അണ്ണാ ഹസാരെ സമരത്തിന്റെ മറവിൽ ജനരോഷം ഇളക്കിവിട്ട് അതിന്റെ മേൽവിലാസത്തിൽ അധികാരത്തിലേറിയ പാർട്ടിയാണ് തങ്ങൾ എന്ന സത്യം മറന്നിട്ടില്ലെങ്കിൽ ഈ സമരത്തോടും ക്രിയാത്മകമായി പ്രതികരിക്കാൻ കാവിപ്പാർട്ടിക്ക് ധാർമിക ബാധ്യതയുണ്ട്
ചോദ്യപേപ്പർ ചോർച്ചയെതുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടിവന്നതിന്റെയും മറ്റു പരാജയങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നാളുകളായി ഡൽഹി ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാരസമരവും പാർലമെന്റ് മാർച്ചും കൂടുതൽ ജനപിന്തുണയാർജിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
ആയിരക്കണക്കിൽ വിദ്യാർഥി-യുവജനങ്ങളടങ്ങുന്ന വൻ ന്യൂജൻ സമൂഹത്തെ ബലപ്രയോഗത്തിലൂടെ തടയാൻ കേന്ദ്ര സേന നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടത് മോദി സർക്കാറിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. എന്നാൽ അതിൽ നിന്നു കേന്ദ്രം ഒന്നും പഠിക്കുന്നില്ലെന്നു വേണം ന്യൂഡൽഹിയിൽ സമരത്തിനു പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കമുള്ളവരുടെ നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗവും അറസ്റ്റും തെളിയിക്കുന്നത്. ഡൽഹി പോലിസിനു പുറമെ ആയിരക്കണക്കിന് ദ്രുതകർമസേന, ബാരിക്കേഡുകൾ നിരത്തി ജന്തർമന്തർ അടച്ചും ഇന്റർനെറ്റ് സേവനം തടഞ്ഞും നടത്തിയ മുന്നൊരുക്കങ്ങളെ തൃണവത്ഗണിച്ച് മുന്നോട്ടുനീങ്ങിയ പാറ്റസംഘം ജന്തർമന്തറിന്റെ പരിസരത്തുള്ള മെട്രോ സ്റ്റേഷനുകളിലൂടെ പാഞ്ഞെത്തി തിങ്കളാഴ്ച പാർലമെന്റ് വളഞ്ഞപ്പോൾ കേന്ദ്ര സേന തീർത്തും നിസ്സഹായരായി എന്നാണ് റിപ്പോർട്ട്.
പതിവ് മുറതെറ്റിക്കാതെ ആയിരങ്ങളുടെ നേരെ വെടിയുണ്ടകൾ ഉയർത്തുകയോ പില്ലറ്റ് പ്രയോഗിക്കുകയോ ചെയ്തിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. അത്രത്തോളം പോയില്ലെങ്കിലും കണ്ണീർവാതക പ്രയോഗം ലക്കുംലഗാനുമില്ലാതെ നടത്തിനോക്കാതിരുന്നില്ല പൊലീസ് സേന; ഒപ്പം ലാത്തിച്ചാർജും. സ്കൂൾ വിദ്യാർഥികളും വിദ്യാർഥിനികളുമടക്കമുള്ള കൗമാരക്കാരെ പൊലീസും സേനയും ചേർന്ന് തല്ലിച്ചതച്ച ചിത്രം ഹൃദയഭേദകമാണ്.
രണ്ടും കൽപിച്ച് നിലയുറപ്പിച്ച പ്രക്ഷോഭകാരികൾ പിരിഞ്ഞുപോവാൻ വന്നവരായിരുന്നില്ല. മണിക്കൂറുകൾ നീണ്ട ‘യുദ്ധ’ത്തിൽ 100 പൊലീസുകാർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക അറിയിപ്പെങ്കിലും സമരം പൊളിക്കാൻ നുഴഞ്ഞുകയറിയവരാണ് അതിനുത്തരവാദികൾ എന്നാണ് സി.ജെ.പി ഭാഷ്യം.
തലസ്ഥാനനഗരിയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യത്വഹരിതമായ വേട്ടയാണ് പൊലീസ് നടത്തിയതെന്ന് സമരക്കാരും അവരെ പിന്തുണക്കുന്നവരും കുറ്റപ്പെടുത്തുന്നു. സേനകളെ കൂടാതെ ഗുണ്ടകളും ബലപ്രയോഗത്തിൽ പങ്കുചേർന്നതായി പ്രക്ഷോഭക്കാർ ആരോപിക്കുന്നു. സംഘർഷസ്ഥലത്ത് ഒരു ലോറിയിൽ നിറയെ കരിങ്കല്ലുകൾ നിറച്ചു കൊണ്ടുവന്നു വെച്ചത് പ്രകോപനത്തിനായിരുന്നു എന്നവർ ചൂണ്ടിക്കാട്ടി. മുമ്പ് പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർഥിപ്രക്ഷോഭത്തെ വഴിതെറ്റിച്ച് കലാപത്തിലേക്ക് വലിച്ചിഴച്ച അനുഭവം ഡൽഹിയിലുള്ളതുകൊണ്ട് ഈ ആരോപണത്തെ പൂർണമായും തള്ളിക്കളയാനുമാവില്ല.
