ഇന്ത്യ പോസ്റ്റ് ബംഗളൂരുവിൽ ആദ്യത്തെ ‘ജൻ സി’ പോസ്റ്റ് ഓഫിസ് ആരംഭിച്ചു

ബംഗളൂരു: ഇ-മെയിലുകൾ, വാട്സ്ആപ്, സോഷ്യൽ മീഡിയ എന്നിവ ആധിപത്യം പുലർത്തുന്ന ഈ കാലഘട്ടത്തിൽ കോളജ് വിദ്യാര്‍ഥികളെ കത്തുകളുടെ ലോകത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് ബംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആദ്യത്തെ ‘ജൻ സി’ പോസ്റ്റ് ഓഫിസ് ആരംഭിച്ചു.

ബംഗളൂരു വെസ്റ്റ് ഡിവിഷൻ പോസ്റ്റ് ഓഫിസിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഹർഷ എം.ആർ. ഉദ്ഘാടനം ചെയ്തു. ജനറൽ സി പോസ്റ്റ് ഓഫിസ്, അചിത് നഗർ, ബംഗളൂരു (പിൻ 560107) എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്നത്. പോസ്റ്റ് ഓഫിസില്‍ വിദ്യാര്‍ഥികൾക്ക് സ്റ്റാഫിനൊപ്പം വന്ന് പ്രവർത്തിക്കാനും ഇന്ത്യാ പോസ്റ്റിന് കീഴിൽ ലഭ്യമായ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയാനും സാധിക്കും. കൂടാതെ, വിദ്യാര്‍ഥികൾക്ക് പാർട്ട് ടൈം ആയി ജോലി ചെയ്യാനും അവസരം ഒരുക്കിയിരിക്കുന്നു. ഉടന്‍ ഇത് നടപ്പാക്കും.

തപാൽ സേവനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഹർഷ പറഞ്ഞു. ജി.ഐ.ടി.എ.എം സർവകലാശാലയിലും നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിലും സമാനമായ ജൻ സി പോസ്റ്റ് ഓഫിസുകൾ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. മറ്റ് പോസ്റ്റ് ഓഫിസുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികൾക്ക് വൈഫൈ, എയർ കണ്ടീഷൻ ചെയ്ത മുറികൾ, കോഫി വെൻഡിങ് മെഷീനുകൾ എന്നിവ ലഭ്യമാണ്. ഒരു റോസ്റ്റർ തയാറാക്കുകയും വിവിധ സർവിസ് കൗണ്ടറുകളിൽ സേവനമനുഷ്ഠിക്കാൻ വ്യത്യസ്ത വിദ്യാര്‍ഥികൾക്ക് ചുമതലകൾ നൽകുകയും ചെയ്യും.

ജൻ സി പോസ്റ്റ് ഓഫിസുകളുടെ ചുമതല ഒരു മുതിർന്ന പോസ്റ്റ് മാസ്റ്റർക്കായിരിക്കും. അദ്ദേഹം വിദ്യാര്‍ഥികളെ നയിക്കുമെന്നും ഹർഷ പറഞ്ഞു. ബംഗളൂരു നോർത്ത്, സൗത്ത്, ഈസ്റ്റ് ഡിവിഷനുകളിൽ സമാനമായ പോസ്റ്റ് ഓഫിസുകൾ ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - India Post opens first 'Gen Z' post office in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.