ചർച്ചിലിന്റെ മുയൽപ്പേറും സംഘ്പരിവാറിന്റെ പന്നിപ്പേറും

ന്ത്യയുടെ, പ്രത്യേകിച്ചും ബംഗാളിന്റെ സുവർണചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമായാണ് സ്വന്തം 'സാഹിത്യ'യത്നത്തെ ബങ്കിം ചന്ദ്ര ചട്ടോപാധ്യായ വിശേഷിപ്പിക്കുന്നത്. എന്നാൽ അതിനായി കൊളോണിയൽ ചരിത്ര രചയിതാക്കൾ നിർമിച്ച ഹിന്ദു-മുസ്‌ലിം ദ്വന്ദ്വബോധത്തിൽ നിന്നുകൊണ്ട് ബങ്കിം ചരിത്രത്തെ വായിക്കുന്നു.

അതേസമയം ചട്ടോപാധ്യായ ഉൾപ്പെടെയുള്ളവർ നിർമിച്ചെടുക്കുന്ന ‘സവർണതയുടെ സുവർണദേശീയ ചരിത്രം’ മുസ്‌ലിം എന്നതിനെ മാത്രമല്ല, ദലിതർ, സ്ത്രീകൾ തുടങ്ങിയ സ്വത്വങ്ങളെയും അപരവത്കരിച്ചു കൊണ്ടോ നിരാകരിച്ചു കൊണ്ടോ ആണ് ഇന്ത്യൻ ദേശീയ ഭൂപടം വരയ്ക്കുന്നത്. ഒരർത്ഥത്തിൽ ദേശസ്വത്വത്തോടും ചരിത്രത്തോടുമുള്ള ഏറ്റവും നിഷേധാത്മകമായ സമീപനമാണത്.

ഒരു വറുതിക്കാലത്ത്

പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദു പുനരുജ്ജീവനത്തിനും പിൽക്കാലത്ത് അതിനുണ്ടായ ഹിംസാത്മകമായ മുസ്‌ലിം വിരുദ്ധ ഭാവുകത്വ പരിണാമത്തിനുമിടയിൽ ഒരു പാലമായി വർത്തിച്ച ചിന്തകൾ എന്ന് ബങ്കിം ചന്ദ്രയുടെ ആശയങ്ങളെ എ.ജി നൂറാനി വിലയിരുത്തുന്നുണ്ട്‌. ബങ്കിം ചന്ദ്ര ദേശസ്നേഹത്തെ മതമായും മതത്തെ ദേശസ്നേഹമായും പരിവർത്തിപ്പിച്ചുവെന്നും ബങ്കിം ചന്ദ്രയുടെ ദേശീയത ഇന്ത്യൻ എന്നതിനെക്കാൾ ഹിന്ദു ആയിരുന്നെന്നും ആർ.സി മജൂംദാറിൽനിന്നും ഉദ്ധരിക്കുന്നുമുണ്ട് നൂറാനി.

ഇന്ത്യയിലെ, വിശിഷ്യാ ബംഗാളിലെ ഹിന്ദു-മുസ്‌ലിം പാരസ്‌പര്യത്തെ കേവലം സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമായി മാത്രം കാണുകയും സാമുദായിക അക്രമത്തിന്റെയും പ്രതികാരത്തിന്റെയും മനസ്സ് വളർത്തുകയും ചെയ്തു എന്നതാണ് ബങ്കിമിന്റെ ചരിത്രവായനയുടെ പ്രത്യേകത. ഹിന്ദുത്വ ദേശീയതക്ക് അത് റൊമാന്റിക് ഛായ നൽകുകയും ചെയ്‌തു.

അതിനായി, കൊൽക്കത്തയിൽ നിന്നും മുഗൾ ദില്ലിയിലേക്കൊഴുകിയ വിഭവങ്ങളുടെ കണക്കുകളും ക്ഷതം സംഭവിച്ച ദേശശരീരത്തെക്കുറിച്ച വിഭാവനങ്ങളുമൊക്കെ കടും നിറങ്ങളിൽ ആവിഷ്‌കരിച്ചു. ദുർഗേശ നന്ദിനി മുതൽ സീതാറാം വരെയുള്ള നോവലുകളെല്ലാം തന്നെ ഈ ആവിഷ്‌കാരത്തിന്റെ സാക്ഷ്യങ്ങളാണ്.

