Aroop Mishra/The Quint
ഈ മാസമാദ്യം ഡൽഹി പോളിങ് ബൂത്തിലേക്ക് പോകുന്നതിന് രണ്ടുനാൾ മുമ്പ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചില പ്രഫസർമാർ ചേർന്ന് തയാറാക്കിയ ‘ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരും സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഒരു വിശകലനം എന്ന തലക്കെട്ടിലുള്ള ഇടക്കാല റിപ്പോർട്ട് പുറത്തിറക്കപ്പെട്ടു. ബി.ജെ.പി പാർലമെന്റംഗം സാംബിത് പാത്ര അന്നുതന്നെ ഒരു വാർത്തസമ്മേളനത്തിൽ, ‘‘ബംഗ്ലാദേശിൽനിന്നും മ്യാന്മറിൽനിന്നുമുള്ള അനധികൃത കുടിയേറ്റം കാരണം ഡൽഹിയിലെ മുസ്ലിം ജനസംഖ്യയിൽ ഗണ്യമായ വർധനവുണ്ടായി’’ എന്നതിന് തെളിവായി ഈ റിപ്പോർട്ട് ഉദ്ധരിച്ചു. ആം ആദ്മി പാർട്ടി നൽകുന്ന ‘രാഷ്ട്രീയ രക്ഷാകർതൃത്വ’ മാണ് ഇതിന് കാരണമെന്നും പാത്ര ആരോപിച്ചു.
റിപ്പോർട്ട് തയാറാക്കിയതിന്റെ രീതിശാസ്ത്രത്തെയോ പുറത്തുവന്ന സമയമോ ചോദ്യം ചെയ്യാതെ ‘കണ്ടെത്തലുകളെ’ക്കുറിച്ച് ചർച്ച ചെയ്യാൻ മാധ്യമങ്ങൾ തിടുക്കപ്പെട്ടു. രണ്ടുദിവസത്തിനുശേഷം ഡൽഹി വോട്ട് രേഖപ്പെടുത്തി, ബി.ജെ.പി ചരിത്ര വിജയം നേടി; ‘റിപ്പോർട്ട്’ വാർത്താ തലക്കെട്ടുകളിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
മൂന്നുമാസം മുമ്പ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) പ്രഫസർമാർ തലക്കെട്ടിൽ നഗരത്തിന്റെ പേരുമാത്രം മാറ്റമുള്ള സമാനമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. രീതിശാസ്ത്രവും ലക്ഷ്യവും ഫണ്ടിങ്ങും സംബന്ധിച്ച് അക്കാദമിക് വിമർശനങ്ങൾ നേരിടുന്ന രണ്ട് റിപ്പോർട്ടുകളും പൂർത്തിയാകുന്നതിനുമുമ്പാണ് പുറത്തുവിട്ടത്. രണ്ടിടത്തും അവയെ തെരഞ്ഞെടുപ്പുകളിൽ ആയുധമാക്കാൻ ബി.ജെ.പി നേതാക്കൾ തിടുക്കപ്പെട്ടു.
നവംബർ അഞ്ചിന് നടന്ന ഒരു സെമിനാറിലാണ് ടിസിലെ പഠനം അവതരിപ്പിക്കപ്പെട്ടത്. ഒമ്പതിന് ബി.ജെ.പി നേതാവ് കിരിത് സോമയ്യ ഒരു വിഡിയോയിൽ ഈ റിപ്പോർട്ട് പരാമർശിക്കുകയും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള ‘ഏക് ഹേ തോ സേഫ് ഹേ’ (ഐക്യത്തിൽനിന്നാൽ നമ്മൾ സുരക്ഷിതരാണ്) എന്ന പാർട്ടി മുദ്രാവാക്യത്തെ ഊന്നിപ്പറയുകയും ചെയ്തു. 2051 ആകുമ്പോഴേക്കും മുംബൈയിലെ ഹിന്ദു ജനസംഖ്യ 54 ശതമാനമായി കുറയുമെന്നായിരുന്നു സോമയ്യയുടെ ആരോപണം. പിന്നാലെ ഈ റിപ്പോർട്ട് ഉദ്ധരിച്ച്, മഹാവികാസ് അഘാഡി (എം.വി.എ) അധികാരത്തിൽ വന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ മുംബൈ മുസ്ലിംകളുടെ കൈവശമാകുമെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ മുന്നറിയിപ്പ് നൽകി.
ഈ പഠനം വെറുമൊരു രാഷ്ട്രീയ പ്രോപഗണ്ടയാണെന്ന് ജെ.എൻ.യു സെന്റർ ഫോർ ഇൻഫോർമൽ സെക്ടർ ആൻഡ് ലേബർ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസറും ടീച്ചേഴ്സ് അസോസിയേഷൻ (ജെ.എൻ.യു.ടി.എ) അംഗവുമായ അവിനാഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
‘‘ഇതിനെ ഒരു റിപ്പോർട്ട് എന്ന് വിളിക്കാമെങ്കിൽ അത് പുറത്തിറക്കിയ സന്ദർഭമേതെന്നത് കാണാതിരിക്കാനാവില്ല. വ്യക്തികൾക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാവാം, എന്നാൽ അവർ അക്കാദമിക് ഇടവും, സ്ഥാപനത്തിന്റെ മൂല്യവും ദുരുപയോഗം ചെയ്യുന്നത് പ്രശ്നകരമാണ്. നികുതിദായകരുടെ പണം പാഴാക്കുന്ന ദേശവിരുദ്ധ സ്ഥാപനമെന്ന് ഒരുകാലത്ത് ജെ.എൻ.യുവിനെ വിളിച്ച അതേ രാഷ്ട്രീയ സംവിധാനം, അവർക്ക് അനുയോജ്യമെന്നുകണ്ടാൽ ജെ.എൻ.യു റിപ്പോർട്ടിനെയും ഉദ്ധരിക്കുന്നു- അവിനാശ് പറയുന്നു.
ടിസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ട വേളയിൽ 500ലധികം അക്കാദമിക് വിദഗ്ധരും ഗവേഷകരും ചേർന്ന് പുറത്തിറക്കിയ പ്രസ്താവന ‘‘വോട്ടർമാരെ ധ്രുവീകരിക്കാനും പാർശ്വവത്കൃത സമുദായങ്ങളെ അപകീർത്തിപ്പെടുത്താനും മുംബൈയിലെ കുടിയേറ്റക്കാർക്കെതിരെ അക്രമം അഴിച്ചുവിടാനുമുള്ള ബോധപൂർവമായ ശ്രമം’’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
റിപ്പോർട്ടിന് പിന്നിലാര്?
റിപ്പോർട്ടുകൾക്കുപിന്നിൽ പ്രവർത്തിച്ച അന്വേഷകരാരും കുടിയേറ്റ പഠനത്തിലോ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച വിഷയങ്ങളിലോ വിദഗ്ധരായിരുന്നില്ല എന്നതാണ് വിചിത്രകരം. ജെ.എൻ.യു റിപ്പോർട്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ മനുരാധ ചൗധരി സെന്റർ ഫോർ റഷ്യൻ സ്റ്റഡീസിലെ പ്രഫസറാണ്.
പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) പിന്തുണക്കുന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ട അക്കാദമിക് വിദഗ്ധരിൽ ഒരാളാണ് ചൗധരി. ആർ.എസ്.എസ് നേതാക്കളുടെ പ്രസ്താവനകളും കാജൽ ഹിന്ദുസ്ഥാനിയെപ്പോലുള്ള വിദ്വേഷ പ്രാസംഗികരുടെ പ്രസംഗങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.
സഹ അന്വേഷക പ്രീതി ഡി ദാസും സെന്റർ ഫോർ റഷ്യൻ ആൻഡ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസിലെ പ്രഫസറാണ്. സംഘത്തിലെ രണ്ട് റിസർച് അസോസിയറ്റുകൾ, പ്രോജക്ട് ഓഫിസർ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സ്പെഷലിസ്റ്റ് എന്നിവരുടെ പേരുകൾ റിപ്പോർട്ടിൽ ഇല്ല. സുരക്ഷാ കാരണങ്ങളാലാണ് ഇത് വെളിപ്പെടുത്താത്തത് എന്നാണ് വിശദീകരണം. മുംബൈ റിപ്പോർട്ടിന്റെ സഹരചയിതാക്കളിൽ ഒരാളായ ടിസ് അസിസ്റ്റന്റ് പ്രഫസർ സൗവിക് മണ്ഡലിന് വിജ്ഞാന പങ്കാളി എന്ന നിലയിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തിയിട്ടുണ്ട് ഡൽഹി റിപ്പോർട്ടുകാർ.
മണ്ഡലിനൊപ്പം മുംബൈ റിപ്പോർട്ട് തയാറാക്കാൻ നേതൃത്വം നൽകിയത് ടിസ് പ്രോ വൈസ് ചാൻസലറും സ്കൂൾ ഓഫ് ഹെൽത്ത് സിസ്റ്റം സ്റ്റഡീസ് ഡീനുമായ ശങ്കർദാസാണ്. 2024 സെപ്റ്റംബറിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രതീകമായ കെഫിയ്യ ധരിച്ചെത്തിയ വിദ്യാർഥിക്ക് ബിരുദം നൽകാൻ വിസമ്മതിച്ചതുപോലുള്ള സംഭവങ്ങളാൽ നേരത്തേ വാർത്തകളിൽ ഇടം പിടിച്ചയാളാണ് ദാസ്. ഇടതുവിദ്യാർഥി കൂട്ടായ്മയായ പ്രോഗ്രസിവ് സ്റ്റുഡന്റ്സ് ഫോറത്തിന് വിലക്കേർപ്പെടുത്തിയതും വിദ്യാർഥികൾ വ്യവസ്ഥിതിക്ക് എതിരായ പ്രകടനങ്ങളിലോ ദേശസ്നേഹമില്ലാത്ത സംവാദങ്ങളിലോ പങ്കെടുക്കില്ലെന്ന പ്രതിജ്ഞയെടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നതും ശങ്കർ ദാസിന്റെ നേതൃത്വത്തിലാണ്. വ്യാപക വിമർശനങ്ങളെ തുടർന്ന് രണ്ട് തീരുമാനങ്ങളും പിൻവലിക്കുകയായിരുന്നു.
( നിരവധി അവാർഡുകൾ നേടിയ അന്വേഷണാത്മക മാധ്യമ പ്രവർത്തകയായ ലേഖിക thequint.com ൽ എഴുതിയ ലേഖനത്തിൽനിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.