മാസപ്പടി കേസ്: റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; നോട്ടീസ് അയച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പ്രതിയായ മാസപ്പടി കേസിൽ ചോദ്യംചെയ്യൽ ആരംഭിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌.ഐ.ടി). ഇതിന്റെ ഭാഗമായി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് എസ്‌.ഐ.ടി നോട്ടീസ് അയച്ചു. പ്രാഥമിക അന്വേഷണമാണ് എസ്‌.ഐ.ടി നടത്തുന്നത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇ.ഡിയുടെ കത്തിലെ ആവശ്യം.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ അന്വേഷണത്തിൽ വാരിസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിനെതിരായ പരാമർശം ആ മൊഴിയിലുണ്ടായിരുന്നു. പിന്നീട്, താൻ സമ്മർദ്ദത്തിന് കീഴ്‌പ്പെട്ടാണ് അത്തരമൊരു മൊഴി നൽകിയതെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ട് അന്ന് വാരിസ് ഇ.ഡിക്ക് കത്തുകുടി നൽകിയിരുന്നു.

കൈക്കൂലി, ഹവാല ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നിട്ടുള്ളത്. ഇതിൽ പിണറായിക്കെതിരേ കൈക്കൂലി ആരോപണവും വീണയ്ക്കും റിയാസിനും റിയാസിന്റെ സുഹൃത്തുക്കൾക്കുമെതിരേ 25 കോടിയുടെ ഹവാല ഇടപാടുമാണ് ഇ.ഡി ആരോപിച്ചിട്ടുള്ളത്.

സി.എം.ആർ.എൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, വീണയുടെ ഭർത്താവും പൊതുമരാമത്ത് മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവർക്കെതിരേ എസ്‌.ഐ.ടി അന്വേഷണം നടത്തുന്നത്.

Tags:    
News Summary - masappady case- SIT notice sent to Riyazs friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.