ബങ്കിം ചന്ദ്ര

മുഗളരും മറ്റും കരം പിരിച്ചിട്ടുണ്ടെങ്കിലും അതിൽ വലിയൊരു പങ്കും പ്രാദേശികമായിത്തന്നെ ചെലവഴിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെയും അവരുടെ സംസ്‌കാരത്തെയും സംരക്ഷിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരുന്നു. ഇന്നാട്ടുകാരായി ഇവിടെ ജീവിച്ചവരാണ് മുഗളർ.

അതേസമയം ബ്രിട്ടീഷ് ഭരണത്തിന്റെ ലെജിറ്റിമസിയെ പൂർണമായും അംഗീകരിക്കുകയും കടുത്ത മുസ്‌ലിം വിദ്വേഷം പുലർത്തുകയും ചെയ്ത ഈ ഡെപ്യൂട്ടി കലക്റ്ററുടെ യജമാനന്മാരാണ് ഇന്ത്യയിലെ വിഭവങ്ങൾ കടത്തിക്കൊണ്ടുപോയത്. ഫഖീർ-സന്യാസി കലാപത്തിന് നിമിത്തമായിത്തീർന്ന സംഭവമാണല്ലോ ബംഗാളിലെ ക്ഷാമം. കൂടുതലും മനുഷ്യകൃതം (ആന്ത്രോപോജെനിക്) ആയ ദുരന്തമായിരുന്നു അത്.

ചെറിയ തോതിൽ പ്രതികൂല ഘടകങ്ങൾ ഉണ്ടായെങ്കിലും അത്യാവശ്യത്തിനുള്ള വിഭവങ്ങൾ ഉണ്ടായിരിക്കെത്തന്നെ ദശലക്ഷക്കണക്കിന് മനുഷ്യർ ദൗർലഭ്യം നിമിത്തം മരിച്ചുവീഴുകയായിരുന്നു. പലപ്പോഴും ക്ഷാമങ്ങൾ ഉണ്ടാവുന്നത് ഭക്ഷ്യ ലഭ്യത കുറഞ്ഞത് (Food Availability Decline) നിമിത്തമല്ലെന്നും അവകാശനിഷേധം (Entitlement Failure) കാരണമാണെന്നും അമർത്യാ സെന്നിനെപ്പോലുള്ളവർ പറയുന്നുണ്ട്.

ബംഗാളിൽ ഈ അവകാശനിഷേധം സൃഷ്ടിച്ചത് ബ്രിട്ടീഷുകാരുടെ നയങ്ങളായിരുന്നു. അല്ലാതെ ബങ്കിം ചന്ദ്രയെപ്പോലുള്ളവർ പ്രചരിപ്പിച്ചതു പോലെ മുഗളർ ദില്ലിയിലേക്ക് കടത്തിക്കൊണ്ടു പോയതായിരുന്നില്ല. സിറാജുദ്ദൗലയെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പാവയായി നവാബായ മീർ ജാഫറിനെ മുന്നിൽ നിർത്തി കമ്പനി വൻതോതിൽ നികുതി പിരിച്ചു. വരൾച്ചയും പകർച്ചവ്യാധിയും ഉണ്ടായപ്പോൾ പോലും നികുതി കൂട്ടി.

ധാന്യങ്ങൾ കുത്തകവത്കരിച്ച് വില ഉയർത്തുകയും സൈന്യത്തിന് വേണ്ടി പിടിച്ചെടുക്കുകയും ചെയ്തു. മുഗൾ കാലത്തൊക്കെ ഫലപ്രദമായ ക്ഷാമ പരിഹാര സംവിധാനങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ കമ്പനി പൂർണമായും ഒഴിവാക്കി. ചരിത്രം ഇതാണെന്നിരിക്കെയാണ് ചട്ടോപാധ്യായ ബ്രിട്ടീഷ് കമ്പനി ഭരണത്തിന് ലെജിറ്റിമസി കൽപിക്കുന്നതും വിഭവങ്ങൾ കടത്തിക്കൊണ്ടുപോയ മുസ്‌ലിംകൾ എന്ന കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതും.

