വടാനപ്പള്ളി തളിക്കുളം ജങ്ഷനിൽനിന്ന് പടിഞ്ഞാറ് സ്നേഹതീരം റോഡിലേക്ക് തിരിയുമ്പോൾ മുതൽ റോഡരികിൽ ഫ്ലക്സുകളുടെ പ്രളയം. പലവിധത്തിൽ മെഡലുകളണിഞ്ഞ് ചിരിക്കുന്ന ഒരു യുവാവിൻെറ ചിത്രം വഴിയാത്രക്കാരെ സ്വാഗതം ചെയ്യുന്നപോലെ. രഖിൽ ഘോഷ് എന്ന യുവ കായികതാരത്തിൻെറ വിജയപഥങ്ങളുടെ ട്രാക്ക് ആ ഫ്ലക്സുകൾ വിളിച്ചുപറയുന്നു. കൈതക്കൽ അങ്ങാടിയിൽ എത്തുേമ്പാൾ ഇടതുവശത്തെ കടയുടെ മുകളിൽ മുഴുവൻ പലവിധത്തിലുള്ള ഫ്ലക്സ് ബോർഡുകൾ.

‘ഉത്തർപ്രദേശിലെ ഇട്ടാവയിൽ നടന്ന 58ാം ദേശീയ സ്കൂൾ കായികമേളയിൽ 4x100 മീറ്റർ റിലേയിൽ സ്വർണമെഡലും 100 മീറ്റർ  ഓട്ടത്തിൽ വെങ്കലവും കേരളത്തിന് നേടിക്കൊടുത്ത തളിക്കുളം സ്വദേശി രഖിൽ ഘോഷിന് പൗരാവലിയുടെ അഭിനന്ദനങ്ങൾ’ എന്ന് ഒരു പഴയ ബോർഡ്  വിളംബരം ചെയ്യുമ്പോൾ ഏറ്റവും പുതിയ അഭിനന്ദന ബോർഡിൽ ഇങ്ങനെയും വായിക്കാം. ‘കോയമ്പത്തൂരിൽ നടന്ന 77ാമത് ഒാൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി അത്ലറ്റിക്സ് മീറ്റിൽ 4x100 മീറ്റർ റിലേയിൽ വെങ്കലം നേടിയ രഖിൽ ഘോഷിന് അഭിനന്ദനങ്ങൾ’

രഖിൽ ഘോഷ് കുടുംബാംഗങ്ങളോടൊപ്പം തളിക്കുളത്തെ ഒറ്റമുറിവീട്ടിൽ
 


2009ൽ തിരുവല്ലയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയപ്പോൾ മുതൽ നാട്ടുകാർ രഖിലിൻെറ ഓരോ വിജയവും ഫ്ലക്സടിച്ച് ആഘോഷിച്ചുപോരുന്നു. എല്ല ഫ്ലക്സുകളും കൈതക്കൽ അങ്ങാടിയിലെ ഇടതുവശത്തെ കടയുടെ മുകളിലത്തെ നിലയിൽ കൂടുകൂട്ടിയതുപോലെ കാണാം.  വളഞ്ഞുചുറ്റി കിടക്കുന്ന ആ ഫ്ലക്സുകൾ വിളിച്ചുപറയുന്നത് വളർന്നുവരുന്ന ഒരു കായികതാരത്തിൻെറ ഭാവിയെക്കുറിച്ചാണ്. മെഡലുകളണിഞ്ഞ് ചിരിച്ചുനിൽക്കുന്ന രഖിൽ ഘോഷിൻെറ ചിത്രങ്ങൾ ഒപ്പം ചിലത് മറച്ചുപിടിക്കുന്നുമുണ്ട്.

