അമേരിക്കയുടെ ഓശാരം പറ്റിയത്​ ആരാണ്?

നരേന്ദ്ര മോദി അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയെ ഭരണത്തിലേറ്റാന്‍ അമേരിക്ക സാമ്പത്തിക സഹായം ചെയ്‌തോ? അതോ ഭരണമാറ്റം തടയാന്‍ അവര്‍ മോദിയെ സഹായിച്ചോ? യു.എസ് എയ്ഡില്‍ നിന്നുള്ള 2.1 കോടി ഡോളര്‍ സഹായം സംബന്ധിച്ച വിവാദം ഒരാഴ്ച പിന്നിടുമ്പോള്‍ ആശയക്കുഴപ്പം തീരുന്നില്ല. 'കമാൻഡര്‍ ഇന്‍ ചീറ്റ്: ഹൗ ഗോള്‍ഫ് എക്‌സ്‌പ്ലെയ്ന്‍സ് ട്രംപ്' എന്നൊരു പുസ്തകമുണ്ട്. താന്‍ 20 ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പുകളിലെങ്കിലും വിജയിയായെന്ന ട്രംപിന്റെ അവകാശവാദത്തെ ഇഴകീറി പരിശോധിക്കുന്നതാണ് ഈ പുസ്തകം. സങ്കീര്‍ണമായ രാഷ്ട്രീയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോള്‍ഫ് വെറുമൊരു കളിയാണ്. എന്നാല്‍, കള്ളം...

നരേന്ദ്ര മോദി അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയെ ഭരണത്തിലേറ്റാന്‍ അമേരിക്ക സാമ്പത്തിക സഹായം ചെയ്‌തോ? അതോ ഭരണമാറ്റം തടയാന്‍ അവര്‍ മോദിയെ സഹായിച്ചോ? യു.എസ് എയ്ഡില്‍ നിന്നുള്ള 2.1 കോടി ഡോളര്‍ സഹായം സംബന്ധിച്ച വിവാദം ഒരാഴ്ച പിന്നിടുമ്പോള്‍ ആശയക്കുഴപ്പം തീരുന്നില്ല.

'കമാൻഡര്‍ ഇന്‍ ചീറ്റ്: ഹൗ ഗോള്‍ഫ് എക്‌സ്‌പ്ലെയ്ന്‍സ് ട്രംപ്' എന്നൊരു പുസ്തകമുണ്ട്. താന്‍ 20 ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പുകളിലെങ്കിലും വിജയിയായെന്ന ട്രംപിന്റെ അവകാശവാദത്തെ ഇഴകീറി പരിശോധിക്കുന്നതാണ് ഈ പുസ്തകം. സങ്കീര്‍ണമായ രാഷ്ട്രീയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോള്‍ഫ് വെറുമൊരു കളിയാണ്. എന്നാല്‍, കള്ളം പറയാനുള്ള ട്രംപിന്റെ അസാമാന്യ കഴിവ് എത്രമാത്രമാണെന്നറിയാന്‍ അദ്ദേഹത്തിന്റെ ഗോള്‍ഫ് കഥകള്‍ മാത്രം വായിച്ചാല്‍ മതിയെന്നാണ് റിക് റെയ്‌ലി ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. കിരീടം നേടി എന്ന് ട്രംപ് പറയുന്ന ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ആ പ്രദേശത്തു പോലും ഇല്ലായിരുന്നുവത്രേ. കള്ളം പറയാന്‍ മാത്രമല്ല വൈരുധ്യങ്ങളിലൂടെ ആളുകളെ വെട്ടിലാക്കാനും ട്രംപ് മിടുക്കനാണെന്ന് ഈയാഴ്ച ബി.ജെ.പി തിരിച്ചറിഞ്ഞു.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി അമേരിക്ക ചെലവിട്ടിരുന്ന 2.1 കോടി ഡോളറിന്റെ സഹായം റദ്ദാക്കുന്നു എന്ന പ്രഖ്യാപനത്തിലൂടെ യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) മുഖമായ ഇലോണ്‍ മസ്‌കാണ് വിവാദത്തിന് തുടക്കമിട്ടത്. എതിര്‍ വിഭാഗത്തെ സഹായിക്കാനാവണം ഈ തുക ചെലവിട്ടതെന്നും ഇക്കാര്യം ഇന്ത്യന്‍ ഗവണ്‍മെന്റിനെ അറിയിക്കേണ്ടതുണ്ടെന്നും ഏറ്റവുമധികം നികുതി പിടിക്കുന്ന രാജ്യമെന്ന നിലയില്‍ വലിയ പണക്കാരായ ഇന്ത്യക്ക് ഈ തുകയുടെ ആവശ്യമില്ലെന്നും മസ്‌കിന്റെ പ്രഖ്യാപനത്തിന് ട്രംപ് വിശദീകരണം നല്‍കി. ട്രംപിന്റെ പ്രസ്താവനയില്‍ കയറിപ്പിടിക്കാനും അത് കോൺഗ്രസിനെതിരായ ആയുധമായി വളര്‍ത്തിക്കൊണ്ടുവരാനും പതിവുപോലെ ബി.ജെ.പിക്ക് സാധിച്ചു.അപ്രതീക്ഷിത അടിയില്‍ കോണ്‍ഗ്രസ് പതറിപ്പോയി,വിഡ്ഢിത്തം എന്ന ദുര്‍ബലമായ പ്രസ്താവനയിലൊതുങ്ങി അവരുടെ ആദ്യ പ്രതികരണം.

