ഇത് മഹാരാഷ്ട്രയാണ്, യോഗി ആദിത്യനാഥ് ആകാൻ ശ്രമിക്കരുത്'; ഫഡ്നാവിസിനോട് അഭിജിത് ദീപ്കെ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ പ്രവർത്തകർക്ക് ചന്ദ്രപൂർ പൊലീസ് നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വിഷയത്തിൽ അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും വിമർശിച്ചു. “ഫഡ്നാവിസ്, നിങ്ങൾ എന്തിനാണ് യോഗി ആദിത്യനാഥ് ആകാൻ ശ്രമിക്കുന്നത്? ഇത് മഹാരാഷ്ട്രയാണ്,” അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭത്തിനുള്ള ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ തേടിയും അക്രമ സാധ്യത ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയുമാണ് പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് നൽകിയതെന്ന് ദീപ്കെ പറഞ്ഞു.

"പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുമെന്ന് ചന്ദ്രപൂർ പൊലീസ് എങ്ങനെയാണ് അറിയുന്നത്? ജന്തർമന്തർ ചന്ദ്രപൂരിലാണോ സ്ഥിതി ചെയ്യുന്നത്?" ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം ചോദിച്ചു.

ഇത്തരത്തിലുള്ള നോട്ടീസുകൾ മഹാരാഷ്ട്ര പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. “അവർ ഡൽഹി പൊലീസിനെപ്പോലെ പെരുമാറരുത്,” അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലും രാജസ്ഥാനിലുമുള്ള സന്നദ്ധപ്രവർത്തകർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദീപ്കെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന സംഘടനയുടെ ആവശ്യം ദീപ്കെ ആവർത്തിച്ചു. “എന്റെ സഹപ്രവർത്തകരെ ഉപദ്രവിക്കുന്നതിന് പകരം എന്നെ അറസ്റ്റ് ചെയ്യൂ... എനിക്കെതിരെ നിങ്ങൾക്കാവശ്യമുള്ള ഏത് നിയമവും പ്രയോഗിച്ചോളൂ, പക്ഷേ എന്റെ സഹപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Abhijeet Dipke questions Chandrapur cops notices to Delhi-bound members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.