മോദിയുടെ ഹാട്രിക്കിന് ഹിന്ദുത്വം മതിയാകില്ല

ന്യൂഡൽഹിയിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളോടും പ്രവർത്തകരോടും ഒരു ആഹ്വാനം നടത്തി. 2024 പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ താഴെ തട്ടിൽ പ്രവർത്തിച്ച് പസ്മാന്ദ മുസ്‍ലിംകളിലേക്കും ബൊഹ്റ മുസ്‍ലിംകളിലേക്കും പ്രത്യേകം ഇറങ്ങിച്ചെല്ലാനായിരുന്നു ആ ആഹ്വാനം. രാജ്യത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിലും തന്റെ തട്ടകമായ ഗുജറാത്തിലും ഒരു മുസ്‍ലിം സ്ഥാനാർഥിക്കുപോലും ടിക്കറ്റ് നൽകാതെയും അധികാരം പിടിക്കാനറിയാമെന്ന് തെളിയിച്ച ശേഷം മോദി ഇത്തരമൊരു ആഹ്വാനം നടത്തുന്നത് എന്തിനായിരിക്കും?

ആഹ്വാനം മാധ്യമങ്ങൾക്ക് നൽകിയത് ഉദ്ദേശ്യപൂർവം

ദേശീയ നിർവാഹക സമിതി യോഗത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ മാധ്യമങ്ങളോട് പറയാനുള്ളവ മാത്രം മീഡിയ സെന്ററിൽ ഇടക്കിടെ വാർത്തസമ്മേളനങ്ങൾ വിളിച്ച് പങ്കുവെക്കലാണ് ബി.ജെ.പി രീതി. അതിലുപരി പല നേതാക്കളും തങ്ങൾക്ക് അടുപ്പമുള്ള മാധ്യമപ്രവർത്തകരോട് പല കാര്യങ്ങളും പങ്കുവെക്കുമ്പോഴാണ് അതിനപ്പുറമുള്ള പലതും പുറത്തുവന്നിരുന്നത്.

എൽ.കെ. അദ്വാനിയും എ.ബി. വാജ്പേയിയും മുരളി മനോഹർ ജോഷിയുംതൊട്ട് പ്രമോദ് മഹാജനും അരുൺ ജെയ്റ്റ്ലിയും രവിശങ്കർ പ്രസാദുമടക്കമുള്ള നിരവധി നേതാക്കൾ മാധ്യമപ്രവർത്തകരുമായി മനസ്സ് തുറന്നിരുന്നവരുമായിരുന്നു. എന്നാൽ, നരേന്ദ്ര മോദിയും അമിത് ഷായും പാർട്ടി നിയന്ത്രണം ഏറ്റെടുത്തതോടെ ബി.ജെ.പി വാർത്തകൾക്ക് മറ്റൊരു ഉറവിടവും ഇല്ലാതായി.

വാർത്തകളായി മാധ്യമങ്ങളിൽ വരണമെന്ന് ഇരുവരുമാഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമേ പാർട്ടി നേതാക്കൾ വാർത്തസമ്മേളനം വിളിച്ച് പറയാറുള്ളൂ. ആ നിലക്ക് പസ്മാന്ദകളിലേക്കും ബൊഹ്റകളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള മോദിയുടെ ആഹ്വാനം മാധ്യമങ്ങളെ ബോധപൂർവം അറിയിച്ചതാണെന്ന് വ്യക്തം.

ഹിന്ദുത്വ അജണ്ടക്കിടയിലെ ‘പ്രീണന’ത്തിനു പിന്നിൽ

അയോധ്യയിൽ കർസേവകർ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം യാഥാർഥ്യമാകാനിരിക്കുകയാണ്. കാശിയിലും മഥുരയിലും നിലവിൽ പള്ളികളുള്ള സ്ഥലത്ത് സമാന ക്ഷേത്ര നിർമാണ നീക്കങ്ങളുമായി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഹിന്ദുരാഷ്ട്ര നിർമിതിക്ക് അവസാന കടമ്പയായേക്കാവുന്ന കോടതികളെ കൂടി വരുതിയിലാക്കാനുള്ള ശ്രമങ്ങളും തീവ്രമായി നടക്കുന്നു. ഹിന്ദുവോട്ടുബാങ്ക് ഉറപ്പാനാവുന്നതെല്ലാം ഇത്തരത്തിൽ ചെയ്തുകഴിഞ്ഞു.

