ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത് -ഗാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)) ബില്ലിൻമേൽ ലോക്സഭയിൽ ബുധാനാഴ്ച ചർച്ച ആരംഭിച്ചു. വൈകീട്ട് 5.50ന് തുടങ്ങി രാത്രി 10 വരെ നീണ്ട ചർച്ചക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യാഴാഴ്ച മറുപടി നൽകും.
ഗ്രാമങ്ങളിലെ തൊഴിൽ അവസരം 100 ദിവസത്തിൽനിന്ന് 125 ദിവസമായി ഉയർത്തുമെന്ന് ബിൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ചർച്ചക്ക് തുടക്കമിട്ട് സംസാരിച്ച മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമത്തിനും, ഗ്രാമീണ മേഖലയുടെ വികസനത്തിനുമുള്ള സർക്കാറിന്റെ പ്രതിബദ്ധതയാണ് ഇത്തരമൊരു ബിൽ കൊണ്ടുവരാൻ കാരണമെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങൾക്ക് വേതനത്തോടു കൂടി വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി.ബി ജി റാം ജി ബില്ലിനെ ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മോയിത്ര എതിർത്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 2005ൽ കൊണ്ടുവന്നപ്പോൾ രാജ്യത്തെ അനേകം പേർക്ക് തൊഴിൽ ലഭിക്കാൻ സഹായിച്ചു. പേര് മാറ്റുന്നതിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച അവർ റാം എന്ന പേര് കൊണ്ടുവന്ന് അതിനെ വർഗീയമാക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ചു. ഇത് റാമിനും റഹീമിനും ഗുണം ചെയ്യുന്നതല്ല, പുതിയ മാറ്റങ്ങൾ ആരുടെയും വികസനത്തിന് ഉതകില്ലെന്നും അവർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പശ്ചിമ ബംഗാളിന് തടഞ്ഞുവെച്ച ഫണ്ട് സർക്കാർ ഉടൻ നൽകണമെന്നും അവർ പറഞ്ഞു.
ബില്ലിന്റെ പേരുതന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഡി.എം.കെ അംഗം കെ. കനിമൊഴി ആരോപിച്ചു. വി.ബി ജി റാം ജി ബിൽ പേരു മാറ്റത്തിന്റെ ആവർത്തനമാണെന്ന് ടി.ഡി.പി അംഗം ലവു ശ്രീ കൃഷ്ണ ദേവരാലയു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.