രോഹിത് വെമുലക്ക് നീതി തേടി പ്രകടനം നടത്തുന്ന ഉമർ ഖാലിദ് -ജെ.എൻ.യു കാല ചിത്രം

മരവിപ്പിക്കുന്ന തണുപ്പുള്ള ഒരു രാത്രിയിൽ ജയിൽ മുറിയിൽനിന്ന് ഞാൻ ആകാശത്തേക്ക് നോക്കുന്നു. അവിടെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ കാണുമ്പോൾ അത് നീയാണെന്ന് ഞാൻ സങ്കൽപിക്കുന്നു; നീ എന്നെ നോക്കി പുഞ്ചിരിക്കുകയും ‘‘ധൈര്യമായിരിക്കൂ’’ എന്ന് പറയുകയും ചെയ്യുന്നു. എനിക്ക് തളർച്ചയോ ഏകാന്തതയോ അനുഭവപ്പെടു​േമ്പാഴെല്ലാം നീ അവശേഷിപ്പിച്ചുപോയ വാക്കുകളിൽനിന്ന് ഞാൻ ഊർജം ​േതടുന്നു.

നിന്റെ ജീവിതകാലത്ത് നമുക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല. പക്ഷേ, ഈ ഏകാന്തതയിൽ, ആകാശത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ നോക്കുമ്പോൾ, എന്റെ ജയിൽ മുറിയിൽ ഇരുന്നുകൊണ്ട് നിന്നോട് സംസാരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു.

ഒരു ശൈത്യകാല സായാഹ്നത്തിലാണ്​ ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റി അധികൃതർ നിന്നെയും സുഹൃത്തുക്കളെയും വേട്ടയാടുന്നതിൽ പ്രതി​േഷധിച്ച്​ ഞങ്ങൾ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിൽ പ്രചാരണം നടത്തിയത്. ഹോസ്റ്റലുകൾ േതാറും കാമ്പയിനുമായി നീങ്ങുന്നതിനിടയിലാണ് ആ വാർത്ത എത്തിയത് -അന്തിമമായ പ്രതിഷേധമായി നീ സ്വയം മരണത്തെ പുൽകിയെന്ന വാർത്ത.

നജീബിന്റെ ചിത്രവുമായി പ്രകടനം നടത്തുന്ന ഉമ്മ ഫാത്തിമ നഫീസ്

 

അതിനുശേഷമുള്ള പല ദിവസങ്ങളിലും, ഞങ്ങളുടെ വേദന പ്രകടിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് വിദ്യാർഥികളോടൊപ്പം തെരുവിലായിരുന്നു ഞാൻ.

നീ ആത്മഹത്യ ചെയ്തതല്ലെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നു. നിന്റേത് ഒരു ‘ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ’ (സ്ഥാപനപരമായ കൊലപാതകം) ആയിരുന്നു. അത്​ നടന്നിട്ട്​ ഇപ്പോൾ 10 വർഷം കഴിഞ്ഞിരിക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, ആ കാലയളവിന്റെ പകുതിയിലധികം ഞാൻ അഴികൾക്കുള്ളിലാണ്. എന്നാൽ, നിന്റെ മരണത്തിന് ഉത്തരവാദികളായ ഒരാൾപോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

നിനക്കൊരു ജീവിതമുണ്ടായിരുന്നു, നീതന്നെ അതിനെ ‘ഒരു മാരകമായ അപകടം’ എന്ന് വിളിച്ചു. എന്നാൽ, നിനക്കൊരു ‘മരണാനന്തര ജീവിതവും’ ഉണ്ടായിരുന്നു രോഹിത്. ബ്രാഹ്മണർ അവകാശപ്പെടുന്ന പുനർജന്മം പോലെയല്ല. മറിച്ച്, സത്യത്തിന്റെ പാത തിരഞ്ഞെടുത്തവരുടെ ഓർമകളിലും പോരാട്ടങ്ങളിലും തുടിക്കുന്ന ഒരു ജീവിതം. നീതിയുടെ മാറ്റൊലികളിൽ നീ ഇന്നും ജീവിക്കുന്നു.

നീ എഴുതി:

‘‘ഒരാളുടെ മൂല്യം അയാളുടെ സ്വത്വത്തിലേക്കും ഏറ്റവും അടുത്ത സാധ്യതയിലേക്കും ചുരുക്കപ്പെട്ടു. ഒരു വോട്ടിലേക്ക്. ഒരു നമ്പറിലേക്ക്. ഒരു വസ്തുവിലേക്ക്. ഒരിക്കലും ഒരു മനുഷ്യൻ ഒരു മനസ്സായി പരിഗണിക്കപ്പെട്ടില്ല. നക്ഷത്രധൂളികളാൽ നിർമിക്കപ്പെട്ട മഹത്തായ ഒന്നായി ആരും കണക്കാക്കിയില്ല. ഒരു മേഖലകളിലും-പഠനത്തിലും തെരുവിലും രാഷ്ട്രീയത്തിലും മരണത്തിലും ജീവിതത്തിലും.’’

