ഫെബ്രുവരി 14-ാം തീയതി സർക്കാർ ഉത്തരവിലൂടെ ഒരു പുതിയ നഗരനയം സംസ്ഥാനത്തിന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുമുമ്പ് രൂപവത്കരിച്ച കേരള അർബൻ പോളിസി കമീഷൻ കഴിഞ്ഞ വർഷം മാർച്ചിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും ആ റിപ്പോർട്ട് ഇതുവരെ പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിൽ നടത്തിയ കേരള അർബൻ കോൺക്ലേവിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്യപ്പെട്ടുവെന്ന് സർക്കാർ അവകാശപ്പെടുന്നു.
പുതിയ നഗരനയത്തെ സമഗ്രമായി വിലയിരുത്തുമ്പോൾ, കേരളത്തിന്റെ താഴെത്തട്ടിലെ യഥാർഥ പ്രശ്നങ്ങളെയും സാധ്യതകളെയും നിലവിലുള്ള സ്ഥാപന സംവിധാനങ്ങളെയും നിലവിലെ നിയമങ്ങളും പഠനറിപ്പോർട്ടുകളും വിലയിരുത്താതെ സിദ്ധാന്തപരമായ സമീപനം സ്വീകരിച്ചതായി കാണുന്നു. ഒരു സർക്കാരിന്റെ അവസാനഘട്ടത്തിൽ ഇത്തരമൊരു ദീർഘകാല നയം പ്രഖ്യാപിക്കുന്നത് എത്രത്തോളം യുക്തിസഹമാണെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിനു മുമ്പുള്ള രണ്ട് നഗരനയങ്ങളും മുൻ സർക്കാരുകൾ ഭരണകാലത്തിന്റെ തുടക്കത്തിലാണ് പ്രഖ്യാപിച്ചത്.
ഈ സർക്കാർ നഗരമേഖലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാത്ത നിരവധി റിപ്പോർട്ടുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നു. റീബിൽഡ് കേരളയുടെ ഭാഗമായി M/s. CRISIL Ltd തയ്യാറാക്കിയ നഗരനയ പഠനം സെക്രട്ടറിയേറ്റിലെ ഫയലുകളിൽ ഉറങ്ങിക്കിടക്കുന്നു. സംസ്ഥാന ഫിനാൻസ് കമീഷന്റെ അർബൻ സ്ട്രീം റിപ്പോർട്ടിന്റെയും അവസ്ഥ ഇതുതന്നെയാണ്. റീബിൽഡ് കേരളയുടെ “നമ്മൾ നമുക്കായി” പദ്ധതിയുടെ നഗരമേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടും പ്രസിദ്ധീകരിച്ച് പ്രായോഗിക ചർച്ചകളിൽ ഇടംപിടിച്ചിട്ടില്ല. ഇത്തരത്തിൽ നിലവിലുള്ള പഠനങ്ങളും നിർദേശങ്ങളും അവഗണിച്ചുകൊണ്ടാണ് പുതിയ നഗരനയം അവതരിപ്പിച്ചിരിക്കുന്നത്.
2050-ഓടെ കേരളത്തിന്റെ നഗരജനസംഖ്യ 80 ശതമാനമാകും എന്ന കണക്കുകൂട്ടലാണ് പുതിയ നയത്തിന്റെ അടിത്തറ. കേരളത്തിന്റെ ഭൂപ്രകൃതിയും സാമൂഹിക ഘടനയും പരിഗണിക്കുമ്പോൾ ഈ കണക്കിന് യാഥാർഥ്യബോധമുണ്ടോ? 80 ശതമാനം ജനങ്ങൾ നഗരവാസികളാകുകയാണെങ്കിൽ തീരനാടും ഇടനാടും സമ്പൂർണ നഗരവൽക്കരണത്തിലേക്ക് നീങ്ങേണ്ടിവരും. ഇപ്പോൾ കേരളത്തിലെ 85 ശതമാനം ജനങ്ങളും തീര-ഇടനാട് മേഖലകളിലാണ് താമസിക്കുന്നത്. ഇടനാടാണ് കേരളത്തിന്റെ കാർഷിക അടിത്തറ. ദേശീയ ശ്രദ്ധ നേടിയ കൊല്ലം സംയോജിത ജില്ലാ വികസന രൂപരേഖയിലും സംസ്ഥാന നഗരവൽക്കരണ റിപ്പോർട്ടിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. 80 ശതമാനം നഗരവൽക്കരണം ലക്ഷ്യമിടുന്ന നഗരനയം കാർഷിക അടിത്തറയെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിച്ചേക്കും.