അതിവേഗത്തിൻെറ കരുത്തളക്കുന്ന മത്സരത്തിൻെറ ട്രാക്കിൽ ആരെയും കൂസാതെ കുതിച്ചുമുന്നേറുന്ന ആ ചെറുപ്പക്കാരനും ഒപ്പം അച്ഛനും അമ്മയും സഹോദരനും സഹോദരിയുമടങ്ങുന്ന അഞ്ചംഗ കുടുംബം ആ ചെറിയ കുടുസ്സുമുറിയിലാണ് കഴിയുന്നത് എന്ന വേദനിപ്പിക്കുന്ന സത്യം. കഴിഞ്ഞ ജനുവരിയിലായിരുന്നു കോയമ്പത്തൂരിൽ അന്തർസർവകലാശാല അത്ലറ്റിക് മീറ്റ് നടന്നത്. കാലിക്കറ്റ് സർവകലാശാല ടീമിനായി കോയമ്പത്തൂരിൽനിന്ന് മെഡലുമണിഞ്ഞ് രഖിൽ ഘോഷ് തിരിച്ചുവന്നപ്പോഴും പത്രങ്ങൾ ആ വാർത്ത എഴുതി. ‘ഇല്ലായ്മകളുടെ വാടകമുറിയിൽനിന്ന് രഖിൽ ഇതാ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായിരിക്കുന്നു’.
 

ആദ്യ അക്ഷരവീട് രഖിൽ ഘോഷിന്

കോഴിക്കോട്: ‘മാധ്യമം’ ദിനപത്രത്തിൻെറ 30ാം വാർഷികാഘോഷത്തിൻെറ ഭാഗമായി ‘മാധ്യമ’വും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പ്രവാസി വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും ചേർന്നൊരുക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ ആദ്യ വീട് തൃശൂർ ജില്ലയിലെ വാടാനപ്പള്ളി തളിക്കുളം സ്വദേശി രഖിൽ ഘോഷിന്. സ്കൂൾതലം മുതൽ സംസ്ഥാന -ദേശീയ കായിക മേളകളിൽ കേരളത്തിനായി സ്വർണമടക്കം നിരവധി മെഡലുകൾ നേടിയ രഖിൽ ഘോഷ് വീടിനായി നടത്തിയ നെേട്ടാട്ടത്തെക്കുറിച്ച് ഇന്നലെ ‘വാരാദ്യ മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മെഡലുകൾ വാരിക്കൂട്ടുേമ്പാഴും രഖിലും അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന അഞ്ചംഗ കുടുംബം തളിക്കുളം കൈതക്കൽ അങ്ങാടിയിലെ പീടികമുകളിലെ ഒറ്റമുറിയിൽ 12 വർഷമായി വാടകക്ക് താമസിക്കുകയായിരുന്നു. ടൂവീലർ വർക്ക്ഷോപ് ജീവനക്കാരനായ അച്ഛൻ േഘാഷിൻെറ തുച്ഛമായ വരുമാനമാണ് കുടുംബത്തി​െൻറ ഏക ആശ്രയം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബി.എ രണ്ടാം വർഷ വിദ്യാർഥിയായ രഖിൽ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻപോലും കഴിയാത്ത സങ്കടത്തിലായിരുന്നു. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്ത് 51 സ്നേഹ സൗധങ്ങളാണ് കേരളത്തിൽ ഉയരുന്നത്. മനുഷ്യസ്നേഹത്തിൻെറയും സൗഹൃദത്തിൻെറയും കൂട്ടായ്മയായി വിഭാവനചെയ്ത ഇൗ ഹരിതഭവനങ്ങൾ രൂപകൽപന ചെയ്തത് ‘ഹാബിറ്റാറ്റാ’ണ്. വിവിധ തുറകളിൽ സമൂഹത്തിന് സംഭാവനകൾ നൽകിയ അർഹരായവർക്കായാണ് അക്ഷരവീടുകൾ ഉയരുന്നത്. ഇതിലെ ആദ്യ വീടാണ് രഖിൽ ഘോഷിൻെറത്. ഏപ്രിൽ 15 ശനിയാഴ്ച വൈകീട്ട് തളിക്കുളത്ത് മാധ്യമത്തിൻെറയും അമ്മയുടെയും യു.എ.ഇ എക്സ്ചേഞ്ചിൻെറയും ഭാരവാഹികളുടെയും  ഗ്രാമ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ രഖിൽ ഘോഷിൻെറ വീടിന് തറക്കല്ലിടും.


