കൊറോണ പോയാലും ബാക്കിയാവുന്ന വൈറസുകള്‍

ചുരുക്കത്തില്‍, നുണകള്‍ നട്ട് വര്‍ഗീയതയും വിഭാഗീയതയും മുളപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്തെടുക്കാനുള്ള ശ്രമം തകൃതിയായി, ആസൂത്രിതമായി ഈ ലോക്ക്ഡൗണ്‍ കാലത്തും ഇത് തുടരുന്നു. വ്യാജവാര്‍ത്തകളും വ്യാജ ഇമേജുകളും അതിനൊത്ത ഭരണകൂട ആഖ്യാനങ്ങളുമായി മുസ്​ലിം വിരോധം സോഷ്യല്‍ മീഡിയയിലും ഒഴുകിപ്പരന്നു. മുസ്​ലിംകള്‍ പഴങ്ങളിലും പച്ചക്കറികളിലും തുപ്പുന്ന, പാത്രങ്ങളില്‍ തുപ്പല്‍ പുരട്ടുന്ന വ്യാജവീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സമയാസമയം പ്രചരിച്ചു. ഓരോ ഇവ ഫാക്ട് ചെക്ക് ചെയ്ത് വ്യാജ വാര്‍ത്തയാണെന്ന വസ്തുത പുറത്ത് കൊണ്ട് വന്നെങ്കിലും അതിനേക്കാള്‍ ആയുസ്സും വേഗതയുമുണ്ടായിരുന്നു അസത്യ പ്രചരണങ്ങള്‍ക്ക്. വലിയൊരു വിഭാഗം ജനങ്ങളില്‍ മുസ്​ലിം വിദ്വേഷവും അപര ഭയവും വളര്‍ത്താന്‍ ഇതിടയാക്കി. മുസ്​ലിം സമുദായത്തിനെതിരെ രോഷം ആളിക്കത്തിച്ച ഭൂരിഭാഗം വ്യാജ വാര്‍ത്തകളും  വീഡിയോകളും കൊറോണക്കാലത്തിനു മുമ്പേ ഉള്ളതാണെന്നു പിന്നീട് കണ്ടെത്തപ്പെട്ടെങ്കിലും അതുയര്‍ത്തിവിട്ട വെറുപ്പ് അതി​​​െൻറ പണി തുടരുകയാണ്. ഇതി​​​െൻറ ഭാഗമായാണ്, മുസ്​ലിം കുടുംബങ്ങള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്. അതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ വരെ  മരിച്ച അവസ്ഥയുണ്ടായി. ഗുജറാത്ത് ആശുപത്രിയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മുസ്​ലിം രോഗികള്‍ക്കും ഹിന്ദു രോഗികള്‍ക്കും വെവ്വേറെ ഒ.പി തുറക്കപ്പെട്ടു. ഒരു മുസ്​ലിം ചികിത്സ തേടുന്നതിന് മുമ്പ് കൊറോണ ബാധിതന്‍ അല്ലെന്ന് ഉറപ്പ് വരുത്തണം എന്നായിരുന്നു യു.പിയിലെ ഒരു സ്വകാര്യ കാന്‍സര്‍ ആശുപത്രി നല്‍കിയ പത്ര പരസ്യം.

 

രോഗികള്‍ക്കു മാത്രമല്ല ഇത് അപകടം ചെയ്തത്. അംബ്രീന്‍ഖാന്‍ എന്ന മുസ്​ലിം നഴ്സ് ആശുപത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍, വര്‍ഷങ്ങളായി അവരെ അറിയുന്ന ഒരു കൂട്ടം ആളുകള്‍ ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി വാഹനം വളയുകയും പുറത്തേക്ക് വലിച്ചിട്ട് ആക്രമിക്കുകയും പാകിസ്താനിലേയ്ക്ക് മടങ്ങി പോകൂ എന്നലറുകയും ചെയ്തു. ജനിച്ചു വളര്‍ന്ന മണ്ണില്‍ സ്വന്തം വിശ്വാസത്തി​​​െൻറ പേരില്‍ അന്യയായിപ്പോയ ഒരേയൊരു മുസ്​ലിം അല്ല അംബ്രീന്‍ഖാന്‍.

