‘അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവർ മനുഷ്യർ, ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങൾ’; ഹിമന്ത ശർമ -റാക്കിബുൽ ഹുസൈൻ വാക്പോര്
ഗുവാഹത്തി: അസമിലെ നഗോണിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കോൺഗ്രസ് എം.പി റാക്കിബുൽ ഹുസൈനും തമ്മിലുള്ള വാക്പോര് രൂക്ഷം. ബിരിയാണി, പുലാവ്, ചിക്കൻ, ഉണക്കമീൻ, റസ്ക് തുടങ്ങിയ ഭക്ഷണങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് ഇരുനേതാക്കളും പരസ്പരം പോരടിക്കുന്നത്.
ബി.ജെ.പി സ്ഥാനാർഥി ദേവാശിഷ് ശർമക്കായി പ്രചാരണം നടത്തുന്നതിനിടെയാണ് ഹിമന്ത ബിശ്വ ശർമ കോൺഗ്രസ് നേതാവ് റാക്കിബുൽ ഹുസൈനെതിരെ കടുത്ത പരാമർശം നടത്തിയത്. പുരാണ കഥാപാത്രമായ ‘ബകാസുരനുമായി’ റാക്കിബുൽ ഹുസൈനെ താരതമ്യം ചെയ്ത ഹിമന്ത, സർക്കാർ പദ്ധതികൾക്കായി അനുവദിക്കുന്ന പണം ‘തിന്നുതീർക്കുന്നു’ എന്ന തരത്തിലുള്ള അഴിമതി ആരോപണവും ഉന്നയിച്ചു. റാക്കിബുൽ ദിവസത്തിൽ പലതവണ മാംസവും പുലാവും കഴിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഹിമന്തയുടെ പരാമർശത്തിന് പരിഹാസരൂപത്തിലാണ് റാക്കിബുൽ ഹുസൈൻ മറുപടി നൽകിയത്. താൻ ബിരിയാണി കഴിക്കാനാണ് ജനിച്ചതെന്നും ദൈവം തന്നെ ഈ ലോകത്തേക്ക് അയച്ചത് അതിനായാണെന്നും അദ്ദേഹം പറഞ്ഞു. ഹിമന്തക്ക് ഇഷ്ടപ്പെട്ട റസ്ക് പരാമർശിച്ചും അദ്ദേഹം ബി.ജെ.പി നേതാവിനെ പരിഹസിച്ചു. പുലാവും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ റസ്ക് കഴിച്ച് ജീവിക്കുന്നവർക്ക് കഴിയില്ലെന്ന തരത്തിലായിരുന്നു റാക്കിബുൽ ഹുസൈന്റെ പരിഹാസം.
ഇതിന് പിന്നാലെയാണ് ഹിമന്ത കൂടുതൽ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്. അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവർ മനുഷ്യരാണെന്നും ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളാണെന്നും നഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിമന്ത പറഞ്ഞു.
തുടർന്ന് എ.ഐ.യു.ഡി.എഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മലും തർക്കത്തിൽ ഇടപെട്ടു. റാക്കിബുൽ ഹുസൈൻ ബിരിയാണി കഴിച്ചല്ല, ഉണക്കമീൻ കഴിച്ചാണ് വളർന്നതെന്നായിരുന്നു അജ്മലിന്റെ പരിഹാസം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധുബ്രി മണ്ഡലത്തിൽ അജ്മലിനെ റാക്കിബുൽ ഹുസൈൻ പത്ത് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു.
മുൻ കോൺഗ്രസ് എം.പി പ്രദ്യുത് ബൊർദൊലോയ് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് നഗോൺ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണും. മുൻ നഗോൺ ഡെപ്യൂട്ടി കമീഷണർ ദേവാശിഷ് ശർമയാണ് ബി.ജെ.പി സ്ഥാനാർഥി. മുൻ ബത്രദവ എം.എൽ.എ ശിബാമണി ബോറയാണ് കോൺഗ്രസ് സ്ഥാനാർഥി. ബദ്റുദ്ദീൻ അജ്മലും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.