ബംഗാളിൽത്തന്നെ (ഒഡിഷയെയും അത് ബാധിച്ചിരുന്നു) 1943ൽ ഏതാണ്ട് നാൽപത് ലക്ഷം മനുഷ്യരുടെ മരണത്തിനിടയാക്കിയ മറ്റൊരു ക്ഷാമവും ഉണ്ടായിട്ടുണ്ട്. 1770ലെ ദുരിതത്തെക്കാൾ ആന്ത്രോപോജെനിക്കും എൻറ്റൈറ്റ്ൽമെന്റ് ഫെയ്‍ലിയറും ആയിരുന്നു അത്. രണ്ടാം ലോകയുദ്ധക്കാലമാണ്. ബ്രിട്ടീഷുകാർ ബോട്ടുകളും ധാന്യങ്ങളും പിടിച്ചെടുക്കുകയും അത് ഇന്ത്യക്കകത്തും പുറത്തുമുള്ള ബ്രിട്ടീഷ് സൈന്യത്തിന് വിതരണം ചെയ്യുകയും ചെയ്തു. നാണയപ്പെരുപ്പം നിമിത്തം മുന്നൂറ് ശതമാനത്തോളം വിലക്കയറ്റമുണ്ടായപ്പോൾ തൊഴിലാളികളുടെ വേതനം ഗണ്യമായി കുറഞ്ഞു.

മുയലുകളും പന്നികളും

'43ലെ ക്ഷാമത്തെ വംശഹത്യയെന്ന് വിശേഷിപ്പിക്കാറുണ്ട് ചിലർ. എന്തെന്നാൽ കൂട്ടമരണങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ മുയലുകളെപ്പോലെ പെറ്റുപെരുകുന്നുവെന്ന് (they breed like rabbits) ഇന്ത്യക്കാരെ പരിഹസിച്ചുവത്രേ. ഏറ്റവും കൂടിയ പ്രജനന ശേഷിയുള്ള ജന്തുക്കളിലൊന്നാണ് മുയൽ. ഗണിതശാസ്ത്രത്തിൽ പ്രോഗ്രഷന്റെ ഫിബൊനാച്ചി സീക്വൻസിൽ മുയൽപ്പേറിനെയാണ് രൂപകമായി കാണിക്കുന്നത്. ഒരു പെൺ മുയൽ വർഷത്തിൽ നാല് മുതൽ എട്ട് വരെ ലിറ്ററുകൾ (കൂട്ടമായി പ്രസവം) ഉത്പാദിപ്പിക്കുമെന്നും ഓരോ ലിറ്ററിലും നാല് മുതൽ പന്ത്രണ്ട് വരെ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നുമാണ് കണക്ക്. ഗർഭകാലം ഒരു മാസം, പോരാത്തതിന് പോസ്റ്റ്-പാർട്ടം എസ്ട്രസും.

പട്ടിണി കൊണ്ട് ജനലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ ബ്രിട്ടന്റെ (1922 മുതൽ യുനൈറ്റഡ് കിങ്ഡം) പ്രധാനമന്ത്രിയും കൺസർവേറ്റീവുമായ വിൻസ്റ്റൺ ചർച്ചിൽ നടത്തുന്ന ഈ പരിഹാസത്തിലെ വംശീയ ധാർഷ്ട്യം പ്രകടമാണ്. “If the famine is so bad, why hasn’t Gandhi died yet?” (ഇത്ര വലിയ ക്ഷാമമായിട്ടും ഗാന്ധി എന്താ ചാകാത്തതെന്ന്) എന്നും ചർച്ചിൽ ചോദിച്ചതായി പറയപ്പെടുന്നു.


ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ വൈസ്രോയി വേവെൽ പ്രഭുവിനും ഇന്ത്യൻ കാര്യങ്ങളുടെ സെക്രട്ടറി ലിയൊപോൾഡ് അമേരിക്കും അയച്ച ടെലിഗ്രമുകളിലും അവരോടൊത്തുള്ള മീറ്റിങ്ങുകളിലുമാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. അമേരിയുടെ ഡയറിക്കുറിപ്പുകളാണ് റഫറൻസ്.

