ഫാസിസത്തി​െൻറ അറവുശാല പരീക്ഷണങ്ങൾ

കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ഈ വ്യാഴാഴ്ച ഇറക്കിയ ഉത്തരവിലൂടെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് പൊതുവിപണികളിലെ കന്നുകാലി വിൽപന നിയന്ത്രിച്ചു. ഇതിൻറെ ഫലമായി കന്നുകാലികളുടെ വില്‍ക്കല്‍ വാങ്ങലുകള്‍ കാര്‍ഷികാവശ്യത്തിനായി നിജപ്പെടുത്തുകയും ഭക്ഷ്യാവശ്യത്തിനായുള്ള കശാപ്പ് പൂർണമായും നിരോധിക്കുകയും ചെയ്തു. ഈ പുതിയ ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. കാലിക്കിടാവുകളെ വിൽപനക്ക് ചന്തയിലേയ്ക്ക് കൊണ്ടുവരാന്‍ പാടില്ല. 
2. സര്‍ക്കാര്‍ നിശ്ചയിച്ച രേഖകളില്ലാതെ വിൽനയും വാങ്ങലും സാധ്യമല്ല. 
3. കന്നുകാലികളെ കശാപ്പിനായല്ല ചന്തകളില്‍ കൊണ്ടുവരുന്നത് എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമായും വേണ്ടതാണ്. 
4. ഇത്തരത്തില്‍ ഹാജറാക്കിയ രേഖകള്‍ ആറുമാസം ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റികള്‍ സൂക്ഷിക്കേണ്ടതാണ്. 

എല്ലാവിധ കന്നുകാലികളും ഒട്ടകങ്ങളും ഈ ചട്ടത്തിന്‍ കീഴില്‍ വരും. ഈ ചട്ടത്തിൻറെ നിയമ സാധുത പലരും ഇതിനോടകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഭരണഘടനയില്‍ സ്​റ്റേറ്റ്​ ലിസ്​റ്റിലെ 15-ാം ഇനമായ മൃഗസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാരിന് നിയമം നിർമിക്കാനുള്ള അധികാരമുണ്ടോ എന്നതാണ് ചോദ്യം. എന്നാല്‍, തന്ത്രപരമായി കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ കണ്‍കറൻറ്​ പട്ടികയിലുള്ള 17-ാം ഇനമായ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പാക്കാനുള്ള നിയമനിർമിതിക്ക് കീഴിലാണ് ഈ ഉത്തരവ് കൊണ്ടുവന്നത്​.. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍കൂറായി ചര്‍ച്ചചെയ്യാന്‍ കരട് രൂപം നല്‍കിയെങ്കിലും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും അറിയുക എന്ന പ്രക്രിയ നടന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. 

പുതിയ ചട്ടപ്രകാരം രൂപം കൊള്ളുന്ന ജില്ലാ തല മേല്‍നോട്ട കമ്മിറ്റികളുടെ ചുമതലകള്‍ ഇപ്രകരമാണ്. 
1. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വിൽപനക്കാണ് മൃഗങ്ങളെ ചന്തയില്‍ കൊണ്ടുവന്നിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക. 
2. വാങ്ങുന്നയാള്‍ കര്‍ഷകന്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. 
കാര്‍ഷികാവശ്യത്തിനാണ് കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും എന്ന് തെളിയിക്കുന്ന രേഖകളുണ്ടാക്കിയെടുക്കാന്‍ നീണ്ട ഔദ്യോഗിക നടപടിക്രമങ്ങളിലൂടെയും ചുവപ്പ് നാടകളിലൂടെയും കര്‍ഷകര്‍ കടന്നുപോകേണ്ടി വരും. മൃഗസംരക്ഷക പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍ നിലയില്‍ വന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 

