ഹിമാചലിലും കോൺഗ്രസിന് കഷ്ടപ്പാടുതന്നെ

ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് നാളുകൾ അടുക്കുന്നു. മഞ്ഞുവീഴ്ച ദിനങ്ങൾ കണക്കിലെടുത്താവും തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് എന്നായാലും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. കേന്ദ്രനേതൃത്വം ഇവിടത്തെ പ്രചാരണ പ്രക്രിയകളിൽ കാര്യമായി പങ്കുചേരുന്നതേയില്ല, സംസ്ഥാന നേതൃത്വത്തെയൊട്ട് വിശ്വാസത്തിലെടുക്കുന്നുമില്ല. ഫണ്ടിന്റെ അപര്യാപ്തത കൂടി ആവുന്നതോടെ തെരഞ്ഞെടുപ്പിലെ പ്രകടനം ശോകമൂകമായേക്കും എന്ന സൂചനയാണിപ്പോൾ. പാർട്ടി നേരിടുന്ന ദുരവസ്ഥയും കേന്ദ്രനേതൃത്വത്തോടുള്ള അസന്തുഷ്ടിയും സംസ്ഥാന പ്രസിഡൻറ് പ്രതിഭ സിങ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

മറുവശത്ത് പ്രചാരണ ഒരുക്കങ്ങൾ തകൃതിയാണ്. സംസ്ഥാന ഭരണം തുടർച്ചയായി കൈവശംവെച്ചുപോരുന്ന ബി.ജെ.പി മാത്രമല്ല, ഡൽഹിയിലും പഞ്ചാബിലുമെന്നപോലെ കോൺഗ്രസിന്റെ സ്ഥാനം കൈയടക്കാനൊരുങ്ങി ആം ആദ്മി പാർട്ടിയും സജീവം. മുതിർന്ന നേതാക്കൾ സംസ്ഥാനം സന്ദർശിക്കുകയും കാമ്പയിനുകൾക്ക് തുടക്കമിടുകയും ചെയ്തുകഴിഞ്ഞു.

കോൺഗ്രസിനുമുന്നിൽ വെല്ലുവിളികൾ പലത്

ഈവർഷം ആദ്യം അയൽസംസ്ഥാനമായ ഉത്തരാഖണ്ഡിൽ നേരിടേണ്ടിവന്ന പരാജയത്തിൽനിന്നുപോലും കോൺഗ്രസ് പാഠം പഠിച്ചിട്ടില്ല. അവിടെയും കോൺഗ്രസിലെ പാളയത്തിൽപടയാണ് ഭരണവിരുദ്ധ വികാരം നിലനിൽക്കെപ്പോലും ബി.ജെ.പിയുടെ തിരിച്ചുവരവ് എളുപ്പമാക്കിക്കൊടുത്തത്.രാജ സാഹേബ് എന്നു വിളിക്കപ്പെട്ടിരുന്ന മുൻ കോൺഗ്രസ് മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ അഭാവത്തിലാണ് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് എന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ വേദന. നാലുതവണയായി സംസ്ഥാനത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രിപദം വഹിച്ച ആ സമുന്നത നേതാവ് കഴിഞ്ഞവർഷമാണ് മരണപ്പെട്ടത്.

സിങ്ങിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ വിധവ പ്രതിഭ സിങ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. എന്നാൽ, പാർട്ടിയുടെ നിലവിലെ ഏറ്റവും വലിയ മുഖങ്ങളായ രാഹുൽ ഗാന്ധിയോ പ്രിയങ്കയോ ഹിമാചലിലെ നേതാക്കൾക്കു മുഖംകൊടുക്കുന്നതുപോലുമില്ല, സംസ്ഥാന നേതാക്കൾക്കിടയിൽ അതൃപ്തി പടരാൻ വേറെയെന്തു വേണം. ഹിമാചൽ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം മുതിർന്ന നേതാവ് ആനന്ദ് ശർമയും കഴിഞ്ഞമാസം രാജിവെച്ചൊഴിഞ്ഞു. ജി 23 എന്നറിയപ്പെടുന്ന വിമത നേതാക്കളിൽ ഉൾപ്പെടുന്നയാളാണ് ശർമ.

ബി.ജെ.പിയുടെ പക്കൽ കൈയയച്ച് ചെലവഴിക്കാനുള്ള പണമുണ്ട്. ആം ആദ്മിക്കും ഫണ്ടിന് പഞ്ഞമില്ല. ഫണ്ട് അപര്യാപ്തത പ്രശ്നംതന്നെയാണെങ്കിലും ആം ആദ്മി കോൺഗ്രസിനെ മറികടന്നേക്കുമെന്ന വാദത്തിൽ കഴമ്പില്ലെന്ന് പ്രതിഭ സിങ് വിശ്വസിക്കുന്നു. എന്നാൽ, ഈ വിശ്വാസം പാർട്ടിയെ രക്ഷിക്കാനിടയില്ല. പഞ്ചാബിലെ മിന്നുന്ന വിജയശേഷം സംസ്ഥാനവുമായി അതിർത്തിയും സംസ്കാരവും പങ്കിടുന്ന ഹിമാചലിൽ കാര്യമായി കണ്ണുവെച്ചിട്ടുണ്ട് ആം ആദ്മി പാർട്ടി. കോൺഗ്രസ് ദുർബലപ്പെടുന്ന സംസ്ഥാനങ്ങളിൽ പടർന്നുകയറുന്ന പതിവുവെച്ചുനോക്കുമ്പോൾ ഹിമാചലിൽ അവർ മോശമാവില്ല എന്നാണ് കരുതേണ്ടത്.

