പശ്ചിമേഷ്യ യുദ്ധം ഇതെഴുതുമ്പോഴും സ്തംഭനാവസ്ഥയിൽ തുടരുകയാണ്. എന്നാൽ, ഉടനെ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത കുറഞ്ഞ മട്ടാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യുദ്ധം തുടരാൻ ഉത്സാഹമില്ല എന്നു വ്യക്തമാണെങ്കിലും അത് അവസാനിപ്പിക്കാനുള്ള ആദ്യപടിയായി പ്രഖ്യാപിച്ച വെടിനിർത്തൽ രണ്ടാഴ്ച കാലപരിധി ബുധനാഴ്ച അവസാനിക്കുന്നതിനു തൊട്ടുമുമ്പായി നീട്ടിയിട്ടുണ്ട്. അതെത്ര വരെ എന്നത് ഇറാന്റെ നിലപാടനുസരിച്ച് എന്നായിരുന്നു ആദ്യം നിലപാട്. അതോടൊപ്പം അമേരിക്കയുടെ ഹുർമുസിലെ ഉപരോധം തുടരുമെന്നും ഇറാൻ യുദ്ധവിരാമത്തിനു സമ്മതിച്ചാലേ ഉപരോധം പിൻവലിക്കൂ എന്നുമായി.

ഇപ്പോൾ വെടിനിർത്തലിനു സമയപരിധിയില്ലെന്നും ഉപരോധം ഇറാൻ പിൻവലിക്കുന്ന മുറക്ക് തങ്ങളും പിൻവലിക്കുമെന്നായിരിക്കുന്നു അമേരിക്ക. യുദ്ധത്തിൽ ആദ്യം മുതലേ ലക്ഷ്യവും ആവശ്യങ്ങളും തുടരെ മാറ്റിക്കൊണ്ടിരുന്ന ട്രംപിന് തുടക്കത്തിൽ പ്രഖ്യാപിച്ച തെഹ്റാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം തൽക്കാലം ഇല്ലെന്നായിരിക്കുന്നു.

അമേരിക്ക ആഗ്രഹിക്കുന്ന നിലപാടുമാറ്റം ഇറാനിൽ നിന്നുണ്ടാവുന്നില്ലെന്നതാണ് യുദ്ധസാഹചര്യം മാറാത്തതിനുള്ള കാരണം. ഇറാൻ നേതൃതലത്തിലെ അനിശ്ചിതത്വമാണ് അതിന് കാരണമായി യു.എസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇറാന്റെ മുഖ്യവക്താവും മുൻ സ്‌പീക്കറുമായ മുഹമ്മദ് ബാഖിർ ഖാലിബഫ് പറയുന്നത്, അമേരിക്കയുടെയും ഇസ്രായേലിന്റെയും വെടിനിർത്തൽ ലംഘനങ്ങൾക്ക് അറുതിയാവാതെ ഹുർമുസ് കടലിടുക്ക് തുറക്കാൻ സാധ്യമല്ല എന്നാണ്. ഇറാൻ പ്രസിഡൻറ് മസ്ഊദ് പെസഷ്കിയാനും ചർച്ചക്കുള്ള പ്രധാന തടസ്സമായി ചൂണ്ടിക്കാണിച്ചതും അതുതന്നെ.

അതോടൊപ്പം ഇറാന്റെ സൈനികശക്തിയെക്കുറിച്ച ട്രംപിന്റെ അവകാശവാദങ്ങളൊന്നും മുഖവിലക്കെടുക്കാൻ പറ്റുന്നതല്ല. ഹുർമുസ് തുറന്നുകിട്ടാൻ മറ്റൊരു സൈനിക പരിഹാരവും ഇല്ലെന്നു വന്നതോടെയാണ് അമേരിക്ക മറു ഉപരോധവുമായി വന്നത്. ഇറാൻ ഒത്തുതീർപ്പ് കരാറിന് യാചിക്കുന്ന ഭാവത്തിലാണെന്ന അമേരിക്കൻ വിലയിരുത്തലിനും അടിസ്ഥാനമില്ലെന്ന് യു.എസ് നിലപാടുമാറ്റത്തിൽനിന്ന് സ്പഷ്ടമായിരുന്നു. യുദ്ധത്തിനും അത് വരുത്തിവെച്ച കെടുതികൾക്കും ഉത്തരവാദികളായി ആഗോളതലത്തിൽ തന്നെ അമേരിക്ക ഗണിക്കപ്പെടുമെന്നു വന്നതോടെയാണ് ഇത്തരം വിശദീകരണങ്ങളുമായി വാഷിങ്ടൺ ഇറങ്ങിയത്. യുദ്ധത്തിന്റെ വലിയ ആഘാതം അമേരിക്കക്കുതന്നെ ഉണ്ടാവുമെന്നതു വിസ്മരിച്ചാണ് ട്രംപും ടീമും സംസാരിക്കുന്നത്.

