ആറ്റിങ്ങൽ കലാപം: കേരളത്തിലെ ആദ്യ സംഘടിത മുന്നേറ്റം

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത മുന്നേറ്റമായിരുന്നു 1721ലെ ആറ്റിങ്ങൽ കലാപം. കേരളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെതന്നെ ആദ്യ സാമ്രാജ്യത്വ വിരുദ്ധ ജനകീയ കലാപമായും ആറ്റിങ്ങൽ കലാപത്തെ പല ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നു. ഒരു നായകനോ നായികയോ ഇല്ലാത്ത പ്രക്ഷോഭംകൂടിയായിരുന്നു ഇത്. അഞ്ചുതെങ്ങ് കോട്ടയുടെ അധിപനായ ഗൈഫോർഡ് ഉൾപ്പെടെ 140ലധികം ഇംഗ്ലീഷുകാരെ ആ കലാപത്തിലൂടെ വധിച്ചുവെന്ന് ചരിത്ര രേഖകൾ പറയുന്നു.

1684ൽ വ്യാപാരാവശ്യത്തിനുള്ള ഒരു പാണ്ടികശാല നിർമിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി അഞ്ചുതെങ്ങിൽ കുറച്ചു സ്ഥലം ആറ്റിങ്ങൽ റാണിയിൽനിന്ന് പതിച്ചുവാങ്ങിയതോടെയാണ് ഇംഗ്ലീഷ് ആധിപത്യത്തിന് കളമൊരുങ്ങിയത്. ഇംഗ്ലീഷുകാർക്ക് ആറ്റിങ്ങൽ പ്രദേശത്തെ കുരുമുളകും ഇതര വാണിജ്യ വിളകളും നൽകാൻ തയാറാണെന്ന് റാണി അറിയിക്കുകയും ചെയ്തു. ഡച്ചുകാരുടെ കുത്തക പൊളിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും അതോടെ കമ്പനിയുടെ വാണിജ്യ സാമ്രാജ്യത്വ മോഹങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലാതായി.

പാണ്ടികശാല ക്രമേണ ബ്രിട്ടീഷുകാരുടെ അധികാര കേന്ദ്രമായി മാറി. 1695ൽ അഞ്ചുതെങ്ങ് കോട്ട പണിതു. ഇതിലൂടെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടു. ബ്രിട്ടീഷുകാരുടെ കേരളത്തിലെ പ്രധാന വ്യവസായ സൈനിക സ്ഥാപനമായിരുന്നു അഞ്ചുതെങ്ങ്. പിൽക്കാലത്ത് ഇംഗ്ലീഷുകാരുടെ ദ്രോഹപ്രവർത്തനങ്ങൾ നാട്ടുകാരെ സംഘടിതരാക്കി.

ഇതോടെ 1721 ജനുവരിയിൽ ബ്രിട്ടീഷ് പട്ടാളം ആറ്റിങ്ങലിൽ തമ്പടിച്ചു. 1721 ഏപ്രിലിൽ ആറ്റിങ്ങൽ റാണിക്കുള്ള വാർഷിക കപ്പവും പാരിതോഷികങ്ങളും നൽകി മടങ്ങുന്നതിടെയാണ് ബ്രിട്ടീഷുകാർക്കെതിരെ ആക്രമണമുണ്ടായതെന്ന് ചരിത്ര രേഖകളിൽ പറയുന്നു. പ്ലാസി യുദ്ധത്തിനും 36 വർഷം മുമ്പാണ് ഈ സംഭവം.


Tags:    
News Summary - Attingal Rebellion: First organized movement in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.