കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് വിളിച്ച് കൈകൊടുക്കുന്ന വി.എം. സുധീരൻ

‘ധീരമായി മുന്നോട്ട് പോകണം’ -സദസ്സിലിരുന്ന അലോഷ്യസിനെ വേദിയിലേക്ക് വിളിച്ച് കൈകൊടുത്ത് വി.എം. സുധീരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്‌.യുവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ഇടപെട്ട് മുതിർന്ന നേതാവ് വി.എം. സുധീരൻ. പുതുപ്പള്ളിയിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് സുധീരൻ പരസ്യ പിന്തുണ നൽകി.

തന്റെ നിലപാടുകൾ ആർജവത്തോടെ തുറന്നുപറയുന്ന നേതാവാണ് അലോഷ്യസ് സേവ്യറെന്ന് പ്രശംസിക്കുകയും ചെയ്തു. ആരുടെ മുമ്പിലും ആർജവത്തോടെ സ്വന്തം നിലപാടുകൾ തുറന്നു പറയുന്നതാണ് കെ.എസ്.യുവിന്റെ യഥാർഥ പാരമ്പര്യമെന്ന് ഓർമിപ്പിച്ച സുധീരൻ, ഇത്തരം ഉറച്ച നിലപാടുകൾ സ്വീകരിക്കുമ്പോൾ താൽക്കാലികമായി ചില ബുദ്ധിമുട്ടുകളും എതിർപ്പുകളും നേരിടേണ്ടി വന്നേക്കാമെന്നും എന്നാൽ, കെ.എസ്.യു ധീരമായി മുന്നോട്ട് പോകണമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം എറണാകുളം തേവര എസ്.എച്ച് കോളജിൽ പരിപാടിക്കെത്തിയ സതീശൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയെന്ന വിവാദം നിലനിൽക്കെയാണ് സുധീരന്റെ പരസ്യ പിന്തുണ. പുതുപ്പള്ളിയിൽ അലോഷ്യസിന് വേദിയിൽ ഇരിപ്പിടം ഉണ്ടായിരുന്നില്ല. തുടർന്ന് സദസ്സിലി​രിക്കെയാണ് സുധീരന്റെ ക്ഷണം. അലോഷ്യസിന് കൈകൊടുത്ത ശേഷമാണ് പ്രശംസിച്ചത്.

അതേസമയം, വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള തർക്കം കോൺഗ്രസിൽ ആഭ്യന്തരപ്രശ്നമായിരിക്കയാണ്. മുതിർന്ന നേതാക്കൾ പലരും വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞു. നിലവിൽ അലോഷ്യസ് ഒറ്റപ്പെട്ടിരിക്കെയാണ് സുധീരന്റെ പിന്തുണ.

ആഭ്യന്തര പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കാതെ ബന്ധപ്പെട്ട വേദികളിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന മുന്നറിയിപ്പുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രംഗത്തെത്തിയത്. അവിടെവച്ച് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന ചില കാര്യങ്ങൾ സമീപദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടാകാമെന്നും വേണുഗോപാൽ അഭിപ്രായപ്പെടുകയുണ്ടായി.

വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കെ.എസ്.യുവിന് തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. 

Tags:    
News Summary - Sudheeran Signals Support for Aloysius

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.