തീരശോഷണത്തെ തുടർന്ന് വീടുകൾ തകർന്ന മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന വലിയ തുറയിലെ സിമന്റ് ഗോഡൗൺ

ഫോട്ടോ: അജിത് ശംഖുംമുഖം

മുഖ്യമന്ത്രീ, അദാനിക്ക് വേണ്ടിയല്ല ജനങ്ങൾക്കൊപ്പം നിൽക്കൂ

തിരുവനന്തപുരത്തെ തീരദേശം മുച്ചൂടും നശിപ്പിച്ചു കൊണ്ടുള്ള അദാനിയുടെ തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ സമരം നടത്തിവരുന്നതിനിടെ 'തീരശോഷണം ഉണ്ടായത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണ്' എന്ന് സംസ്ഥാന മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിക്കുകയുണ്ടായി. ഏത് ശാസ്ത്രീയ പഠന റിപ്പോർട്ട് ഉദ്ധരിച്ചാണ് അദ്ദേഹം അത് പറഞ്ഞത്?വിഴിഞ്ഞം വാണിജ്യ തുറമുഖപദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് പൂന്തുറയിലെ രണ്ട് മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾക്കൊപ്പം ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകിയയാളാണ് ഈ കുറിപ്പുകാരൻ.

2016 സെപ്റ്റംബർ 16ന് തീർപ്പാക്കിയ വിധിപ്രസ്താവത്തിൽ, പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഞങ്ങളുടെ അപേക്ഷ നിരസിച്ചെങ്കിലും ഓരോ വ്യവസ്ഥയും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു സ്വതന്ത്ര വിദഗ്ധസമിതിയെ നിയമിച്ചിരുന്നു. പദ്ധതി പ്രദേശത്തിന് ഇരുവശത്തും 10 കി.മീ ദൈർഘ്യത്തിൽ തീരരേഖ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചു പഠിക്കണമെന്നാണ് ഈ വിധി നിർദേശിച്ചിരുന്നത്. കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയിൽ പ്രത്യേക സെൽ സ്ഥാപിക്കണം, ഇതിന്റെ ചെലവ് പദ്ധതി നടത്തിപ്പുകാരിൽനിന്ന് ഈടാക്കണം, തീരരേഖ മാറ്റങ്ങളുടെ വാർഷിക റിപ്പോർട്ട് വിദഗ്ധസമിതി പരിശോധിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി ലഭ്യമാക്കണം എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ.

ആറു മാസം കൂടുമ്പോൾ മേൽപറഞ്ഞ വിദഗ്ധസമിതി ഈ പഠന റിപ്പോർട്ട് വിശകലനം ചെയ്ത് ഹരിത ട്രൈബ്യൂണലിന് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 10 കി.മീ അകലെ വരയുള്ള തീരത്ത് തീരശോഷണം നിരീക്ഷിക്കപ്പെട്ടാൽ പരിഹാരനടപടികൾ സ്വീകരിക്കണമെന്നും ഇതിനുള്ള ചെലവും പദ്ധതി നടത്തിപ്പുകാരിൽനിന്ന് ഈടാക്കണമെന്നും വിധിയിലുണ്ട്.ഈ വിധിയുടെ അടിസ്ഥാനത്തിൽ വിദഗ്ധസമിതി തുറമുഖം നിർമിക്കാൻ കരാറെടുത്ത അദാനിയുടെ കമ്പനിയോട് തീരശോഷണ പഠനത്തിന് ഏജൻസിയെ നിയോഗിക്കാൻ ആവശ്യപ്പെട്ടു.

