നാണമാകുന്നു, മലയാളി എന്ന് പറയാൻ...

കാലത്ത് ടെലിഫോണിൽ വിളിച്ച പത്രപ്രവർത്തക സുഹൃത്ത്‌ പറഞ്ഞു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ഉറക്കം എണീറ്റപ്പോൾ ആദ്യം ചോദിച്ചത് സി.ഡി കിട്ടിയോ എന്നാണ്. രാത്രി വൈകിയും  അവൻ ടി വിക്ക് മുന്നിൽ ഉണ്ടായിരുന്നു. ഏറെ നിർബന്ധിച്ചപ്പോഴാണ് ഉറങ്ങാൻ പോയത്. കോയമ്പത്തൂരിൽ അപ്പോഴും  സോളാർ കമ്മിഷന്റെ സി ഡി തിരച്ചിൽ നടക്കുകയായിരുന്നു. അതറിഞ്ഞിട്ട്‌ ഉറങ്ങിയാൽ പോരേ എന്നവൻ ചോദിച്ചുവത്രേ.
 
ചരിത്രസംഭവം എന്നാണു ഇതിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് . ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ലൈംഗിക ദൃശ്യങ്ങളുടെ സി ഡി തേടി ജുഡിഷ്യൽ കമ്മിഷന്റെ അഭിഭാഷകനും പൊലിസും ചേർന്ന് കേസിലെ സാക്ഷിയെയും കൊണ്ട് അയൽ സംസ്ഥാനത്തേക്ക് പോകുന്നു. ഇയാൾ ഭാര്യയെ കൊന്ന കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ആളാണ് .പുറമേ അൻപതിലേറെ തട്ടിപ്പ് കേസുകളിലെ പ്രതിയും. കമ്മിഷന്റെ ഓഫിസിൽ നിന്ന് പുറപ്പെട്ട്  കോയമ്പത്തൂരിൽ എത്തി തിരച്ചിൽ നടത്തുന്നതു  വരെ ചാനലുകളുടെ ലൈവ് ടെലികാസ്റ്റ് . എങ്ങോട്ടാണ് പോകുന്നതെന്നും എന്തിനാണ് പോകുന്നതെന്നും കാലേകൂട്ടി അറിയിച്ചായിരുന്നു ഈ  സി ഡി മുന്നേറ്റ യാത്ര.  അഥവാ സി ഡി ഉണ്ടെങ്കിൽ ഒളിപ്പിച്ചു കൊള്ളൂ എന്ന് മുന്നറിയിപ്പ് നൽകിയൊരു യാത്ര.

ബിജു രാധാകൃഷ്ണൻ ഉണ്ടെന്നും സരിതാ എസ്. നായർ ഇല്ലെന്നും പറയുന്ന സി.ഡി കണ്ടെടുത്തോ ഇല്ലയോ എന്നതല്ല വിഷയം. മലയാളിയാണ് എന്ന് അഭിമാനത്തോടെ ഇനി എത്ര നാൾ പറയാനാവും എന്നതാണ്... ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും കാണപ്പെടുന്ന അപൂർവ ജനുസ്സാണ് മലയാളി. രാജ്യത്തിന്റെ തെക്കേ അറ്റത്തെ ഈ കൊച്ചു സംസ്ഥാനത്ത് നിന്നുള്ളവർ അറിവിലും വിദ്യാഭ്യാസത്തിലും ബുദ്ധിയിലുമൊക്കെ മറ്റാരേക്കാളും മുന്നിലാണെന്നാണ് വെപ്പ്..രാഷ്ട്രീയമായി ഉദ്ബുദ്ധരായ ജനസമൂഹമായാണ് കേരളീയർ അറിയപ്പെടുന്നത്. അങ്ങിനെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കുറിച്ച് , മന്ത്രിമാരെ കുറിച്ച് ഇനി കേൾക്കാൻ ബാക്കി  ഒന്നുമില്ല. അഴിമതി മുതൽ ലൈംഗിക ആരോപണം വരെ. ശരിയോ തെറ്റോ എന്തുമാവട്ടെ, മുൻപ് ഒരാളെക്കുറിച്ചും പറഞ്ഞു കേൾക്കാത്തതാണിത് .

