നാട്ടുകാർക്കും കുടുംബത്തിനും അജിത് പവാർ അവരുടെ സ്വന്തം ‘ദാദ’ യായിരുന്നു. ശക്തമായ നേതൃപാടവം, ധീരമായ തീരുമാനങ്ങൾ, പലപ്പോഴും വിവാദങ്ങൾ, ഒടുവിൽ 2026 ജനുവരി 28ന് നടന്ന ദാരുണമായ വിമാനാപകടത്തിൽ അന്ത്യം എന്നിവകൊണ്ട് അടയാളപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ പൊതുജീവിതം. ഇന്ത്യൻ രാഷ്ട്രീയത്തിലെ മറാത്ത കരുത്തായിരുന്നു മൂത്ത പവാറെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മിടുമിടുക്കനായിരുന്നു ചെറിയ പവാർ. പവർ പൊളിറ്റിക്സിന്റെ കാര്യത്തിൽ ഇരുവരും അഗ്രഗണ്യർ.
ഗ്രാമീണ വികസനം, ധനകാര്യം, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയിൽ സംസ്ഥാന ഭരണത്തിൽ നിർണായക പങ്കുവഹിച്ച അജിത് പവാർ മരണപ്പെടുമ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്നു. ധനം, ആസൂത്രണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച നേതാവായ അദ്ദേഹം ആറുതവണയാണ് ആ പദവിയിലെത്തിയത്. ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ പിളർത്തി. ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പ് കമീഷൻ അജിത് വിഭാഗത്തെയാണ് യഥാർഥ എൻ.സി.പിയായി അംഗീകരിച്ചത്.
2019ൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം രൂപവത്കരിച്ച മഹാവികാസ് അഘാഡി സർക്കാറിൽ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവെച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 2023 മേയിൽ എൻ.സി.പി ദേശീയ അധ്യക്ഷസ്ഥാനം ശരദ് പവാർ രാജിവെച്ചതോടെ വർക്കിങ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തെരഞ്ഞെടുക്കപ്പെട്ടു.
പാർട്ടിയിൽ പദവികൾ ഒന്നും ലഭിക്കാതെ നിരാശനായിരുന്ന അജിത് പ്രതിപക്ഷ നേതാവായി തുടരാൻ താൽപര്യമില്ലെന്നും പാർട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാർ വഴങ്ങിയില്ല. 2023 ജൂലൈ രണ്ടിന് എൻ.സി.പി പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന-ബി.ജെ.പി സർക്കാറിൽ ഉപമുഖ്യമന്ത്രിയായി ചേർന്നു. ശരദ്പവാറിന്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, ദിലീപ് വൽസ പാട്ടീൽ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിച്ചു.
ജൂലൈ രണ്ടാംതീയതി എൻ.സി.പിയിലെ 53 എം.എൽ.എമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയാണ് എൻ.സി.പിയിലെ പിളർപ്പ്. അജിത് പവാറിന്റെ മാറ്റത്തോടെ 288 അംഗ നിയമസഭയിൽ ഏകനാഥ് ഷിൻഡെ സർക്കാറിന് 204 അംഗങ്ങളുടെ പിന്തുണയായി.
നിയമസഭയിലെ അയോഗ്യത ഒഴിവാക്കുന്നതിനായി എൻ.സി.പിയുടെ ആകെയുള്ള 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണ അജിത് പവാർ ഉറപ്പിച്ചു. 2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു എൻ.സി.പിയുടെ ചിഹ്നമായ ‘ക്ലോക്ക്’ ചിഹ്നം അദ്ദേഹത്തിന്റെ വിഭാഗത്തിന് അനുവദിച്ചു. മഹാരാഷ്ട്രയിലെ എൻ.സി.പിയിൽ ആകെയുള്ള 87 ജനപ്രതിനിധികളിൽ 57 പേരും നിലവിൽ അജിത് പവാറിനൊപ്പമാണ്. 2024ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തോടെ 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 234 അംഗങ്ങളുടെ പിന്തുണയോടെ എൻ.ഡി.എ രൂപംനൽകിയ ബി.ജെ.പി, ശിവസേന, എൻ.സി.പി മഹായുതി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി മഹാരാഷ്ട്രയിൽ അധികാരം നിലനിർത്തി.
മഹാരാഷ്ട്രയിൽ 2019ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ശിവസേന-ബി.ജെ.പി കൂട്ടുകെട്ട് തകർന്നു. എൻ.സി.പി.യും കോൺഗ്രസും ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുമ്പോൾ, അജിത് പവാർ സ്വന്തമായി ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ശ്രമിച്ചു. അദ്ദേഹം നവംബർ 23, 2019-ന് പുലർച്ച എട്ടിന് അപ്രതീക്ഷിതമായി സ്വന്തം പാർട്ടിയെയും ജനാധിപത്യ മതേതര കക്ഷികളെയും ഞെട്ടിച്ച് ബി.ജെ.പിയുമായി ചേർന്ന് ഫഡ്നവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. എന്നാൽ, അജിത് പവാർ രാജിവെച്ച് വീണ്ടും എൻ.സി.പി.യിൽ ചേർന്നു. ആ സർക്കാർ 80 മണിക്കൂറിനുള്ളിൽതന്നെ തകർന്നു. അത് അദ്ദേഹത്തെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട നേതാവായി മാറ്റി.
288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 234 അംഗങ്ങളുടെ പിന്തുണയോടെ എൻ.ഡി.എ രൂപംനൽകിയ ബി.ജെ.പി, ശിവസേന, എൻ.സി.പി മഹായുതി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി മഹാരാഷ്ട്രയിൽ അധികാരം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.