ഇതിന് മുമ്പ് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വി.ഐ.എസ്.എൽ), അദാനി വിഴിഞ്ഞം തുറമുഖ കമ്പനി (എ.വി.പി.പി.എൽ), ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) എന്നിവർ ചേർന്ന് മൂന്നു വർഷം നീളുന്ന തീരശോഷണ പഠനത്തിന് ത്രികക്ഷി കരാറിലേർപ്പെട്ടിരുന്നു. അതുപ്രകാരം പദ്ധതി പ്രദേശത്തിന് ഇരുവശത്തുമായി 40 കി.മീ ദൈർഘ്യമുള്ള തീരത്ത് സംഭവിക്കുന്ന മാറ്റങ്ങൾ (തീരശോഷണവും തീരപോഷണവും) കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിക്കുന്നതിനുവേണ്ടി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി പഠിക്കണമെന്ന് നിശ്ചയിച്ചിരുന്നു. ഹരിത ട്രൈബ്യൂണലിന്റെ പുതിയ നിർദേശ പ്രകാരമുള്ള പഠനവും അദാനി അവരെ ഏൽപിക്കുകയാണ് ചെയ്തത്. ഇതുപ്രകാരമുള്ള തീരശോഷണ പഠനത്തിന്റെ നാല് വാർഷിക റിപ്പോർട്ടുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള കാലത്താണ് ആദ്യ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ടിൽ കോവളം മുതൽ പനത്തുറ വരെയും വലിയതുറ മുതൽ വെട്ടുകാട് വരെയും 2017 വർഷത്തിൽ തീരശോഷണം നടന്നതായി വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, അടിമലത്തുറ മുതൽ മുല്ലൂർ പോർട്ട് വരെയുള്ള ഭാഗത്ത് തീരം വെച്ചതായും (തീരപോഷണം) പറയുന്നു. രണ്ടാമത്തെ റിപ്പോർട്ടിൽ (2018 ഒക്ടോബർ മുതൽ 2019 സെപ്റ്റംബർ വരെ) ഉപസംഹാരത്തിലെ അന്തിമ പ്രസ്താവന വളരെ വിചിത്രമാണ്. വലിയതുറ, ശംഖുമുഖം, പൂന്തുറ എന്നീ തീരശോഷണമുള്ള മേഖലകളിൽ പോർട്ട് നിർമാണം തുടങ്ങിയ ഡിസംബർ 2015 ന് മുമ്പും പിന്നീടും ഒരേ നില തുടരുന്നു എന്നാണു് രേഖപ്പെടുത്തിയത്.

ഈ പ്രസ്‍താവന മുൻ വർഷത്തെ കണ്ടെത്തലിന് കടകവിരുദ്ധമാണ്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള മൂന്നാമത്തെ പഠന റിപ്പോർട്ട് രണ്ടാം റിപ്പോർട്ടിന്റെ ആവർത്തനമാണെന്ന് പറയാം.ഈ മൂന്ന് റിപ്പോർട്ടുകളും ഹരിത ട്രൈബ്യൂണൽ നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തിയതായി രേഖപ്പെടുത്തിക്കാണുന്നില്ല. 2020 ഒക്ടോബർ- 2021 സെപ്റ്റംബർ കാലയളവിലെ തീരത്തെ മാറ്റങ്ങൾ പഠിക്കുന്ന നാലാമത്തെ റിപ്പോർട്ട് അടുത്തിടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പല കാരണങ്ങളാലും ഈ റിപ്പോർട്ട് വളരെ പ്രധാനമാണ്.

അതിൽ ഏറ്റവും പ്രധാനം ഹരിത ട്രൈബ്യൂണൽ നിയമിച്ച വിദഗ്ധസമിതി നാലാമത്തെ റിപ്പോർട്ട് വിശകലനം ചെയ്തതായ സൂചനയുണ്ടെന്നതാണ്. ഈ വിദഗ്ധസമിതി പഠനം നടത്തിയ എൻ.ഐ.ഒ.ടി-യോട് പദ്ധതി പ്രദേശത്തിന് ഇരുവശത്തും 10 കി.മീ ദൈർഘ്യത്തിൽ ഏതെങ്കിലും വിധത്തിൽ പോർട്ട് നിർമാണം പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. വിദഗ്ധസമിതി ഇങ്ങനെ ആവശ്യപ്പെട്ടതിനാൽ, അതിന്റെ അടിസ്ഥാനത്തിൽ തീരത്തുണ്ടായ മാറ്റങ്ങൾ പട്ടികയായി നൽകിയിട്ടുണ്ട്.

ഇങ്ങനെയൊരു റിവ്യൂ ഇതാദ്യമായാണ്. 2015 മുതൽ 2021 വരെ തീരത്തിനുണ്ടായ മാറ്റങ്ങൾ രണ്ട് രീതികളിൽ പരിശോധിച്ച് ഗ്രാഫ് രൂപത്തിൽ നൽകി. ഗ്രാഫുകളുടെ പട്ടികയിൽ ആദ്യ കോളത്തിൽ ഫീൽഡിൽ നിന്ന് നടത്തിയ പരിശോധന പ്രകാരം കടൽതീരത്തെ മണലിന്റെ അളവിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകളാണ് കാണിക്കുന്നതെങ്കിൽ രണ്ടാമത്തെ കോളത്തിൽ സാറ്റലൈറ്റ് ഇമേജുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. വിഴിഞ്ഞത്തിന് തെക്ക് തീരപോഷണവും വടക്ക് തീരശോഷണവും ഈ കാലയളവിലുണ്ടായി എന്ന് ഈ പട്ടിക വ്യക്തമാക്കുന്നുണ്ട്.