ബദൽ തേടുന്നവർ ആപ്പിനെ തുണക്കുമോ?

ആം ആദ്മി പാർട്ടിയുടെ പരിശ്രമങ്ങൾക്ക് സഹായകമായേക്കാവുന്ന ചില ഘടകങ്ങൾ സംസ്ഥാനത്തുണ്ട്. കോൺഗ്രസിന്റെ ദുർബലാവസ്ഥതന്നെ അതിൽ മുഖ്യം. നിലവിൽ ഭരിക്കുന്ന ബി.ജെ.പിക്ക് ഇനി വോട്ട് ചെയ്യേണ്ടതില്ല എന്നു കരുതുന്നവർക്ക് മുന്നിൽ ആപ് ഒരു ബദലായുണ്ട്.പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമാക്കിയേക്കും. സ്ത്രീകൾക്ക് ആയിരം രൂപ വീതം പെൻഷൻ, വയോധികർക്ക് തൊഴിലില്ലായ്മ വേതനവും സൗജന്യ തീർഥയാത്രയും തുടങ്ങി പത്തു വാഗ്ദാനങ്ങളാണ് ആപ് മുന്നോട്ടുവെക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയ മുൻനിര നേതാക്കളെല്ലാം ഇതിനകം ഹിമാചൽ സന്ദർശിച്ച് വോട്ടുറപ്പിക്കൽ തുടങ്ങി. സംസ്ഥാനത്തെ പഞ്ചാബി- സിഖ് വോട്ടർമാരെ ആകർഷിക്കാൻ പഞ്ചാബിൽനിന്നുള്ള നേതാക്കളെയും കളത്തിലിറക്കുന്നുണ്ട്.സംസ്ഥാനത്തെ 68 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അവർ മറ്റു രണ്ട് പ്രമുഖ പാർട്ടികൾക്കും മുമ്പുതന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കിയിരിക്കുന്നു.

കോൺഗ്രസ് പട്ടികയിൽ പുതുമുഖങ്ങൾ കുറയും

ഹിമാചലിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ യോഗം സോണിയ ഗാന്ധി കളിഞ്ഞദിവസം വിളിച്ചുചേർത്തിരുന്നു. ആനന്ദ് ശർമ, അംബിക സോണി, വീരപ്പമൊയ്ലി, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് യോഗത്തിൽ സംബന്ധിച്ചത്.കഴിഞ്ഞതവണ വിജയം കണ്ട 21 പേരെയും ഇക്കുറിയും അണിനിരത്താമെന്നുതന്നെയാണ് യോഗം തത്ത്വത്തിൽ അംഗീകരിച്ചത്. ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാത്രം ടിക്കറ്റ് എന്ന പ്രഖ്യാപനവും ഹിമാചലിൽ പാലിക്കാനിടയില്ല. പകരം ജയസാധ്യതക്ക് മുൻതൂക്കം നൽകാനാണ് തീരുമാനം.

ബി.ജെ.പിക്ക് ജയിച്ചേ തീരൂ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടി ഭരണം പിടിച്ച ബി.ജെ.പി ഭരണത്തുടർച്ച ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് കളത്തിലറങ്ങുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണ ഒരുക്കങ്ങളെല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹിമാചലുകാരായ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാകുർ തുടങ്ങിയവർ അടിക്കടി ഇവിടെയെത്തി കാര്യങ്ങൾക്ക് ചുക്കാൻപിടിക്കുന്നു.

ഈമാസം 24ന് മണ്ഡിയിൽ നടന്ന യുവ വിജയ് സങ്കൽപ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. മണ്ഡി റാലിയിൽ മോദി പങ്കെടുക്കുമെന്നായിരുന്നു തീരുമാനമെങ്കിലും മഴയെ തുടർന്ന് പ്രസംഗം ഓൺലൈനിലാക്കി. പാർട്ടിക്ക് വീണ്ടുമൊരു അവസരം നൽകാൻ സംസ്ഥാനത്തെ യുവജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച മോദി മണ്ഡിയിൽ നേരിട്ടെത്താമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. 10 മണ്ഡലങ്ങളുൾക്കൊള്ളുന്ന മണ്ഡി മുഖ്യമന്ത്രി ജയ്റാം ഠാകുറിന്റെ നാടാണ്.

(നന്ദി: thewire.in)

Tags:    
News Summary - Congress is also suffering in Himachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.