"I hate Indians. They are a beastly people with a beastly religion" എന്നും ഇതേ മനുഷ്യൻ തന്നെ പറഞ്ഞതായി കാണാം. ഇന്ത്യക്കാരെപ്പറ്റി ചർച്ചിൽ പറഞ്ഞ അതേ കാര്യങ്ങൾ ബ്രിട്ടീഷ് സേവകനായ ചാറ്റർജീയുടെ പിൻഗാമികൾ ഇന്ന് മുസ്‌ലിംകളെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും പറയുന്നു. പറയുന്നത് മുസ്‌ലിംകളെക്കുറിച്ചാകയാൽ മുയലിൻ്റെ സ്ഥാനത്ത് പന്നി കയറിപ്പറ്റി എന്നുമാത്രം (എന്തൊരു കാവ്യാത്മകത, അല്ലേ..!)

വന്ദേമാതരവും സ്വാതന്ത്ര്യസമരവും

നമുക്ക് വന്ദേമാതരത്തിലേക്ക് വരാം. 1896ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി വന്ദേമാതരം ആലപിക്കപ്പട്ടത്. മാതൃകാപരമായ ധൈഷണിക വൈവിധ്യം (intellectual diversity) നിലനിന്നിരുന്ന പ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം. അപൂർവം ചില അപവാദങ്ങളൊഴിച്ചാൽ ഈ ചിന്താ വൈവിധ്യങ്ങൾക്കിടയിൽ ആഴത്തിലുള്ള ആദരവും സംവാദവും നിലനിന്നു.

അക്കാലത്തെ ചിന്താവൈവിധ്യങ്ങൾ വായിക്കുമ്പോൾ രബീന്ദ്രനാഥ ടാഗോർ, ഈ കുറിപ്പുകാരനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിൻ്റെ ദേശീയതാവിരുദ്ധ മാനവിക നിലപാടുകൾ നിമിത്തമാണ്. ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാതിരുന്ന അദ്ദേഹം സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായും ഗാന്ധിയും നെഹ്‌റുവും ഉൾപ്പെടെയുള്ള അതിൻ്റെ നേതാക്കളുമായും വളരെ അടുത്ത ബന്ധം പുലർത്തുമ്പോഴും കോൺഗ്രസ്സിൽ അംഗത്വം സ്വീകരിച്ചിരുന്നില്ല. അതിൻ്റെ പ്രധാന കാരണം കോൺഗ്രസ്സിന്റെ അടിത്തറ ദേശീയതയാണ് എന്നതായിരുന്നു.

മനുഷ്യരെ തമ്മിലകറ്റുന്ന, തിന്മയുടെ മഹാമാരിയാണ് ദേശീയത എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം ആ വിഷയത്തിൽ നടത്തിയിട്ടുള്ള പഭാഷണങ്ങളിൽ ഇന്നത്തെ സങ്കുചിത ഹിന്ദുത്വ ദേശീയതയെക്കുറിച്ച ആധികൾ പോലും പ്രവചനാത്മകമായി പങ്കുവെക്കുന്നത് കാണാം. കോൺഗ്രസ്സിലെ തീവ്ര, മിതവാദ വിഭാഗങ്ങളോട് സമീപനപരമായ അകലം പാലിച്ച അദ്ദേഹം മധ്യമമായ മാർഗം സ്വീകരിച്ചിരുന്നു. പ്രാർത്ഥനായോഗങ്ങളും നിവേദനങ്ങളും അടങ്ങുന്ന ഗാന്ധിയൻ ശൈലിയെ അദ്ദേഹം വിശേഷിപ്പിച്ചത് political mendicancy (രാഷ്ട്രീയ ഭിക്ഷാടനം) എന്നായിരുന്നു.