തബ്​ലീഗ് സമ്മേളനം കഴിഞ്ഞ് വന്ന മെഹബൂബ് അലി എന്ന ഇരുപത്തിരണ്ടുകാരനെ നിര്‍ദാക്ഷിണ്യം മര്‍ദിച്ചത് ഹിന്ദുക്കള്‍ക്ക് കൊറോണ വൈറസ് പകര്‍ത്താനുള്ള ഇസ്​ലാമിക ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചാണ്. ചോരയില്‍ കുളിച്ച് കിടന്ന അലിയെ ഹോസ്പിറ്റലില്‍ കൊണ്ട്പോകാന്‍ പോലും അനുവദിച്ചില്ല. പകരം അടുത്തുള്ള അമ്പലത്തില്‍ കൊണ്ട് പോയി ഇസ്​ലാം മതം ഉപേക്ഷിക്കാനും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും നിര്‍ബന്ധിച്ചു. രോഗ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹോസ്പിറ്റലില്‍ നിരീക്ഷണത്തിലിരുന്ന ഒരു ഇന്ത്യന്‍ പൗര ​​​െൻറ അവസ്ഥയാണിത്. അലിയും കുടുംബവും അനുഭവിച്ച പീഡനങ്ങള്‍ക്ക് ഒറ്റ കാരണമേയുള്ളൂ, അലി ഒരു ഇസ്​ലാം മത വിശ്വാസിയാണെന്നത്. കര്‍ണാടകയില്‍ സയ്യദ് തബ്രെസ് എന്ന യുവാവും മാതാവ് സറീന്‍ താജും ഉള്‍പ്പെടെ ഏഴ് മുസ്​ലിം വളണ്ടിയര്‍മാര്‍ ആക്രമിക്കപ്പെട്ടത് നിര്‍ധനരായവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കാന്‍ ശ്രമിച്ചതി​​​െൻറ പേരിലായിരുന്നു. തബ്​ലീഗ്  അജണ്ട പ്രകാരം റേഷനില്‍ തുപ്പിക്കൊണ്ട് കൊറോണ പരത്തുന്ന തീവ്രവാദികള്‍ ആണെന്ന ആരോപണമാണ് അവര്‍ കേള്‍ക്കേണ്ടിവന്നത്. മുസ്​ലിംകളുമായി സാഹോദര്യത്തിന് നില്‍ക്കുന്ന ഹിന്ദുവിന് ആയിരം രൂപ വരെ ഫൈന്‍ പ്രഖ്യാപിക്കുമെന്ന് മംഗളൂരുവിലെ ഒരു പഞ്ചായത്ത് പ്രസിഡൻറ് പറയുന്ന വീഡിയോകള്‍ പ്രചരിപ്പിക്കപ്പെട്ടതും ഈ കാലത്താണ്.

ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ആയിരുന്ന കോഫീ അന്നന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് പോലെ 'വംശഹത്യ അരങ്ങേറ്റം കുറിക്കുന്നത് ഒരു മനുഷ്യ ​​​െൻറ കൊലയില്‍ നിന്നാകാം - അവ ​​​െൻറ ചെയ്തികളുടെ പേരിലാവില്ല ആ കൊല. പകരം അവന്‍ ആരാണെന്നതി​​​െൻറ പേരിലാവും.' ഫാഷിസം കിരീടവും ചെങ്കോലുമണിഞ്ഞ ഇന്ത്യയില്‍, ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാകാന്‍ ഒരൊറ്റ കാരണം മതി- അവന്‍ മുസ്​ലിം നാമധാരിയാണെന്ന ഒരൊറ്റ കാരണം. അതിവായന എന്നു തോന്നുന്നുവെങ്കില്‍ മധ്യപ്രദേശില്‍ നിന്ന് ഏറ്റവും പുതുതായി വന്ന വാര്‍ത്ത നോക്കുക. ദീപക് ബുന്‍ദേലെ എന്ന അഭിഭാഷകനെ ആശുപത്രിയിലേക്കു പോകുന്ന വഴി പൊലീസ് ക്രൂരമായി  മര്‍ദ്ദിക്കുന്നു. അയാള്‍ പരാതിപ്പെടുന്നു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ട് അയാളോട് പോലീസ് പറയുന്ന ന്യായീകരണം അയാളുടെ നീണ്ട താടി കണ്ട് മുസ്​ലിമാണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാണ് എന്നാണ്.