ഇന്ത്യൻ സെൻസസ് പ്രകാരം ഒരു പ്രദേശം നഗരമായി കണക്കാക്കപ്പെടുന്നത് ഭരണസംവിധാനമോ (മുൻസിപ്പാലിറ്റികൾ, കന്റോൺമെന്റ് ബോർഡ് തുടങ്ങിയവ) അല്ലെങ്കിൽ ജനസംഖ്യ (കുറഞ്ഞത് 5,000), തൊഴിലവസ്ഥ (പുരുഷ തൊഴിലാളികളിൽ 75% കാർഷികേതര മേഖലയിൽ), ജനസാന്ദ്രത (400 പേർ/ചതുരശ്ര കി.മീ.) എന്നീ മാനദണ്ഡങ്ങളിലൂടെയാണ്.
കേരളത്തിലെ മിക്ക പഞ്ചായത്തുകളുടെയും ജനസംഖ്യ 10,000-നു മുകളിലാണ്. 1961-ൽ 435 ആയിരുന്ന ജനസാന്ദ്രത 2011-ൽ 860 ആയി ഉയർന്നു. കാർഷിക പ്രവർത്തനം കുടുംബ അധിഷ്ഠിതവും ഭാഗികവുമായതിനാൽ തൊഴിൽ കണക്കുകളിൽ കാർഷികേതര മേഖലയായി രേഖപ്പെടുത്തപ്പെടുന്നു. കേരളത്തിലെ പ്രത്യേകതയുള്ള ചിതറിക്കിടക്കുന്ന മനുഷ്യാവാസ രീതി ഈ കണക്കിനെ വർധിപ്പിക്കുന്നു. ഇതുവഴി 2011 സെൻസസിൽ കേരളത്തിന് 47.72% നഗരവൽക്കരണം രേഖപ്പെടുത്തി. ഈ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് 80 ശതമാനം ലക്ഷ്യമിടുന്നത് എന്നതാണ് അടിസ്ഥാന ന്യൂനത. അതുകൊണ്ട് കേരളത്തിന്റെ നഗരവൽക്കരണം പഠിക്കുമ്പോഴും നയരൂപീകരണം നടത്തുമ്പോഴും ഭൗതിക ഘടകങ്ങളും സമഗ്രമായി പരിഗണിച്ചുകൊണ്ടായിരിക്കണം മുന്നോട്ടുപോകേണ്ടത്.
2012-ൽ സംസ്ഥാന നഗര-ഗ്രാമാസൂത്രണ വകുപ്പ് പുറത്തിറക്കിയ സംസ്ഥാന നഗരവൽക്കരണ റിപ്പോർട്ട് (SUR) കേരളത്തിലെ നഗരവൽക്കരണം നഗരങ്ങളുടെ സ്വാഭാവിക വളർച്ചയാൽ അല്ല, നഗരവ്യാപനത്താലാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. നഗരകേന്ദ്രങ്ങളിലെ തന്നെ ഉപയോഗിക്കാത്ത ഭൂമികൾ നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. SUR മുന്നോട്ടുവച്ച ദർശനം വ്യക്തമായിരുന്നു:
കേരളത്തിലെ നഗര അഗ്ലോമറേഷനുകളുടെ ജനസാന്ദ്രത 1500 മുതൽ 7000 പേർ/ചതുരശ്ര കി.മീ. വരെയാണ്. മുംബൈയിൽ ഇത് 20,000-നു മുകളിലും ബംഗളൂരുവിൽ 12,000-നു മുകളിലുമാണ്. അതിനാൽ സാന്ദ്രികൃത നഗരവികസനത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ഫ്ലോർ ഏരിയ റേഷ്യോ (FAR) നിയന്ത്രണം നിർണായകമാണ്. (ഒരു നിശ്ചിത ഭൂമിയിൽ നിർമ്മിക്കാൻ അനുവാദമുള്ള കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണവും ആ ഭൂമിയുടെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതത്തെയാണ് ഫ്ലോർ ഏരിയ റേഷ്യോ എന്ന് പറയുന്നത്.) പൊതുവായി FAR 2 അല്ലെങ്കിൽ 2.5 ആയി നിലനിർത്തി, കൂടുതൽ അനുമതി സ്ഥലപര (spatial) രൂപരേഖയുടെ അടിസ്ഥാനത്തിൽ നൽകുന്ന നയമാണ് ഉചിതം.
