ഗസ്സയിലേക്കുള്ള ഗ്ലോബൽ ഫ്ലോട്ടില്ലയെ തടഞ്ഞ ഇസ്രായേൽ അതിക്രമത്തിനെതിരെ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന കൂറ്റൻ പ്രതിഷേധറാലി
ഗസ്സക്കോ വിശാലാർഥത്തിൽ ഭാവി ഫലസ്തീൻ രാഷ്ട്രത്തിനോ ഒരുതരത്തിലും ഉപകാരപ്പെടാത്ത, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന പദ്ധതി വിശകലനം ചെയ്താൽ വെളിപ്പെടുന്നത് ഫലസ്തീൻ മണ്ണിൽ ചരിത്രത്തിലിങ്ങോളം നടന്ന വഞ്ചനയുടെ ഏറ്റവും പുതിയ രൂപം. പദ്ധതിക്ക് പ്രത്യക്ഷത്തിൽ അനുകൂലമെന്നതുപോലെ പ്രതികരിച്ച അറബ് രാഷ്ട്രങ്ങളും അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. ഈ കരാർ ഇതേപോലെ അംഗീകരിക്കുന്നത് ഹമാസിനെ സംബന്ധിച്ചിടത്തോളം കീഴടങ്ങലാകുമെന്ന് മാത്രമല്ല, ഒരുകാലത്തും ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുകയുമില്ല.
ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള യായി അവതരിപ്പിക്കപ്പെട്ട 20 ഇന പദ്ധതി യഥാർഥത്തിൽ ഇസ്രായേലിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്തിയത്.
തിരുത്തിക്കൊണ്ട് തുടക്കം
സെപ്റ്റംബർ 24ന് എട്ട് അറബ്, മുസ്ലിം രാഷ്ട്ര പ്രതിനിധികൾക്ക് മുന്നിൽ ട്രംപ് അവതരിപ്പിച്ച കരാറിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അഞ്ചുദിവസത്തിനുശേഷം നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. നെതന്യാഹുവിന്റെ താൽപര്യപ്രകാരം വരുത്തിയ തിരുത്തലുകൾ ഉൾപ്പെട്ട കരാറിൽ ഫലസ്തീന് അനുകൂലമായ ഘടകങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ടു. ഗസ്സയിൽ നിന്നുള്ള ഐ.ഡി.എഫിന്റെ (ഇസ്രായേൽ പ്രതിരോധ സേന) പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, രാഷ്ട്ര സ്ഥാപനത്തിനുള്ള മാർഗരേഖ എന്നിവയിലെല്ലാം അട്ടിമറിയുണ്ടായി.
ബിന്യമിൻ നെതന്യാഹു ഡോണൾഡ് ട്രംപ്
ആദ്യഘട്ടത്തിൽ പൊതുവേ കരാറിന് അനുകൂലമായി പ്രതികരിച്ച അറബ് രാഷ്ട്രങ്ങളാകട്ടെ, മെല്ലെ ഇതിൽനിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്നുവെന്നാണ് സൂചനകൾ. കരാർ സൂക്ഷ്മമായി പഠിക്കുകയാണെന്ന് പ്രതികരിച്ച ഹമാസാകട്ടെ, ഇതേ നിലയിൽ അംഗീകരിക്കാൻ സാധ്യതയില്ലെന്ന സന്ദേശമാണ് നൽകുന്നതും. കരാർ നിരസിച്ച് പോരാട്ടം തുടരാനാണ് തീരുമാനമെന്ന് ഹമാസിന്റെ അൽഖസം ബ്രിഗേഡിന്റെ കമാൻഡർ ഇസ്സുദ്ദീൻ അൽ ഹദ്ദാദിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. കരാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഹമാസിനെ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നതാണ് കരാറെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഹമാസിന് മാത്രമല്ല, മറ്റൊരു സംഘങ്ങൾക്കും സിവിലിയന്മാർക്കും ഒരുതരത്തിലുള്ള ആയുധവും സൂക്ഷിക്കാൻ അനുമതിയുണ്ടാകില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
2 ഗസ്സ നിവാസികൾക്ക് ഉപകരിക്കും വിധത്തിൽ പ്രദേശത്തിന്റെ പുനർനിർമാണം.
