മാപ്പു പറയട്ടെ, മാധ്യമങ്ങളും

മറവി ഒരു മഹാ അനുഗ്രഹമാണ്. ജനങ്ങൾക്ക് അങ്ങിനെ ഒരു രോഗം ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെ അവർ എന്നേ ചവിട്ടിക്കൂ ട്ടി ചവറ്റുകൊട്ടയിൽ എറിയുമായിരുന്നു . നമ്പി നാരായണനെ ഇന്നു ഫിനിക്സ് പക്ഷിയോടു ഉപമിക്കുന്ന അച്ചടി മാധ്യമങ്ങളിലെ പേനയുന്തുകാരെ ഓടിച്ചിട്ടു അടിക്കുമായിരുന്നു. അത്ര വലിയ അപരാധമാണ്, പൊറുക്കാനാവാത്ത പാതകമാണ് മലയാള മാധ്യമങ്ങളിൽ ബഹു ഭൂരിഭാഗവും നമ്പി നാരായണനോടും ഐ എസ് ആർ ഒ യിലെ മറ്റു ശാസ്ത്രജ്ഞരോടും മറിയം റഷീദയോടും ഫൗസിയ ഹസനോടും സർവോപരി കെ കരുണാകരനോടും ചെയ്തത്.

ഇന്ത്യയിലെ പരമോന്നത നീതി പീഠത്തി​​​​​െൻറ വിധി വന്നപ്പോൾ പോരാട്ടം ജയിച്ചു നമ്പി നാരായണൻ, ചാരത്തിൽ നിന്നു ഫിനിക്‌സായി , ചാരം കടന്നു തീക്കനൽ എന്നിങ്ങനെ ആലങ്കാരിക തലക്കെട്ടുകളിൽ അഭിരമിക്കുന്ന മാധ്യമങ്ങൾ ചാരക്കേസി​​​​​െൻറ ഉത്ഭവത്തിലും തുടർനാളുകളിലും സ്വീകരിച്ച സമീപനം നാണക്കേടി​​​​​െൻറതാണ്. തലസ്ഥാനത്തെ വിരലിൽ എണ്ണാവുന്ന ചില ലേഖകൻമാർ മാത്രമാണ് ഈ അത്യാചാരത്തിൽ പങ്കാളിയാകാതെ പക്വതയോടെ മാറി നിന്നത് . മറ്റുള്ളവർ അമിതാവേശത്തിൽ എടുത്തു ചാടുകയോ സ്ഥാപനത്തി​​​​​െൻറ സമ്മർദ്ദത്തിനു നിർബന്ധിതരാവുകയോ ചെയ്തു. വലിയൊരു അനുഭവ പാഠമാണ് മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ചാരക്കേസ് സമ്മാനിക്കുന്നത്.

ക്രിമിനൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അന്നും ഇന്നും മാധ്യമങ്ങൾ അവലംബിക്കുന്നതു പ്രാകൃത സമീപനമാണ്. പൊലീസ് പറയുന്നതു അപ്പടി വിശ്വസിച്ചു വാർത്തകൾ എഴുതുന്ന രീതി. സ്റ്റേഷനിലെ റൈറ്റർ പറയുന്നതു പിറ്റേന്നു വാർത്തയായി പത്രങ്ങളിൽ വരും. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോലും സ്വന്തം നിലയിൽ വസ്തുതാന്വേഷണം നടത്താൻ വാർത്താ ലേഖകർ തുനിയാറില്ല . ഇക്കാരണത്താൽ സത്യം പലപ്പോഴും മൂടി വെക്കപ്പെടുകയും വർഷങ്ങൾക്കു ശേഷം അതു പുറന്തോടു പൊട്ടിച്ചു പുറത്തു വരികയും ചെയ്യും. മാലിക്കാരിയായ യുവതിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു തോന്നിയ ലൈംഗിക അഭിനിവേശം അന്താരാഷ്ട്ര മാനമുള്ള ചാരക്കേസായി പരിണമിച്ചതും എണ്ണം പറഞ്ഞ രണ്ടു ശാസ്ത്രജ്ഞരുടെ ജീവിതം നശിപ്പിക്കുകയും കേരളം കണ്ട പ്രഗത്ഭനായ രാഷ്ട്രീയ നേതാവി​​​​​െൻറ മുഖ്യമന്ത്രി പദം തെറിപ്പിക്കുകയും ചെയ്തതിൽ നിറം പിടിപ്പിച്ച നുണകൾ എഴുതി ഫലിപ്പിച്ച മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. കേരളീയ സമൂഹത്തോടൊപ്പം ചേർന്നു നമ്പി നാരായണനോടും കേസിലെ മറ്റു പ്രതികളോടും പ്രതിയാക്കപ്പെടാതെ ക്രൂശിക്കപ്പെട്ട കെ കരുണാകരനോടും മാധ്യമങ്ങൾ മാപ്പിരക്കേണ്ടതുണ്ട്.

