രമേശ് ​ചെന്നിത്തല, ജി. സുധാകരൻ

ജി. സുധാകരൻ സമ്മതിക്കുമോ? മന്ത്രിയായതു തന്നെ ഹരിപ്പാട് മെഡിക്കൽ കോളജ് വേണ്ടിയെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: താൻ മന്ത്രിയായതു തന്നെ ഹരിപ്പാട് മെഡിക്കൽ കോളജിനു വേണ്ടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഇത്തവണ മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ യാഥാർഥ്യമാക്കാൻ മാത്രമാണ്. ഇക്കുറി മന്ത്രിയാകണമെന്ന് എനിക്ക് അഗ്രഹമുണ്ടായിരുന്നില്ല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് ഞാൻ’ -ഹരിപ്പാട്ട് നടന്ന പൊതുപരിപാടിയിൽ വെച്ച് ചെന്നിത്തല പറഞ്ഞു.

എന്നാൽ, യു.ഡി.എഫ് സർക്കാർ അധികരത്തിൽ വന്നിട്ടും ഹരിപ്പാട് മെഡിക്കൽ കോളജ് അനാവശ്യമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അമ്പലപ്പുഴ എം.എൽ.എയായ ജി. സുധാകരൻ. ബജറ്റില്‍ പണം നീക്കിവച്ചതിനു പിന്നാലെ മെഡിക്കല്‍ കോളജിനായുളള നടപടികള്‍ തുടങ്ങിയപ്പോൾ തന്നെ സുധാകരൻ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ‘ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യം ഇല്ല. നിലവിലുള്ള ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. പുതിയ മെഡിക്കൽ കോളജ് നിർമിക്കുന്നതിന് പകരം വണ്ടാനം മെഡിക്കൽ കോളജ് നവീകരിക്കണം. ഇതിനായി ഞാൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല’ -എന്നാണ് സുധാകരന്റെ നിലപാട്.

വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട്ട് പുതിയൊരു മെഡിക്കൽ കോളജ് എന്തിനെന്നും പ്രാദേശിക എം.എൽ.എയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ തുറന്നടിച്ചിരുന്നു.

ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തും മെഡിക്കൽ കോളജിന് രമേശ് ചെന്നിത്തല മുൻകൈയെടുത്തിട്ടുണ്ട്. എന്നാൽ, തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോവുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. അന്ന് എൽ.ഡി.എഫ് സർക്കാറിൽ മന്ത്രിയായിരുന്ന ജി. സുധാകരനാണ് ഈ അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകൾക്കും മുൻകൈയെടുത്തത്.

അതേസമയം, ഹരിപ്പാട് മെഡിക്കല്‍ കോളജിനായുളള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സർക്കാർ. അടുത്ത വര്‍ഷം എം.ബി.ബി.എസ് പ്രവേശനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയെ മദര്‍ ഹോസ്പിറ്റലാക്കി, വാടക കെട്ടിടത്തില്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കും മറ്റ് അനുമതികളിലേക്കും കടക്കാനാണ് നീക്കം. ആഗസ്റ്റ് ഒന്നിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടെയാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.

പദ്ധതി പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ സി.പി.എം ജില്ല സെക്രട്ടറി തന്നെ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലായിരിക്കും മെഡിക്കല്‍ കോളജെന്ന രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനു പിന്നാലെ സി.പി.എമ്മും എതിര്‍പ്പ് അവസാനിപ്പിച്ച മട്ടിലാണ്. മെഡിക്കല്‍ കോളജിനായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന പ്രമേയത്തെ സി.പി.എം അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്തു.

Tags:    
News Summary - Chennithala: Became Minister for Haripad Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.