ഉദാഹരണങ്ങള്‍ അനവധിയുണ്ട്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി മുദ്ര കുത്തി സര്‍വം സ്വസ്ഥം എന്നു കരുതാനാവില്ലെന്ന പാഠം മോദിഭാരതം പഠിപ്പിക്കുന്നുണ്ട്. അഖ്ലാക്കി​​​െൻറ കൊലപാതകം ഇസ്ലാമോഫോബിയയില്‍ ഉടലെടുത്ത ഒരു കിംവദന്തിയില്‍ നിന്നായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യ സാക്ഷ്യം വഹിച്ച പശുവി​​​െൻറ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പാര്‍ശ്വവല്‍കൃത ​​​െൻറ ചോരയിലും മാംസത്തിലും അധികാരത്തി​​​െൻറ പടവുകള്‍ കെട്ടിപ്പടുക്കുന്ന ഒരു ഭരണകൂടത്തി​​​െൻറ പിന്തുണയുണ്ടെന്ന ധൈര്യത്തി ​​​െൻറ ഉപോല്‍പ്പന്നമായിരുന്നു.

വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയിലേക്ക് നയിച്ചതി ​​​െൻറ നിരവധി ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. മ്യാന്മറില്‍ 2017ല്‍ ബുദ്ധമത വിശ്വാസികള്‍ റോഹിങ്ക്യന്‍ മുസ്​ലിംകള്‍ക്കെതിരെ നടത്തിയ വംശഹത്യയ്ക്ക് അരങ്ങൊരുക്കിയത് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടന്ന വിദ്വേഷ കാമ്പയിൻ ആയിരുന്നു. ദേശീയവാദി ഗ്രൂപ്പായ മാ ബാ തായുടെ അനുയായികളുടെ വിദ്വേഷ പോസ്റ്റുകളില്‍ ഉണ്ടായ വന്‍കുതിപ്പ് എങ്ങിനെയാണ് റോഹിങ്ക്യന്‍ മുസ്​ലിംകളുടെ കൂട്ട പലായനത്തിന് വഴിവെച്ചത് എന്ന് ഡിജിറ്റല്‍ മീഡിയാ ഗവേഷകനും  അനലിസ്റ്റുമായ റെയ്മണ്ട് സെറാട്ടോ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സമാന സാഹചര്യം ഇവിടെ പല തവണ ഉണ്ടായിക്കഴിഞ്ഞു. സത്യാനന്തര രാഷ്ടീയം അതി​​​െൻറ എല്ലാ സാധ്യതകളും ഇന്ത്യന്‍ ഭൂമികയില്‍  ഉപയോഗപ്പെടുത്തി കഴിഞ്ഞു.