ഋഷിരാജ് സിങ്ങിനു അനുയോജ്യമായ ഒരു വാടക വീട് കിട്ടിയിരുന്നെങ്കിൽ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല എന്നു മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞതാണ് ഇവിടെ ഓർത്തു പോകുന്നത്. എന്നാൽ, സിങ്ങിനു വേണ്ടി വാടക വീട് അന്വേഷിച്ചിറങ്ങിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യൊഗസ്ഥന്റെ ഭാവനയിൽ മാത്രം വിരിഞ്ഞതായിരിക്കില്ല ചാരക്കേസ്. അയാൾ ഒരു പക്ഷേ , അതിനൊരു നിമിത്തം മാത്രമായിരിക്കാം.. രാഷ്ട്രാന്തരീയമായ ബഹുതല മാനങ്ങൾ ഈ കൽപിത കേസിലുണ്ട്. . ക്രയോജനിക് സാങ്കേതിക വിദ്യയിലേക്കു ഇന്ത്യ കടക്കുന്നതു തടയാൻ സി ഐ എ നടത്തിയ ആസൂത്രിത നീക്കം അതിനു പിന്നിലുണ്ടാകാം. ഐ എസ് ആർ ഓ യിൽ തലപ്പത്തു വരാൻ ആഗ്രഹിച്ചിരുന്നവർ ഭാവിയിൽ അവർക്കു തടസ്സമായി മാറിയേക്കാവുന്നവരെ വെട്ടി നിരത്താൻ നടത്തിയ ഗൂഢാലോചനയാകാം . കെ കരുണാകരനെ രാഷ്ട്രീയമായി തകർക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഉമ്മൻ‌ചാണ്ടി പ്രഭൃതികൾക്കു കിട്ടിയ തുറുപ്പു ചീട്ടാകാം . എന്തു തന്നെയായാലും ക്രയോജനിക് സാങ്കേതിക വിദ്യ ചോർത്തിയെടുക്കാൻ പറ്റിയ ആളുകളായി പൊലീസും ഐ ബിയും ചേർന്നു അവതരിപ്പിച്ച മാലി യുവതികളെ കുറിച്ചു പ്രാഥമിക വസ്തുതാന്വേഷണമെങ്കിലും നടത്തിയിരുന്നെങ്കിൽ ഇങ്ങനെയൊരു കേസേ ഉണ്ടാകുമായിരുന്നില്ലെന്നു തറപ്പിച്ചു പറയുന്നവരുണ്ട്.