മറുഭാഗത്ത് പൗരത്വ ഭേദഗതി നിയമ ചട്ടങ്ങളും ഏക സിവിൽകോഡും കാണിച്ച് പേടിപ്പിച്ചും മുസ്‍ലിം ന്യൂനപക്ഷം നിർണായകമായ മേഖലകളിൽ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചും കൈയേറ്റങ്ങളുടെ പേരിൽ വാസസ്ഥലങ്ങൾ പൊളിച്ചുനീക്കിയും മുസ്‍ലിം ഭൂരിപക്ഷ ജില്ലകളില്ലാതാക്കിയും മണ്ഡല പുനർ നിർണയത്തിലൂടെ സമവാക്യങ്ങൾ മാറ്റിമറിച്ചും വോട്ടർമാർ ബൂത്തിലെത്തുന്നത് തടഞ്ഞും അവരുടെ രാഷ്ട്രീയ വിലപേശലിനുള്ള ശക്തി അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അങ്ങനെ അന്യവത്കരിച്ചും ഭീതിയിലാക്കിയും രാഷ്ട്രീയമായി എതിർപക്ഷത്താക്കിയ ഒരു സമുദായത്തിലെ ചില വിഭാഗങ്ങളെ മാത്രം എടുത്തുപറഞ്ഞ് അവരിലേക്ക് ചെല്ലണമെന്നാണ് പ്രധാനമന്ത്രി പാർട്ടി നേതാക്കളോടും പ്രവർത്തകരോടും പറഞ്ഞിരിക്കുന്നത്. ഹിന്ദുത്വംകൊണ്ട് ബി.ജെ.പിക്ക് നേടാവുന്ന വോട്ടുകൾ അതിന്റെ പൂരിതാവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് പ്രതിപക്ഷത്തേക്കാൾ പ്രധാനമന്ത്രി മനസ്സിലാക്കിയിരിക്കുന്നു. 2024ൽ പ്രധാനമന്ത്രിയും ബി.ജെ.പിയും കൊതിക്കുന്ന ഹാട്രിക് വിജയത്തിന് ഹിന്ദുത്വ കാർഡ് മാത്രം മതിയാകില്ല എന്നാണ് ആ വിലയിരുത്തൽ. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഹിന്ദി ബെൽറ്റിൽനിന്ന് ലോക്സഭയിലെത്തിയ ബി.ജെ.പി എം.പിമാരുടെ എണ്ണം അതിന്റെ പരമകാഷ്ഠയിലാണ്.

ഇവയിൽ ഗണ്യമായ എം.പിമാരെ നൽകിയ ഉത്തർപ്രദേശും മധ്യപ്രദേശും ബിഹാറും മാത്രം കണക്കിലെടുത്താൽ ഉള്ളത് കുറയുകയല്ലാതെ ബി.ജെ.പിക്ക് കൂടാനൊന്നുമില്ല. രണ്ടിടങ്ങളിൽ സർക്കാറുകൾ ബി.ജെ.പിയുടേതാണെങ്കിലും സാഹചര്യങ്ങൾ പഴയതുപോലെ ശുഭകരമല്ലാത്ത തരം പ്രതിപക്ഷത്തിന് ശക്തിയേറിയിട്ടുണ്ട്. അതിനാൽ ചോരുന്ന സീറ്റുകൾ തടഞ്ഞുനിർത്തണമെങ്കിൽ എതിർപക്ഷത്ത് ഉറപ്പായും വീഴുന്ന വോട്ടുകൾ തിരിച്ചിങ്ങോട്ട് എത്തിക്കാനായില്ലെങ്കിലും ശിഥിലീകരിക്കാനെങ്കിലും കഴിയണം.

ഇപ്പറഞ്ഞ വിഭാഗങ്ങൾ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കിൽപോലും അവരിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ചേർത്തുപറഞ്ഞത് എന്തിനാണെന്നു മനസ്സിലാക്കാൻ ഗുജറാത്തിലെ വോട്ടുകൾ ഭിന്നിച്ചതിലൂടെ ലഭിച്ച ചരിത്രവിജയം പരിശോധിച്ചാൽ മതി.