ഓരോതവണ വിക്ടറി സ്റ്റാൻഡിൽ കയറി മെഡലുകൾ കഴുത്തിലണിയുമ്പോഴും സ്വസ്ഥമായി അന്തിയുറങ്ങാൻ വീടില്ലാത്ത രഖിലിൻെറ പങ്കപ്പാടുകൾ തേടി മാധ്യമപ്രവർത്തകർ എത്തും. പൊലിമയുറ്റ വാക്കുകളിൽ സങ്കടത്തിൻെറ മേമ്പൊടിചാർത്തി അടുത്തദിവസത്തെ പത്രത്താളുകളിൽ അത് ഇടംപിടിക്കും. ജനപ്രതിനിധികളും കായിക അധികൃതരും വാഗ്ദാനങ്ങൾകൊണ്ട് പൂമൂടും. അടുത്തനിമിഷം എല്ലാവരും അത് മറക്കുകയും ചെയ്യും. വീണ്ടും രഖിലിൻെറയും കുടുംബത്തിൻെറയും ജീവിതം വാടകമുറിയിലെ കുടുസ്സിൽ തുടരുകയും ചെയ്യും.

വാരിക്കൂട്ടിയ മെഡലുകളും സർട്ടിഫിക്കറ്റുകളും അനുമോദനങ്ങളും എവിടെ സൂക്ഷിക്കുമെന്നു പോലുമറിയാതെ. കൈതക്കൽ അങ്ങാടിയിലെ പീടികനിരകളുടെ മുകളിലത്തെ നിലയിലെ വെടിപ്പുള്ള ആ ഒറ്റമുറിയിൽ കയറിച്ചെന്നാൽ അന്തംവിട്ടുപോകും. മുറിയുടെ വലതുവശത്ത് ചുമരിൽ ചില്ലുകൂട്ടിൽ നിരത്തിവെച്ചിരിക്കുന്ന എണ്ണിത്തീരാത്ത മെഡലുകളും േട്രാഫികളും മെമേൻറാകളും. മറുവശത്ത് ചുമരിൽ അംഗീകാരത്തിൻെറയും അനുമോദനത്തിൻെറയും നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങളുടെ നീണ്ടനിര. മന്ത്രിമാരും സിനിമക്കാരും ജനപ്രതിനിധികളും കായിക പ്രതിഭകളുമെല്ലാം ആ ചിത്രങ്ങളിൽ രഖിലിനൊപ്പമുണ്ട്.

അംഗൻവാടിയിൽ നിന്ന് ആദ്യം

അക്ഷരങ്ങളിൽ പിച്ചവെക്കുന്നതിനുമുമ്പ് മത്സര ട്രാക്കിൽ ചുവടുറപ്പിച്ചവനാണ് രഖിൽ. ടൂ വീലർ വർക്ക്ഷോപ്പിലെ പണിക്കാരനായ അച്ഛൻ ഘോഷിൻെറ മുന്നിൽ ഒരുച്ചനേരം അംഗൻവാടി ടീച്ചർ രഖിലിനെ കൊണ്ടുവന്നു നിർത്തിയത് കൈയിലൊരു കുഞ്ഞു േട്രാഫിയുമായിട്ടായിരുന്നു, ടീച്ചർ പറഞ്ഞു: ‘ഘോഷേ, മോനെ നോക്കിക്കോണേ. അവൻ നല്ല ഓട്ടക്കാരനാ...’ തളിക്കുളം ആലപ്പുഴ വീട്ടിൽ ഘോഷിൻെറയും വിമലയുടെയും മൂന്നു മക്കളിൽ രണ്ടാമനായിരുന്നു രഖിൽ. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടു കൈയിലും േട്രാഫികളുമായി മോൻ സൈക്കിളിൽ വന്നിറങ്ങിയപ്പോൾ ഘോഷ് ഉറപ്പിച്ചു, ഇവ​െൻറ ഭാവി ഇതുതന്നെ. തളിക്കുളം ഗവ. സ്കൂളിൽ പഠിക്കുേമ്പാൾ സ്കൂളിലെ മികച്ച ഓട്ടക്കാരനായി മാറിയ രഖിൽ ജില്ലയിലും നമ്പർ വൺ ആയി.

