പശ്ചിമേഷ്യയിൽ ഇപ്പോൾ അരങ്ങേറുന്ന യുദ്ധത്തിനു പിന്നിൽ പല കാരണങ്ങളും പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും ഈ സൈനിക നടപടിക്കുപിന്നിൽ എപ്സ്റ്റീൻ ഫയലിൽനിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള ലക്ഷ്യമുണ്ട് എന്ന സംശയം പ്രബലമാണ്. പ്രമുഖ ഇന്റർനെറ്റ് സെലിബ്രിറ്റിയായ ആൻഡ്രൂ ടേറ്റിനെപ്പോലുള്ളവർ ഈ യുദ്ധത്തെ "എപ്സ്റ്റീൻ യുദ്ധം" എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, കോളിളക്കം സൃഷ്ടിച്ച എപ്സ്റ്റീൻ കേസിലെ പ്രമുഖരെ രക്ഷിക്കാനുള്ള ഒരു തന്ത്രം. അദ്ദേഹത്തെ പോലെ മറ്റ് പ്രമുഖ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഇതേ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, എപ്സ്റ്റീൻ അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ ട്രംപ് "ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നു" എന്ന് പരസ്യമായി ആരോപിക്കുകയുണ്ടായി. "ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ള ഒരു രാജ്യത്ത് ബോംബിട്ടാൽ എപ്സ്റ്റീൻ ഫയലുകൾ അപ്രത്യക്ഷമാകില്ല" എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് റിപ്പബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസി, യുദ്ധത്തിന്റെ സമയത്തെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
എ.ബി.സി ചാനലിന്റെ പ്രശസ്തമായ 'ദ വ്യൂ' എന്ന പരിപാടിയിൽ, അവതാരകരായ വൂപ്പി ഗോൾഡ്ബെർഗും സണ്ണി ഹോസ്റ്റിനും ഇതൊരു "വാഗ് ദി ഡോഗ്" യുദ്ധമാണോ എന്ന സംശയമാണ് ഉന്നയിച്ചത്. അതുപോലെ ഓസ്‌ട്രേലിയൻ പത്രപ്രവർത്തകനായ പീറ്റർ ഹാർച്ചർ, "ട്രംപിന്റെ യുദ്ധനാടകത്തെ നയിക്കുന്നത് എപ്സ്റ്റീന്റെ പ്രേതം?" എന്ന തലക്കെട്ടിൽ ലേഖനമെഴുതി.
ഈ സംശയങ്ങൾക്കെല്ലാം പ്രധാന കാരണം സംഭവങ്ങളുടെ സമയക്രമമാണ്. 2026 ജനുവരിയിലാണ് എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പുറത്തുവന്നത്. ലോകത്തിലെ രാഷ്ട്രീയ, വ്യവസായ, ഭരണ രംഗത്തുള്ള പല പ്രമുഖരുടെയും പേരുകൾ ഈ രേഖകളിലുണ്ട്.
2026 ജനുവരി 30 : യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകളുടെ വലിയ ശേഖരം പുറത്തുവിട്ടു. ഏകദേശം 3 ദശലക്ഷം പേജുകളും 2000 വിഡിയോകളും 1,80,000 ചിത്രങ്ങളുമാണ് ഇതിലുണ്ടായിരുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള പല പ്രമുഖരുടെയും പേരുകൾ ഈ രേഖകളിൽ ആയിരക്കണക്കിന് തവണ പരാമർശിച്ചിട്ടുണ്ട്.
2026 ഫെബ്രുവരി 24 : ട്രംപിനെതിരായ ലൈംഗികാരോപണങ്ങൾ അടങ്ങിയ ചില നിർണായക രേഖകൾ ഡി.ഒ.ജെ പുറത്തുവിട്ട രേഖകളിൽനിന്ന് ബോധപൂർവം ഒഴിവാക്കിയതായി നാഷനൽ പബ്ലിക് റേഡിയോ (എൻ.പി.ഒ) റിപ്പോർട്ട് ചെയ്തു.
2026 ഫെബ്രുവരി 25 : ഈ റിപ്പോർട്ടിനെത്തുടർന്ന്, ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ, ട്രംപുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്തതിൽ ഡി.ഒ.ജെക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു.
2026 ഫെബ്രുവരി 27 : 1980കളിൽ കൗമാരപ്രായക്കാരിയായിരിക്കെ ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ 2019ൽ എഫ്.ബി.ഐക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു.
2026 ഫെബ്രുവരി 28 : ഈ വെളിപ്പെടുത്തലുകൾക്ക് ദിവസങ്ങൾക്കകം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ 'ഓപറേഷൻ എപിക് ഫ്യൂറി' ആരംഭിച്ചു. ഇതോടെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ പൂർണമായും യുദ്ധത്തിലേക്ക് വഴിമാറി. അങ്ങനെ, ഫെബ്രുവരി 28ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ തിരിച്ചുവിടാൻ ഈ യുദ്ധത്തിന് കഴിഞ്ഞു. എപ്സ്റ്റീൻ വാർത്തകൾക്ക് പകരം മാധ്യമങ്ങൾ യുദ്ധവാർത്തകൾക്ക് പ്രാധാന്യം നൽകിത്തുടങ്ങി. ഗൂഗ്ൾ സെർച്ച് ഡേറ്റ വിശകലനം ചെയ്യുമ്പോൾ ഇത് വ്യക്തമാണ്. യുദ്ധം ആരംഭിച്ചതോടെ "എപ്സ്റ്റീൻ ഫയലുകൾ" എന്ന തിരച്ചിൽ കുത്തനെ ഇടിയുകയും "ഇറാൻ യുദ്ധം" എന്നതിനായുള്ള തിരച്ചിൽ കുതിച്ചുയരുകയും ചെയ്തു.