'കൊറോണ ജിഹാദ്' എന്ന ഹാഷ് ടാഗ് 300,000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്, 165 മില്യണ്‍ ജനങ്ങളിലേക്ക് അത് എത്തിയതായി കണക്കാക്കപ്പെടുന്നു. മുസ്​ലിംകള്‍ക്കെതിരെ ഇക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട എഴുപതോളം വ്യാജ വീഡിയോകളുടെ ലിസ്റ്റാണ് മീഡിയ സ്‌കാനര്‍ എന്ന ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോം പുറത്തു വിട്ടത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോയേജര്‍ ഇന്‍ഫോസെക് എന്ന ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ലാബ് ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ മുസ്​ലിം സമൂഹത്തെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ നിര്‍മിക്കപ്പെട്ട നൂറുകണക്കിന് ടിക്ടോക്ക് വീഡിയോകളുടെ കാര്യം പരാമര്‍ശിക്കുന്നു. മതം തിരിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ലോക്ക്ഡൗണ്‍ ചര്‍ച്ചകള്‍ എങ്ങിനെയാണ് അപര വിദ്വേഷത്തിലേക്ക് വഴിമാറിയതെന്ന് മിഷിഗണ്‍ യൂനിവേഴ്സിറ്റി പ്രൊഫെസര്‍ ജിയോജിത്ത് പല്‍ നടത്തിയ പഠനം കൃത്യതയോടെ വിശദീകരിക്കുന്നുണ്ട്.

കര്‍ണാടക ദിനപ്പത്രങ്ങള്‍ വളരെ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടി​​​െൻറ കാര്യം കൂടി ഇവിടെ ഓര്‍ക്കണം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് ഓട്ടോറിക്ഷയില്‍ പോയ മൂന്നു പേരെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. പൊലീസ് കൈകാണിച്ചപ്പോള്‍ 'ഞങ്ങള്‍ മുസ്​ലിംകളാണ്. കൊറോണ ബാധിതരാണ്. ഞങ്ങളെ പിടിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കൊറോണ പരത്തി നിങ്ങളെ കൊല്ലും.' എന്ന് ഭീഷണി മുഴക്കി എന്നായിരുന്നു വാര്‍ത്ത. 'മുസ്​ലിം ജിഹാദി'കളുടെ കൊടും ക്രൂരത എന്ന നിലയ്ക്കു വന്ന വാര്‍ത്ത പക്ഷേ, ഒരു കാര്യം മറച്ചുവെച്ചു, അവരുടെ പേരുകള്‍- മഹേഷ്, അഭിഷേക്, ശ്രീനിവാസ്.  
 
