ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി തള്ളിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വ്യാജ പരാതി ഉയർത്തി ഗാന്ധി കുടുംബത്തെ നിരന്തരം വേട്ടയാടിയതിന് ഇരുവരും രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ബി.ഐ, ഇ.ഡി എന്നിവ ഉൾപ്പെടെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ദുരുപയോഗിക്കുന്ന മോദിക്കും അമിത് ഷാക്കും ഇതൊരു പാഠമാണെന്നും, ഈ വിഷയത്തിൽ നീതിക്ക് മുൻതൂക്കം ലഭിച്ചെന്നും മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ഖർഗെ പറഞ്ഞു.
ഗാന്ധി കുടുംബത്തെയും കോൺഗ്രസ് പാർട്ടിയെയും അപകീർത്തിപ്പെടുത്താനായി മാത്രം കൊണ്ടുവന്ന കേസാണിത്. അനധികൃത പണമിടപാട് നിരോധന നിയമം ദുരുപയോഗം ചെയ്തും അന്വേഷണ ഏജൻസികളെ ആയുധമാക്കിയും സമ്മർദത്തിലാക്കി പല എം.പിമാരെയും ബി.ജെ.പിയിലേക്ക് എത്തിച്ചെന്നും പല സംസ്ഥാന സർക്കാറുകളും രൂപവത്കരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവുകൾ മുതൽ പാർലമെന്റ് വരെ എല്ലാ വേദികളും ഉപയോഗപ്പെടുത്തി പാർട്ടി സർക്കാറിനെ തുറന്നു കാട്ടുമെന്നും പാഠം പഠിപ്പിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോടതി എടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങൾ നൽകവെ, അർഥരഹിതമായ ശബ്ദകോലാഹനത്തിനുപരിയായി നിയമം നിലകൊണ്ടെന്ന് പാർട്ടി എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി പറഞ്ഞു. ഇ.ഡി രജിസ്റ്റർ ചെയ്ത വിചിത്രമായ കേസാണ് ഇതെന്നും പണമോ സ്വത്തോ ആരിൽനിന്നും ആരിലേക്കും കൈമാറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം.എൽ.എ നിയമത്തിന് കീഴിലെ ഏറ്റവും കുറഞ്ഞ നിബന്ധനകൾ പോലും പാലിക്കപ്പെട്ടില്ലെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഖർഗെയും ഉൾപ്പെടെ കോൺഗ്രസ് നേതാക്കളെ ആകെ 90 മണിക്കൂർ നേരം ചോദ്യം ചെയ്യലിന് വിധേയമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെ മാത്രം 50 മണിക്കൂറിലേറെ ചോദ്യം ചെയ്തു. എന്നിട്ടും കുറ്റാരോപണം തെളിയിക്കാൻ തക്ക യാതൊരു വിവരവും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.