ട്രംപിന്റെ പ്രസ്താവനയെ പിന്തുണക്കാനെന്ന പേരില്‍, 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്നെടുത്ത ഒരു വിഡിയൊ ക്ലിപ് ബി.ജെ.പി ഐ.ടി സെൽ കണ്‍വീനര്‍ അമിത് മാളവ്യ പുറത്തുവിട്ടു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് വലിയ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നാണ് ഈ വിഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത്.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൗരജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത് തെരഞ്ഞെടുപ്പ് കമീഷനാണ്. അമേരിക്കന്‍ സഹായത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, 2010-2012 കാലയളവില്‍ ജോര്‍ജ് സോറോസ് ഫൗണ്ടേഷനും തെരഞ്ഞെടുപ്പ് കമീഷനും തമ്മില്‍ സാമ്പത്തിക സഹായത്തിന് ധാരണയുണ്ടാക്കിയിരുന്നെന്ന്​ ബി.ജെ.പി ഐ.ടി സെല്‍ മേധാവി കുറ്റപ്പെടുത്തി. ഇക്കാലയളവിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എസ്.വൈ. ഖുറൈശി അതു നിഷേധിക്കുകയും ചെയ്​തു.

ഒരു വിശദാംശവും നല്‍കാനായിട്ടില്ലെങ്കിലും ബി.ജെ.പിയുടെ പ്രസ്താവനക്ക് പരോക്ഷമായി വളംവെച്ചുകൊടുക്കുന്ന രീതിയിലാണ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വിദേശശക്തികള്‍ ഇടപെട്ടെന്ന വാര്‍ത്ത വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ പ്രസ്താവന ഇറക്കാനാവില്ലെന്നുമാണ് വിദേശ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞത്. യു.എസ് എയ്ഡ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും ഇന്ത്യയില്‍ വോട്ടിങ്​ ശതമാനം വര്‍ധിപ്പിക്കാനെന്ന പേരില്‍ 2.1 കോടി ഡോളര്‍ ആര്‍ക്കാണ് കിട്ടിയതെന്നറിയാന്‍ കൗതുകമുണ്ടെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി കൗണ്‍സില്‍ അംഗം സഞ്ജീവ് സന്യാല്‍ പ്രസ്താവിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അമേരിക്ക ഫണ്ട് നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും പറഞ്ഞുകളഞ്ഞു.

ബി.ജെ.പി അവ്വിധം ഞെളിഞ്ഞുനില്‍ക്കുന്ന ഘട്ടത്തിലാണ് ‘ഇന്ത്യന്‍ എക്‌സ്പ്രസ്​’ യു.എസ് എയ്ഡ് സഹായത്തിന്റെ പിന്നാമ്പുറക്കഥകള്‍ വെളിപ്പെടുത്തുന്നത്.

2022ൽ ആണ് തുക അനുവദിച്ചതെന്നും എന്നാല്‍ ഇന്ത്യക്കല്ല,ശൈഖ്​ ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശിനായിരുന്നു തുക അനുവദിച്ചത് എന്നുമാണ് ആ അന്വേഷണത്തില്‍ പറയുന്നത്. യു.എസ് എയ്ഡിന്റെ പൊളിറ്റിക്കല്‍ പ്രോസസ് അഡ്വൈസര്‍ ലുബയ്ന്‍ മാസൂമിന്റെ പ്രസ്താവന ഇതിന് തെളിവായി പത്രം ഉദ്ധരിച്ചു. 2022 ജൂലൈയില്‍ അമര്‍ വോട്ട് അമര്‍ (എന്റെ വോട്ട് എന്റേതു മാത്രം) എന്ന ബംഗ്ലാദേശിലെ പദ്ധതിക്കാണ് 2.1 കോടി ഡോളര്‍ അനുവദിച്ചതെന്ന് സ്ഥിരീകരിക്കുന്ന മറ്റു തെളിവുകളും പ്രസിദ്ധീകരിച്ചു.

പക്ഷേ, ഫണ്ട് കൊടുത്തത് തന്റെ ഫ്രണ്ട് നരേന്ദ്ര മോദിക്കാണെന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞതോടെ വിവാദം കീഴ്‌മേല്‍ മറിഞ്ഞു. ഫണ്ട് ആര്‍ക്കാണ് നല്‍കിയെന്നതു സംബന്ധിച്ച് ആദ്യസൂചനയായിരുന്നു അത്. ഒരേ തുക ഇന്ത്യക്കും ബംഗ്ലാദേശിനും നല്‍കിയോ എന്ന സംശയം അപ്പോഴും ബാക്കി നിന്നു. ബംഗ്ലാദേശിന് നല്‍കിയ ഫണ്ടിനെക്കുറിച്ചാണോ ട്രംപ് സംസാരിക്കുന്നതെന്ന് വിദേശ മന്ത്രാലയത്തിന്റെ പതിവ് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും രണ്‍ധീര്‍ ജയ്‌സ്വാള്‍ മറുപടി നല്‍കിയില്ല.