"വാഗ് ദി ഡോഗ്" എന്നത് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന ഒരു കുതന്ത്രമാണ്. ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും അഴിമതികളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഭരണാധികാരികൾ ഒരു യുദ്ധമോ മറ്റു വലിയ സംഭവങ്ങളോ സൃഷ്ടിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. 1997ൽ ഇതേ പേരിൽ ഒരു ഹോളിവുഡ് സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
ഒരു പ്രസിഡൻഷൽ ലൈംഗിക കുറ്റം മറയ്ക്കാൻ ഒരു വ്യാജ യുദ്ധം സൃഷ്ടിക്കുന്നതായിരുന്നു ആ സിനിമയുടെ ഇതിവൃത്തം. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നത് പല ശക്തർക്കും തലവേദനയായപ്പോൾ, ഒരു യുദ്ധം ആ വിഷയത്തെ മാധ്യമശ്രദ്ധയിൽനിന്ന് പൂർണമായും തേച്ചുമായ്ച്ച് കളയാൻ സഹായിക്കുമെന്ന കുതന്ത്രമായിരിക്കാം ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തിന് ഒരു കാരണമെന്ന വാദം തള്ളിക്കളയാനാവില്ല. ജനങ്ങളുടെ ശ്രദ്ധ യഥാർഥ പ്രശ്നങ്ങളിൽനിന്ന് മാറ്റാൻ ഭരണാധികാരികൾ അതിർത്തിയിൽ യുദ്ധം സൃഷ്ടിക്കുമെന്ന് ഒ.വി. വിജയൻ ധർമപുരാണത്തിൽ പറഞ്ഞതുപോലെ.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നത് പലർക്കും തലവേദനയായപ്പോൾ ഒരു യുദ്ധം ആ വിഷയത്തെ പൂർണമായും മറക്കാൻ സഹായിക്കുമെന്ന കുതന്ത്രത്തെക്കുറിച്ചുള്ള സംശയം ശക്തമാണ്.എന്തിനാണ് ഇത്ര പെട്ടെന്ന് ഒരു യുദ്ധം ആരംഭിച്ചത്? എപ്സ്റ്റീൻ ഫയലുകളിൽ പേരുള്ള പ്രമുഖർക്ക് ഈ യുദ്ധം ഒരു പുകമറയായി മാറിയോ? മാധ്യമങ്ങളുടെ ശ്രദ്ധ പെട്ടെന്ന് മാറിയതിന് യുദ്ധം കാരണമായില്ലേ? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ല. എന്നാൽ, സംഭവങ്ങളുടെ സമയക്രമവും സാഹചര്യങ്ങളും ചേർത്തുവായിക്കുമ്പോൾ, ഇതൊരു "എപ്സ്റ്റീൻ യുദ്ധം" ആണോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു.
“വാഗ് ദി ഡോഗ്” തന്ത്രമാണിതെന്ന് പറയുന്നവർ സംശയാസ്പദമായ സമയക്രമം മാത്രമല്ല, മറ്റ് സാഹചര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഏകദേശം 65,000 പേജുകളോളം എപ്സ്റ്റീൻ രേഖകൾ "സ്വകാര്യതയുടെ പ്രശ്നം" ചൂണ്ടിക്കാട്ടി ഡി.ഒ.ജെ താൽക്കാലികമായി ഓൺലൈൻ ഡേറ്റ ബേസിൽനിന്ന് നീക്കം ചെയ്യുകയുണ്ടായി. ഇത് സത്യം"മൂടിവെക്കാനുള്ള" ഒരു ശ്രമമാണെന്ന് സംശയിക്കണം. എപ്സ്റ്റീൻ കേസിൽ ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതും കോൺഗ്രസിന്റെ അന്വേഷണം അദ്ദേഹത്തിലേക്ക് നീണ്ടതും തൊട്ടുപിന്നാലെ യുദ്ധം ആരംഭിച്ചതും യാദൃശ്ചികമാണെന്ന് കരുതാനാവില്ല .
ഇറാനെ ഒരു ആണവശക്തിയാകാൻ അനുവദിക്കില്ല എന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും ദീർഘകാലമായുള്ള നയമാണ്. വർഷങ്ങളായി ഇസ്രായേൽ ഇറാനെതിരെ ഒരു സൈനിക നടപടിക്ക് ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷേ, ദീർഘകാലമായി ആസൂത്രണം ചെയ്യുന്ന സൈനിക നടപടിക്ക് രാഷ്ട്രീയമായി ഏറ്റവും പറ്റിയ ഒരു സമയം തിരഞ്ഞെടുതായിരിക്കാം . അതിനാൽ, മുൻകൂട്ടി തീരുമാനിച്ച ഒരു യുദ്ധം ആരംഭിക്കാൻ എപ്സ്റ്റീൻ കേസിനെ തുടർന്നുണ്ടായ ആഭ്യന്തര സമ്മർദവും കാരണമായിരിക്കാം.
ഈ സംശയങ്ങൾക്കെല്ലാം ഇനി കാലം ഉത്തരം നൽകുമെന്ന് കരുതി കാത്തിരിക്കാം. അതുവരെ, ഇത് ഒരു “വാഗ് ദി ഡോഗ്” യുദ്ധമാണോ എന്ന ചോദ്യം ശക്തമായി തന്നെ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.