പരാജയപ്പെട്ടതിനു പകരം വരുന്ന പരീക്ഷണങ്ങൾ

ഷിയാക്കളെ ചേർത്തുപിടിച്ച് സുന്നി-ഷിയ ഭിന്നതയും ബറേൽവികളെ കൂട്ടിപ്പിടിച്ച് ബറേൽവി-ദയൂബന്ദി അകൽച്ചയും ഉപയോഗിക്കാമെന്നും അങ്ങനെ എതിർപക്ഷത്തു വീഴുന്ന മുസ്‍ലിം വോട്ടുകൾ ഛിന്നഭിന്നമാക്കാമെന്നും കരുതിയെങ്കിലും ഉത്തർപ്രദേശിൽ അത് യാഥാർഥ്യമായില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യോഗി സർക്കാർ വൻ വിജയം നേടിയെങ്കിലും സുന്നി-ഷിയ, ബറേൽവി-ദയൂബന്ദി വ്യത്യാസമില്ലാതെ മുസ്‍ലിംകൾ 80 ശതമാനത്തിലേറെയും ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ടുചെയ്തത് ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായിരുന്നുവെന്ന് ഏറെക്കാലം ഗുജറാത്തിൽ മാധ്യമ പ്രവർത്തകനായിരുന്ന യു.പി അഅ്സംഗഢിൽനിന്നുള്ള മുൻ ഇന്ത്യൻ എക്സ്പ്രസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഖാലിഖ് അഹ്മദ് ചൂണ്ടിക്കാട്ടുന്നു. ആ പരീക്ഷണം ഫലം കാണാതെ വന്നപ്പോൾ മുസ്‍ലിംകളിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള പുതിയ തന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പിന്നാക്ക ഹിന്ദു വിഭാഗങ്ങളിൽനിന്നും ദലിത് സമൂഹത്തിൽനിന്നും ഇസ്‍ലാമിലേക്ക് മതപരിവർത്തനം ചെയ്തവരെയാണ് പസ്മാന്ദ മുസ്‍ലിംകളെന്ന് പൊതുവിൽ വിളിക്കുന്നത്. തോട്ടിപ്പണി തൊട്ടുള്ള കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ഈ വിഭാഗങ്ങളിലെ പുതിയ തലമുറ വൈവിധ്യമാർന്ന മറ്റു തൊഴിൽ മേഖലകളിലേക്ക് തിരിഞ്ഞിട്ടും ജാതിമുദ്ര മാഞ്ഞിട്ടില്ല.

ഇസ്‍ലാം സ്വീകരിച്ച ശേഷവും കുലത്തൊഴിലിൽ തുടർന്ന ഇവർ അതേ തൊഴിലിനെ അടിസ്ഥാനമാക്കി അൻസാരി, കുഞ്ച്റ, ഘോസി, മുസ്‍ലിം തേലി, ഘാഞ്ചി, ഹലാൽഖോർ, മുസ്‍ലിം ധോബി, നട്ട്, ഭട്ട് തുടങ്ങിയ ജാതിപ്പേരുകളിലാണ് അറിയപ്പെട്ടത്. ജാതി വിവേചനം ശക്തമായ ഉത്തർപ്രദേശിലും ബിഹാറിലും പസ്മാന്ദകൾ മൊത്തം മുസ്‍ലിം ജനസംഖ്യയുടെ 85 ശതമാനത്തോളം വരുമെന്നാണ് കണക്ക്. ഈ രണ്ട് സംസ്ഥാനങ്ങളിലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അവരുടെ നിലപാട് നിർണായകമായിരിക്കും.

ഇപ്പോഴെറിഞ്ഞ ചൂണ്ടയിൽ ആരൊക്കെ കൊത്തും?

വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതം ദുരിതപൂർണമാക്കിയ ഒരു രാജ്യത്ത് ഗുജറാത്തിലേതുപോലെ എതിർപക്ഷത്ത് വീഴുന്ന വോട്ടുകൾ പരമാവധി ശിഥിലീകരിച്ചാലല്ലാതെ ഭരണത്തുടർച്ചക്ക് വഴിയില്ല. അതിന് ഏതു ചെറുവിഭാഗത്തെ പരിഗണിച്ചുവെന്ന് വരുത്താനും ബി.ജെ.പി സന്നദ്ധമാണ്. ഹൈദരാബാദിലെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിലും പസ്മാന്ദ മുസ്‍ലിംകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ, അന്ന് ബൊഹ്റകളെ പരാമർശിച്ചിരുന്നില്ല. മുസ്‍ലിംകളിലെ ചെറുതും വലുതുമായ അവാന്തര വിഭാഗങ്ങളിൽ ആരെങ്കിലും ഇതുപോലെ ഒന്ന് ക്ഷണിച്ചുകിട്ടാൻ കാത്തിരിക്കുന്നോ എന്നറിയാനുള്ള ചൂണ്ടയാണ് ഈ ആഹ്വാനം. ആരെങ്കിലും ആ ചൂണ്ടയിൽ വന്ന് കൊത്തിയാലും ചൂണ്ടയുടെ പേരിൽ പരസ്പരം കൊത്തിയാലും മോദിക്ക് ഹാട്രിക് മതി.

vmbanna@gmail.com

Tags:    
News Summary - Hinduism is not enough for Modi's hattrick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.