ഈ പുനർനിർമാണ പദ്ധതിയുടെയും ഭരണ നിർവഹണത്തിന്റെയും പ്രാഥമിക മേൽനോട്ടത്തിനാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ അവതരിപ്പിക്കുന്നത്. ഇസ്രായേലി പക്ഷപാതിയും ഫലസ്തീനോട് വിപ്രതിപത്തി കാട്ടുകയും ചെയ്യുന്ന ബ്ലെയറിന്റെ വരവിനോട് ഒരു ഫലസ്തീൻ ഗ്രൂപ്പും യോജിക്കുന്നില്ല.
3 ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാൻ ധാരണയിലെത്തിയാൽ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രായേലി സൈന്യം നടപടികൾ നിർത്തിവെക്കും. ക്രമേണ ഗസ്സയിൽ നിന്ന് പിൻവാങ്ങും.
അറബ് രാഷ്ട്ര നേതാക്കൾക്ക് മുന്നിൽ ട്രംപ് അവതരിപ്പിച്ച ആദ്യ കരാറിൽ, ഗസ്സയിൽ നിന്നുള്ള ഐ.ഡി.എഫിന്റെ പിന്മാറ്റത്തിന് കൃത്യമായ സമയക്രമവും പരിധിയും ഉണ്ടായിരുന്നുവെന്നാണ് സൂചന. അവർ കരാർ അംഗീകരിച്ചതും ഈ ധാരണക്ക് മേലാണ്. പിന്നീട് നെതന്യാഹുവിന്റെ ഇടപെടലിൽ സൈനിക പിന്മാറ്റം അവ്യക്ത പരാമർശം മാത്രമായി മാറി.
4 - 72 മണിക്കൂറിനുള്ളിൽ കരാർ അംഗീകരിക്കുന്ന കാര്യം ഇസ്രായേൽ പ്രഖ്യാപിക്കും. ജീവിച്ചിരിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.
സങ്കീർണവും മർമപ്രധാനവുമായ ഈ വിഷയത്തിൽ മുഖ്യകക്ഷിയായ ഹമാസിനോട് ആശയവിനിമയം നടത്താതെ ഏകപക്ഷീയമായ പ്രഖ്യാപനം. ഹമാസിന്റെ ഏറ്റവും കനത്ത പിടിവള്ളിയും ഇസ്രായേലിന്റെ ദൗർബല്യവുമാണ് ബന്ദികൾ എന്നിരിക്കെ ഒറ്റയടിക്ക് ആ പ്രശ്നം അവസാനിപ്പിക്കാനുള്ള അത്യാവേശത്തോടെയുള്ള നീക്കം. ഇതേ രൂപത്തിൽ ഈ വ്യവസ്ഥ അംഗീകരിച്ചാൽ ഹമാസ് അതോടെ ചിത്രത്തിൽനിന്ന് പുറത്താകും. അതുകൊണ്ട് തന്നെ ഹമാസിന്റെ പ്രതികരണം നിർണായകം.
5 ബന്ദികൾ തിരിച്ചെത്തിയാലുടൻ 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബർ ഏഴിനുശേഷം പിടികൂടിയ 1,700 ഗസ്സക്കാരെയും ഇസ്രായേൽ വിട്ടയക്കും. ഹമാസിന്റെ പക്കലുള്ള ഓരോ ഇസ്രായേലി ബന്ദിയുടെയും മൃതദേഹത്തിന് പകരമായി 15 ഗസ്സക്കാരുടെ മൃതദേഹങ്ങളും വിട്ടുകൊടുക്കും.
മോചിപ്പിക്കുന്നവരിൽ ഹമാസും മറ്റു സംഘടനകളും ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള തടവുകാരെ ഉൾപ്പെടുത്തുമോ എന്നതിൽ അവ്യക്തത. തുടക്കം മുതൽ തന്നെ ഹമാസ് ഉന്നയിക്കുന്ന മർവാൻ ബർഗൂതിയുടെ മോചനവും കീറാമുട്ടിയാകും.