ജയിലറകളും പട്ടിണിയും; ആയുധങ്ങള്‍ പല വിധം
സാമ്പത്തികമായി മുസ്​ലിംകളെ തളര്‍ത്തുക എന്ന ദീര്‍ഘകാല അജണ്ട നടപ്പാക്കുന്നതിനും മഹാമാരിയുടെ അവസരം ഉപയോഗിക്കപ്പെട്ടു. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം മുസ്​ലിംകളാണ് സ്ഥിരവേതനം പറ്റുന്ന ജോലികളില്‍ ഉള്ളത്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അനുസരിച്ച് സിവില്‍ സര്‍വീസ് മേഖലയിലും മറ്റ് ഗവണ്മ​​​െൻറ് മേഖലകളിലും ഉള്ള  മുസ്​ലിം ഉദ്യോഗസ്ഥര്‍ നാല് ശതമാനത്തിലും താഴെ ആണ്. 2019ല്‍ വന്ന 2017-18 ലെ 'ദി പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ' അനുസരിച്ച് തൊഴില്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ ഭാഗധേയം മുസ്​ലിം സമുദായത്തിേൻറതാണ്. ഭൂരിപക്ഷം മുസ്​ലിം സമുദായ അംഗങ്ങളും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരും സ്വയം തൊഴിലെടുക്കുന്നവരും കരാര്‍ ജോലിക്കാരുമാണ് എന്ന സാദ്ധ്യത ഉപയോഗിച്ചാണ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. അവരുടെ തൊഴില്‍ സാധ്യതകളെയും അതിജീവനത്തെയും തടസ്സപ്പെടുത്തി സാമ്പത്തികമായി തളര്‍ത്തുക തന്നെയായിരുന്നു ലക്ഷ്യം. മുസ്​ലിം പഴ, പച്ചക്കറി കച്ചവടക്കാരെ കൊറോണ വാഹകരായി ചിത്രീകരിക്കുന്ന ഓഡിയോ ക്ലിപ്പ് വാട്ട്സപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ അവരുടെ വില്‍പ്പന തീരെക്കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുസ്​ലിം ക്ഷീര കര്‍ഷകരില്‍നിന്ന് പാല്‍ വാങ്ങരുതെന്ന് പഞ്ചാബിലെ സിഖ് ആരാധനാലയങ്ങളില്‍ പൊതു അറിയിപ്പ് ഉണ്ടായതും കൃഷ്ണ നദിയില്‍ മീന്‍ പിടിക്കാന്‍ പോയ മുസ്ലിം മല്‍സ്യ തൊഴിലാളികള്‍ അടിച്ചോടിക്കപ്പെട്ടതും, പഞ്ചാബിലെ മുസ്​ലിം ക്ഷീര കര്‍ഷകര്‍ക്ക് നൂറുകണക്കിന് ലിറ്റര്‍ പാല്‍ നദിക്കരയില്‍ ഒഴിച്ച് കളയേണ്ടി വന്നതും രാജ്യത്തി​​​െൻറ പല ഭാഗങ്ങളിലും മുസ്​ലിം കര്‍ഷകരും, കച്ചവടക്കാരും, ട്രക്ക് ഡ്രൈവര്‍മാരും എല്ലാം  ആക്രമിക്കപ്പെട്ടതും ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇസ്​ലാം മത വിശ്വാസികളുടെ ജീവിതസന്ധാരണത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. പലയിടത്തും റെസിഡന്‍ഷ്യല്‍ കോളനികളില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കി ബോര്‍ഡുകള്‍  പ്രത്യക്ഷപ്പെട്ടു. മുസ്​ലിം കച്ചവടക്കാരുടെ കടകള്‍ മാത്രം അടപ്പിക്കപ്പെട്ടു. ചെന്നൈയില്‍ ഒരു ബേക്കറി ഉടമ തന്റെ കടയില്‍ മുസ്​ലിം തൊഴിലാളികള്‍ ഇല്ലെന്ന് പരസ്യം ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ മുസ്​ലിം ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ട ഒരു പാല്‍ കച്ചവടക്കാരന്‍ ഉള്‍പ്പെടെ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ മുസ്​ലിം കച്ചവടക്കാരും കര്‍ഷകരും സാമൂഹ്യ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കണം.  ഹിമാചല്‍ പ്രദേശില്‍ തന്നെ ദില്‍ഷാദ് അഹമദ് എന്ന യുവാവ് തബ്ലീഗ് ജമാത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തി എന്നതി​​​െൻറ പേരില് പരിശോധന ഫലം നെഗറ്റീവ് ആയതിനു ശേഷവും സാമൂഹിക വിലക്കിനും പീഡനത്തിനും ഇരയായി ജീവനൊടുക്കുകയുണ്ടായി. രോഗലക്ഷണം പ്രത്യക്ഷപ്പെടുമ്പോള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും ചികിത്സ തേടുന്നതില്‍നിന്നും മാറിനില്‍ക്കേണ്ട മാനസികാവസ്ഥയാണ് ഇതെല്ലാം ചേര്‍ന്ന് മുസ്​ലിംകളില്‍ സൃഷ്ടിക്കപ്പെട്ടത്. ഓരോ മനുഷ്യനും കോവിഡി​​​െൻറ ഇരകളായി മാറുന്നതി​​​െൻറ ഭീതിയില്‍ നിൽക്കുമ്പോഴാണ് ഇന്ത്യയില്‍ മുസ്​ലിംകള്‍ ഇരട്ടി ഭയത്തി​​​െൻറ പിടിയിലായത്.