ഡീറ്റെയിൽഡ് ടൗൺ പ്ലാനിങ് (DTP) സ്കീമുകളിലൂടെ മാത്രമേ സാന്ദ്രികൃത വികസനം ഫലപ്രദമാക്കാനാകൂ. എന്നാൽ ജനകീയ ആസൂത്രണത്തിന് ശേഷം പുതിയ DTP സ്കീമുകൾ തയ്യാറാക്കാത്തത് ശ്രദ്ധേയമാണ്. നിലവിലുള്ള 113 DTP സ്കീമുകളും ജനകീയ ആസൂത്രണത്തിന് മുമ്പുള്ളവയാണ്. ദീർഘവീക്ഷണമുള്ള പദ്ധതികൾ അഥവാ സ്കീമുകൾ പ്രത്യേകിച്ച് ജനങ്ങളുടെ സ്ഥലങ്ങളെ ബാധിക്കുന്ന സ്കീമുകൾ തയ്യാറാക്കുന്നതിൽ വിമുഖത കാണുന്നത് ഈ നഗര നയത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു ന്യൂനത.
2016-ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട് 2021-ൽ ഭേദഗതി ചെയ്ത് “പരിപ്രേക്ഷ രൂപരേഖ”കളെ “സ്ഥലപര രൂപരേഖ”കളാക്കി തരംതാഴ്ത്തി. സംസ്ഥാന, മെട്രോപോളിറ്റൻ, ജില്ലാ പരിപ്രേക്ഷ രൂപരേഖകൾക്ക് നിയമപരമായ അടിസ്ഥാനമില്ലാതാക്കി. എന്നാൽ പുതിയ നഗരനയത്തിൽ 2021 ലെ ഭേദഗതിക്കു മുമ്പുള്ള 2016-ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട് പറയുന്ന പരിപ്രേക്ഷ രൂപരേഖകളാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഈ സർക്കാർ തന്നെ കൊണ്ടുവന്ന 2021-ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട് ഭേദഗതി അങ്ങനെ നഗരനയ രൂപീകരണത്തിലൂടെ സ്വയം പരാജയപ്പെടുത്തുന്നു.
നഗരനയത്തിൽ “The Department shall prepare plans” എന്ന രീതിയിലുള്ള പരാമർശങ്ങൾ കാണുന്നുവെങ്കിലും ഏത് വകുപ്പാണെന്ന് വ്യക്തമാക്കുന്നില്ല. കേരള അർബൻ പോളിസി കമീഷൻ റിപ്പോർട്ട് പരിശോധിക്കുമ്പോൾ, സ്വതന്ത്ര പദവിയുള്ള നഗര-ഗ്രാമാസൂത്രണ വകുപ്പ് രൂപീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാണാം. ശ്രദ്ധേയമായി, നിലവിലുണ്ടായിരുന്ന നഗര-ഗ്രാമാസൂത്രണ വകുപ്പ് ഈ സർക്കാർ തന്നെയാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നിരുന്നാലും, ആ നിർദേശം പുതിയ നഗരനയത്തിൽ ബോധപൂർവ്വം ഉൾപ്പെടുത്താതെ, ഉത്തരവാദിത്തം വ്യക്തമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
73-ാം, 74-ാം ഭരണഘടനാ ഭേദഗതികൾക്ക് അനുയോജ്യമായി കൊല്ലം ഉൾപ്പെടെ ചില ജില്ലകളിൽ സംയോജിത വികസന രൂപരേഖകളും ജനപങ്കാളിത്ത മാസ്റ്റർ പ്ലാനുകളും തയ്യാറാക്കിയത് രാജ്യത്തുതന്നെ മാതൃകയായ അനുഭവങ്ങളായിരുന്നു. സംസ്ഥാന നഗരവൽക്കരണ റിപ്പോർട്ട് ദേശീയതലത്തിൽ ശ്രദ്ധേയമായ പഠനമായിരുന്നു. ഈ അനുഭവങ്ങളും പഠനങ്ങളും വിലയിരുത്താതെ പുതിയ നയം രൂപപ്പെടുത്തിയിരിക്കുന്നത് ഒരു നഷ്ടപ്പെട്ട അവസരമാണ്.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയും പരിസ്ഥിതിയും സംരക്ഷിക്കുന്ന തരത്തിൽ 50-55 ശതമാനത്തിനിടയിൽ യുക്തിസഹമായ നഗരവൽക്കരണ ലക്ഷ്യമാണ് ഉചിതം. നഗരവ്യാപനം നിയന്ത്രിക്കുകയും സാന്ദ്രികൃത നഗരവികസനത്തിന് പ്രാമുഖ്യം നൽകുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാനത്തിന് ആവശ്യം.
യാഥാർഥ്യബോധവും പ്രായോഗിക ദർശനവും ഇല്ലാതെ 80 ശതമാനം നഗരവൽക്കരണം ലക്ഷ്യമിടുന്ന ഈ പുതിയ നഗരനയം, ഭാവി കേരളത്തിന്റെ സാമ്പത്തികവും പരിസ്ഥിതിയുമായ അടിത്തറയെ തന്നെ അപകടത്തിലാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.
(മുൻ അഡീഷനൽ
ചീഫ് ടൗൺ പ്ലാനർ ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.