ചർക്ക തിരിച്ച് സ്വയംഭരണമുണ്ടാക്കാം എന്നത് വ്യാമോഹമാണെന്ന് തുറന്നടിച്ച ടാഗോർ, മറ്റൊരു വശത്ത് ബ്രിട്ടീഷ് അധിനിവേശം ബാഹ്യമായി ഏറ്റവും വലിയ പ്രശ്നമാണെങ്കിലും അന്തരികമായി ഇന്ത്യ സ്വതന്ത്രമാവണമെങ്കിൽ ജാതീയതക്കും നിക്ഷേരതക്കുമെതിരായ പോരാട്ടം അനിവാര്യമാണെന്ന് ചിന്തിച്ചിരുന്നു.

ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും ആൻറികൊളോണിയൽ പ്രക്ഷോഭത്തിൽ അദ്ദേഹം കോൺഗ്രസ്സുമായി സഹകരിച്ചു. ഗാന്ധിയെ 'മഹാത്മാ' എന്ന് വിളിച്ചതദ്ദേഹമാണ്, അദ്ദേഹത്തെ ഗാന്ധി 'ഗുരുദേവൻ' എന്നും വിളിച്ചാദരിച്ചു.

രബീന്ദ്രനാഥ ടാഗോർ

എന്നാൽ, ചരിത്രത്തിലെ ഒരു മഹാവൈരുദ്ധ്യം എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഒരിടത്ത് മാത്രം നമ്മളൊന്ന് സ്തംഭിച്ചു പോകുന്നു. എന്തെന്നാൽ ഒരു സംഗീതജ്ഞൻ കൂടിയായ അദ്ദേഹമാണ് കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചത്.

1875ലാണ് ബങ്കിം ചന്ദ്ര ഈ ഗാനം എഴുതിയത്. അതിനാകട്ടെ, രണ്ട് ചരണങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാതൃരാജ്യത്തെയും അതിന്റെ സൗന്ദര്യത്തെയും വർണിക്കുന്ന, സംസ്കൃത-ബംഗാളി മണിപ്രവാള ശൈലിയിലെഴുതിയ ഗാനമായിരുന്നു അത്. എന്നാൽ, പ്രസ്തുത സമ്മേളനത്തിന് മുമ്പ്, 1882ൽത്തന്നെ ആനന്ദമഠം നോവൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇതിൽ ഉപയോഗിച്ച വന്ദേമാതരം ഗാനത്തിന് ആറ് ചരണങ്ങളുണ്ടായിരുന്നു.

അതിന്റെ അവസാനഭാഗത്ത് മാതൃദേശത്തെ ദേവിയായി സങ്കൽപിക്കുന്നു. അതായത്, കഴിഞ്ഞ അധ്യായത്തിൽ നാം പറഞ്ഞ, ജഗദ്ധാത്രിയും കാളിയും ദുർഗയുമായ, അഥവാ മഹാസരസ്വതിയും മഹാകാളിയും മഹാലക്ഷ്മിയുമായ ദേവി. സ്വതവേ തന്നെ ബംഗാൾ മാത്രമാണ് ബങ്കിമിന്റെ ഇന്ത്യ. അതുതന്നെ ഈ ഗാനത്തിനൊടുവിൽ ദേവിയായി മാറുന്നു.

ലോക ജനതയുടെ തന്നെ സ്വരബഹുത്വങ്ങളുടെ സമ്പൂർണ മാതൃകയാണ് യഥാർത്ഥ ഇന്ത്യ. ഭരണഘടന പ്രകാരം 22 ഷെഡ്യൂൾഡ് ഭാഷകൾ, പതിനായിരത്തിലധികം ആളുകൾ സംസാരിക്കുന്ന പ്രധാന ഭാഷകൾ 121. അതേസമയം എത്‌നൊലോഗ് അനുസരിച്ച് 450ഓളം എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പുറമെ റോ നെയ്ം, ഡയലക്ടുകൾ എന്നിവ പരിഗണിച്ചാൽ 19,500ൽപ്പരം മാതൃഭാഷകൾ.