ഭരണകൂടത്തി​​​െൻറ ഇസ്ലാമോഫോബിയക്ക് അവിടെയും താഴ് വീഴുന്നില്ല. ലോക്ക്ഡൗണ്‍ ദുരിതങ്ങള്‍ക്കിടയിലും മുസ്​ലിം വേട്ട നിര്‍ബാധം തുടരുകയാണ് മോദി ഭരണകൂടം. പൗരത്വനിയമത്തിനെതിരെ പോരാടിയതി​​​െൻറ പേരില്‍ വിദ്യാര്‍ഥികളടക്കം കരി നിയമങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെടുകയാണ്. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ തുടങ്ങിയ ജാമിഅ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷിഫാഉര്‍ റഹ്മ, ഗുല്‍ഷിഫാ, ചെങ്കിസ് ഖാന്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ആക്റ്റിവിസ്റ്റുകളായ ഇഷ്റത് ജഹാന്‍, ഖാലിദ് സൈഫി, കശ്മീരില്‍ നിന്നുള്ള ഫോട്ടോജേണലിസ്റ്റ് മസ്റത്ത് സഹ്രാ ഇവരെല്ലാം രാജ്യദ്രോഹികളായും കൊലയാളികളായും കലാപകാരികളായും ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയവരായും മുദ്ര കുത്തപ്പെട്ട് ജയിലിലടക്കപ്പെട്ടു. മുസ്​ലിം ചെറുപ്പക്കാരെ കൊറോണക്കാലത്ത് തെരഞ്ഞ് പിടിച്ച് ജയിലിലടക്കുന്ന ഡല്‍ഹി പൊലീസി​​​െൻറ നടപടിക്കെതിരെ നോട്ടീസ് അയച്ച ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്​ലാമിനെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാനും ശ്രമം നടക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ വെറുപ്പി​​​െൻറ വിത്തുകള്‍ വിതറി ഡല്‍ഹി കലാപത്തിന് തിരി കൊളുത്തിയ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, സംഭാജി ഭീഡേ, മിലിന്ദ് എക്ബോട് തുടങ്ങി പലരും ഭരണകൂട സംരക്ഷണയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തുടരുമ്പോഴാണ് ഗര്‍ഭിണിയായ സഫൂറ പോലും ഏകാന്ത തടവിനയക്കപ്പെടുന്നത്, സ്ത്രീയെന്ന നിലയിൽ വെര്‍ബല്‍ റേപ്പിന് വിധേയയാകുന്നത്. ആയുധങ്ങളോട് കൂടെ പിടിക്കപ്പെട്ട മനീഷ് സിരോഹിയെ പോലുള്ളവര്‍ക്ക് ജാമ്യം ലഭിക്കുമ്പോഴും വ്രതകാലത്ത് കഫീല്‍ ഖാനടക്കം ഉള്ളവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെടുന്നത്.

ഡല്‍ഹി വംശഹത്യ ഇരകളും അവരുടെ കുടുംബങ്ങളും ഈ ലോക്ക്ഡൌണ്‍ കാലത്തും കളളകേസുകള്‍ക്ക് ഇരയാവുകയാണ്. വ്യാപക അറസ്റ്റും അനധികൃത കസ്റ്റഡിയും പീഡനവും തുടരുകയാണ്. കൂട്ടം കൂടാനോ  സംഘടിക്കാനോ കഴിയാത്ത അവസ്ഥയില്‍ ആരും പ്രതിഷേധിക്കില്ല എന്ന ഉറപ്പിലാണ് പൊലീസ് വേട്ട തുടരുന്നത്. കോടതികള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നിയമസഹായം പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. കൊറോണ ഭീതിയില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം  ജയിലുകള്‍ ഒഴിപ്പിക്കുന്ന സമയത്താണ് ഡല്‍ഹി പോലീസ് നിരപരാധികളെ കൊണ്ട് ജയില്‍ നിറയ്ക്കുന്നത്. കലാപത്തില്‍  തങ്ങള്‍ക്ക് കൊല്ലാന്‍ കഴിയാത്തവരെ ജയിലിലടച്ച് ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗം. ഗൃഹനാഥന്മാരും ആണ്‍മക്കളും ലോക്ക്ഡൗണ്‍ കാലത്ത് ജയിലിലാകുമ്പോള്‍ നിരാലംബരായി പോകുന്ന സ്ത്രീകളും കുട്ടികളും പട്ടിണിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തി​​​െൻറ പല ഭാഗത്തും  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ മുസ്​ലിം ന്യൂനപക്ഷത്തിനെതിരെ അതിക്രമങ്ങള്‍ അഴിച്ചു വിടുകയാണ് പൊലീസ്.

