നാഗ്പൂര്‍: എട്ട് വര്‍ഷത്തെ ഏകാന്ത തടവറയിൽനിന്ന് പ്രഫ. ജി.എന്‍ സായിബാബ പുറത്തേക്ക്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മെയ് ഒമ്പതിനാണ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ജി.എന്‍. സായിബാബയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാർഥിയായ ഹേമന്ത് മിശ്രയുടെ മൊഴിയാണ് സായിബാബക്കെതിരായ തെളിവായി പൊലീസ് നിരത്തിയത്.
മാവോവാദികളുമായി സായിബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. സായിബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോവാദി ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് ആരോപിച്ചു. കേസില്‍ 2016ല്‍, സുപ്രീംകോടതി ജാമ്യം നല്‍കിയെങ്കിലും, 2017 മാര്‍ച്ച് ഏഴിന് ഗച്രോളി ജില്ലാ സെഷന്‍സ് കോടതി സായിബാബക്ക് എതിരായ ആരോപണങ്ങള്‍ ശരിവച്ച് അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.
90 ശതമാനവും തളര്‍ന്ന ശരീരവുമായി ജീവിച്ച സായിബാബ, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മാവോവാദി വിരുദ്ധ നടപടികളെ വിമർശിച്ചതാണ് അദ്ദേഹം നരേന്ദ്രമോദി സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. കെട്ടിച്ചമച്ച ആരോപണത്തിന്റെ മറവിൽ ഡൽഹിയിലെ വാസസ്ഥലത്തു നിന്നും സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്ത രംഗം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ അറസ്റ്റിനെക്കുറിച്ച് 'ഒരു മണൽ ചാക്ക് എടുത്തെറിയുന്നതുപോലെ നിങ്ങളെ അവർ വീൽ ചെയറിൽ നിന്നും എടുത്ത് അവരുടെ വലിയ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും എഴുപത്തിരണ്ടു മണിക്കൂറിലേറെ നിങ്ങളെ മൂത്രമൊഴിക്കാൻ പോലും അനുവദിച്ചില്ലെന്നും രക്ത സമ്മർദ്ദത്തിനുള്ള അത്യാവശ്യ മരുന്ന് നിഷേധിച്ചുവെന്നും കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി…." -എന്നാണ് ഭാര്യ വസന്തകുമാരി എഴുതിയത്.
അഞ്ചാം വയസിൽ സായിബാബക്ക് പോളിയോ ബാധിച്ചു. അരക്കു താഴോട്ട് തളർന്നു പോയി. പിന്നീട് വീൽ ചെയറിൽ ജീവിച്ചയാളാണ്. കടുത്ത ശാരീരിക വെല്ലുവിളി നേരിടുന്ന (90 ശതമാനം എന്ന് മെഡിക്കൽ റിപ്പോർട്ട് ), പൂണെയിലെ അതീവ സുരക്ഷാ ജയിലിലെ കോഴിമുട്ടയുടെ ആകൃതിയിലുള്ള സെല്ലിൽ ചക്ര കസേരയിൽ ഏകാന്ത തടവുജീവിത്തിലേക്കാണ് തള്ളിയത്. അവിടെ അദ്ദേഹത്തിനു ചികിത്സ നിഷേധിച്ചു. ജയിൽ അറക്കുള്ളിലെ ടോയ്ലറ്റ് പോലും സി.സി.ടി.വി കാമറയുടെ നിരീക്ഷണത്തിലായിരുന്നു.
വീല്‍ചെയർ ബന്ധിതനായ സായിബാബയുടെ "ഇടത് വെന്‍ട്രിക്കുലാർ പ്രവര്‍ത്തനരഹിതമാകുന്നതുമായി ബന്ധപ്പെട്ട്- ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി, രക്ത സമ്മർദം, വൃക്കയില്‍ കല്ലുകള്‍, തലച്ചോറിനുള്ളില്‍ മുഴ, പാന്‍ക്രിയാറ്റിക് പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഗുരുതര രോഗങ്ങളുണ്ടെന്നും, തോളിന്റെയും കൈയുടെയും പേശികളുടെ ശോഷണത്തിന്റെ ഭാഗമായി കൈകാലുകള്‍ ഭാഗികമായി തളർന്നിരിക്കുകയാണെന്നും സായിബാബയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല.
ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗച്ച്‌റോളി വിചാരണക്കോടതിയുടെ 2017ലെ വിധിക്കെതിരെ സായിബാബ ബോംബെ ഹൈക്കോടതിയിൽ നല്‍കിയ അപ്പീലാണ് മോചന വഴിതുറന്നത്. ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിർണായക വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏകാന്ത തടവില്‍ നിന്ന് ഗോകരഗൊണ്ട നാഗ് സായിബാബയെന്ന ജി.എന്‍ സായിബാബ മോചിതനാകും. കേസിലെ മറ്റ് അഞ്ച് പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു.
