വെറുപ്പി​െൻറ രാഷ്​ട്രീയം; എതിര്‍പ്പി​െൻറയും

ദശാബ്ദങ്ങള്‍ക്കു മുമ്പ് മണ്‍മറഞ്ഞ നേതാവായ എ.കെ.ജിക്കെതിരെ  വി.ടി.ബൽറാം നടത്തിയ നീക്കത്തി​​​െൻറ ലക്ഷ്യം പിണറായി വിജയനല്ലെന്നു വ്യക്തം. സി.പി.എമ്മി​​​​െൻറ നയരൂപീകരണവുമായി ബന്ധമുണ്ട് അതിന് എന്ന ആരോപണം  അവ്യക്തം. ഈ ആരോപണം ശരിയെങ്കില്‍ കോണ്‍ഗ്രസി​​​െൻറ നയരൂപവത്ക്കരണവുമായും അതിനെ ബന്ധപ്പെടുത്താവുന്നതാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ കുറച്ച് വിശദീകരിക്കേണ്ടിവരും. എങ്കിലും ഒറ്റവാചകത്തില്‍ ഒരുകാര്യം പറയാം. അഖിലേന്ത്യാ തലത്തില്‍ ആശയപരമായും നയപരമായും പിണറായി വിജയ​​​െൻറ നിലപാട് ഈ വിവാദത്തോടെ പൂര്‍ണമായും രക്ഷപ്പെട്ടു. അതിനാല്‍ ബലറാമിന് പിണറായി വിജയനില്‍ നിന്നും പൊതുജനം പ്രതീക്ഷിക്കുന്ന തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്​ എന്നാണ് കോണ്‍ഗ്രസില്‍ തന്നെ ഉരുത്തിരിയുന്ന ഒരു ചിന്ത. 

ദേശീയതലത്തില്‍ മതേതരകക്ഷികള്‍ ഒരുമിക്കണമെന്നും കോണ്‍ഗ്രസിനോടൊപ്പം സഹകരിക്കണമെന്നും ഫാസിസത്തിനെതിരേ അഖിലേന്ത്യാ തലത്തില്‍ കൂട്ടായ്മക്ക് മുന്‍കൈ എടുക്കണമെന്നുമൊക്കെയായിരുന്നു, സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആഗ്രഹം. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറെ ചര്‍ച്ചചെയ്തിട്ടും കേരള നേതൃത്വത്തി​​​െൻറ കടും പിടുത്തത്തിൽ അത് തടഞ്ഞു നില്‍ക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടും കേരള നേതൃത്വത്തോട്​ ഒട്ടിനിന്നു. കാരാട്ട് കുറേക്കാലമായി അങ്ങനെയാണ്. സീതാറാം യച്ചൂരി പറയുന്നിടത്തൊന്നും കാരാട്ടിനെ കാണാറില്ല. കേരള നേതൃത്വം എന്തുപറഞ്ഞാലും അതേറ്റുപറയുകയും ചെയ്യും. കേരളത്തിലേത്​ പാര്‍ട്ടിയുടെ എറ്റവും വലിയഘടകമായതിനാലോ അതോ, ഒരു പുര്‍ണ സംസ്ഥാനമെന്നനിലയില്‍ കേരളത്തിലേ അധികാരമുള്ളു (ത്രിപുരയെ ഒരു പൂര്‍ണ സംസ്ഥാനമെന്നു പറയാമോ) എന്നതിനാലോ എന്തോ, അങ്ങനെയാണ്, കുറേക്കാലമായി കാരാട്ടി​​​െൻറ കീഴ്‌വഴക്കം. ജനറല്‍ സെക്രട്ടറിയായിരിക്കെ, ആദ്യകാലങ്ങളില്‍ വി.എസ്. അച്യുതാനന്ദന്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് അദ്ദേഹം പരിശോധിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദമായി വ്യത്യസ്​തമാണ് അനുഭവം. 

