയും പുറത്തായി. സചിൻ പൈലറ്റിന് പകരം രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ഡോടാസറക്ക് പി.സി.സി അധ്യക്ഷൻെറ ചുമതല നൽകുകയും ചെയ്തു.
LATEST VIDEO
സചിൻ പരസ്യമായി കലാപം പ്രഖ്യാപിച്ചതോടെ വിഷമവൃത്തത്തിലായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ്. വിശ്വസ്തൻെറ അപ്രതീക്ഷിത നീക്കം രാഹുൽ ഗാന്ധിയെ ഞെട്ടിക്കുകയും ചെയ്തു. എങ്കിലും തത്ക്കാലം രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം നിൽക്കാനേ ഹൈക്കമാൻറിന് കഴിയൂ എന്നതിൻെറ തെളിവാണ് സചിൻെറ പുറത്താക്കൽ. ഭൂരിപക്ഷം എം.എൽ.എമാരും ഗെഹ്ലോട്ടിനൊപ്പമാണെന്നത് പരിഗണിക്കാതിരിക്കാൻ ഹൈക്കമാൻഡിന് കഴിയില്ല. സോണിയ ഗാന്ധിയുടെ പിന്തുണ ഗെഹ്േലാട്ടിനാണ് താനും.
മധ്യപ്രദേശിലെ കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യ പോരിനോട് സമാനതയുള്ളതായിരുന്നു രാജസ്ഥാനിലെ ഗെഹ്ലോട്ട്-സചിൻ തർക്കവും. ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി പ്രസിഡൻറ് പദവിയുമുണ്ടെങ്കിലും പാര്‍ട്ടിയിലും ഭരണത്തിലും സചിന് വേണ്ട പ്രാധാന്യം ലഭിച്ചിരുന്നില്ല. അതേസമയം, സചിനെ കോൺഗ്രസ് അവഗണിച്ചിരുന്നു എന്ന് പറയാനും കഴിയില്ല. രാജേഷ് പൈലറ്റ് മരിച്ച ശേഷം ഭാര്യ രമക്കും മകന്‍ സചിനും ലോക്സഭയിലേക്കും നിയമസഭയിലേക്കുമൊക്കെ സീറ്റുകള്‍ നല്‍കുന്നതില്‍ കോൺഗ്രസ് നേതൃത്വം മടി കാണിച്ചിട്ടില്ല.
സോണിയ ഗാന്ധിയുെട താൽപര്യ പ്രകാരമാണ് സചിൻ ഉപമുഖ്യമന്ത്രിയായതും. എന്നാൽ, സർക്കാറിനെ അട്ടിമറിച്ച് താഴെയിറക്കാൻ ശ്രമിച്ചതോടെ സചിനെതിരെ നടപടിയെടുക്കാതെ നിർവാഹമില്ലെന്ന അവസ്ഥയിലുമായി കോൺഗ്രസ് നേതൃത്വം. ഇതിന് പ്രതികാരമായി പുതിയൊരു പാർട്ടി രൂപവത്കരിക്കാനുള്ള ശക്തി സചിൻ ആർജിച്ചിട്ടുമില്ല.
ഇടികൂടുന്ന മുട്ടനാടുകളുടെ ചോര കുടിക്കാനെത്തുന്ന കുറുക്കൻെറ റോളിലേക്ക് പതിവുതെറ്റിക്കാതെ ബി.ജെ.പിയുമെത്തിയേതാടെ കലുഷിതമായിട്ടുണ്ട് രാജസ്ഥാെൻെറ രാഷ്ട്രീയ അന്തരീക്ഷം. കോൺഗ്രസിൽ പോര് മുറുകിയപ്പോൾ തന്നെ ബി.ജെ.പി പാളയത്തിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിനായി ബി.ജെ.പി സംസ്ഥാന ഓഫിസിൽ ദേശീയ ഉപാധ്യക്ഷെൻറ നേതൃത്വത്തിൽ യോഗവും ചേർന്നു. സചിൻ ബി.ജെ.പിയിലേക്ക് കൂടുമാറാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വാർത്തയും വന്നു. എന്നാൽ, 24 മണിക്കൂറിനിടെ ഇത് നിഷേധിച്ച് സചിൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യയെ പോലെ അത്രയെളുപ്പം സചിൻ തങ്ങളുടെ വലയിൽ വീഴില്ലെന്ന് ബി.ജെ.പി നേതൃത്വത്തിനുമറിയാം. ജ്യോതിരാദിത്യയുടേതുപോലെ പാരമ്പര്യത്തിലോ ബന്ധങ്ങളിലോ സചിന് സംഘ്പരിവാർ ചായ്വില്ല താനും. അതുകൊണ്ടു തന്നെ ജ്യോതിരാദിത്യയെ പോലെ ഉറച്ച കാൽവെപ്പുകളോടെ സചിന് സംഘ്പരിവാർ ക്യാമ്പിലേക്ക് നടക്കാനാകില്ല. രാജസ്ഥാനിലെ ബി.ജെ.പിയുടെ പ്രധാന മുഖമായ വസുന്ധര രാജെയുടെ നിഴലിൽ നിൽക്കാൻ മനസ്സ് അനുവദിക്കുകയുമില്ല.
