എ​ട​നീ​ർ ചാ​പ്പാ​ടി​യി​ലെ വീ​ട്ടി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​യാ​യ സ​ഹോ​ദ​ര​നൊ​പ്പം

ഫാ​ത്തി​മ

ഉറ്റവർക്ക് കടംനൽകിയ ആയുസ്സും വറ്റിത്തീരുമ്പോൾ

എൻഡോസൾഫാൻ ഇരകൾക്ക്​ മരണമോ മരുന്ന്​ ? - ഭാഗം മൂന്ന്

എൻഡോസൾഫാൻ പ്രയോഗം നിരോധിച്ചിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടുവെന്നും ഇപ്പോൾ മേഖലയിൽ ഒരു പ്രശ്നവുമില്ലെന്നും ആണയിടുന്ന സർക്കാർവിലാസം ന്യായീകരണ തൊഴിലാളികളും വിഷയവിദഗ്ധരും വർധിച്ചുവരുന്നുണ്ട് നാട്ടിൽ. എന്തിനുമേതിനും സമരം ചെയ്യുന്ന ചില സംഘടനകളും വ്യക്തികളും എൻഡോസൾഫാൻ വിഷയം കത്തിച്ചുനിർത്തുകയാണെന്ന ഇവരുടെ വാദം എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലേക്ക് ഒരുവട്ടംപോലും യാത്രചെയ്തിട്ടില്ലാത്ത പലരും വിശ്വസിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യാറുമുണ്ട്.

2001 ആഗസ്റ്റ് 25ന് സംസ്ഥാന അതിർത്തിക്കുള്ളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത്‌ സർക്കാർ നിരോധിക്കുമ്പോൾ ഇരകളായ കുഞ്ഞുങ്ങളുടെ ഏകദേശ പ്രായം 15നു താഴെയായിരുന്നു. അമ്മമാർക്കന്ന് പ്രായം 30നും 40നും ഇടയിൽ. രണ്ടു പതിറ്റാണ്ട് കഴിയുമ്പോഴും ആ മക്കളെ ഒക്കത്തെടുത്ത് കൊണ്ടുനടക്കേണ്ട അവസ്ഥയിലാണ് മധ്യവയസ്സും കടന്ന് വാർധക്യത്തിലേക്ക് കാൽവെച്ചുതുടങ്ങിയ അമ്മമാർ. മൂന്നാം മൈൽ പൂതങ്ങാനത്തെ രാധ, കാലിച്ചാനടുക്കം റസിയ, എണ്ണപ്പാറയിലെ വിദ്യ, പെരുമ്പളയിലെ രമണി എന്നിങ്ങനെ എണ്ണമറ്റ അമ്മമാർ മക്കളെ പരിചരിക്കാൻ പ്രയാസപ്പെടുന്നതെങ്ങനെയെന്ന് കണ്ണുതുറന്നു കണ്ടാൽ ഒരാളും നാണംകെട്ട ന്യായീകരണ വാദങ്ങൾ ഉന്നയിക്കില്ല.

നൂറുകണക്കിന് എൻഡോസൾഫാൻ ഇരകളിൽ ഒരാളാണ് എടനീർ ചാപ്പടിയിലെ അബ്ദുൽ ഹമീദ്. വയസ്സ് 44 ആയി. ഉമ്മ നബീസക്കും ഉപ്പ അബൂബക്കറിനും വയസ്സ് 70 കടന്നു. എട്ടു മക്കളാണ് ഇവർക്കു പിറന്നത്. അബ്ദുൽ ഹമീദിനെ കൂടാതെ അബ്ദുറഹ്മാൻ (35), അഹമ്മദ് കബീർ (33), അബ്ദുൽ ഖാദർ (30), അഷ്റഫ്, റഫീഖ്, രണ്ടു പെൺകുട്ടികൾ. രണ്ടു പെൺമക്കൾ ഒഴികെ മറ്റ് എല്ലാ മക്കളും ദുരിതബാധിതരായിരുന്നു. അഷ്റഫും റഫീഖും വളരെ ചെറുപ്പത്തിലേ വേദനകളും വിവേചനങ്ങളുമില്ലാത്ത ലോകത്തേക്കു മടങ്ങി. മറ്റു നാലുപേർ മെന്റലി റിട്ടാർഡഡ് പട്ടികയിലാണ്.