കര്‍ഷകരും ചെറുകിട മാംസവിൽപനക്കാരും
ആസൂത്രണ കമ്മീഷന്‍ കണക്കുപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച 3900 അറവുശാലകളാണ്​ ഇന്ത്യയിലുള്ളത് (റിപ്പോര്‍ട്ട് 2007^-12). 2012-ലെ ലൈവ്‌സ്​റ്റോക്​ സെന്‍സസ് പ്രകാരം 19 കോടിയാണ് കന്നുകാലി സംഖ്യ. കാലിചന്തകള്‍ സാമ്പ്രദായികമായി കര്‍ഷകരേയും അറവുകാരെയും ബന്ധിപ്പിക്കുന്ന ഒന്നായാണ് ഇന്ത്യന്‍ വിപണി വ്യവസ്ഥയില്‍ നിലകൊള്ളുന്നത്. പുതിയ ഉത്തരവ് പ്രധാനമായി ബാധിക്കുന്നത് ഇന്ത്യയിലെ ചെറുകിട കര്‍ഷകരെയും ചെറുകിട അറവ്ശാല/മാംസവിൽപന ശാല നടത്തുന്നവരരെയുമാണ്. ഇതില്‍ രണ്ടാം വിഭാഗത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും ഇസ്​ലാം  മതവിശ്വാസികളായ ദരിദ്രജനവിഭാഗമാണ് എന്നത് സമകാലിക ഇന്ത്യന്‍ അവസ്ഥകളില്‍ ഒട്ടും യാദൃച്ഛികമാല്ല. 

നിയമത്തിലുണ്ടാക്കിയ മാറ്റം കാര്‍ഷിക മേഖലയിലുണ്ടാക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല. മഴചതിച്ച കാര്‍ഷിക വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കുന്ന സമൂഹത്തില്‍ സാമ്പത്തിക പരാധീനത മറികടക്കാനുള്ള കര്‍ഷകരുടെ അവസാനത്തെ വഴിയാണ് കന്നുകാലി വില്‍പ്പന. ഒരിക്കല്‍ വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനകം മറിച്ചു വില്‍ക്കുന്നത് പുതിയ ചട്ടപ്രകാരം നിരോധിച്ചിരിക്കുന്നു. ഈ ആറുമാസ നിബന്ധന കര്‍ഷകരെ പുതിയ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടും. പ്രത്യേകിച്ചും വരള്‍ച്ച നേരിടുന്ന തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ.  ഉപയോഗപ്രദമല്ലാത്ത കന്നുകാലികളെ വിറ്റൊഴിവാക്കാന്‍ അനുവദിക്കില്ലെങ്കില്‍ അവയെ വളര്‍ത്താന്‍ ആവശ്യമായ അധിക ചെലവ് എങ്ങനെ നേരിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ പറയുന്നുമില്ല. 

ബീഫ് വിപണിയുടെ സാമ്പത്തിക ശാസ്ത്രം
ഒന്നരപതിറ്റാണ്ടിലെ ബീഫ് വിപണിയുടെ സാമ്പത്തിക ശാസ്ത്രം ഈ പുതിയ ഉത്തരവിനെയും അതിന് പിന്നിലുള്ള രാഷ്​ട്രീയത്തെയും ഒരു പുതിയ വെളിച്ചത്തില്‍ കാണാന്‍ നമ്മളെ സഹായിക്കും. ഒരു വശത്ത് ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി ഇക്കാലത്ത് കുത്തനെ ഉയരുകയും മറുഭാഗത്ത് ആഭ്യന്തര ബീഫ് ഉപഭോഗം കുത്തനെ ഇടിയുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവർ, പ്രത്യേകിച്ചും സവര്‍ണ്ണ ഹൈന്ദവര്‍ക്ക് കുത്തകയുള്ള മേഖലയാണ് ഇന്ത്യയിലെ ബീഫ് കയറ്റുമതി രംഗം. പ്രധാന എക്‌സ്‌പോര്‍ട്ടര്‍മാരില്‍ പലര്‍ക്കും ബി.ജെ.പിയും സംഘ്​പരിവാരവും തമ്മില്‍ ചെറുതല്ലാത്ത ബന്ധവുമുണ്ട്. ഇനി ചില കണക്കുകള്‍ കൂടി നോക്കാം.

