തൃണമൂൽ വിമത എം.പിമാർക്ക് പ്രത്യേക ഇരിപ്പിടം; സർവകക്ഷി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി ഇൻഡ്യ സഖ്യം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ടി.എം.സി വിമത എം.പിമാരെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധ സൂചകമായി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും പിന്നീട് തിരിച്ചെത്തി വീണ്ടും യോഗത്തിൽ പങ്കെടുത്തു.

പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് അനെക്സിൽ നടന്ന യോഗത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തൃണമൂൽ കോൺഗ്രസിൽ നിന്ന് വേർപെട്ട് നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ചേർന്ന 20 എം.പിമാർക്ക് പ്രത്യേക മേശയും ഇരിപ്പിടവുമാണ് യോഗത്തിൽ ഒരുക്കിയിരുന്നത്. ഇത് വിമത വിഭാഗത്തിന് ഔദ്യോഗിക അംഗീകാരം നൽകാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇൻഡ്യ സഖ്യ നേതാക്കൾ യോഗത്തിൽ നിന്ന് വാക്ക്ഔട്ട് നടത്തി. പിന്നീട് ഇത് പ്രതീകാത്മക പ്രതിഷേധമാണെന്ന് വ്യക്തമാക്കിയ അവർ ചർച്ചകളിൽ പങ്കെടുക്കാനായി വീണ്ടും യോഗത്തിലേക്ക് മടങ്ങി.

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, ഝാർഖണ്ഡ് മുക്തി മോർച്ച, ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യു.ബി.ടി) എന്നിവയുൾപ്പെടെ എല്ലാ ഇന്ത്യാ ബ്ലോക്ക് പാർട്ടികളും ‘എൻ.‌സി.‌പി.‌ഐ’യുടെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പറഞ്ഞു. എൻ.‌സി.‌പി.‌ഐ അംഗീകാരമില്ലാത്ത പാർട്ടിയാണെന്നും അവർ പറഞ്ഞു.

‘20 വിമത എം.പിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചിട്ടില്ല. 20 അയോഗ്യതാ ഹരജികൾ ഇപ്പോഴും പരിഗണനയിലാണ്. പാർലമെന്ററി കാര്യ മന്ത്രി ഈ 20 വിമത എം.പിമാരെ ക്ഷണിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അവർ എങ്ങനെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നത്? ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോവുകയും ചെയ്തു. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഞങ്ങൾ നന്ദി പറയുന്നു’ -മഹുവ മൊയ്ത്ര പറഞ്ഞു.

അതേസമയം, എൻ.സി.പി.ഐ അംഗീകാരം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കറെ സമീപിച്ച സാഹചര്യത്തിലാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ഇത്തരമൊരു അപേക്ഷ അവഗണിക്കാനാകില്ലെന്നും കിരൺ റിജിജു പ്രതികരിച്ചു.

തങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതിന് തൃണമൂൽ വിമത നേതാവ് കകോലി ഘോഷ് ദസ്തിദാർ സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് സർവകക്ഷി യോഗം ചേർന്നത്. സമ്മേളനത്തിൽ ഉയർത്തേണ്ട വിഷയങ്ങളും നിയമനിർമാണ അജൻഡയും സംബന്ധിച്ച ചർച്ചകൾക്കായാണ് യോഗം വിളിച്ചുചേർത്തത്.

Tags:    
News Summary - TMC rebels at all party meeting INDIA bloc MPs walk out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.