ഒരാൾക്ക് ഒരു പദവി എന്ന പ്രമാണം ലംഘിച്ച് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവും നൽകിയെങ്കിലും യുവനേതാവിനെ അപമാനിച്ചുവെന്നും അവഹേളിച്ചുവെന്നുമുള്ള വാദമാണ് സചിൻ പൈലറ്റ് ക്യാമ്പ് ഉയർത്തുന്നത്. ഈ വാദമുയർത്തി പൈലറ്റ് പക്ഷത്തെ മന്ത്രിമാരും മുൻ സ്പീക്കറുമടക്കം രംഗത്തുവന്നു. പാർട്ടിക്ക് വേണ്ടി വർഷങ്ങളായി പ്രയത്നിച്ചിട്ടും നിരാശയാണ് ഫലമെന്നായിരുന്നു ഇവരുടെ അഭിപ്രായം. സചിൻ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് താൻ അപമാനിക്കപ്പെട്ടയായി അറിയിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ പോരുമുറുകുേമ്പാൾ വിശ്വാസ്യത തേടണമെന്ന ആവശ്യമായിരുന്നു സചിൻ പക്ഷത്തുനിന്നും ആദ്യം ഉയർന്നത്. പുറത്താക്കിയ മന്ത്രി രമേഷ് മീണയുടേതായിരുന്നു ആവശ്യം. ഇദ്ദേഹം രണ്ടു നിയമസഭ കക്ഷി യോഗത്തിലും പങ്കെടുത്തിരുന്നില്ല. മീണയെ കൂടാതെ കോൺഗ്രസ് എം.എൽ.എ ദീപേന്ദ്ര സിങ് ശെഖാവത്തും ഇതേ ആവശ്യവുമായി രംഗത്തെത്തി. 200 അംഗ നിയമസഭയിൽ നൂറിലേറെ അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെട്ടത്. എന്നാൽ, 30 എം.എൽ.എമാർ തനിക്കൊപ്പമാണെന്നും ഗെഹ്ലോട്ടിന് 84 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂവെന്നും സചിൻ തിരിച്ചടിക്കുകയും ചെയ്തു. തെൻറ പക്ഷത്തെ ശക്തി കാണിക്കുന്നതിനായി 16 എം.എൽ.എമാർ തങ്ങളുടെ താവളത്തിൽ ഇരിക്കുന്ന വിഡിയോയും സചിൻ പക്ഷം പുറത്തുവിട്ടിരുന്നു.
ജയ്പുരിലെ ഹോട്ടലിൽ നടന്ന രണ്ടു നിയമസഭ കക്ഷി യോഗത്തിലും സചിൻ പൈലറ്റ് പെങ്കടുത്തിരുന്നില്ല. ആദ്യ യോഗത്തിൽ വിട്ടുനിൽക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിയായി തുടരാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി പദമാണ് ആവശ്യെമന്നും സചിൻ മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. അനിശ്ചിതത്വങ്ങൾക്കിടയിൽ രാഹുലും പ്രിയങ്കയും നിരവധി തവണ സചിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാൽ, സചിൻ വഴങ്ങിയില്ല.
രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ അശോക് ഗെഹ്ലോട്ടിെന പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കുകയായിരുന്നു. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കോൺഗ്രസ് സർക്കാറിനെയും പാർട്ടിയെയും ദുർബലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സചിൻ ൈപലറ്റിെൻറ പേരെടുത്തുപറയാതെ പ്രമേയം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സചിനെ പുറത്താക്കണമെന്ന കോൺഗ്രസ് എം.എൽ.എമാരുടെ ആവശ്യം ശക്തമായപ്പോൾ വഴങ്ങുകയല്ലാതെ നേതൃത്വത്തിന് മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.