ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തെരുവിലിരിക്കുമെന്ന് സി.ജെ.പി; ജന്തർ മന്തർ പ്രതിഷേധത്തിന് അനുമതിയില്ല

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സി.ജെ.പി പ്രഖ്യാപിച്ച സമരത്തിന് അനുമതി തേടി പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ കത്ത് നൽകി. സി.ജെ.പി കൺവീനർ സൗരവ് ദാസ് ആണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതായാണ് വിവരം.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ തെരുവിൽ തുടരുമെന്ന് സൗരവ് ദാസ് അറിയിച്ചു. സമരത്തിന് അപേക്ഷ സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദാസ്. വോട്ട് മോഷണം, തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ എന്നീ ആരോപണങ്ങൾക്ക് പുറമേ ജെൻ സിയെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ദാസ് ഉന്നയിച്ചു. ഇത് രാജ്യത്തിന് വേണ്ടിയുള്ള സമരമാണെന്നും എല്ലാവരും സമരത്തിൽ പങ്കെടുക്കണമെന്നും സി.ജെ.പി അഭ്യർഥിച്ചു.

ഒക്ടോബർ 10-നാണ് ജന്തർ മന്തറിൽ സി.ജെ.പി മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിന് അനുമതി തേടി സി.ജെ.പി നേതാക്കൾ എത്തുന്നതിന് മുന്നോടിയായി ഡൽഹിയിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്തും സൻസദ്, ടോൾസ്റ്റോയ് മാർഗ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലം, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ്, സമീപത്തെ തെരുവുകൾ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ ഉയർത്തിയിരുന്നു. ഡൽഹിയിലുടനീളം ഡൽഹി പൊലീസ് ലൗഡ് സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സ്പീക്കറുകൾ ഉപയോഗിക്കുന്നത്. കൂടാതെ, 150-ലധികം ബോഡി ക്യാമറകൾ ഘടിപ്പിച്ച പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകൾ പരാതി നൽകിയിരുന്നു; ഇതിന് പിന്നാലെയാണ് പൊലീസ് നടപടികൾ റെക്കോർഡ് ചെയ്യുന്നതിനായി ബോഡി ക്യാമറകൾ നിർബന്ധമാക്കിയത്.

ചൊവ്വാഴ്ച നടന്ന 'ഇൻഡ്യാ' മുന്നണിയുടെ പ്രതിഷേധത്തിനിടെ 10 എം.പിമാർ ഉൾപ്പെടെ 260-ഓളം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച സമാനമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 17 പേരെ അറസ്റ്റ് ചെയ്യുകയും 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി, ഐസ, ഇൻഡ്യാ മുന്നണി, ആപ് എന്നിവയുൾപ്പെടെയുള്ള നിരവധി സംഘടനകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയാണ്.

Tags:    
News Summary - Wont leave streets until Gyanesh Kumar resigns-CJPs Saurav Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.