‘ദിവി സൂര്യസഹസ്രസ്യ ഭാവേദ് യുഗപദ്ത്ഥിതാ..’ ആണവോർജ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടം - സമദാനി

ന്യൂഡൽഹി: ആണവോർജ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ കുറ്റപ്പെടുത്തി. ഒരു ചെറിയ പരാജയം പോലും നികത്താനാവാത്തതും തിരുത്താൻ കഴിയാത്തതുമായ വൻവിപത്തിന് കാരണമായേക്കാവുന്ന ഇതുപോലുള്ളൊരു മേഖലയിൽ സുരക്ഷാനിയന്ത്രണം മറ്റുള്ളവരെ ഏൽപ്പിക്കുന്നത് നീതികരിക്കാനാവില്ലെന്ന് സമദാനി പറഞ്ഞു.

ശാന്തി എന്ന് പേരിട്ടിരിക്കുന്ന ഈ നിയമനിർമാണം ജനങ്ങൾക്ക് ആശാന്തി മാത്രം പകർന്നു നൽകാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നതാണ്. പാർലിമെന്റിനോട് ഉത്തരം പറയേണ്ട ഒരു സുരക്ഷാ ക്രമീകരണത്തിന് അതിൽ വകുപ്പില്ല. ഗവൺമെന്റിൽ നിന്നും ന്യൂക്ലിയർ സ്ഥാപനങ്ങളിൽ നിന്നും മുക്തവും സ്വതന്ത്രവുമായ സുരക്ഷാക്രമമാണ് ആണവ വിഷയത്തിൽ ആവശ്യമായിട്ടുള്ളത്.

വളരെ ഗൗരവ സ്വഭാവമുള്ളൊരു മേഖലയെ സ്വകാര്യ വ്യക്തികൾക്കും വിദേശ സംരംഭകർക്കും വേണ്ടി തുറന്നുകൊടുക്കുന്നത് നീതീകരിക്കാനാവില്ല. ഈ ബില്ലിന്റെ ഉദ്ദേശ്യം സ്വകാര്യവത്കരണമാണ്.

വിദേശ സംരംഭകർക്കും സ്വകാര്യവ്യക്തികൾക്കും രംഗം വിട്ടോടിപ്പോകാം, ദുരിതബാധിതരായ ജനങ്ങൾക്ക് അതിന് കഴിയില്ല. റേഡിയോ ആക്ടീവ് മാലിന്യനിർമാർജനത്തിനും അടിയന്തിര സജ്ജീകരണങ്ങൾക്കും ബില്ലിൽ വകുപ്പില്ല. കേന്ദ്രസർക്കാരിന്റെ പതിവ് നിയമനിർമാണങ്ങളെപ്പോലെ ഈ ബില്ലും ഫെഡറലിസത്തെ നിരാകരിക്കുന്നതാണ്. ആപത്ഘട്ടങ്ങളെ ഏറ്റെടുക്കേണ്ട സംസ്ഥാനങ്ങളുമായി കൂടിയാലോചനക്കും ബില്ലിൽ വകുപ്പില്ലെന്നും സമദാനി വിമർശിച്ചു.

ആറ്റം ബോംബിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ ആണവയുഗത്തിന്റെ ജന്മത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ഭഗവത്ഗീതയിലെ ‘ദിവി സൂര്യസഹസ്രസ്യ ഭാവേദ് യുഗപദ്ത്ഥിതാ യദി ഭാഹ് സദൃശി സാ സ്യാദ് ഭാസസ്തസ്യ മഹാത്മന:’ ശ്ലോകമാണ് ഓർത്തതെന്നും സമദാനി പറഞ്ഞു.

Tags:    
News Summary - ‘Divi Surya Sahasrasya Bhaved Yugapadthita..’ Atomic Energy Bill is a gamble with people’s lives - Samadani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.