കേന്ദ്ര സര്‍ക്കാറിന്റെ ഒരുപാട് വകുപ്പുകള്‍ യു.എസ് എയ്ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞ സഹായത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കുമെന്നുമായിരുന്നു വിശദീകരണം. അപ്പോഴേക്കും കോണ്‍ഗ്രസിന് ജീവന്‍ വെച്ചു. ഈ 2.1 കോടി ഡോളര്‍ എന്തു ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി വിശദീകരിക്കണമെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. രണ്ട് ഫ്രണ്ടുകള്‍ തമ്മില്‍ നടത്തിയ പണമിടപാടുകള്‍ക്കൊടുവില്‍ ഒരു ഫ്രണ്ട് അപരനെ കാലുവാരിയതാണെന്നും ഖേര പരിഹസിച്ചു. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ചി നും ഏഴിനുമിടയില്‍ വോട്ടിങ് ശതമാനത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായ അത്ഭുതം കോണ്‍ഗ്രസ് വക്താവ് ഓര്‍മിപ്പിച്ചു. ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കാം മോദിജിക്ക് അമേരിക്കന്‍ സഹായം ലഭിക്കുന്നതെന്നും ഖേര പറഞ്ഞു. യു.എസ് എയ്ഡില്‍നിന്ന് ഓരോ വ്യക്തിയും സംഘടനയും സ്വീകരിച്ച ഓരോ അണയെയുംകുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യു.എസ് എയ്ഡില്‍നിന്ന് കേന്ദ്ര സര്‍ക്കാറിന് കിട്ടിയ ഒരുപാട് സഹായങ്ങളെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായി. മാധ്യമങ്ങള്‍ പൊതുവെ മൗനം പാലിച്ചെങ്കിലും വസ്തുതാന്വേഷകരായ മുഹമ്മദ് സുബൈറിന്റെയും ആദിത്യ ഓഝയുടെയും സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ വൈറലായി. താന്‍ 2011ല്‍ യു.എസ് എയ്ഡിന്റെ ഇന്ത്യയിലെ അംബാസഡറായിരുന്നു എന്ന ബി.ജെ.പിയുടെ മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റാണ് പാര്‍ട്ടിയെ ഏറ്റവും വലുതായി തിരിഞ്ഞുകൊത്തിയത്. ഇറാനി കഴിഞ്ഞ ജനുവരിയില്‍ വരെ യു.എസ് എയ്ഡിന്റെ ഇന്ത്യയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും വാര്‍ത്തകള്‍ പുറത്തു വന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ 2014ലെ മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ യു.എസ് എയ്ഡ് ചീഫ് പ്രത്യേക ക്ഷണിതാവായിരുന്നെന്ന എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ ട്വീറ്റ് ആദിത്യ ഓഝ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി മോദി അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ യു.എസ് എയ്ഡില്‍നിന്ന് ഇന്ത്യക്കും ഇന്ത്യയിലെ ഗവണ്‍മെന്റേതര സംഘടനകള്‍ക്കും ലഭിച്ച സഹായത്തെക്കുറിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാറിനാണ് സാധിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വാദിച്ചു.

യു.എസ് എയ്ഡ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണോ, എങ്കില്‍ മോദിയുടെ കൂടിക്കാഴ്ചയില്‍ യു.എസ് എയ്ഡ് ചീഫ് പ്രധാന ക്ഷണിതാവായത് ശരിയാണോ?, സ്മൃതി ഇറാനി യു.എസ് എയ്ഡിന്റെ ഇന്ത്യയിലെ അംബാസഡറായതിന്റെ ധാര്‍മികതയെന്ത്?, ട്രംപും മസ്‌കും പറയുന്നത് ബംഗ്ലാദേശിന് നല്‍കിയ സഹായത്തെക്കുറിച്ചാണോ​?, മോദിജിക്ക് അത്രയ്ക്കങ്ങ് വിശ്വസിക്കാവുന്ന ഫ്രണ്ടാണോ ട്രംപ്...? വിവാദം ഒരാഴ്ചകൊണ്ട് കത്തിയമരുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങളാണിത്. ഗോള്‍ഫ് വെറുമൊരു കളിയല്ല, അത് ഒരു വ്യക്തിയുടെ സ്വഭാവം കൂടി വെളിപ്പെടുത്തുന്നു എന്ന ഗുണപാഠവും ഇതോട് ചേര്‍ത്തുവായിക്കാം.

Full View


Tags:    
News Summary - US Aid Fund controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.