അക്കാലത്തെ പത്രങ്ങൾ പരിശോധിച്ചാൽ വാർത്തകളല്ല , കഥകളാണ് ഏറെയും അച്ചടിക്കപ്പെട്ടതെന്നു ബോധ്യപ്പെടും. കഥകളാകട്ടെ, ഒരേ രൂപത്തിലാണ് എല്ലാറ്റിലും നൽകിയിരുന്നത്.. ഒരു കേന്ദ്രത്തിൽ നിന്നു തയ്യാറാക്കി നൽകിയതായിരുന്നു അവയെല്ലാം എന്നു കണ്ടെത്താൻ വലിയ ഗവേഷണമൊന്നും വേണ്ട. മീഡിയാ സിൻഡിക്കേറ്റ് അന്നും പ്രവർത്തിച്ചിരുന്നു എന്ന് വ്യക്തം. ഇതേപറ്റി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിൽ വാർത്ത കൊടുക്കാൻ അന്നു കാശു വാങ്ങിയ പത്രക്കാർ ഉണ്ടായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറയുകയുണ്ടായി. എ ഗ്രൂപ്പിനു വേണ്ടി അന്നു പണിയെടുത്തവരിലെ മുൻ നിരക്കാരനായിരുന്നു ചെറിയാൻ. ആരാണ് കാശു വാങ്ങിയതെന്നു പറയാൻ അദ്ദേഹത്തിനു ധാർമിക ബാധ്യതയുണ്ട്.

മാലി യുവതികളിൽ നിന്നും നമ്പി നാരായണനിൽ നിന്നും ആക്രമണത്തിന്റെ കുന്തമുന അതീവ സമർഥമായാണ് കരുണാകരനു നേരെ തിരിച്ചു വിട്ടത്. സംസ്ഥാനത്തെ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് യുദ്ധത്തിന്റെ കാലഘട്ടമായിരുന്നു അത്. ആന്റണി പക്ഷത്തെ പ്രമുഖനായിരുന്ന വയലാർ രവിയെ എ ഗ്രൂപ്പിൽ നിന്നു അടർത്തിയെടുത്തു ആൻറണിക്കെതിരെ മത്സരിപ്പിച്ചു കെ പി സി സി പ്രസിഡൻറക്കി. ആൻറണി കൊടുത്ത മന്ത്രിമാരുടെ പേരിൽ നിന്നു ആര്യാടൻ മുഹമ്മദിൻറയും എം എം ഹസ​​​​​െൻറയും സുധീര​േൻറയും പേരുകൾ കരുണാകരൻ വെട്ടി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കരുണാകരനെ താഴെയിറക്കാൻ പട നയിച്ചവരിൽ ഇവർ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയായി നരസിംഹ റാവുവിനെ തീരുമാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച കരുണാകരൻ പിടി കിട്ടാത്ത അത്രയും ഉയരങ്ങളിൽ എത്തിയപ്പോൾ ഏതു വിധേനയും താഴെയിറക്കണമെന്ന ദൃഢനിശ്ചയത്തിൽ ഉമ്മൻചാണ്ടിയും കൂട്ടരും എത്തിയിരുന്നു.

അതിനവർക്ക് വീണു കിട്ടിയ അവസരമായിരുന്നു ചാരക്കേസ്. ഗൗരിയമ്മയും എം വി രാഘവനും ഒഴികെ ഘടക കക്ഷി നേതാക്കളെയും കരുണാകരന് എതിരെ ഉമ്മൻ‌ചാണ്ടി അണിനിരത്തി. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി പദം രാജി വെക്കുന്ന അന്നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു വിളിച്ചു കൂട്ടിയ പൊതു യോഗത്തിൽ കരുണാകരൻ പറഞ്ഞു... ഇതു പോലുള്ള നപുംസകങ്ങളെ, ചതിയന്മാരെ ജീവിതത്തിൽ കണ്ടിട്ടില്ല. മരിക്കുന്നതു വരെ അവർ ആരാണെന്നു അദ്ദേഹം വെളിപ്പെടുത്തിയില്ല. കരുണാകര​​​​​െൻറ പിൻഗാമിയായി അധികാരമേറ്റ എ കെ ആന്റണിയുടെ മന്ത്രിസഭയിൽ അവരെല്ലാം ഉണ്ടായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ അവരെല്ലാം ഇന്നും സജീവമായുണ്ട്. ചെയ്തു പോയ തെറ്റിനു പശ്ചാത്തപിക്കാനും മാപ്പു ചോദിക്കാനും ഇതു പോലൊരു അവസരം അവർക്കിനി കിട്ടാനിടയില്ല . ഒപ്പം മാധ്യമങ്ങൾക്കും.

Tags:    
News Summary - ISRO SPY CASE-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.