ഇന്ത്യയിലെ മാംസാഹാര ഉപഭോഗം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് യുനൈറ്റഡ് നേഷന്‍സിൻറെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 2000ന് ശേഷമുള്ള ഏതാണ്ട് ഒന്നര പതിറ്റാണ്ടിനിടെ, കൃത്യമായി പറഞ്ഞാല്‍ 2014 എത്തുമ്പോഴേയ്ക്കും, ബീഫ് ഉപഭോഗം 44.5 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം 2016 -ലെ കണക്ക് പ്രകാരം ലോകത്ത് ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ; ബ്രസീലിനൊപ്പം. 18.5 ലക്ഷം ടണ്ണാണിത്. അതായത് ലോകത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ 23.5 ശതമാനം. ഇന്ത്യ, ബ്രസീൽ , ആസ്​ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ മൊത്തം ബീഫ് കയറ്റുമതി ഈ മേഖലയിലെ ലോകവിപണിയുടെ 66 ശതമാനമാണ്. 2011ന് ശേഷം ഒരോ വര്‍ഷവും 14 ശതമാനമാണ് ബീഫ് കയറ്റുമതിയിലുണ്ടായ വര്‍ദ്ധനവ്. സ​​െൻറർ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ബീഫ് കയറ്റുമതിയുടെ 80 ശതമാനം ഉപഭോക്താക്കളും ഏഷ്യയിലെ ഇതര രാഷ്ട്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം ബസ്മതി അരിയിലധികമാണ് ഇന്ത്യയുടെ ബീഫ് കയറ്റുമതി.  ആഭ്യന്തര ഉപയോഗം കുറയുകയും കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുക എന്ന, കയറ്റുമതിക്കാര്‍ക്ക് തികച്ചും അനുകൂലമായ ഒരു സാഹചര്യം സൃഷ്​ടിക്കാൻ സാധ്യമായ രാഷ്​ട്രീയ അന്തരീക്ഷവും സര്‍ക്കാര്‍ നിലപാടുകളും ഉണ്ടായി എന്ന് ചുരുക്കം.  

ഭക്ഷണത്തിന്റെ രാഷ്​ട്രീയം
നാഷണല്‍ സാമ്പിള്‍ സർവേയുടെ ഭാഗമായ ഭക്ഷ്യ ഉപഭോഗ റൗണ്ടുകളുടെ (1993 -94 മുതല്‍ 2009-10 വരെയുള്ള യൂണിറ്റ് തല കണക്കുകളുടെ) അപഗ്രഥനം സൂചിപ്പിക്കുന്നത് മനുഷ്യ ശരീരത്തിന് നിലനില്‍ക്കാന്‍ ആവശ്യമായ 2100 -2200 കലോറി പ്രതിശീര്‍ഷ പ്രതിദിന ഭക്ഷണം ലഭ്യമാകുന്ന മനുഷ്യര്‍ 57.9 ശതമാനത്തില്‍ നിന്നും 65.5 ശതമാനമായി വർധിച്ചു എന്നാണ്​.  നഗരങ്ങളിലും 59.9 ശതമാനത്തില്‍ നിന്ന് 69.9 ശതമാനമായും ഗ്രാമങ്ങളിലും വർധിച്ചു.  - പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യ ലഭ്യത ദാരിദ്ര രേഖ നിര്‍ണയിക്കുന്നതിനുള്ള അളവുകോൽ കൂടി ആയതിനാല്‍ അത് ചുരുക്കി കാണിക്കാനുള്ള സര്‍ക്കാര്‍ വ്യഗ്രത യഥാര്‍ത്ഥ കണക്കുകളെ വികലമാക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലെ തൊഴിലെടുക്കുന്ന ജനതയ്ക്ക് അതിജീവനത്തിന് ആവശ്യമായത് ചുരുങ്ങിയത് 2400 ക​േലാറി എങ്കിലുമാണ്. അങ്ങനെയെങ്കില്‍ 81.3 ശതമാനം മനുഷ്യര്‍ ആവശ്യമുള്ള ഭക്ഷണം ലഭിക്കാതെയാണ് അന്തിയുറങ്ങുന്നത് എന്ന് ഡല്‍ഹി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മ​​െൻറി​​​െൻറ പഠനം സൂചിപ്പിക്കുന്നു. അഥവാ ഗ്രാമീണ ഇന്ത്യയില്‍ 81.3 ശതമാനം പേരും മതിയായ ഭക്ഷണം ലഭിക്കാതെ ഒരോ ദിവസവും കഴിഞ്ഞു കൂടുമ്പോഴാണ് മനുഷ്യര്‍ എന്തു കഴിക്കണം, കഴിക്കരുത് എന്ന തീരുമാനത്തിനു മേൽ ധാർഷ്​ട്യത്തി​ൻറെ പല്ലുകളാഴ്​ത്താൻ സര്‍ക്കാര്‍ പുറപ്പെടുന്നത്​.

പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ത്തുകൊണ്ട്, സ്‌ക്കൂളിലെ ഉച്ച ഭക്ഷണ വിതരണത്തിനാവശ്യമായ ബജറ്റ് നീക്കിയിരിപ്പ് വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ട്, ഭക്ഷ്യവില കുത്തനെ ഉയരുന്നത് തടയാന്‍ ഒരു നടപടിയും കൈക്കൊള്ളാതെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാക്കുകയാണ് കേന്ദ്രസര്‍ക്കാർ. ഇതിനൊപ്പമാണ് ദരിദ്രരും ദലിതരുമായ വിഭാഗത്തി​ൻറെ വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യവുമായ ഏക മാംസ്യ ഉറവിടമായ ബീഫിൻറെ ലഭ്യത ഇല്ലാതാക്കുന്നത്. 85 ഗ്രാം പാചകം ചെയ്ത ബീഫ് 154 ​ക​ലോറി ആണ് നല്‍കുന്നത്. അതില്‍ 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ സിങ്ക്, വിറ്റമിന്‍ ബി 12, ബി 6, അയൺ, സെലിനിയം തുടങ്ങിയ ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്‍സും ബീഫിലുണ്ട്.  2200 ക​േലാറി ഭക്ഷണം ആവശ്യമായ ഒരു വ്യക്തി 55 ഗ്രാം പ്രോട്ടീനാണ് ഒരു ദിവസം കഴിക്കേണ്ടത്. ഇത് ലഭ്യമല്ലാത്ത 58.4 ശതമാനം ഗ്രാമീണര്‍ ഇന്ത്യയിലുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ദരിദ്രരിലും ദരിദ്രരായ മനുഷ്യരുടെ ഭക്ഷണരീതി വ്യക്തമാക്കുന്നത് പ്രതിദിനം അവശ്യമായ കലോറി ലഭ്യമല്ലെങ്കിലും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ഒരു പരിധിവരെ ലഭ്യമാകുന്നുണ്ട് എന്നാണ്. അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഇതിന് സുപ്രധാന പങ്കുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിർമിക്കുന്ന സാംസ്‌കാരിക അന്തരീക്ഷവും ഇത്തരത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇടപെടലുകളും എന്തുതരം പ്രത്യാഘാതങ്ങളാകും ഇവരുടെ ഭക്ഷ്യജീവിതത്തില്‍ വരുത്തുക എന്നറിയില്ല. 

നിയമങ്ങളും ചട്ടങ്ങളും ജനാധിപത്യ വ്യവസ്ഥിതിയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളും എന്ന പൊതുബോധമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പുതിയ ഉത്തരവിലൂടെ മാറ്റി വരയ്ക്കപ്പെടുന്നത്. (രാഷ്​ട്രീയ ഇടപെടലുകള്‍ മനുഷ്യ കേന്ദ്രീകൃതമാകണം എന്ന സങ്കുചിത നിലപാടല്ല ഇവിടെ മുന്നോട്ട് വയ്ക്കുന്നത്, മറിച്ച് ദേശരാഷ്​ട്ര നിർമിതിയുടെ ജൈവ രാഷ്ട്രീയത്തില്‍ മനുഷ്യ ശരീരത്തിന് മേല്‍ മൃഗശരീരം പ്രധാനമാകുന്ന സങ്കീർണമായ ഒരു രാഷ്​ട്രീയ പ്രക്രിയയെ അടയാളപ്പെടുത്തുന്നു എന്ന് മാത്രം). കര്‍ഷകരുടെ താൽപര്യങ്ങള്‍ അല്ല, ഒരു വലിയ വിഭാഗം ചെറുകിട മാംസക്കച്ചവടക്കാരുടെ താത്പര്യമല്ല, എന്തു കഴിക്കണം എന്ന് തിരഞ്ഞെടുക്കാനുളള ഒരു ജനതയുടെ അവകാശമല്ല സംരക്ഷിക്കപ്പെടേണ്ടത് കന്നുകാലികളെയാണ് എന്ന് തുറന്ന് പറയാനുള്ള ധാർഷ്​ട്യം ഈ സര്‍ക്കാര്‍ കാണിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയാതെ പറയുകയാണ് ഈ പുതിയ ഉത്തരവ്. ലോകത്തിലെ ആദ്യത്തെ മൃഗ സംരക്ഷണ നിയമം നിലവില്‍ വരുന്നത് 1933-ല്‍ നാസി ജർമനിയില്‍ ഹിറ്റ്‌ലര്‍ ജൂത കൗഷര്‍ (ഹലാൽ) മാംസം നിരോധിക്കുന്നതിൻറെ ഭാഗമായാണെന്ന് കൂടി നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടി വരും.