6 ബന്ദികൾ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ, സമാധാനത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ്. ഗസ്സ വിടാൻ ആഗ്രഹിക്കുന്നവർക്ക് അവരെ സ്വീകരിക്കാൻ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത.
സങ്കീർണമായ മറ്റൊരു പോയന്റ്. ഹമാസിനെ പൊതുവായി നിരായുധീകരിക്കുന്നതിനുള്ള ആദ്യചുവട്.
7 ഈ കരാറിൽ തീരുമാനമായാൽ ഗസ്സയിലേക്ക് ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ആരംഭിക്കും. ജല, വൈദ്യുതി, സ്വീവേജ് പദ്ധതികളുടെ പുനർനിർമാണം ആരംഭിക്കും.
സഹായ വിതരണത്തിനുള്ള രൂപരേഖയുടെ പൂർണ രൂപം തയാറാകേണ്ടതുണ്ട്.
8 ഇരുവിഭാഗത്തിന്റെയും ഇടപെടലില്ലാതെ സഹായങ്ങൾ കൃത്യമായി വിതരണം ചെയ്യും. യു.എന്നും റെഡ് ക്രസന്റും അതിന് നേതൃത്വം വഹിക്കും.
ടോണി ബ്ലെയറിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന മറ്റൊരു ഘടകം.
9 ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്നോക്രാറ്റുകൾ അടങ്ങുന്ന താൽക്കാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യൻ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യു.എസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും.
ടോണി ബ്ലെയർ ഗസ്സ ഭരണത്തിന്റെ മുഖമാകുന്നതിനുള്ള ആദ്യപടി. ഹമാസ് മാത്രമല്ല, മറ്റു ഫലസ്തീൻ ഗ്രൂപ്പുകളും അറബ് രാഷ്ട്രങ്ങളും ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
10 ആധുനിക മിഡിലീസ്റ്റ് നഗരങ്ങൾ നിർമിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ഗസ്സ പുനർനിർമിക്കാൻ ട്രംപിന്റെ പ്രത്യേക സാമ്പത്തിക പദ്ധതി. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്. അന്താരാഷ്ട്ര നിക്ഷേപകർക്ക് അവസരം.
ഈ നിർദേശത്തിന്റെ മറവിൽ എന്തൊക്കെയാകും അണിയറയിൽ ഒരുങ്ങുന്നത് എന്നതിൽ വ്യക്തതയില്ല. യു.എസിനും ഇസ്രായേലിനും താൽപര്യമുള്ള കമ്പനികളും വ്യക്തികളും ഇടിച്ചുകയറുമെന്ന് ഉറപ്പ്.
11 സഹകരിക്കുന്ന രാഷ്ട്രങ്ങളുമായി ചർച്ച ചെയ്ത് കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
‘സഹകരിക്കുന്ന രാഷ്ട്ര’ങ്ങൾ എന്നതിൽ വ്യക്തതയില്ല. തങ്ങളുടെ താൽപര്യങ്ങൾ തന്നെ യു.എസിന് ഇവിടെയും.
12 ആരെയും ഗസ്സയിൽനിന്ന് നിർബന്ധിച്ചു പുറത്താക്കില്ല. ആർക്കെങ്കിലും പുറത്തുപോകാൻ താൽപര്യമുണ്ടെങ്കിൽ മടങ്ങിവരാനും അനുവദിക്കും. ഗസ്സയിൽ തന്നെ തുടരാൻ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.
ട്രംപും ഇസ്രായേലി മന്ത്രിമാരും നേരത്തെ ഉന്നയിച്ചിരുന്ന ഗസ്സക്കാരെ പുറന്തള്ളുന്ന പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം. ഗസ്സക്കാർക്ക് ഗുണമെന്ന് പറയാവുന്ന ഒരു പോയന്റ്.
13 ഗസ്സ ഭരണത്തിൽ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകൾ ഉൾപ്പെടെ പുതിയ സായുധ സംവിധാനങ്ങൾ സൃഷ്ടിക്കാനും അനുവദിക്കില്ല.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായാലല്ലാതെ സായുധ സമരം ഉപേക്ഷിക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപിത നിലപാടുമായി ഏറ്റുമുട്ടുന്ന പോയന്റ്.
