മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും വേതനവും കടലിന്റെ കാരുണ്യത്തെ ആശ്രയിച്ചാണ്. കൂലി മാത്രമല്ല, ഒരു മത്സ്യത്തൊഴിലാളി ജോലിക്ക് പോയി ജീവനോടെ തിരിച്ചുവരുമെന്നതിനുപോലും ഒരു ഉറപ്പുമില്ലകേരള സംസ്ഥാനം രൂപം കൊണ്ടിട്ട് എഴുപത് വർഷവും, സംസ്ഥാനത്ത് ആസൂത്രണ ബോർഡ് രൂപം കൊണ്ടിട്ട് അറുപതു വർഷവും തികയാനിരിക്കുന്ന വേളയിലാണ് ഇത്തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദുർബലരോടും പാർശ്വവത്കൃതരോടുമാണ് തങ്ങളുടെ കടപ്പാടും കൂറുമെന്നും, അവരുടെ...
മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും വേതനവും കടലിന്റെ കാരുണ്യത്തെ ആശ്രയിച്ചാണ്. കൂലി മാത്രമല്ല, ഒരു മത്സ്യത്തൊഴിലാളി ജോലിക്ക് പോയി ജീവനോടെ തിരിച്ചുവരുമെന്നതിനുപോലും ഒരു ഉറപ്പുമില്ല
കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് എഴുപത് വർഷവും, സംസ്ഥാനത്ത് ആസൂത്രണ ബോർഡ് രൂപം കൊണ്ടിട്ട് അറുപതു വർഷവും തികയാനിരിക്കുന്ന വേളയിലാണ് ഇത്തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദുർബലരോടും പാർശ്വവത്കൃതരോടുമാണ് തങ്ങളുടെ കടപ്പാടും കൂറുമെന്നും, അവരുടെ ന്യായമായ ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്നണികൾ പറയാറുണ്ട്. എന്നാൽ, അധികാരത്തിലെത്തിയാൽ അടിസ്ഥാനജനവിഭാഗങ്ങളെയും, അവരുടെ ജനാധിപത്യാവകാശങ്ങളെയും ബോധപൂർവം മറക്കുന്നതാണ് അവരുടെ പതിവ്.
സ്വാതന്ത്യ്രാനന്തരം ആസൂത്രണ-വികസന നയങ്ങളുടെ ഫലമായി പൊതുസമൂഹം സ്വായത്തമാക്കിയ നേട്ടങ്ങളെല്ലാം നിഷേധിക്കപ്പെട്ട്, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ട പിന്നാക്ക-ദരിദ്ര ജനവിഭാഗങ്ങളാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം.അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിനൊപ്പം അവരുടെ ജീവിതനിലവാരത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനായി സ്റ്റേറ്റിന്റെ പ്രത്യേകമായ ശ്രദ്ധയുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.
ഫിഷറീസ് വകുപ്പിന്റെ 2024-25 ലെ കണക്കനുസരിച്ച് 11 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. കേരള ജനസംഖ്യയുടെ 3.1 ശതമാനം. 8.6 ലക്ഷം ജനങ്ങൾ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും 2.4 ലക്ഷം ജനങ്ങൾ കായലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും ഉൾപ്പെട്ടവരാണ്. 222 കടലോര ഗ്രാമങ്ങളിലും, 113 കായലോര ഗ്രാമങ്ങളിലുമായി ഇവർ അധിവസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിന്റെ 2024-25 ലെ കണക്കനുസരിച്ച് 2,26,093 പേർ നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 77,431 പേർ അനുബന്ധ മേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു.
(അവലംബം: കേരളാ ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ്, സാമ്പത്തിക അവലോകന റിപ്പോർട്ട് 2025 കേരള സംസ്ഥാന ആസൂത്രണ ബോർഡ്).
മറ്റേതൊരു തൊഴിലിൽ നിന്നും തികച്ചും വ്യത്യസ്തമായ തൊഴിൽമേഖലയാണ് മത്സ്യത്തൊഴിലാളിയുടേത്. തൊഴിലിനു പോയി തൊഴിൽചെയ്താൽ നിശ്ചിത കൂലി മറ്റേതൊരു മേഖലയിലും ഉറപ്പായിരിക്കുമ്പോൾ, മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും വേതനവും കടലിന്റെ കാരുണ്യത്തെ ആശ്രയിച്ചാണ്. ജോലിക്ക് പോയി ജോലി ചെയ്താലും മത്സ്യം ലഭിക്കുമെന്നോ, ലഭിച്ച മത്സ്യത്തിന് ന്യായമായ വില ലഭിക്കുമെന്നോ ഒരിക്കലും ഉറപ്പില്ല. കൂലി മാത്രമല്ല,ഒരു മത്സ്യത്തൊഴിലാളി ജോലിക്ക് പോയി ജീവനോടെ തിരിച്ചുവരുമെന്നതിന് പോലും യാതൊരു ഉറപ്പുമില്ല.
‘‘ഏറ്റവും താഴ്ന്ന ജീവിത നിലവാരവും, ഏറ്റവും ഉയർന്ന അപകട സാധ്യതയുമുള്ള തൊഴിൽ ചെയ്യുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ’’ എന്നാണ് ഈ മേഖലയെക്കുറിച്ച് പഠനം നടത്തിയ ഡോ. ജോൺ കുര്യൻ നിരീക്ഷിക്കുന്നത്.
മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്നവർ മരണപ്പെടുന്ന സാഹചര്യമാണ് കൂടുതലായി കാണാൻ കഴിയുന്നത്. ‘‘വികസന പ്രവർത്തനങ്ങൾ’’ എന്ന പേരിലുള്ള ഹാർബറുകളുടെയും പുലിമുട്ട്, കടൽഭിത്തി എന്നിവയുടെയും അശാസ്ത്രീയമായ നിർമിതികൾ ഇത്തരം അപകടങ്ങളുടെ തീവ്രത കൂട്ടുന്നു. മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ആവശ്യത്തിന് സർക്കാർ സംവിധാനങ്ങളില്ല. ഉള്ളവ തന്നെ ആവശ്യത്തിന് ഉപകരിക്കാറുമില്ല. പലപ്പോഴും അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ കരയിലുള്ള മത്സ്യത്തൊഴിലാളികൾ തന്നെ പോകേണ്ടി വരും. അപകടത്തിൽപ്പെട്ട് മരണപ്പെടുന്നവരുടെ ദേഹങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ മരണപ്പെട്ട തൊഴിലാളിയുടെ ബന്ധുജനങ്ങൾ തന്നെ പോകേണ്ടി വരുന്ന ദുഃഖകരമായ അവസ്ഥയും മത്സ്യബന്ധന രംഗത്തുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ശരീരങ്ങൾ പോലും ബന്ധുക്കൾക്ക് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
വിദേശനാണ്യവും ഭക്ഷണവും നൽകുന്നവർ
രാജ്യത്തിനു വിദേശനാണ്യവും പൊതുജനങ്ങൾക്ക് പോഷകമൂല്യമുള്ള ആഹാരവും പ്രധാനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. 2024-25 സാമ്പത്തിക വർഷം രാജ്യം 16,98,170 മെട്രിക് ടൺ മത്സ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും അതിലൂടെ 62,408.45 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കേരളത്തിന്റെ പങ്ക് യഥാക്രമം 1,79,659 മെട്രിക് ടൺ, 6,941.29 കോടി രൂപ എന്നിങ്ങനെയാണ്. (അവലംബം: എം.പി.ഇ.ഡി.എ. വാർഷിക റിപ്പോർട്ട് 2024-2025).
ഇതുകൂടാതെ പൊതുസമൂഹത്തിന് ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള ആഹാരവും പ്രധാനം ചെയ്യുന്നു. രാപ്പകൽ ഭേദമന്യേ സമുദ്രാതിർത്തിയിൽ തൊഴിൽ ചെയ്യുന്നവരെന്ന നിലയിൽ സമുദ്രാതിർത്തി കടന്നെത്തുന്ന ആക്രമണകാരികളെ ആദ്യം കണ്ടെത്തുന്നതും തിരിച്ചറിയുന്നതും മത്സ്യത്തൊഴിലാളികൾ തന്നെ. ഭക്ഷ്യസുരക്ഷയിലും, ദാരിദ്ര്യ ലഘുകരണത്തിലും, രാജ്യസുരക്ഷയിലും മത്സ്യത്തൊഴിലാളികൾ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം തൊഴിലിൽ ഏറെ സ്വാധീനം ചെലുത്തുന്ന “എക്കോ സിസ്റ്റം പീപ്പിൾസ്” എന്ന നിലയിലും, രാജ്യത്തിന് വളരെയധികം സേവനം ചെയ്യുന്ന ജനവിഭാഗങ്ങൾ എന്ന നിലയിലും, പ്രത്യേക പരിഗണന ലഭിക്കേണ്ട ജനതയാണ് മത്സ്യത്തൊഴിലാളികൾ. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളോട് പ്രത്യേക പരിഗണന കാണിക്കുന്നില്ല എന്ന് മാത്രമല്ല, നടപ്പിലാക്കുന്ന ഓരോ “വികസന പദ്ധതി”കളിലൂടെയും ഇവരെ പരമാവധി ദ്രോഹിക്കുകയാണ് ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളിൽ നിന്നും വാസസ്ഥലങ്ങളിൽ നിന്നും പിഴുതെറിയുന്ന കോർപ്പറേറ്റ് പ്രീണന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
വികസന സൂചികകളായി പരിഗണിക്കപ്പെടുന്ന ഭൂമി, പാർപ്പിടം, ആഹാരം, ശുദ്ധജലം, ശുചിത്വ സൗകര്യങ്ങൾ, ആരോഗ്യ-ചികിത്സാ സൗകര്യങ്ങൾ എന്നിവ ഏറ്റവും കുറച്ചുമാത്രം ലഭ്യമായ ജനവിഭാഗമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. പുതിയ കേരളത്തെക്കുറിച്ച് സംസാരിക്കുന്ന മുന്നണികൾ മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങളോട് എന്ത് സമീപനമാണ് സ്വീകരിക്കാൻ പോകുന്നത്? പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകുന്ന ഘടകപദ്ധതികൾ (SCP/TSP) പോലെ മത്സ്യത്തൊഴിലാളികളുടെ വികസനത്തിനായി ഒരു “കോസ്റ്റൽ സബ് പ്ലാൻ” ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത് വാർഷിക പദ്ധതികളിൽ ജനസംഖ്യാനുപാതികമായ ഫണ്ട് നീക്കിവെക്കാൻ സർക്കാരിനെ നിർബന്ധിതമാക്കും. ഈ തുക വകമാറ്റി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ മുന്നണികൾക്കുണ്ടോ എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പിൽ മത്സ്യത്തൊഴിലാളി സമൂഹം ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.