സീതാറാം യെച്ചൂരി, പ്രകാശ്​ കാരാട്ട്​
 

കേരളത്തിൽ ജില്ലാ സമ്മേളനങ്ങള്‍ തീര്‍ന്നു വരികയാണ്. ഓരോ സമ്മേളനത്തിലും ദേശീയ നയം സംബന്ധിച്ച് വ്യത്യസ്​ത അഭിപ്രായങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ദേശീയ മതേതര ജനാധിപത്യ സഖ്യം വേണമെന്ന അഭിപ്രായം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആനിലക്ക് സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ ആശയപരമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ബൽറാം എകെ.ജി എന്ന അതികായനായ നേതാവിനെ 'നീചഭാഷ'യില്‍ അപമാനിച്ചതോടെ ഈ അധ്യയനത്തിന്​ തുടര്‍ച്ചയില്ലാതാകുമെന്ന് ഏതാണ്ട് ഉറപ്പാകുകയാണ്. എകെ.ജിയെ അപമാനിച്ച എം.എല്‍.എയെ സംരക്ഷിക്കുന്ന കോണ്‍ഗ്രസി​​​െൻറ കീഴില്‍ സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കാന്‍ പുതിയതായി വലിയ ന്യായീകരണങ്ങള്‍ ഉണ്ടാക്കാന്‍ ഇനി സംസ്ഥാന നേതൃത്വം തലപുകക്കേണ്ടിവരില്ല. സാധാരണ പ്രവർത്തകരെ വൈകാരികമായി കയ്യിലെടുക്കാന്‍ സംസ്ഥാന നേതൃത്വ 'എകെ.ജി' മതി. ഇതൊന്നുമില്ലെങ്കിലും കേരളത്തില്‍ പിണറായി വിജയ​​​െൻറ അഭിപ്രായമേ അവസാന തീരുമാനമായി അംഗീകരിക്കപ്പെടുകയുള്ളു എന്നതാണ് സ്ഥിതിയെങ്കിലും പിണറായിക്ക് ഈ വിഷയ്ധില്‍ ഇനി അധികം ന്യായീകരണം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് ബൽറാം ചെയ്തത്. ഈ പശ്ചാത്തലത്തിൽ ഇന്നലെ സീതാറാം യച്ചൂരിയുടേതായിവന്ന ഒരു പ്രസ്താവന ചേർത്തുവായിക്കട്ടേ, 'സിപിഎമ്മില്‍ കോണ്‍ഗ്രസ് അനുകൂലികളോ ബി.ജെ.പി അനുകൂലികളോ ഇല്ല' എന്നതാണത്. ഇനി ആവക ചര്‍ച്ചക്കു പ്രസക്തിയേയില്ലാതായെന്നു സാരം. 

അതവിടെ നില്‍ക്കട്ടെ. ആരാണ് എകെ.ജിയെന്ന് ഒന്നു പരിശോധിച്ചിട്ടാകാം ബാക്കി. കടുത്ത വിപ്ലവകാരിയെങ്കിലും കോണ്‍ഗ്രസിനോടും തിരിച്ചും ഏറെ അടുപ്പമുള്ള ഒരു നേതാവായാണ് എ.കെ.ജിയെ ഇടതുപക്ഷക്കാര്‍ പോലും കണ്ടിട്ടുള്ളത്. ജവഹര്‍ലാല്‍ ​െനഹ്​റുവിന്​ എ.കെ.ജിയെ ഇഷ്​ടമായിരുന്നു എന്നത് പരസ്യമായ രഹസ്യം. ഇന്ദിരാഗാന്ധിയോട് എ.കെ.ജിക്ക് ബഹുമാനമുണ്ടായിരുന്നു എന്നത് രഹസ്യമായി ചര്‍ച്ചചെയ്യപ്പെടുന്ന കാര്യം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്ത്​ എ.കെ.ജിയുടേതായി ഒരു പ്രസ്താവന വന്നു. 'പെണ്‍ ഹിറ്റലര്‍' എന്ന് ഇന്ദിരയെ വിശേഷിപ്പിക്കുന്ന പ്രസ്താവന. അത് തയ്യാറാക്കിയത് അന്ന് എ.കെ.ജിയുടെ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട്. ഈ പ്രസ്താവന പ്രസിദ്ധീകരണത്തിനു കൊടുക്കുംമുമ്പ് എ.കെ.ജി  കാരാട്ടിനോട് ചോദിച്ചുവത്രേ, പ്രകാശേ ഇത്രക്ക് വേണോ? 