എഴുനൂറിൽപ്പരം ഗോത്രങ്ങളെ പട്ടികവർഗം ആയി ഷെഡ്യൂൾ ചെയ്ത ഇന്ത്യയിൽ ആറ് പ്രധാന മതങ്ങൾക്കൊപ്പം Other Religions and Persuasions എന്ന വിഭാഗം കൂടി കൂട്ടിയാൽ 80ൽപ്പരം മതങ്ങൾ. എന്നുവെച്ചാൽ ഇന്ത്യക്ക് തനത് സംസ്‌കാരമല്ല, മറിച്ച് ബഹുസംസ്കാരങ്ങളാണുള്ളത്.

എന്നാൽ ബങ്കിം ചന്ദ്രക്കും കൂട്ടുകാർക്കും ഇന്ത്യ ഏകശിലാത്മകമാണ്. മതം- ഹിന്ദു, ഭാഷ- സംസ്കൃതം/ ബംഗാളി. അതിനാൽ സംസ്കൃതം, സംസ്‌കൃതവത്കൃത ബംഗാളി എന്നിവയുടെ മണിപ്രവാളത്തിൽ (Macaronic Poetry) എഴുതിയ 'ദേശഭക്തി' ഗാനം 'അമ്മ' ദേശത്തെ വന്ദിച്ചു കൊണ്ട് തുടങ്ങുന്നു, കൃത്യവും വ്യക്തവുമായ ദുർഗാ പൂജയിലേക്ക് വികസിക്കുന്നു.

എന്നാൽ മുപ്പതുകളുടെ രണ്ടാം പാതിയിൽ ഇന്ത്യൻ ദേശീയബോധത്തിന്റെ ഉണർത്തുപാട്ടായി കോൺഗ്രസ് വന്ദേമാതരത്തെ അംഗീകരിച്ചു. അക്കാലത്ത് തന്നെ മുസ്‍ലിംകളിൽ നിന്നും മറ്റും ശക്തമായ എതിർപ്പുണ്ടായി. പൂർണരൂപത്തിൽ ആ ഗാനം ദുർഗാദേവിയുടെ സ്‌തുതികൾ ഉൾക്കൊള്ളുന്നുണ്ടെന്നത് മാത്രമല്ല, മറിച്ച് ദേശവിരുദ്ധവും വംശീയവുമായ ഒരു ദേശീയതാവാദത്തെ മുന്നോട്ടുവെക്കുന്നതാണ് നോവലിലെ ഗാനവും ഗാനസന്ദർഭവും എന്നതുകൂടിയായിരുന്നു കാരണം.

അരവിന്ദ് ഘോഷ്, ബാലഗംഗാധര തിലകൻ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ വന്ദേമാതരത്തെ രാജ്യത്തിന്റെ ആത്മാവായി കണ്ട് പൂർണ്ണമായി പിന്തുണച്ചു. മദൻ മോഹൻ മാളവ്യയെപ്പോലുള്ള തീവ്ര ഹൈന്ദവ നിലപാടുള്ള നേതാക്കളും ഇതിനെ ശക്തമായി അനുകൂലിച്ചു. അബുൽ കലാം ആസാദും മറ്റും ശക്തമായ എതിർപ്പും പ്രകടിപ്പിച്ചു. കോൺഗ്രസ് സമ്മേളനത്തിൽ ഇത് ആലപിച്ച ടാഗോർ തന്നെ, പിന്നീട് വിയോജിപ്പ് രേഖപ്പെടുത്തി.

എന്നാൽ, ആ വിഷയത്തിൽ 1937 ഒക്ടോബർ 26ന് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നെഹ്‌റു അടക്കം എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും കമ്മിറ്റി തീരുമാനിച്ചത് ഗാനത്തെ പുസ്‌തകത്തിൽ നിന്ന് വിട്ടുകൊണ്ട് പരിഗണിക്കണം എന്നായിരുന്നു. ദൈവികതയും ആരാധനയുമൊക്കെയായി ബന്ധപ്പെട്ട വിവാദത്തിൽ അത്തരം പരാമർശങ്ങൾ വരുന്ന അവസാന ഭാഗങ്ങൾ ആലപിക്കപ്പെടുകയില്ലെന്നും ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും കോൺഗ്രസ് തീരുമാനിച്ചു.

ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രം സ്വീകരിക്കാം എന്ന തീരുമാനത്തിൽ ന്യായമുണ്ടന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചട്ടോപാധ്യായയുടെ പൊതുവായ ദേശീയ, വംശീയ നിലപാടിൽ നിന്നോ ആനന്ദമഠം ഉൾപ്പെടെയുള്ള നോവലുകൾ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം വിരുദ്ധ വംശീയ ഹിന്ദുത്വ ബോധത്തിൽ നിന്നോ അടർത്തിമാറ്റിക്കൊണ്ട് വിശകലനം ചെയ്യാവുന്ന ഒന്നായിരുന്നില്ല ആ ഗാനം. അതൊരു ദേശീയ മുദ്രാവാക്യത്തിന്റെ പദവിയിലേക്കുയരുമ്പോൾ വിശേഷിച്ചും. ഒപ്പം ആനന്ദമഠത്തിലൂടെ പ്രകാശിതമായ, അതിന്റെ പൂർണരൂപം എന്നത് ഒരു യാഥാർത്ഥ്യമാണ് താനും.

ദേശീയമായ ഐക്യത്തെ മുൻനിർത്തി ഒരു ശസ്ത്രക്രിയ അനിവാര്യമാകുന്ന ഒരു ഗാനം എങ്ങനെയാണ് ഒരു ദേശീയ മുദ്രാവാക്യമായി പരിഗണിക്കാൻ പറ്റുക?

ഹിന്ദുത്വയുടെ 'ദേശീയ'ഗാനം

അതേസമയം 2018 ജൂണിൽ ശ്യാമപ്രസാദ് മുഖർജി റിസർച് ഫൗണ്ടേഷൻ, കൊൽക്കത്തയിൽ നടത്തിയ പരിപാടിയിൽ ബങ്കിം ചന്ദ്ര ചട്ടോപാധ്യായ അനുസ്‌മരണ പ്രഭാഷണം നടത്തിയ, ബി.ജെ.പിയുടെ അന്നത്തെ ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് വന്ദേമാതരം പൂർണമായി അംഗീകരിക്കാതിരുന്നത് കോൺഗ്രസ് ചെയ്‌ത വലിയൊരു തെറ്റായിരുന്നു എന്നാണ്. പൂർണമായും അത് ദേശീയഗാനമായി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാൻ പറ്റുമായിരുന്നത്രേ. ഗാനത്തെ വിഭജിച്ചതിലൂടെ അവർ രാഷ്ട്രത്തെത്തന്നെ വിഭജിക്കുകയാണ് ചെയ്‌തത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ദേശീയതയുടെ അവിഭാജ്യഘടകമാണ് ഹിന്ദുത്വ എന്നും അതിന്റെ ഉദ്ഭവസ്ഥലമാണ് ബംഗാൾ എന്നും പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു ശ്യാമപ്രസാദ് മുഖർജി റിസർച് ഫൗണ്ടേഷൻ പ്രസ്‌തുത പരിപാടി സംഘടിപ്പിച്ചത്.

അമിത് ഷായുടെ പ്രസ്താവനയുടെ അപഗ്രഥനത്തിൽ ഹിന്ദുത്വയുടെ ചരിത്രവിരുദ്ധ ദേശീയ ബോധത്തിന്റെ പ്രതിധ്വനികളുണ്ട്. വന്ദേമാതരത്തോട് ഹിന്ദുത്വ ഫാഷിസം കാണിക്കുന്ന അഭിനിവേശത്തിന്റെ കാരണങ്ങളും അതിൽ കാണാം. ബഹുസാംസ്കാരികതയോട് ശത്രുത പുലർത്തുന്ന ഏകശിലാത്മക ബോധത്തിന്റെ പ്രകാശനമാണത്. ഒന്നാമതായും ചരിത്രത്തെ അത് ഏകപക്ഷീയമായി ന്യൂനീകരിക്കുന്നു.