2015 മുതൽ 2021 വരെ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് തെക്ക് പൂവാർ, അടിമലത്തുറ എന്നീ ഗ്രാമങ്ങളിലും, വിഴിഞ്ഞം പദ്ധതി പ്രദേശത്തും പദ്ധതി പ്രദേശത്തിന് വടക്ക് പൂന്തുറ, വലിയതുറ, ശംഖുമുഖം എന്നീ തീരഗ്രാമങ്ങളിലും തീരത്തിന് എന്ത് മാറ്റം സംഭവിച്ചുവെന്നാണ് ഗ്രാഫിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഗ്രാഫ് പ്രകാരം തെക്കുള്ള പൂവാർ, അടിമലത്തുറ എന്നീ ഗ്രാമങ്ങളിൽ തീരം കൂടിയതായി (accretion) കാണിക്കുന്നു. പദ്ധതി പ്രദേശത്തും തീരം കൂടിക്കൊണ്ടിരിക്കുന്നതായി കാണിക്കുന്നു. ഇതിന് കാരണം റിക്ലമേഷൻ (കടൽ നികത്തൽ) ആണെന്നും സൂചിപ്പിക്കുന്നുണ്ട്. അതേ സമയം പദ്ധതി പ്രദേശത്തിന് വടക്ക് പൂന്തുറയിലും വലിയതുറയിലും ശംഖുമുഖത്തും തീരം ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി (erosion) കാണിക്കുന്നു.

വടക്ക് തീരശോഷണവും തെക്ക് തീരപോഷണവും സംഭവിച്ചു എന്നുതന്നെയാണ് വ്യക്തമാക്കപ്പെട്ടത്. എന്നാൽ, ഇത് എടുത്തെഴുതുന്നതിൽ എൻ.ഐ.ഒ.ടി മനപ്പൂർവമായ അലംഭാവം കാട്ടി. പദ്ധതി നിർമാണ പ്രവൃത്തികൾക്ക് പകരം, 2015 മുതൽ 2021 വരെയുള്ള കാലയളവിൽ ഓഖി ഉൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ ഉണ്ടായെന്നും ഇതുകാരണം പദ്ധതി പ്രദേശത്തിന് ഇരുവശത്തെയും തീരങ്ങളിൽ മാറ്റങ്ങൾ ഉണ്ടായെന്നും സൂചിപ്പിക്കുന്നു. കാലാവസ്ഥ സംഭവങ്ങളായി പട്ടികയിൽ ഇടംപിടിച്ച മിക്കതും ബംഗാൾ ഉൾക്കടലിലുണ്ടായവയാണ്.

നിർമാണ പ്രവൃത്തികളുടെ വിവരങ്ങളിൽ 2015 ഡിസംബർ മുതൽ 2017 ഏപ്രിൽ വരെ ഓരോ മാസവും നടത്തിയ ഡ്രഡ്ജിങ്ങിൽ കുഴിച്ചെടുത്ത വസ്തുക്കളുടെ അളവും ഒപ്പം റിക്ലമേഷൻ നടത്തിയതിന്റെ അളവും നൽകിയിട്ടുണ്ട്. ആകെ ആവശ്യമായ 3.1 കി.മീ നീളത്തിലുള്ള പുലിമുട്ടിന്റെ 676 മീറ്റർ വരെ മാത്രം പൂർത്തിയാക്കിയെന്ന അടിസ്ഥാനത്തിലാണ് പോർട്ട് നിർമാണം പരിമിതമായി മാത്രമാണ് നടന്നത് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. തീരത്തുണ്ടായ മാറ്റങ്ങൾക്ക് പോർട്ട് നിർമാണവുമായി ബന്ധമില്ല എന്ന് സ്ഥാപിക്കാനാണ് പുലിമുട്ടിന്റെ നീളം 2019 നവംബർ മുതൽ 2021 മേയ് വരെയുള്ള കോളത്തിൽ രേഖപ്പെടുത്താതെ ശൂന്യമായി ഒഴിച്ചിട്ടിരിക്കുന്നത്.