ജയിലിലെ ദുരിതകയത്തിലും സായിബാബ പ്രതിരോധത്തിന്റെ കവിതകളും കത്തുകളും എഴുതി. അദ്ദേഹത്തിന്റെ രചനകളുടെ സമാഹാരം എന്റെ മാർഗത്തെ നിങ്ങൾ എന്തിന് ഇത്രമാത്രം ഭയപ്പെടുന്നു? (' Why Do You Fear My Way So Much'?) എന്ന പേരിൽ 2022 മെയ് അഞ്ചിന് പ്രസിദ്ധീകരിച്ചു. മികച്ച ജയിൽ സാഹിത്യമായി ആ പുസ്തകം. ഭാര്യ വസന്തകുമാരിക്കും മകൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ജസ്റ്റിസ് കട്ജുവിനും എഴുതിയ കത്തുകൾ അതിലുണ്ടായിരുന്നു. ഭാര്യ എ.എസ് വസന്തകുമാരി ജയിലിൽ കഴിയുന്ന സായിബാബക്ക് എഴുതിയ ഒരു കത്താണ് ഈ സമാഹാരത്തിൽ അവതാരിക.
'തെറ്റൊന്നും ചെയ്തിട്ടില്ല; പുറത്തുവരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ'
മുംബൈ: തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ ഒരിക്കൽ ജയിലിൽനിന്ന് പുറത്തുവരുമെന്നു തന്നെയായിരുന്നു പ്രതീക്ഷയെന്ന് പ്രഫ. സായിബാബയുടെ ഭാര്യ എ.എസ്. വസന്തകുമാരി. ഒരു കുറ്റവും ചെയ്തതായി തെളിവില്ല. നീതിന്യായ വ്യവസ്ഥയോടും പ്രതിസന്ധിയിൽ ഒപ്പം നിന്നവരോടും കണ്ണീർ നനവോടെ അവർ നന്ദി പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷങ്ങൾ മാനസിക സംഘർഷവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. അദ്ദേഹം മോചിതനാകുമെന്ന പ്രതീക്ഷയിൽ ക്ഷമയോടെയുള്ള കാത്തിരിപ്പിലായിരുന്നു ഇത്ര നാളും. ജയിലിൽ സായിബാബയും കഷ്ടതയിലായിരുന്നു. അംഗവൈകല്യമുള്ള അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു -വസന്തകുമാരി പറഞ്ഞു. കുളിമുറി ദൃശ്യങ്ങൾപോലും പതിയുംവിധം ജയിലിൽ സി.സി.ടി.വി സ്ഥാപിച്ചതിനെതിരെ സായിബാബ നിരാഹാര ഭീഷണി മുഴക്കിയ സമയത്താണ് കുറ്റമുക്തനാക്കിയുള്ള ഹൈകോടതി വിധി. ജയിലിൽ രണ്ടു തവണ കോവിഡ് ബാധിച്ച സായിബാബ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പല അവയവങ്ങളുടെയും ചലനങ്ങൾ മന്ദഗതിയിലാകുന്നതായും നേരത്തേ കോടതിയിൽ അറിയിച്ചിരുന്നു.
2013 ആഗസ്റ്റ് 22: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ നക്‌സൽ ബാധിത പ്രദേശങ്ങളിൽനിന്ന് മഹേഷ് ടിർകി, പാണ്ഡു നരോട്ടെ, ഹേം മിശ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
സെപ്റ്റംബർ രണ്ട്: വിജയ് ടിർകി, പ്രശാന്ത് സാംഗ്ലിക്കർ എന്നിവർ കൂടി അറസ്റ്റിൽ
സെപ്റ്റംബർ നാല്: ഹേം മിശ്രയുടെയും സാംഗ്ലിക്കറുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഫ. ജി.എൻ. സായിബാബയുടെ വീട്ടിൽ പരിശോധന നടത്താൻ പൊലീസ് അനുമതി തേടുന്നു
സെപ്റ്റംബർ ഏഴ്: മജിസ്‌ട്രേറ്റ് കോടതി സെർച്ച് വാറന്റ് പുറപ്പെടുവിച്ചു
സെപ്റ്റംബർ ഒമ്പത്: ഡൽഹിയിലെ സായിബാബയുടെ വസതിയിൽ പൊലീസ് പരിശോധന
2014 ഫെബ്രുവരി 15: അറസ്റ്റിലായ അഞ്ചുപേരെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ഫെബ്രുവരി 26: മജിസ്‌ട്രേറ്റ് കോടതി കേസ് സെഷൻസ് കോടതിക്ക് കൈമാറുന്നു
ഫെബ്രുവരി 26: സായിബാബയെ അറസ്റ്റ് ചെയ്യാൻ പൊലീസ് വാറന്റ് നേടിയെങ്കിലും ജനങ്ങളുടെ എതിർപ്പുമൂലം അറസ്റ്റ് നടന്നില്ല
മേയ് ഒമ്പത്: സായിബാബയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നു
2015 ഫെബ്രുവരി 21: ആറ് പ്രതികൾക്കെതിരെയും സെഷൻസ് കോടതി കുറ്റം ചുമത്തി. എല്ലാവരും കുറ്റം നിഷേധിച്ചു
ഏപ്രിൽ ആറ്: യു.എ.പി.എ പ്രകാരമുള്ള അതോറിറ്റി സായിബാബയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നു
ഡിസംബർ 14: വിചാരണ തുടങ്ങുന്നു
2017 മാർച്ച് മൂന്ന്: സായിബാബ ഉൾപ്പെടെ നാലുപേർക്ക് ജീവപര്യന്തം. ഒരാൾക്ക് 10 വർഷം തടവ്
2022 ഒക്ടോബർ 14: ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് സായിബാബയെയും മറ്റ് അഞ്ചുപേരെയും വെറുതെവിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.