2009ൽ തിരുവല്ലയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയപ്പോൾ രഖിലിനെ കായികലോകം ശ്രദ്ധിക്കാൻ തുടങ്ങി. കായിക പ്രതിഭകളെ റാഞ്ചാൻ നടന്ന പാലക്കാട്, എറണാകുളം ജില്ലകളിലെ പേരുകേട്ട ചില സ്കൂളുകാർ രഖിലിനെ ദത്തെടുക്കാൻ മുന്നോട്ടുവന്നു. ഒടുവിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി സ്കൂളിൻെറ വിളി സ്വീകരിച്ചു.

അടുത്തവർഷം തിരുവനന്തപുരത്ത് സബ് ജൂനിയർ വിഭാഗത്തിൽ  100, 200 മീറ്ററിൽ സ്വർണവും 4x100 മീറ്റർ റിലേയിൽ വെള്ളിയും നേടി ഉജ്ജ്വലമാക്കി. കോതമംഗലത്തിനും പറളിക്കുമൊപ്പം കല്ലടി സ്കൂളിനെയും കായികമേളയിലെ ശ്രദ്ധേയമാക്കിയതിൽ രഖിൽ ഘോഷുമുണ്ടായിരുന്നു. പിന്നെ, മെഡലുകളുടെ ഘോഷയാത്രയായി. പുണെയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ 100 മീറ്ററിൽ സ്വർണം. 200 മീറ്ററിലും 4x100 മീറ്റർ റിലേയിലും വെള്ളി. കൊച്ചിയിൽ ഇൻറർ ക്ലബ് മീറ്റിൽ റെക്കോഡോടെ 100 മീറ്ററിലും മെഡ്ലെ റിലേയിലും സ്വർണം. ലഖ്നോവിൽ ജൂനിയർ അത്ലറ്റിക് മീറ്റിൽ 100 മീറ്ററിൽ വെങ്കലം. 2013ൽ തിരുവനന്തപുരത്ത് 4x100 മീറ്റർ റിലേയിൽ സ്വർണവും ലോങ്ജംപിലും 100 മീറ്ററിലും വെങ്കലവും.


ഇട്ടാവയിൽ 58ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 100, 200 മീറ്ററുകളിൽ സ്വർണവും 4x100 മീറ്റർ റിലേയിൽ വെള്ളിയുമണിഞ്ഞ രഖിൽ ആ വർഷം ദേശീയ സ്കൂൾ കായികമേളയിൽ 4x100 മീറ്റർ റിലേയിൽ സ്വർണവും 100 മീറ്ററിൽ വെങ്കലവും വാരി. തെലങ്കാനയിലെ കരിംനഗറിൽ ദക്ഷിണ മേഖല ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ 4x100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടി. ഇപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബി.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയാണ് രഖിൽ. ഏറ്റവും ഒടുവിൽ േകായമ്പത്തൂരിൽ 77ാമത് ഒാൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ 4x100 മീറ്റർ റിലേയിൽ വെങ്കലവുമണിഞ്ഞു. തളിക്കുളത്തിൻെറ പ്രിയപ്പെട്ടവനായ രഖിലിൻെറ ഓരോ നേട്ടവും നാട്ടുകാർക്ക് ആഘോഷമായിരുന്നു.

അച്ഛനാണ് എല്ലാം

‘ചില കുട്ടികൾക്ക് രക്ഷിതാക്കളെ കാണുമ്പോൾ ടെൻഷൻ കൂടും. രഖിലിന് തിരിച്ചാണ്. ഞാനില്ലെങ്കിലാണ് അവന് ടെൻഷൻ കൂടുക’ – മക​െൻറ വിജയക്കുതിപ്പിനു പിന്നിൽ എന്നും കരുത്തായി നിൽക്കുന്ന പിതാവ് ഘോഷ് പറഞ്ഞു. ‘എൽ.പി സ്കൂൾ മുതൽ ജില്ലയിലും മറ്റും മത്സരത്തിനു പോകുമ്പോൾ തുടങ്ങിയ ശീലമാണ്. പിന്നെ ഞാൻ ചെന്നില്ലെങ്കിൽ അവനും പ്രശ്നമായി. അവൻ മത്സരിക്കാൻ പോകുന്നിടത്തെല്ലാം ഞാനും പോകാൻ തുടങ്ങി. മത്സരത്തിനു മുമ്പ് അവൻ എന്നെ നോക്കും. അപ്പോൾ ഞാൻ അവിടെയുണ്ടാകണം’ –മക​െൻറ ആത്മവിശ്വാസത്തിനു പിന്നിലെ ‘രഹസ്യം’ അച്ഛൻ പറയുന്നു.