എ.കെ.ജി
 

ഇന്നത്തെ സി.പി.എം നേതാക്കള്‍ ഇക്കഥ ഒരുപക്ഷേ നിഷേധിച്ചേക്കാം. എന്നാല്‍ അടുപ്പമുള്ളവരോട് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ഇതു ശരിവക്കുന്നുണ്ട്. അടിയന്തിരാവസ്ഥയോട് എ.കെ.ജിക്ക് എതിര്‍പ്പായിരുന്നു. ആ എതിര്‍പ്പ് അതേ അളവില്‍ കോൺഗ്രസി​​​െൻറ ചില നേതാക്കളോട് അദ്ദേഹത്തിനില്ലായിരുന്നുവത്രേ. സി.പി.എമ്മിനെ കെട്ടിപ്പടുത്തതില്‍ എറ്റവും വലിയ പങ്കുവഹിച്ച ശക്തനായ വിപ്ലവകാരിയായിരുന്നു, എ.കെ.ജി. കടുത്ത ഇടതുപക്ഷക്കാരന്‍. ഏറെ റൊമാൻറിക്കായ വിപ്ലവകാരി. ഒരു ജനറല്‍ സെക്രട്ടറി പദമോ മുഖ്യമന്ത്രിപദമോ എന്തിന് കേരളത്തിലെ ഒരു പ്രതിപക്ഷ നേതൃപദം പോലും കാംക്ഷിക്കാതിരുന്ന  നേതാവ്. പരിപുര്‍ണ ത്യാഗി. സ്ഥാനമാനങ്ങളോട് ആഗ്രഹമില്ലാത്ത പാര്‍ലമ​​െൻററി വ്യാമോഹങ്ങള്‍ തരിമ്പും തൊട്ടു തീണ്ടാത്ത നിസ്വാര്‍ത്ഥ ജനസ്നേഹി. പാവങ്ങളുടെ പടത്തലവന്‍. ഇതൊക്കെ സ്വന്തം ജീവിതത്തിലൂടെ  നേരിട്ടു കാട്ടിക്കൊടുത്ത നേതാവാണ് ഈ ത്രയാക്ഷരി. എ.കെ.ജിക്കു പകരംവക്കാന്‍ സി.പി.എമ്മിലെന്നല്ല, കേരളത്തിൽ ഒരുപാര്‍ട്ടിയിലും മറ്റൊരു നേതാവില്ലതന്നെ. എ.കെ.ജി എന്നും എ.കെ.ജി മാത്രമാണ്. മറ്റൊരു വിശേഷണവും ഇല്ല. ആവശ്യവുമില്ല.