കുറഞ്ഞ വിലക്ക് ഇന്ധനം ജന്മാവകാശമാണെന്നു വിശ്വസിക്കുന്ന അമേരിക്കൻ പൗരന്മാർ തന്നെയാണ് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു കൂടുതൽ വില നൽകി അതിന്റെ ആദ്യ ഇരയാവുന്നത്. കുതിച്ചുയർന്ന അസംസ്‌കൃത എണ്ണ വിലയുടെ മെച്ചം അമേരിക്കൻ എണ്ണ ഭീമന്മാർ ആസ്വദിക്കുന്നതോടൊപ്പം കൂടിയ എണ്ണ വിലയുടെ ഇരയാവുന്നത് സാധാരണ അമേരിക്കൻ പൗരൻ തന്നെയാണ്. ഈയിടെ നടന്ന ഒരു സർവേയിൽ പത്തിൽ ആറുപേരും ഈ യുദ്ധം തള്ളിപ്പറഞ്ഞത് വെറുതെയല്ല. എണ്ണ-പ്രകൃതിവാതക ഉൽപാദനത്തിൽ അമേരിക്കക്കുള്ള മേൽക്കൈ കൊണ്ട് ക്രമേണ കാര്യങ്ങൾ സാധാരണ ഗതിയിലാവുമെന്ന പ്രതീക്ഷയിലാവാം അവർ തെരുവിലിറങ്ങാത്തത്. പുറമെ, നിർമിതബുദ്ധിയിലൂടെ കൈവരുന്ന സാങ്കേതിക-സാമ്പത്തികനേട്ടം മിക്കവാറും അമേരിക്കക്കായിരിക്കും കൂടുതൽ അനുകൂലമാവുക. അതിനു പുറമെ ഡോളറിന്റെ മൂല്യം വർധിക്കുന്നതിലൂടെ മെച്ചപ്പെട്ട വാങ്ങൽശേഷി തരപ്പെടുമെന്ന പ്രതീക്ഷയും ഉണ്ടാവാം.

ഈ ഓരോ ഘടകവും അമേരിക്കക്ക് അനുകൂലമാവുന്നതിനു ആനുപാതികമായി ദക്ഷിണ ഗോളരാഷ്ട്രങ്ങൾക്ക് പ്രതികൂലമാവുകയും ചെയ്യും. അവയിൽ മിക്ക രാജ്യങ്ങളിലും ഊർജ വിലവർധനക്കനുസരിച്ച് സബ്‌സിഡി ലഭ്യമാവുന്നില്ല. അവരുടെ ശരാശരി ആളോഹരി വരുമാനം അമേരിക്കയുടേതിനേക്കാൾ താഴ്ന്നതു കൊണ്ട് വർധിച്ച ഊർജ വില താങ്ങാൻ കഴിയില്ല. ഡോളറിന്റെ വർധിത മൂല്യം അവരുടെ ഇറക്കുമതി വസ്തുക്കളുടെ വില കൂട്ടും. സംസ്കരണത്തിനുള്ള എണ്ണയുടെ 85 മുതൽ 90 വരെ ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ഈ പ്രതിസന്ധിയിൽനിന്ന് സുരക്ഷിതമല്ല. തൽക്കാലത്തേക്കുള്ള പെട്രോളിയം, വാതക ശേഖരം കാരണം കാര്യങ്ങൾ ഭദ്രമാണെന്ന ധാരണ സൃഷ്ടിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും മധ്യ-ദീർഘകാലാവശ്യങ്ങൾ നോക്കുമ്പോൾ പ്രതിസന്ധികൾ വന്നുകൂടായ്കയില്ല- ഒരു പക്ഷേ, ഹുർമുസ് കടക്കാൻ ഇന്ത്യയിലേക്ക് വരുന്ന കപ്പലുകൾക്ക് ഇറാൻ പ്രത്യേക പരിഗണന നൽകുന്നത് ശരിയാണെങ്കിലും. നികുതി നിലവാരത്തിൽ മാറ്റങ്ങൾ വരുത്തിയും ചെറിയ ആശ്വാസങ്ങൾ നൽകാനാകും. പക്ഷേ വളം, എൽ.പി.ജി എന്നിവക്ക് ഗൾഫ് സ്രോതസ്സുകളെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഹുർമുസ് അടഞ്ഞുകിടക്കുന്നതുകൊണ്ടുള്ള പ്രയാസങ്ങൾ നിസ്സാരമല്ല.

അത്ര സമ്പന്നമല്ലാത്ത ഏഷ്യൻ രാജ്യങ്ങൾക്കു മാത്രമല്ല ഇത്തരം ആഘാതമുണ്ടാവുക. സമ്പന്ന രാഷ്ട്രമായ ജർമനിയുടെ ചാൻസലർ ഫ്രഡറിക് മേഴ്‌സ് യുദ്ധത്തിന്റെ അനന്തരഫലം ദീർഘകാലം രാജ്യം അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബർലിൻ തങ്ങളുടെ 2026ലെ വളർച്ചനിരക്ക് ആദ്യം കരുതിയതിന്റെ നേർപകുതിയാക്കി കുറക്കുകയാണെന്ന് റിപ്പോർട്ടുകളുമുണ്ട്. ഊർജോൽപാദനത്തിന്റെ 20 ശതമാനത്തിന് പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഇതിനകം വാതക വിലയിൽ 70 ശതമാനം വർധന അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ ഒരു നീതീകരണമോ യുക്തിയോ ഇല്ലാതെ അമേരിക്ക ഇസ്രായേലിനെ കൂട്ടുപിടിച്ച് തുടങ്ങി വെച്ച ഇറാനെതിരായ യുദ്ധത്തിന് വില കൊടുക്കേണ്ടിവരുന്നവർ ആഗോളതലത്തിൽ പരന്നുകിടക്കുന്നു. അതിന്റെ മുഴുവൻ ആഘാതം ഉടനെ അനുഭവവേദ്യമാകണമെന്നില്ല. അതിന് ലോകത്തിന്റെ മുഴുവൻ പഴിയിൽ നിന്നും അമേരിക്കക്ക് മോചനമില്ല.

Tags:    
News Summary - Will America, which started the war, stop it?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.