സി.ജെ.പി പ്രക്ഷോഭത്തെ പിന്തുണച്ച് അനിശ്ചിതകാല നിരാഹാരത്തിനിരുന്ന പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു നീക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം പാർലമെന്റിലേക്കുള്ള മാർച്ചിനു നേരെ പൊലിസും സേനയും ക്രമസമാധാന പേരു പറഞ്ഞ് അതിക്രമമഴിച്ചുവിട്ടത്. അതോടെ സമരത്തിനു പിന്തുണയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖരും കോൺഗ്രസും ഇടതുപാർട്ടികളുമടക്കം രാഷ്ട്രീയകക്ഷികളും ഒന്നു ചേർന്ന് ചൊവ്വാഴ്ച ഡൽഹിയിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുൽഗാന്ധി നയിച്ച പ്രതിഷേധ പരിപാടിയും നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി അടിച്ചമർത്തുകയായിരുന്നു കേന്ദ്ര ഭരണകൂടം.
പ്രതിപക്ഷസമരങ്ങളെ നേരിടുന്ന പതിവ് രീതി അപകടകരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം കേന്ദ്ര ആഭ്യന്തരമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി വക്താവുമായി ചർച്ച നടത്തിയെങ്കിലും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒന്നുകൊണ്ടും പിൻവാങ്ങാൻ സന്നദ്ധരല്ലെന്ന പ്രതികരണമാണ് സമരക്കാരുടെ പക്ഷത്തുനിന്നുണ്ടായത്. മാത്രമല്ല, അനുഭാവസൂചകമായി നിരാഹാരം കിടക്കുന്ന പ്രുമഖ മനുഷ്യാവകാശ പോരാളി സോനം വാങ്ചുകിനെ കസ്റ്റഡിയിൽനിന്ന് വിട്ടയക്കുക, ആത്മഹത്യചെയ്ത ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും സി.ജെ.പി ഉന്നയിച്ചിരിക്കുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും സുദീർഘമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിന് വഴിതെളിഞ്ഞില്ല.
പ്രതിപക്ഷ സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തിയ പാരമ്പര്യം മാത്രമുള്ള മോദി സർക്കാർ വ്യത്യസ്തമായൊരു സമീപനം ഈ സമരപരമ്പരകൾക്കു നേരെ സ്വീകരിക്കുകയില്ലെന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പൊലീസ് ആക്ഷനിലൂടെ നൽകുന്ന സൂചന. സ്പെക്ട്രം അഴിമതിക്കെതിരെ എന്ന ബാനർ ഉയർത്തി മൻമോഹൻസിങ് സർക്കാറിനെതിരെ ഗാന്ധിയൻ അണ്ണ ഹസാരെ നടത്തിയ നിരാഹാര സമരത്തെ സ്വന്തമാക്കി നാടാകെ ജനരോഷം ഇളക്കിവിട്ട് അതിന്റെ മേൽവിലാസത്തിൽ അധികാരത്തിലേറിയ പാർട്ടിയാണ് ബി.ജെ.പി എന്ന സത്യം മറന്നിട്ടില്ലെങ്കിൽ സി.ജെ.പി സമരത്തോടും ക്രിയാത്മകമായി പ്രതികരിക്കാൻ കാവിപ്പാർട്ടിക്ക് ധാർമിക ബാധ്യതയുണ്ട്; അത്തരമൊരു ധാർമിക സമീപനം നരേന്ദ്രമോദി-അമിത്ഷാ ടീമിൽനിന് പ്രതീക്ഷിക്കുന്നത് ഒരുവേള അർഥശൂന്യമാണെങ്കിലും. എന്നാൽ, അയൽനാടുകളിൽ സമീപകാലത്ത് അരങ്ങേറിയ വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങൾ എവ്വിധമാണ് കലാശിച്ചതെന്ന് നമ്മുടെ ഭരണാധികാരികൾ ഓർക്കുന്നത് നന്നാവും. സ്വന്തം ശക്തിയിലുള്ള അതിരുകവിഞ്ഞ ആത്മവിശ്വാസവും ഭിന്നശബ്ദങ്ങളോടുള്ള പുച്ഛവുമാണ് തീവ്രഹിന്ദുത്വ പ്രസ്ഥാനത്തെ നയിക്കുന്നത് എന്നതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശുഭകരമായ പര്യവസാനം കരുതലോടെ മാത്രമേ പ്രതീക്ഷിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.