പിന്‍ കുറിപ്പ്: വേദകാലത്തെ ആര്യന്മാര്‍ മൃഗബലി പിന്‍തുടര്‍ന്നവരും ഗോംമാംസം ഭക്ഷിച്ചവരും ആയിരുന്നുവെന്നും അത്തരം സമ്പ്രദായങ്ങള്‍ മൗര്യ കാലം വരെ പിന്തുടര്‍ന്നിരുന്നുവെന്നും പ്രശസ്തചരിത്രകാരന്‍ ഡി.എൻ. ഝാ നിരീക്ഷിക്കുന്നു. ബുദ്ധിസത്തിൻറെ വികാസത്തോടുള്ള പ്രതികരണമായി ബ്രാഹ്മണിസത്തെ ശുദ്ധീകരിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് കൊല്ലുക എന്നത് പാപമായി തീര്‍ന്നത്. തൊട്ടുകൂടാത്തവരുടെ തൊഴിലും ഭക്ഷണവുമായി പശു മാറുന്നതും ഇതേ കാലഘട്ടത്തിലാണ്. മധ്യകാല ചരിത്രത്തിൻറെ ഭാഗമായാണ് പശു ഇസ്​ലാമിനെതിരായ ഒരു വികാര ഉൽപാദന  സാധ്യതയായും ഹൈന്ദവതയുടെ (ബ്രാഹ്മണിക്കല്‍ സാമൂഹ്യ ക്രമം) സാംസ്‌കാരിക ചിഹ്നമായും പരിണമിക്കുന്നത് എന്ന് ഡി.എൻ. ഝാ വിവരിക്കുന്നുണ്ട്. ഇത് 17ഉം 18ഉം നൂറ്റാണ്ടുകളിലെ ഹിന്ദു^-മുസ്​ലിം സംഘർഷങ്ങൾക്ക്​ കാരണമായി പലപ്പോഴും മാറിയിട്ടുണ്ട്. ഇതേ കാലത്തു തന്നെയാണ് മറാത്ത രാജവംശം വളര്‍ച്ച പ്രാപിക്കുന്നതും ശിവജി ബ്രാഹ്മണരുടേയും പശുക്കളുടെയും രക്ഷകനായി മാറുന്നതും. 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നാംധാരി പ്രസ്ഥാനം ബ്രിട്ടീഷ് രാജിനെതിരെ ഹിന്ദു-^സിഖ് ഐക്യമുണ്ടാക്കാന്‍ പശുവെന്ന ബിംബത്തെ ഉപയോഗിച്ചതായി ചരിത്ര പാഠപുസ്തകങ്ങള്‍ പറയുന്നു. 1882-ല്‍ ദയാനന്ദ സരസ്വതി ഗോരക്ഷണ സഭ സ്ഥാപിക്കുകയും മുസ്​ലിങ്ങൾക്ക്​ എതിരെ ഹിന്ദുക്കളെ അണിനിരത്തുന്നതില്‍ വിജയിക്കുകയും വർഗീയ രാഷ്​ട്രീീയത്തിൽ പശു സുപ്രധാന സ്ഥാനം നേടുകയും ചെയ്തു. അതേ രാഷ്​ട്രീയത്തി​​​െൻറ തുടര്‍ച്ചയാണ് ഇന്ന് ദേശീയത ഉൽപാദിപ്പിക്കുന്ന മൃഗമായി പശുവിനെ മാറ്റുന്നതും.

Tags:    
News Summary - cattle-ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.