"വന്ദേമാതരം പൂർണമായി അംഗീകരിച്ചിരുന്നെങ്കിൽ വിഭജനം ഒഴിവാക്കാമായിരുന്നു" എന്ന വാദം തന്നെ ചരിത്രപരമായ എല്ലാ സങ്കീർണതകളെയും ഇല്ലാതാക്കി അതിനെ ഒരൊറ്റ ബിന്ദുവിലേക്ക് ചുരുക്കുന്നതാണ്. ഇന്ത്യയുടെ വിഭജനം എന്നത് കൊളോണിയൽ നയങ്ങൾ തൊട്ട് സവർക്കറിസവും ജിന്നയും അക്കാലത്തെ സാമൂഹിക, സാമ്പത്തിക അസ്വാസ്ഥ്യങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ ഘടകങ്ങളുടെയും ഫലമാണ്. ഈ സങ്കീർണതകളെയെല്ലാം മറച്ചുവെച്ച്, ഒരു ഗാനം പൂർണമായി പാടാത്തതാണ് വിഭജനത്തിന്റെ കാരണം എന്നൊക്കെ പറയുന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയം ചെയ്യുന്നത്, ദേശീയതയോടുള്ള കൂറ് എന്നാൽ നിശ്ചിതമായ ചില ചിഹ്നങ്ങളെ അംഗീകരിക്കുന്നതിലൂടെ മാത്രം തെളിയിക്കാൻ പറ്റുന്നതാണ് എന്ന ചിന്ത രൂപപ്പെടുത്തുകയാണ്.

ഹിന്ദുത്വയുടെ ഉത്ഭവസ്ഥാനമായി ബംഗാളിനെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന അമിത് ഷാ, ബംഗാളിന്റെ തന്നെ യഥാർത്ഥ ബഹുസാംസ്‌കാരികതയെ റദ്ദ് ചെയ്യുന്നു. കൾചറൽ ഹോമോജിനിറ്റി സ്ഥാപിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. സവർക്കറും ഗോൾവാൾക്കറും ചേർന്ന് മുന്നോട്ടുവെച്ച "ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ" എന്ന ആശയത്തെ ശക്തിപ്പെടുത്താൻ. അതായത് ഒരൊറ്റ സംസ്‌കാരം, ഒരൊറ്റ ഭാഷ. വൈവിധ്യങ്ങളെ ദേശത്തിന്റെ സമ്പന്നതയായി കാണുന്നതിന് പകരം ദൗർബല്യമായി കാണാനും മാത്രം ശുഷ്കമാണ് ഹിന്ദുത്വയുടെയും വന്ദേമാതരത്തിന്റെയും ദേശസങ്കൽപം.

അപരവത്കരണം (Architecture of Othering) എന്ന് പറയാം അമിത്ഷായുടെ പ്രസ്താവനയെ. പിൽക്കാലത്ത് തന്റെ ചരിത്രവായനയിലൂടെ വി.ഡി സവർക്കറും ആധ്യാത്മിക വിശകലനത്തിലൂടെ എം.എസ് ഗോൾവാൾക്കറും സ്ഥാപിക്കാൻ ശ്രമിച്ച കാര്യം തന്നെയാണ് കാൽപനിക ഭാവനയും സാഹിത്യവും ഉപയോഗിച്ച് ചട്ടോപാധ്യായയും ചെയ്തത്. ഫഖീർ-സന്യാസി കലാപത്തിൽ സന്യാസിമാർക്കൊപ്പം പോരാടിയ ഫഖീറുകളെ അദൃശ്യമാക്കിയ ബങ്കിം ചന്ദ്രയും വന്ദേമാതരത്തിന്റെ മാതൃഭൂമി സങ്കൽപത്തിനപ്പുറം അതിലുള്ള വംശീയ ബിംബങ്ങളെ ചോദ്യം ചെയ്തവരെ 'ദേശവിരുദ്ധരായി' ചിത്രീകരിക്കുന്ന സംഘ്പരിവാറും ഈ അപരവത്കരണത്തിന്റെ വക്താക്കളാണ്.

ആകയാൽ, വന്ദേമാതരത്തെക്കുറിച്ച ചർച്ച മതപരമല്ല, തികച്ചും രാഷ്ട്രീയമാണ്. 

(തുടരും)

Tags:    
News Summary - churchills-rabbits-breeding-and-sangh-parivars-pig-breeding-nationalism-in-vande-mataram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.