പെൺമക്കളിൽ ഒരാൾ വിവാഹിതയായി. മറ്റൊരാൾ, ഫാത്തിമ കുട്ടിത്തം കാണിക്കുന്ന നാലു മുതിർന്ന സഹോദരങ്ങൾക്കുവേണ്ടി വിവാഹജീവിതം വേണ്ടെന്നുവെച്ചു. ''ഉമ്മാക്ക് 70 വയസ്സായി, ഈ അവസ്ഥയിൽ എങ്ങനെയാണ് ഇവരെ നാലു പേരെ ചികിത്സക്ക് കൊണ്ടുപോകാനും പരിചരിക്കാനും കഴിയുക? ഏതാണ്ട് എല്ലാ അസുഖങ്ങളുമുണ്ടെങ്കിലും വീട്ടിലെ അവസ്ഥ കാരണം ഇപ്പോഴും ലോറിപ്പണിക്കു പോവുകയാണ് ഉപ്പ. ഞാനും ഇവിടെയില്ലെങ്കിൽ ഇവരെ ആരാണ് നോക്കുക?

ഇതും പറഞ്ഞിരുന്നാൽ എന്റെ ജീവിതത്തിന് ഭാവിയുണ്ടാവില്ലെന്ന് പലരും പറയും, ഞാൻ ഇവിടെയില്ലെങ്കിൽ, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ ആങ്ങളമാരുടെ ഭാവി എന്താകും എന്ന ചോദ്യമാണ് എന്റെ മനസ്സിൽ ഉരുകുന്നത്'' -സഹോദരങ്ങൾക്കായി ജീവിതം പകുത്തുനൽകിയ ഒരു പെൺകുട്ടി ഇതു പറയുമ്പോൾ മറുപടിക്കായി എന്റെ പക്കൽ വാക്കുകളുണ്ടായിരുന്നില്ല.

കൂട്ടിരിക്കാൻ കൂടപ്പിറപ്പുകൾപോലുമില്ലാത്ത ഇരകളുടെ കാര്യം അതിലേറെ ദയനീയമാണ്.''ചെർക്കള ബേർക്കയിലെ 32കാരനായ ദുരിതബാധിതന്റെ ഉമ്മ മരിച്ചു. ഇപ്പോൾ ഉപ്പയാണ് അവന്റെ കാര്യങ്ങൾ നോക്കുന്നത്. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. എഴുന്നേറ്റുനടക്കാൻ കഴിയാത്ത അവനു നല്ല ഭാരമുണ്ട്. കുഞ്ഞായിരുന്നപ്പോൾ വീൽചെയറിൽ എടുത്തിരുത്തി മുടിമുറിക്കാനും മറ്റും കൊണ്ടുപോകാൻ കഴിഞ്ഞിരുന്നു. പ്രായമായ പിതാവിന് ഇപ്പോൾ ബാത്ത്റൂമിലേക്കുപോലും കൊണ്ടുപോകാൻ കഴിയുന്നില്ല. കൈപിടിച്ച് നിലത്തുകൂടി വലിച്ചുകൊണ്ടുപോകുന്ന കരളലിയിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണേണ്ടിവരുന്നത്.

എന്നാണ് പടച്ചോനെ ഇത് അവസാനിക്കുന്നത്'' -ചെർക്കളയിലെ ആക്ടിവിസ്റ്റ് മിസ്രിയ പറയുന്നു.എൻഡോസൾഫാൻ ദുരിതമേഖലയിൽ ഇപ്പോൾ നടക്കുന്നത് ഇരകളുടെ മേൽനോട്ടത്തിന്റെ കൈമാറ്റമാണ്. അമ്മമാർക്ക് വയ്യാതായി. ഇനി അവർക്ക് തുണ മറ്റൊരാളാണ്. അതാരാണ് എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. മുമ്പ് സഹതപിച്ച് കൂടെ നിന്നിരുന്ന സമൂഹം ഇവരിൽനിന്ന് പതിയെ പിന്മാറുകയാണ്. വാഗ്ദാനംചെയ്ത ആനുകൂല്യങ്ങളിൽനിന്നെല്ലാം സർക്കാർ ഒളിച്ചോടുന്നു. കോടതി കയറിയിറങ്ങി ലഭിക്കുന്ന ആനുകൂല്യങ്ങളിലാണ് ഇപ്പോൾ ഇരകളുടെ ജീവിതം നിരങ്ങിനീങ്ങുന്നത്.

(തുടരും..)

Tags:    
News Summary - For those who like Given Life also ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.