ഇ എം എസ്സിൽ  തുടങ്ങി ഉമ്മൻ‌ചാണ്ടിയിൽ എത്തി നിൽക്കുന്ന കേരള മുഖ്യമന്ത്രിമാരുടെ പരമ്പരയിൽ ഒരാളും ഇതു പോലൊരു ദുരവസ്ഥയിൽ എത്തിയിട്ടില്ല. ഇ.എം.എസ് , ഇ.കെ നായനാർ, അച്യുതമേനോൻ, അച്യുതാനന്ദൻ എന്നീ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെ മാറ്റി നിർത്താം .രാഷ്ട്രീയമായ എതിർപ്പുകൾ അവരുടെ ഭരണകാലത്ത് പ്രതിപക്ഷം ഉയർത്തിയത്‌ ഒഴിച്ചാൽ അവരുടെ വ്യക്തിത്വത്തെ ഹനിക്കുന്നതോ പൊതുജീവിതത്തെ അക്ഷേപിക്കുന്നതോ ആയ ഒരു ആരോപണവും ഒരു കാലത്തും ഉയർത്താൻ ആരും ധൈര്യം കാണിച്ചിട്ടില്ല. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരിൽ കെ കരുണാകരനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയമായിരുന്നു. കരുണാകരനെ രണ്ടു തവണയും  മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറക്കിവിട്ടത്  പ്രതിപക്ഷമായിരുന്നില്ല . പാർട്ടിയിലെ വിരുദ്ധപക്ഷമാണ് അതിനു ചുക്കാൻ പിടിച്ചത്. വ്യാജമായി കെട്ടിച്ചമച്ചതെന്ന് പിൽക്കാലത്ത് കണ്ടെത്തിയ ചാരക്കേസിൽ കരുണാകരനെ പുകച്ചു പുറത്തു ചാടിച്ചതിന്റെ  മുഖ്യ കാർമ്മികൻ ഉമ്മൻ‌ചാണ്ടി ആയിരുന്നു.  എ.കെ ആന്റണിയെ മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറക്കി വിട്ടതിന്റെ പിന്നിലെ ഉപാജപങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നത് അതിന്റെ ഗുണഭോക്താവായ ഉമ്മൻ‌ചാണ്ടി ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞതാണ്

മുഖ്യമന്ത്രി പദത്തിന്റെ അന്തസ്സ് ഉയർത്തി പിടിച്ച നേതാക്കൾ ആയിരുന്നു അവരെല്ലാം. എന്നാൽ ഇന്നു കേരള മുഖ്യമന്ത്രിക്കെതിരെ എന്തും വിളിച്ചു പറയാൻ ആരും ധൈര്യം കാണിക്കുന്ന അവസ്ഥയാണ്. സോളാർ കമ്മിഷന്റെ സിറ്റിങ്ങിൽ ബിജു രാധാകൃഷ്ണൻ ഉമ്മൻ‌ചാണ്ടിക്കെതിരെ ആദ്യം പറഞ്ഞത് അഞ്ചര കോടി കോഴ കൊടുത്തെന്നാണ്. അതിന്റെ പിന്നാലെയാണ് സരിതാ എസ് നായരുമായി ലൈംഗിക ആരോപണം ഉന്നയിച്ചത്. എന്തു കൊണ്ടാണ് ബിജു രാധാകൃഷ്ണനെ പോലെ ഒരു ക്രിമിനൽ ഇത്തരത്തിൽ എന്തും വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്നത്?  ആരോപണം നിഷേധിച്ച സരിത ഉമ്മൻ‌ചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് പറയുന്നു. മുൻപും ഉമ്മൻ‌ചാണ്ടിക്കെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തെ ന്യായീകരിച്ച് സരിത മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. സോളാർ തട്ടിപ്പിൽ ബിജുവിന്റെ കൂട്ടുപ്രതിയാണ് സരിത. മൂന്നു ഡസനിലേറെ തട്ടിപ്പു കേസുകളിലെ  പ്രതി. സാധാരണ ഗതിയിൽ അന്തസ്സുള്ള ഒരു സ്ത്രീയും ചെയ്യാത്ത ഹീന പ്രവർത്തികൾചെയ്ത ആൾ. അത്തരത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രി  തനിക്ക് പിതൃതുല്യനാണെന്ന് പറയുന്നത് ഉമ്മൻ‌ചാണ്ടിക്ക് ഒരിക്കലും ഭൂഷണമല്ല.

ജയിലിൽ കിടക്കുമ്പോൾ തന്നെ ചില കേസുകൾ കാശു കൊടുത്തുതീർക്കുകയും മറ്റു കേസുകളിൽ പണം കൊടുക്കാമെന്നു ഉറപ്പു നൽകിയുമാണ് സരിത ജാമ്യത്തിൽ ഇറങ്ങി നടക്കുന്നത്. ഇത്രയേറെ പണം സരിതക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം സ്വാഭാവികം. ഈ തട്ടിപ്പു നായികക്ക്   മാധ്യമങ്ങൾ ഹീറോ പരിവേഷം നൽകിയിരിക്കുകയാണ് .അവർ  ചാനലിൽ അവതാരികയായി വരികയും ഡാൻസ് ചെയ്യുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്നു. ഈ  രണ്ടു ക്രിമിനലുകളുമായി ബന്ധപ്പെടുകയും കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ തട്ടിപ്പ് പദ്ധതികളെ കുറിച്ച് ചർച്ച ചെയ്ത് സമയം മിനക്കെടുത്തുകയും ചെയ്ത മുഖ്യമന്ത്രി തന്റെ പദവിക്ക് നിരക്കാത്ത പ്രവൃത്തികളാണ് ചെയ്തത്. ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത വിധം തന്റെ പേർസണൽ സ്റ്റാഫിൽ വലംകയ്യും ഇടം കയ്യും ആയിരുന്നവരെ ഉമ്മൻ‌ചാണ്ടിക്ക് പുറത്താക്കേണ്ടി വന്നത് ജനം മറന്നിട്ടില്ല. സ്വന്തം പ്രവർത്തികളുടെ തിക്തഫലമാണ്‌ ഉമ്മൻ‌ചാണ്ടി അനുഭവിക്കുന്നത്. എന്നാൽ അതിന്റെ അപമാനം പേറുന്നത് അദ്ദേഹം മാത്രമല്ല, മുഴുവൻ മലയാളികളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.