കർണാടക ബി.ജെ.പി പട്ടിക: ലിംഗായത്ത്, വൊക്കലിഗ സമുദായത്തിന് മുൻഗണന
ബംഗളൂരു: മേയ് 12ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ലിംഗായത്ത്, വൊക്കലിഗ സമുദായത്തിന് മുൻഗണന. 72 പേരുടെ സ്ഥാനാർഥി പട്ടികയാണ് ഞായറാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. പട്ടികയിൽ മുസ്ലിം, ക്രിസ്ത്യൻ, ജെയിൻ വിഭാഗങ്ങളിൽനിന്ന് ആരും ഇടംപിടിച്ചില്ല. പാർട്ടിയുടെ 43 എം.എൽ.എമാരിൽ 40 പേരും ആദ്യ പട്ടികയിലുണ്ട്.
അടുത്തിടെ, കൂടുമാറിയെത്തിയ അഞ്ചുപേർക്കും സീറ്റ് നൽകി. 21 ലിംഗായത്തുകൾ, 10 പട്ടികജാതിക്കാർ, 10 വൊക്കലിഗക്കാർ, 19 പിന്നാക്ക സമുദായക്കാർ, ആറ് പട്ടികവർഗക്കാർ, അഞ്ച് ബ്രാഹ്മണർ, ഒരു കൊടവ സമുദായംഗം എന്നിവരടങ്ങുന്നതാണ് പട്ടിക. മുതിർന്ന നേതാക്കളുടെ മക്കൾക്കൊന്നും ആദ്യപട്ടികയിൽ ഇടംകണ്ടെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, അനന്ത് കുമാർ, പ്രകാശ് ജാവ്ദേകർ, പിയൂഷ് ഗോയൽ, ജനറൽ സെക്രട്ടറി പി. മുരളീധർ റാവു, ബി.എസ്. യെദിയൂരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിനുശേഷമാണ് പട്ടിക പുറത്തിറക്കിയത്. ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനാർഥിയും എം.പിയുമായ ബി.എസ്. യെദിയൂരപ്പ ശിവമൊഗ്ഗ ജില്ലയിലെ ശികാരിപുരം മണ്ഡലത്തിൽ മത്സരിക്കും.
പാർട്ടിയിൽ യെദിയൂരപ്പയുടെ എതിരാളിയും മുൻ സംസ്ഥാന അധ്യക്ഷനുമായ കെ.എസ്. ഈശ്വരപ്പ ശിവമൊഗ്ഗ അർബൻ മണ്ഡലത്തിലും എം.പി ശ്രീരാമുലു ചിത്രദുർഗയിലെ മുളകാൽമുരുവിലും മത്സരിക്കും. ഖനി രാജാവ് ജനാർദൻ റെഡ്ഡിയുടെ വലംകൈയാണ് ശ്രീരാമുലു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മല്ലികയ്യ ഗുട്ടേദാറാണ് അഫ്സൽപുരിലെ സ്ഥാനാർഥി. ബംഗളൂരു നഗരത്തിലും പരിചയസമ്പന്നരായ നേതാക്കൾക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. ലിംഗായത്തിന് ന്യൂനപക്ഷ പദവി നൽകാനുള്ള നീക്കത്തിനെതിരാണ് ബി.ജെ.പി.
പാർട്ടിയുടെ വോട്ടുബാങ്കായ ലിംഗായത്ത്-വീരശൈവ വിഭാഗത്തെ നീക്കം ഭിന്നിപ്പിക്കുമെന്നതാണ് പാർട്ടിയുടെ എതിർപ്പിനു കാരണം. സ്ഥാനാർഥിപ്പട്ടികയിൽ ലിംഗായത്തുകൾക്ക് പ്രാമുഖ്യം നൽകി പ്രതിഷേധം മറികടക്കാമെന്ന കണക്കൂകൂട്ടലിലാണ് ബി.ജെ.പി. ബാക്കി സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക 15നകം ഒറ്റഘട്ടമായി പുറത്തിറക്കാനാണ് നീക്കം.
കൂടുമാറിയെത്തിയ അഞ്ചുപേർക്ക് സീറ്റ്
ദിവസങ്ങൾക്കുമുമ്പ് മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിലെത്തിയവരും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലുണ്ട്. കലബുറഗി അഫ്സൽപുരിൽനിന്നുള്ള മുൻ കോൺഗ്രസ് എം.എൽ.എ മല്ലികയ്യ ഗുട്ടേദാർ ഞായറാഴ്ചയാണ് ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നത്.
പിന്നാലെ പുറത്തിറങ്ങിയ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിെൻറ പേരും ഇടംകണ്ടെത്തി. സമാജ്വാദി പാർട്ടി വിട്ടെത്തിയ സി.പി. യോഗേശ്വറാണു ചന്നചട്ടണയിലെ ബി.ജെ.പി സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഇവിടെ ജെ.ഡി.എസ് സ്ഥാനാർഥി.
ജെ.ഡി.എസിൽനിന്ന് പാർട്ടിയിലെത്തിയ ബസവനഗൗഡ പാട്ടീൽ (വിജയപുര സിറ്റി), മല്ലികാർജുൻ ഖൂബ (ബസവകല്യാൺ), മാനപ്പ വജ്ജൽ (ലിംഗസഗൂർ) എന്നിവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.