കെ. സുധാകരൻ, വി.ഡി. സതീശൻ, അടൂർ പ്രകാശ്
പരാതിയിൽ കഴമ്പുണ്ടെന്ന് തന്നെയാണ് വിശ്വാസം; അടൂർ പ്രകാശിനെ പിന്തുണച്ച് കെ. സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, അടൂർ പ്രകാശ് കള്ളം പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അടൂർ പ്രകാശ് സ്വന്തം അനുഭവമാകാം പരാതിയായി ഉന്നയിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കേണ്ട കാര്യമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ രൂക്ഷമായത്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്ലിഫ് ഹൗസിൽ ഒറ്റത്തവണ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നതെന്നും അടൂർ പ്രകാശ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയാണ് വലുതെന്നും കൂട്ടായ ചർച്ചകളിലൂടെ മാത്രമേ ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കാവൂ എന്നുമാണ് കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെയും നിലപാട്.
അതേസമയം, വി.ഡി സതീശനെതിരെ പരസ്യമായി പരാതി ഉന്നയിച്ചതിന്റെ പേരില്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് തനിക്ക് ഭയമില്ലെന്ന് അടൂര്‍ പ്രകാശ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. പരാതി പരസ്യമായി പറഞ്ഞിട്ടും പരിഹാര ചര്‍ച്ചക്ക് മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും, വിഷയം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയിലും മുന്നണിയിലുമുള്ള പലയാളുകളും എന്നെ കാണുകയും അവരുടെ പരാതികള്‍ പറയുകയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങള്‍ അടക്കമാണ് ഞാന്‍ പരസ്യമായി ഉയര്‍ത്തിക്കാട്ടിയത്. വിഷയത്തില്‍ ഞങ്ങളെല്ലാവരും കൂടി വിശദമായി ആലോചിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകൂ. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനത്തോടനുബന്ധിച്ച് എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതേവരെ യാതൊരു വിവരവുമില്ല’ -അടൂർ പ്രകാശ് വ്യക്തമാക്കി.
വിഷയത്തില്‍ അദ്ദേഹം എടുക്കുന്ന ഏത് തീരുമാനവും ഞങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കണ്ടിരുന്നെങ്കിലും ഔദ്യോഗികമായി പരാതി കൈമാറിയിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.