തെരഞ്ഞെടുപ്പ്​ റദ്ദാക്കൽ: ദിനകരന്​ രാഷ്ട്രീയ തിരിച്ചടി

മുൻ മുഖ്യമന്തി ജയലളതയുടെ മരണത്തെതുടർന്ന് ഒഴിവ് വന്ന ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് പണംഒഴുക്കിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത് അണ്ണാഡി.എംകെയിലെ ശശികലാ വിഭാഗത്തിനും ഡെപ്യൂട്ടി ജനറൽസെക്രട്ടറി കൂടിയായ സ്ഥാനാർഥി ടി.ടി.വി ദിനകരനും രാഷ്ട്രീയ തിരിച്ചടിയായി. ആഴ്ച്ചകൾനീണ്ട നാടകീയ നീക്കത്തിലൂടെ പാർട്ടിയും സർക്കാരും കൈപ്പിടിയിലൊതുക്കിയെങ്കിലും  ഭാവി മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന ദിനകരന് കമ്മീഷ​െൻറ തീരുമാനം വലിയ ആഘാതമാണ്. 

മണ്ഡലത്തിലെ 85 ശതമാനം വോട്ടർമാർക്കും പണവും സൗജന്യങ്ങളും നൽകി വിജയം സ്വപ്നം കാണുന്നതിനിടെയാണ് ആദായ നികുതി വകുപ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ വില്ലനായി രംഗത്തെത്തുന്നത്. പണം കൊണ്ട് വിജയംകൊയ്യാമെന്ന ശശികലാ പക്ഷത്തിന്‍റെ വ്യാമോഹം കമ്മീഷന്‍റെ അറിവോടെ ആദായനികുതി വകുപ്പ് പൊളിക്കുകയായിരുന്നു. അഴിമതി കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ജനറൽ സെക്രട്ടറിക്ക് പുറമെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും സർക്കാരും തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ ആരോപണത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ പണംവിതരണം തമിഴ്നാട്ടിൽ പതിവാണെങ്കിലും ആർ.കെ നഗറിൽ സകല സീമകളും ലംഘിച്ചിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം, ശശികലാ വിഭാഗത്തി​െൻറ 89കോടിയും ഒ.പി.എസ്, ഡി.എംകെ ഉൾപ്പെടെ മറ്റ് പാർട്ടികൾ നൽകിയ തുകയും കൂട്ടിയാൽ നൂറ്കോടി വിതരണം ചെയ്തെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

ഒരു വോട്ടർക്ക് വിജയിക്കാനായി ഒരു നിയമസഭാ മണ്ഡലത്തിൽ ഇത്രയധികം തുക ചെലവഴിക്കുന്നത് ചരിത്രത്തിൽ ആദ്യ സംഭവമാണത്രെ. ബദ്ധ വൈരികളായിരുന്ന ജയലളിതയും കരുണാനിധിയും സജീവമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന കാലത്തുപോലും ഒരു മണ്ഡലത്തിൽ ഇത്രയധികം തുക ചെലവഴിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. സംസ്ഥാന  ആരോഗ്യമന്ത്രി ഡോ.വിജയഭാസ്കർ, അനുയായികൾ, എം.എൽ.എ മന്ദിരം, ദിനകരനൊപ്പം നിൽക്കുന്ന നടൻ ശരത്കുമാർ തുടങ്ങി അമ്പതോളം കേന്ദ്രങ്ങളിൽ നടന്ന പഴുതടച്ച ആദായനികുതി പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 

ആർ.കെ നഗറിൽ ആകെ 2.54 ലക്ഷംവോട്ടർമാരാണുള്ളത്. ഇതിൽ1.24 ലക്ഷം പുരുഷൻമാരും 1.29 ലക്ഷം സ്ത്രീകളുമാണ്. മൂന്നാം ലിംഗക്കാർ -103.  ആകെ വോട്ടർമാരിൽ 85 ശതമാനം പേർക്ക് നാലായിരം രൂപാ വീതം നൽകിയെന്നാണ് ആദായനികുതി വകുപ്പു കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉൾപ്പടെ ആറു മുതിർന്ന മന്ത്രിസഭാംഗങ്ങൾ വഴിയാണ് പണംവിതരണം നടന്നത്.  ദിനകരന് പിന്തുണ നൽകുന്ന സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത്കുമാർ വഴി ഏഴുകോടി വിതരണം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മന്ത്രിസഭാംഗങ്ങളുടെ അനധികൃത പണമിടപാട് വ്യക്തമായാൽ സർക്കാറിെന പിരിച്ചുവിടാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. 

ഡി.എം.കെ ഈ ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടിയിൽ ഗൂഡാലോചന ഉണ്ടെന്നാണ് അണ്ണാഡി.എം.കെ ശശികലാ വിഭാഗം സ്ഥാനാർഥി ടി.ടി. വി ദിനകരന്‍റെ വാദം.  താൻ ജയിക്കാതിരിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയിൽ കമ്മീഷനും പെട്ടു. പ്രതിപക്ഷപാർട്ടികളുടെ ആഗ്രഹത്തിനൊപ്പം തെരഞ്ഞടുപ്പ് കമ്മീഷനും ഉൾപ്പെട്ടത് അദ്ഭുതമുളവാക്കുന്നു.  കെട്ടിവെച്ച പണംപോലും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് മാറ്റാൻ പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച കമ്മീഷന്‍റെ നടപടി തെറ്റാണ്. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തെന്ന് അറിയില്ല.  പണംവിതരണം ചെയ്തിട്ടില്ല. പുറത്തുവന്ന രേഖകൾക്ക് ആധികാരികത ഇല്ല. സംസ്ഥാനത്തി​െൻറ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ പ്രവർത്തകരുടെ ജീവിത ചെലവിനായി മാറ്റിവെച്ച തുകയാണ് കമ്മീഷൻ ഉൗതിപെരുപ്പിക്കുന്നത്. ആദായനിുകതി പരിശോധനയും തെരഞ്ഞെടുപ്പ് റദ്ദാക്കിയതും തമ്മിൽ ബന്ധമില്ലെന്നും ദിനകരൻ പറഞ്ഞു. 

അതേ സമയം അണ്ണാ ഡി.എം.കെ പന്നീർസെൽവം വിഭാഗവും ഡി.എം.കെ, ബി.ജെ.പി നേതൃത്വങ്ങൾ കമീഷന്‍റെ തീരുമാനം സ്വാഗതം ചെയ്തു. പണത്തിന്‍റെ സ്വാധീനമില്ലാത്ത സുതാര്യമായ  വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്‍റെ നടപടിയെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പണംകൈമാറിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിൽ സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

Tags:    
News Summary - rk nagar by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.