ഗുജറാത്തിലെ ഷാപൂരില്‍ മുസ്​ലിം വിഭാഗത്തെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നതായും ഗര്‍ഭിണികളെ വരെ തല്ലിച്ചതക്കുന്നതായും ദി ക്വിൻറ് റിപ്പോര്‍ട് ചെയ്തിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങി​​​െൻറ നിര്‍ദേശങ്ങള്‍ ഇതിനൊന്നും തടസ്സമാവുന്നേയില്ല. ഹരിയാനയില്‍ ഒരു പടി കൂടെ കടന്നു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. മാധ്യമപ്രവര്‍ത്തകനായ സയ്യിദ് അലി അഹമ്മദ് റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ജാട്ട് സമുദായംഗങ്ങള്‍ മുസ്​ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് ക്ഷേത്രങ്ങളില്‍ കൊണ്ട് പോയി മതം മാറ്റുകയും ഗോമൂത്രം കുടിപ്പിക്കുകയും ചെയ്തു. മുസ്​ലിം സ്ത്രീയുടെ മൃതദേഹം അവരുടെ  വിശ്വാസപ്രകാരം മറവ് ചെയ്യാന്‍ അനുവദിക്കാതെ ഹൈന്ദവാചാരമനുസരിച്ച് ദഹിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗം നേരിടുന്ന പരീക്ഷകളുടെ കടുത്ത ഘട്ടം.

കൊറോണ പോയാലും ബാക്കിയാവുന്ന വൈറസുകള്‍
കൊറോണ കാലം മുസ്​ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതത്വവും ഭീതിയും കൂട്ടുമ്പോഴും ഐക്യരാഷ്ട്രസഭയും മറ്റ് മനുഷ്യാവകാശ സംഘടനകളും ലോക രാജ്യങ്ങളും ഇന്ത്യയിലെ വംശീയാധിക്ഷേപങ്ങളെ അപലപിക്കുമ്പോഴും കൊറോണ വൈറസിനു മുന്നില്‍ വംശം, മതം, വര്‍ണം, ജാതി, ഭാഷ തുടങ്ങിയ അതിരുകള്‍ ഒന്നുമില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള ട്വീറ്റില്‍ പ്രതികരണം ഒതുക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.

നാസി ജര്‍മനി ജൂതരുടെ സിവില്‍ സര്‍വീസ് എന്‍ട്രി  നിഷേധിക്കാന്‍ നടപ്പിലാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങള്‍, സംഘടനകളിലും മറ്റും ആര്യന്മാരല്ലാത്തവരെ പുറം തള്ളുന്ന  ആര്യന്‍ പാരഗ്രാഫ് എന്ന വ്യവസ്ഥ, പരസ്യമായ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍, വ്യാജ പ്രചരണങ്ങള്‍, വംശ ശുദ്ധീകരണ സിദ്ധാന്തങ്ങള്‍- എല്ലാത്തി​​​െൻറയും ഇന്ത്യന്‍ പതിപ്പുകൾ നാം കണ്ടുകഴിഞ്ഞു. അക്കാലം ജൂതന്മാരെ ബാക്ടീരിയ എന്നു വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മുസ്​ലിമിനെതിരെ ഉയരുന്നത് ചിതല്‍ പോലുള്ള പ്രയോഗങ്ങളാണ്. ലോക്ക്ഡൗണ്‍ തുടക്കത്തില്‍ അരുന്ധതി റോയ് ചൂണ്ടിക്കാട്ടിയത് പോലെ, ഹോളോകോസ്റ്റ് കാലത്ത് നാസികള്‍ ജൂതരെ വേട്ടയാടാന്‍ ടൈഫസ് വൈറസിനെ ഉപയോഗിച്ച അതേ അവസ്ഥയാണ് ഇന്ത്യയില്‍.