ഇത്രയും വേദനിപ്പിക്കുന്നതും എന്നാൽ ശക്തവുമായ വാക്കുകൾ ഞാൻ വേറെ വായിച്ചിട്ടില്ല.

നിന്റെ മരണത്തിന് കൃത്യം ഒരു മാസത്തിനുശേഷം, എന്റെ ജനനം എന്ന ‘മാരകമായ അപകട’ത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അന്ന് ഞാൻ കരുതിയിരുന്നില്ല. നിന്നെ മുദ്രകുത്തിയതുപോലെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചുകൊണ്ടുള്ള മാധ്യമ വിചാരണക്ക്​ ഇരയാകുമെന്ന് ഞാൻ അറിഞ്ഞില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെയും മറ്റുള്ളവരെയും അവർ ജയിലിലേക്കയച്ചു. തോക്കുധാരികളായ രണ്ട് ഗുണ്ടകൾ എന്റെ രക്തം തേടിയെത്തി. അന്ന് ഷാരൂഖ് ഖാന്റെ വാക്കുകൾ കടമെടുത്ത് ഞാൻ പറഞ്ഞു: ‘‘എന്റെ പേര് ഉമർ ഖാലിദ്, ഞാൻ ഒരു തീവ്രവാദിയല്ല.’’

പക്ഷേ, പത്തു വർഷങ്ങൾക്കിപ്പുറം, ഈ ജയിൽ മുറിയിൽനിന്ന് നിനക്കെഴുതുമ്പോൾ, ക്രൂരമായ യു.എ.പി.എ പ്രകാരം ഒരു വിചാരണത്തടവുകാരനായി തുടരുകയാണ്​ ഞാൻ. ഞാൻ ചെയ്ത ആ ‘നിയമവിരുദ്ധമായ പ്രവൃത്തി’ അല്ലെങ്കിൽ ‘ഭീകരപ്രവർത്തനം’ എന്തായിരുന്നു എന്ന് ഞാൻ ആ​​​േലാചിക്കാറുണ്ട്. വിദ്വേഷത്തെ സ്നേഹംകൊണ്ട് നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതോ? അതോ ഭരണഘടന കൈകളിലേന്തി അവരുടെ ലാത്തികളെ നേരിടണമെന്ന് പറഞ്ഞതോ? അതോ പൗരത്വ നിയമത്തിലെ വിവേചനപരമായ ഭേദഗതികൾക്കെതിരെ ശഹീൻ ബാഗിൽ നടന്ന സമാധാനപരമായ നിയമലംഘന സമരത്തിൽ പങ്കെടുത്തതോ? അതോ എന്റെ പേരാണോ എന്റെ ഏറ്റവും വലിയ കുറ്റം?

രോഹിത്, നമുക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ റിപ്പബ്ലിക്കിന്റെ ജീവിതത്തിൽ എവിടെയാണ് തെറ്റുപറ്റിയതെന്ന് രാത്രി വൈകുവോളം നമുക്ക് ചർച്ച ചെയ്യാമായിരുന്നു. ഈ ‘അമൃതകാലത്ത്’ ഇന്ത്യയിലെ ദലിതർക്കും മുസ്‍ലിംകൾക്കും നീതി എങ്ങനെയാണ് അന്യമാകുന്നത് എന്ന് നമുക്ക് സംസാരിക്കാമായിരുന്നു. ഞാൻ ചെയ്യാത്ത കുറ്റത്തിന് വിചാരണ പോലുമില്ലാതെ അഴികൾക്കുള്ളിൽ കഴിയുമ്പോൾ, ഡൽഹി കലാപത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടാതെ അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നു.

ഇത് എന്നെക്കുറിച്ച് മാത്രമല്ല. ഒരു മുസ്‍ലിമിനെ തല്ലിക്കൊന്ന പ്രതികളെ മന്ത്രിമാർ മാലയിട്ട് സ്വീകരിക്കുമ്പോൾ അത് എന്ത് സന്ദേശമാണ് നൽകുന്നത്? ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവർക്ക് വീരപരിവേഷം നൽകി വിട്ടയക്കുമ്പോൾ എന്ത് നീതിയാണുള്ളത്? പൊലീസുകാരുടെ മർദനമേറ്റ് മരിച്ച 23കാരനായ ഫൈസാന്റെ കുടുംബം എവിടെ പോകണം? കാണാതായ മകൻ നജീബിനെ തേടി ഫാത്തിമ നഫീസ് എങ്ങോട്ട് പോകണം? തങ്ങളുടെ ബാല്യം നഷ്ടപ്പെടുത്തിയതിന്​ ഖാലിദ് സൈഫിയുടെ മകൾ ആരോടാണ് പരാതി പറയേണ്ടത്? ഈ പതിറ്റാണ്ടിൽ നമ്മൾ ഒരു ‘പോസ്റ്റ്-ട്രൂത്ത്’ (സത്യാനന്തര) സമൂഹമായി മാറി. അധികാരം എന്താണോ പറയുന്നത് അതാണ് ഇന്ന് വസ്തുതകൾ.

