ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധങ്ങൾ ഊർജിതമാക്കി ഇന്ത്യയും ഒമാനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് മസ്കത്തിൽ ഒപ്പുവെക്കും. മൂന്ന് രാജ്യങ്ങളിലായി നാലുദിവസത്തെ പര്യടനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ഒപ്പുവെക്കൽ.
ഇത്യോപ്യൻ സന്ദർശനശേഷമാണ് പ്രധാനമന്ത്രി ഒമാനിലേക്ക് തിരിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) എന്ന പേരിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ 2023ൽ ആരംഭിച്ച ഇതുസംബന്ധിച്ച ചർച്ചകൾ ഈ വർഷമാണ് പൂർത്തിയായിരുന്നത്.
സ്വതന്ത്ര വ്യാപാര കരാർ പ്രകാരം നിരവധി ഉൽപന്നങ്ങൾക്കുമേൽ ഇരുരാജ്യങ്ങളും കസ്റ്റംസ് തീരുവ പൂർണമായി എടുത്തുകളയുകയോ പരമാവധി കുറക്കുകയോ ചെയ്യും. വ്യാപാരം പ്രോൽസാഹിപ്പിക്കാനും നിക്ഷേപം ആകർഷിക്കാനും നടപടികൾ സ്വീകരിക്കും. യു.എ.ഇയുമായി 2022ൽ സ്വതന്ത്ര വ്യാപാര കരാറിലെത്തിയിരുന്നു.
ഖത്തറുമായി ചർച്ചകൾ വൈകാതെ ആരംഭിക്കും. 2024-25ൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 1005 കോടി ഡോളറിന്റേതാണ്. ഒമാനിൽനിന്ന് പെട്രോളിയം ഉൽപന്നങ്ങൾക്ക് പുറമെ, യൂറിയയാണ് പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്. ഇന്ധന ധാതുക്കൾ, രാസവസ്തുക്കൾ, അമൂല്യ ലോഹങ്ങൾ, ഇരുമ്പ്, ഉരുക്ക്, ധാന്യങ്ങൾ, കപ്പലുകൾ, ഇലക്ട്രിക്കൽ മെഷീനുകൾ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.