രഖിൽ ഘോഷ് കുടുംബാംഗങ്ങളോടൊപ്പം തളിക്കുളത്തെ ഒറ്റമുറിവീട്ടിൽ
 


ഉത്തർപ്രദേശിലെ ഇട്ടാവയിൽ ദേശീയ സ്കൂൾ കായികമേള നടക്കുമ്പോൾ രഖിലിന് ഓടാൻ നല്ലൊരു സ്പൈക്ക് പോലുമില്ലായിരുന്നു. 10 സൂപ്പർ ഗ്ലൂ ഒന്നിച്ച് ഒട്ടിച്ച് അച്ഛൻ നന്നാക്കിക്കൊടുത്ത സ്പൈക്കിട്ടായിരുന്നു രഖിൽ അന്ന് ആ നേട്ടം കൈവരിച്ചത്. കൊ ടിയ ദാരിദ്യ്രത്തി​െൻറ നടുവിൽ കഴിയുേമ്പാ ഴും മക്കളെ പഠിപ്പിക്കാൻ ഘോഷ് കഠിനാധ്വാനം ചെയ്തു. മൂത്ത മകൾ രേഷ്മ പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്നു. ഇളയ അനിയൻ അഖിൽ ഘോഷ് പ്ലസ് വൺ വിദ്യാർഥി. ഈ വർഷം ഡൽഹിയിൽ നടക്കുന്ന നാഷനൽ ടീം സെലക്ഷനുള്ള ട്രയൽസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് രഖിൽ. ദേശീയ ടീമിൽ എത്തിപ്പെടാനുള്ള കഠിന പരിശീലനത്തിലാണ്. ഇപ്പോൾ കാലിക്കറ്റ് സർവകലാശാല ടീമിൽ അംഗമായ രഖിൽ കുറ്റിപ്പുറം തവനൂരിലെ ഐഡിയൽ സ്കൂളിലെ കായികാധ്യാപകനായ നദീഷിൻെറ കീഴിലാണ് പരിശീലിക്കുന്നത്.

വീടെന്ന മായ
ഇട്ടാവയിലും പുണെയിലും കരിം നഗറിലും എവിടെയായാലും രഖിൽ മെഡലണിയുമ്പോൾ തളിക്കുളത്തെ ഒറ്റമുറി വാടക വീടിൻെറ വാർത്തക്ക് ജീവൻവെക്കും. കായിക മന്ത്രിയടക്കമുള്ളവർ വീടിനെക്കുറിച്ച് ഉറപ്പുനൽകും. മന്ത്രിമാർ കട്ടായം പറഞ്ഞതാണ് വീട് ഉടൻ ഉണ്ടാകുമെന്ന്. സ്ഥലം എം. എൽ.എമാരും പരിശ്രമിച്ചു. പക്ഷേ, പതിവുപോലെ വാഗ്ദാനങ്ങൾ പെരുമഴയായി എങ്ങോട്ടോ ഒലിച്ചുപോയി. ഇത്രയും കാലത്തെ പരിശ്രമത്തിൻെറ ഫലമായി ഘോഷിന് സമ്പാദിക്കാൻ കഴിഞ്ഞത് മൂന്ന് സ​െൻറ് സ്ഥലമാണ്. അതിൽ ഒരു വീടെന്ന സ്വപ്നത്തിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതിനിടയിൽ രഖിലിൻെറ മികച്ച പരിശീലനത്തിനും മറ്റുമായി ഒരു സ്പോൺസറെ കണ്ടെത്താനുള്ള നെട്ടോട്ടം വേറെ. രഖിലിനെ സ്പോൺസർ ചെയ്യാൻ ഇതുവരെ ആരും വന്നില്ലെന്ന സങ്കടം പുറമെ.

Tags:    
News Summary - national school meet champion rakhil gosh madhyamam amma akshara veedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.