അംബേദ്കറെ എതിർത്തവരും ഗാന്ധിയെ കൊന്നവരും നമ്മുടെ മാതൃഭൂമിയെ ഹൈജാക്ക്​ ചെയ്​തുകൊണ്ടിരിക്കുന്നു. തനിക്ക് മാതൃഭൂമിയില്ലെന്ന് ബാബാസാഹേബ് അംബേദ്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം എന്നെപ്പോലുള്ളവരോട് ആ ചോദ്യം വീണ്ടും ചോദിച്ചു. ഭരണഘടന ഉറപ്പുനൽകിയ കാര്യങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുന്നു. അംബേദ്കറുടെ ഭരണഘടനയല്ല, മനുസ്മൃതിയാണ് വേണ്ടതെന്ന് ആഗ്രഹിക്കുന്നവരാണ് ഇത് ചെയ്യുന്നത്. ഗാന്ധിയെ കൊന്നവരുടെ പിൻഗാമികളാണവർ. നമ്മുടെ ഈ മാതൃഭൂമി മറ്റാരെയും പോലെത്തന്നെ നമ്മുടേതുമാണെന്ന് അവകാശപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻ.ആർ.സി, സി.എ.എ തുടങ്ങിയ പേരുകളാൽ സ്വന്തം മണ്ണിൽ നമ്മൾ അന്യരാക്കപ്പെടാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നീ ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു രോഹിത്. നമുക്ക് ഒരുപാട് കാര്യങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു. മാർക്സിനെക്കുറിച്ചും അംബേദ്കറെക്കുറിച്ചും നമ്മുടെ സ്വപ്നങ്ങളെക്കുറിച്ചും വിയോജിപ്പുകളെക്കുറിച്ചും സംസാരിക്കാമായിരുന്നു.

നിന്നെ മരണത്തിലേക്ക് തള്ളിയിട്ടും എന്നെ ജയിലിലടച്ചും അവർ ആഗ്രഹിച്ചത് നമ്മുടെ സംഭാഷണങ്ങൾ ഇല്ലാതാക്കാനാണ്. കാരണം, ചിന്തിക്കുന്ന, സംവദിക്കുന്ന, വിയോജിക്കുന്ന യുവജനങ്ങളെ ഈ ഭരണകൂടം ഭയപ്പെടുന്നു. അവർ ഇന്ന് അനുവദിക്കുന്നത് വെറുപ്പിന്റെ ഭാഷ മാത്രമാണ്. ജാതിയെക്കുറിച്ചോ വർഗീയതയെക്കുറിച്ചോ വിപണിയെക്കുറിച്ചോ സംസാരിക്കുന്നത് ഇന്ന് ‘രാജ്യദ്രോഹം’ ആണ്.

നിന്റെ സ്വത്വത്തിന്റെ പേരിൽ അവർ നിന്നെ വേട്ടയാടി. നീ പോയിട്ടും ആ സ്വത്വം നിന്നിൽനിന്ന് തട്ടിയെടുക്കാൻ അവർ ശ്രമിച്ചു. പക്ഷേ രോഹിത്, നിനക്കറിയാമോ, നിന്റെ മരണത്തിന് കാരണമായവർ ഇന്നും സ്വതന്ത്രരായി നടക്കുമ്പോഴും, ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യ എന്ന നിന്റെ സ്വപ്നത്തിൽ വിശ്വസിക്കുന്നു. അതാണ് നിന്റെ മരണാനന്തര ജീവിതം. നിന്റെ ജാതി ഉന്മൂലന ആശയങ്ങൾ അധികാര വർഗത്തെ വേട്ടയാടിക്കൊണ്ടിരിക്കും.

അവർക്ക് നമ്മളെ കൊല്ലാൻ കഴിഞ്ഞേക്കും, നമ്മുടെ ശരീരങ്ങളെ തടവിലാക്കാൻ കഴിഞ്ഞേക്കും. പക്ഷേ, വരാനിരിക്കുന്ന വസന്തത്തെ തടയാൻ അവർക്ക് കഴിയില്ല. ഭഗത് സിങ് പറഞ്ഞതുപോലെ, ഈ പോരാട്ടം നമ്മളിൽ തുടങ്ങിയതല്ല, നമ്മളിൽ അവസാനിക്കുകയുമില്ല.

രോഹിത്, നിഴലുകളിൽനിന്ന് നക്ഷത്രങ്ങളിലേക്ക് നീ എന്നും ജീവിക്കും.

ജയ് ഭീം!

നിന്റെ സഹോദരൻ,

ഉമർ.

(ഉമർ ഖാലിദി​െൻറ സുഹൃത്തുക്കൾ എഡിറ്റ് ചെയ്​ത്​ പുറത്തിറക്കിയ UMAR KHALID AND HIS WORLD: an anthology എന്ന

പുസ്​തകത്തിൽനിന്ന്)




 


Tags:    
News Summary - This government is afraid of thinking youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.