അറബിക്കടലിലെ നിർമാണ പ്രവൃത്തിയെ സാധൂകരിക്കാൻ ബംഗാൾ ഉൾക്കടലിൽ നടന്ന ചുഴലിക്കൊടുങ്കാറ്റുകളും ന്യൂനമർദങ്ങളും വരെ വിശദമായി എടുത്തെഴുതിയ എൻ.ഐ.ഒ.ടി അധികൃതരാണ് പുലിമുട്ട് നീളം എഴുതിയിട്ടില്ലെന്നതും അറിഞ്ഞിരിക്കുക. 2022 മേയ് വരെ പുലിമുട്ട് 1100 മീറ്റർ വരെ പൂർത്തിയാക്കിയെന്ന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അവകാശപ്പെടുന്ന വാർത്തകൾ ഉണ്ടായിരുന്നു. വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളിലുണ്ടായെന്ന് സമ്മതിക്കുന്ന തീരശോഷണത്തിന് കാരണം ഓഖി പോലുള്ള ചുഴലിക്കാറ്റുകളാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം പോലും ഈ പഠന റിപ്പോർട്ടാണെന്ന് വ്യക്തമാവുകയാണ്.

കാലാവസ്ഥ സംഭവങ്ങൾ കാരണം തീരങ്ങളിലുണ്ടായ പ്രത്യാഘാതങ്ങൾ പഠിക്കണമെന്ന് വിദഗ്ധസമിതി ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ ഒരിടത്തും സൂചിപ്പിച്ചിട്ടില്ല.വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളിൽ തീരശോഷണം ഉണ്ടായിട്ടില്ലെന്ന് വിദഗ്ധസമിതിയോട് കള്ളം പറയാൻ എൻ.ഐ.ഒ.ടി-ക്ക് കഴിയില്ല. കാരണം വിദഗ്ധസമിതി അംഗങ്ങളുടെ പക്കൽ സാറ്റലൈറ്റ് ഇമേജുകൾ ലഭ്യമാണ്. അപ്പോൾ പിന്നെ പോർട്ട് നിർമാണം വേണ്ടത്ര നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനും പുതിയ കാരണമായി കാലാവസ്ഥ സംഭവങ്ങളെ കൂട്ടിച്ചേർക്കാനും നടത്തിയ ശ്രമങ്ങൾ അദാനിയെ സഹായിക്കാൻ വേണ്ടി മാത്രമെന്ന് വ്യക്തമാണ്.

കാരണം ഹരിത ട്രൈബ്യൂണൽ വിധി പ്രകാരം പോർട്ട് നിർമാണ പ്രവൃത്തികൾ തീരശോഷണത്തിന് കാരണമായെന്ന് കണ്ടെത്തിയാൽ, നിർമാണം നിർത്തിവെക്കണമെന്ന് മാത്രമല്ല, പരിഹാര നടപടികളുടെ സാമ്പത്തിക ബാധ്യതയും അദാനിയുടെ തലയിൽ വരും. പരിഹാര നടപടികളിൽ തീര ശോഷണത്തിന്റെ ഫലമായി വീടുകൾ നശിച്ചവർക്ക് നഷ്ടപരിഹാരം മാത്രമല്ല, നിർമിച്ച പുലിമുട്ട് പൊളിച്ചു നീക്കലും (എൻജിനീയറിങ് പരിഹാരം) വിദഗ്ധസമിതിക്ക് നിർദേശിക്കാൻ കഴിയും.അതുകൊണ്ടു മാത്രമാണ് കാലാവസ്ഥയെ കൂട്ടുപിടിച്ച് പോർട്ട് നിർമാണ പ്രവൃത്തികളെ ലഘൂകരിച്ച് അദാനിയെ രക്ഷിക്കാൻ ഈ റിപ്പോർട്ട് ശ്രമിക്കുന്നത്. അതേ വിചിത്രവും വസ്തുതകൾക്ക് നിരക്കാത്തതുമായ വാദമാണ് മുഖ്യമന്ത്രിയുടെ നാവിലൂടെയും പുറത്തു വരുന്നത്.

(കോസ്റ്റൽവാച്ച് പ്രതിനിധിയും കടൽ പരിസ്ഥിതി പ്രവർത്തകനും ഓഷ്യൻ ഗവേണൻസ് വിദഗ്ധനുമാണ് ലേഖകൻ)

Tags:    
News Summary - Chief Minister, stand with the people Not for Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.