അപ്പോള്‍ എന്തേ, നിയമസഭയിലും മറ്റും മികച്ച പ്രകടനം കാഴച​െവക്കാറുള്ള ബൽറാം എ.കെ.ജിയെ പിടികൂടി? ചിലര്‍ പറയുന്നു, മന്‍മോഹന്‍ സിംഗിനെയും മറ്റുചില കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളെയും  ഉമ്മന്‍ചാണ്ടിയെയും മറ്റും സി.പി.എമ്മിലെ ചില നേതാക്കള്‍ അപമാനിക്കുന്നതിനാലാണെന്ന്. ഉമ്മന്‍ചാണ്ടിയെ സരിതക്കേസി​​​െൻറ പേരില്‍ ഇനി നിയമസഭയില്‍ അപമാനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെ തടയുന്നതിനാണെന്ന് മറ്റുചിലര്‍. അങ്ങനെയെങ്കില്‍ ഇതുപോലെ ഉന്നതനായ അതും ഏറെക്കാലം മുമ്പ് അന്തരിച്ച നേതാവിനെ നിലവാരം കുറഞ്ഞ പ്രയോഗങ്ങളാല്‍ അഭിഷേകം ചെയ്യേണ്ടിയിരുന്നോ? കോണ്‍ഗ്രസി​​​െൻറ ഉന്നത നേതാക്കള്‍ ആരെങ്കിലും അതുചെയ്യാറുണ്ടോ? എങ്കില്‍ മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തെ സസ്‌പെൻഡ്​ ചെയ്തതെന്തിനാണ്? പ്രധാനമന്ത്രിയെ പോലെ പദവിയിലിരിക്കുന്നവരെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് സംസ്‌ക്കാരമല്ലെന്നാണ് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡൻറ്​ രാഹുല്‍ ഗാന്ധി പറഞ്ഞത്. വെറുപ്പി​​​െൻറ രാഷ്ട്രീയത്തെ മാന്യതകൊണ്ട് കോണ്‍ഗ്രസ് നേരിടുമെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. ബി.ജെ.പിക്കാര്‍ 'പപ്പു'വെന്നു കളിയാക്കിയിരുന്ന രാഹുല്‍ എത്രവേഗമാണ് ഔന്നത്യത്തില്‍ എത്തിയത്. മറിച്ച് മഠയന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടത്തിയ മോദിയെ എത്രപെട്ടെന്നാണ്, സാധാരണ ജനം 'പപ്പു'വെന്ന് മാറ്റിവിളിക്കാനാരംഭിച്ചത്? കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിട്ടും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ബൽറാമി​​​െൻറ നിലപാടിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. ബൽറാമിന് ഒരുവശത്ത്​ ആരാധകര്‍ കൂടുന്നു. മറുവശത്ത്​ എതിരാളികളും പെരുകുന്നു. 

വി.ടി ബൽറാം, കെ. സുരേന്ദ്രൻ
 

ഇനി ബൽറാം പറഞ്ഞതില്‍ വസ്തുതാപരമായി ശരിയുണ്ടോയെന്നതാണ്. എ.കെ.ജിയുടെ ആത്മകഥയെ ഉദ്ധരിച്ചുകൊണ്ടാണ് ബലറാം സംസാരിച്ചത്.  ചിലതെല്ലാം ഉദ്ധരണികള്‍ തന്നെ. എന്നാല്‍ ഉപയോഗിച്ച ഭാഷ തരംതാണതായിരുന്നു. നിയമസഭയില്‍ മികച്ച നിലവാരത്തിൽ പ്രസംഗിക്കാറുള്ള ബൽറാം ഈ നിലവാരത്തിലേക്കു താഴാന്‍ പ്രേരകമായ ചേതോവികാരം എന്തായിരുന്നു? ഇവിടെ കാണാതെ പോകാന്‍ പാടില്ലാത്ത മറ്റു ചിലതുണ്ട്. ബൽറാമിനെ പിന്താങ്ങിക്കൊണ്ട് ഏറ്റവും ആദ്യം രംഗത്തിറങ്ങിയത് ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ.സുരേന്ദ്രനായിരുന്നു. ഫാഷിസത്തിനെതിരായി മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയുണ്ടാകണമെന്ന് സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും പലരും ആഗ്രഹിക്കുന്ന വേളയില്‍ അതിനെതിരു നില്‍ക്കുന്ന നിലപാടിലേക്ക് അതും സി.പി.എമ്മി​​​െൻറ പിതാവെന്നുവരെ വിശേഷിപ്പിക്കാനാകുന്ന അതികായനെ അപമാനിച്ചുകൊണ്ട് വെറുപ്പി​​​െൻറ രാഷ്ട്രീയത്തിലേക്ക് ബൽറാം പോയത് എന്തുകൊണ്ടാണ്? ചില സംശയങ്ങള്‍ ഉയര്‍ന്നതുകൊണ്ട് ചോദിക്കുന്നു എന്നേയുള്ളു. ഉത്തരം എനിക്കറിയില്ല. 


 

Tags:    
News Summary - Politics - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.