ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിശ്ചിത സൗജന്യ പരിധിയിൽ കവിഞ്ഞ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്ന സംവിധാനം നിലവിലുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിമാനത്താവളങ്ങളിൽ നടപ്പിലാക്കുന്ന മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിലവിൽ, പാസഞ്ചർ കമ്പാർട്ടുമെന്റുകളിൽ യാത്രക്കാർക്ക് ഒപ്പം കൊണ്ടുപോകാവുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള സൗജന്യ അലവൻസും പരമാവധി പരിധിയും നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച്, സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ചാർജ് അടച്ച് പരമാവധി 70 കിലോഗ്രാം വരെ ലഗേജ് അനുവദനീയമാണ്. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ അലവൻസും 80 കിലോഗ്രാം വരെ പരമാവധി പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
എ.സി ത്രീ ടയർ, ചെയർ കാർ യാത്രക്കാർക്ക് 40 കിലോഗ്രാം ലഗേജ് സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, എ.സി ടു ടയർ യാത്രക്കാർക്ക് 50 കിലോഗ്രാം സൗജന്യ അലവൻസും പരമാവധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെയും ചാർജ് അടച്ച് ലഗേജ് കൊണ്ടുപോകാൻ അനുവാദമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പരമാവധി പരിധിയിൽ സൗജന്യ അലവൻസും ഉൾപ്പെടുന്നതാണെന്നും, നിശ്ചിത സൗജന്യ പരിധിയെ മറികടക്കുന്ന ലഗേജുകൾക്ക് ലഗേജ് നിരക്കിന്റെ ഒന്നര മടങ്ങ് ചാർജ് ഈടാക്കി, ക്ലാസ് അനുസരിച്ചുള്ള പരമാവധി പരിധിവരെ കമ്പാർട്ടുമെന്റിൽ കൊണ്ടുപോകാൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വ്യാപാര ആവശ്യങ്ങൾക്കുള്ള ചരക്കുകൾ പാസഞ്ചർ കമ്പാർട്ടുമെന്റുകളിൽ വ്യക്തിഗത ലഗേജായി കൊണ്ടുപോകുന്നത് അനുവദനീയമല്ലെന്നും, നിശ്ചിത പരിധി കവിയുന്ന ലഗേജുകൾ റെയിൽവേയുടെ മാനദണ്ഡങ്ങൾ പ്രകാരം ബ്രേക്ക് വാനുകളിൽ ബുക്ക് ചെയ്ത് കൊണ്ടുപോകാമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.