14 ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകൾ പാലിക്കുന്നുവെന്നും ഇസ്രായേലിന് ഭീഷണിയാകില്ലെന്നും ഉറപ്പാക്കാൻ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷാ ഗാരന്റി.
ഇസ്രായേലിന്റെ താൽപര്യത്തിനനുസരിച്ച് കാര്യങ്ങൾ പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അറബ് രാഷ്ട്രങ്ങളെ കൂടി ബാധ്യസ്ഥരാക്കാനുള്ള പദ്ധതി.
15 അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങളുമായി സഹകരിച്ച് യു.എസ് ഒരു ഇന്റർനാഷനൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് വികസിപ്പിക്കും. ഉടനടി തന്നെ ആ സേനയെ ഗസ്സയിൽ വിന്യസിക്കും. ആ സേന ദീർഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീൻ പൊലീസ് സേനയെ പരിശീലിപ്പിക്കും.
വിദേശ സൈന്യത്തെ ഗസ്സയിൽ വിന്യസിക്കുന്നതിനുള്ള ആദ്യ പടി.
16 ഇസ്രായേൽ ഗസ്സ കൈയേറുകയോ അനക്സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷാ സേനകൾക്ക് പ്രദേശം കൈമാറി ഐ.ഡി.എഫ് പിൻവാങ്ങും.
ഐ.ഡി.എഫ് പിന്മാറ്റത്തിന് സമയക്രമമോ രൂപരേഖയോ ഇല്ല. അവ്യക്തമായ പോയന്റ്.
17 ഈ നിർദേശങ്ങൾ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ മേൽപറഞ്ഞ പോയന്റുകൾ ‘ടെറർ ഫ്രീ’ മേഖലകൾ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന പ്രദേശങ്ങളിൽ നടപ്പാക്കും. അവിടം ക്രമേണ ഇൻറർനാഷനൽ സ്റ്റെബിലൈസേഷൻ ഫോഴ്സിന് ഐ.ഡി.എഫ് കൈമാറും.
ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന.
18 ഗസ്സ ജനതയെ ‘തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള’ പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.
ഫലസ്തീൻ ജനതയെ, പ്രത്യേകിച്ച് ഗസ്സ നിവാസികളെ ഭീകരർ എന്ന് മുദ്രകുത്താറുള്ള പതിവ് ഇസ്രായേൽ ആഖ്യാനത്തിന്റെ ചുവടു പിടിച്ചുള്ള ആശയം.
19 ഗസ്സ പുനർനിർമാണം പുരോഗമിക്കുമ്പോൾ ഫലസ്തീൻ അതോറിറ്റിയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാർഗരേഖ നിലവിൽ വരും.
പദ്ധതിയിലെ മറ്റൊരു നിർണായക പോയന്റ്. രാഷ്ട്ര സ്ഥാപനത്തിനുള്ള മാർഗരേഖ എന്ന അവ്യക്ത നിലപാട്. ഒരിക്കലും യാഥാർഥ്യമാകാത്ത മുൻകാല കരാറുകൾ പോലെ ഒരു കേവല വാഗ്ദാനം. ഈ പോയന്റിൽനിന്ന് ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുമെന്ന് ഒരുതരത്തിലും കരുതാനാകില്ല. ജോർഡൻ നദിക്ക് പടിഞ്ഞാറ് ഫലസ്തീൻ രാഷ്ട്രം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ച് 10 ദിവസം തികയുന്നതിന് മുമ്പാണ് ഈ കരാർ വരുന്നതെന്നും ശ്രദ്ധിക്കണം. അതിനാൽ തന്നെ തൽക്കാലം അറബ് ലോകത്തെ ആശ്വസിപ്പിക്കാനുള്ള തന്ത്രം മാത്രമായേ ഇതിനെ കാണാനാകൂ.
20 സമാധാനപരമായ സഹവർത്തിത്വത്തിന് ഇസ്രായേലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തിൽ സംഭാഷണം.
നിർമാണത്മകമായ നിർദേശമാണെങ്കിലും മുൻകാല അനുഭവങ്ങൾ ഈ വിഷയത്തിലും ഏകപക്ഷീയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.