ഹര്‍ഷ് മന്ദിര്‍ എഴുതിയത് പോലെ 'ഇന്ത്യയിലെ മറ്റ് ജനങ്ങള്‍, ലോകത്ത് ഒരു ഭരണകൂടത്തിനും അതിജയിക്കാനാവാത്ത പകര്‍ച്ചവ്യാധിയോട്, അതുയര്‍ത്തുന്ന നഷ്ടങ്ങളോട്, ഭയത്തോട്, പലായനങ്ങളോട്, തൊഴിലില്ലായ്മയോട്, പട്ടിണിയോട് എല്ലാം പടപൊരുതുമ്പോള്‍ ഇന്ത്യന്‍ മുസ്ലിം ഇതിനോടൊപ്പം ചെറുക്കേണ്ടി വരുന്നത് തങ്ങളുടെ അയല്‍ക്കാരില്‍നിന്നുള്ള തീവ്രവും അങ്ങേയറ്റം യുക്തിരഹിതവുമായ വെറുപ്പിനെ' കൂടിയാണ്. നിശ്ശബ്ദമായ ഒരു വംശീയ വിവേചനമാണ് ഇന്ത്യയില്‍ എന്ന് പോലും തിരിച്ചറിയപ്പെടാതെ പോകുകയാണ്. ഡിറ്റന്‍ഷന്‍ സ​​​െൻററുകളിലെ ഭാവിജീവിതം മുന്നില്‍ കണ്ട് ആധി വിഴുങ്ങുന്ന ഒരു ജനതയുടെ മേല്‍ സങ്കല്‍പ്പാതീതമായ ക്രൂരതകളാണ് നടമാടുന്നത്. ഇങ്ങ് കേരളത്തില്‍ പോലും ഇസ്ലാമോഫോബിയ നോര്‍മലൈസ് ചെയ്യപ്പെട്ടതി​​​െൻറ വ്യക്തമായ ഉദാഹരണമാണ് കേരള പി.എസ്.സിയുടെ ആ ചോദ്യപേപ്പര്‍. ഇസ്ലാമോഫോബിയയ്ക്ക് പ്രതിരോധ ആഖ്യായിക ഉയര്‍ന്നു വരേണ്ട കേരളത്തിലാണ് എന്‍. ഗോപാലകൃഷ്ണനെ പോലുള്ളവര്‍ ആൻറി മുസ്​ലിം വൈറസിനെ തുറന്നു വിടുന്നത്.

അതെ, വെറുപ്പി​​​െൻറ വ്യവഹാരം ഉച്ചസ്ഥായിയില്‍ തന്നെ നീങ്ങുകയാണ്. കൊറോണ വൈറസ് വ്യാപനം അപരവത്കരണത്തിന് ഒരു പുതിയ സാധ്യത കൂടെ തുറക്കുകയാണ്. ഡല്‍ഹി വംശഹത്യയ്ക്ക് വഴിവെച്ച പ്രസംഗങ്ങള്‍ വമിപ്പിച്ച വര്‍ഗീയ വിഷ കണികകള്‍  ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. വൈറസിനെക്കാള്‍ മാരക പ്രഹര ശേഷിയുള്ളതാണ് ഈ വില്ലന്‍. ആ കുഞ്ഞന്‍ വൈറസിനെ പോലെ സമത്വ ഭാവനയില്ലാത്തത്. പ്രത്യേക മത വിഭാഗത്തില്‍ പെട്ടവരെ മാത്രം അപകടകരമാം വിധം ലക്ഷ്യം വെയ്ക്കുന്നത്. കൊറോണ പോയാലും ബാക്കി നില്‍ക്കുന്നത്.
****
ഭാഗം 1: നിശ്ശബ്ദ വംശഹത്യകള്‍; കൊറോണക്കാലം മുസ്ലിംകളോട് ചെയ്തത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.