​ട്രംപ്​ ആരുടെ ഫ്രണ്ട്​?


അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അജണ്ടകളും ദുഷ്ടലാക്കുകളും ഓരോ ദിവസം ചെല്ലുംതോറും ലോകത്തിനു മുന്നിൽ മറനീക്കി പുറത്തുവരുകയാണ്, പതിറ്റാണ്ടുകൾ മുമ്പുതന്നെ പാകിസ്താനോട് അകൈതവമായ വാത്സല്യം പുലർത്തിപ്പോരുന്ന, ആയുധവും അർഥവും നൽകി അവരെ പരിപോഷിപ്പിക്കുന്ന അമേരിക്കയോട് അടുത്ത കാലങ്ങളിലായി ഇന്ത്യൻ ഭരണകൂടം വിധേയത്വ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. മുൻകാലങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷമുണ്ടായപ്പോഴെല്ലാം പാകിസ്താന്റെ പക്ഷത്തുനിന്ന അമേരിക്കൻനിലപാടിന് ഇക്കുറിയും പ്രകടമായ മാറ്റമുണ്ടായില്ല. പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻസൈന്യം ഓപറേഷൻ നടത്തുന്നതിനിടെ താൻ ഇടപെട്ട് വെടിനിർത്തൽ തീരുമാനമാക്കിയിരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊടുന്നനെ വെടിപൊട്ടിച്ചതുപോലും പാകിസ്താനെ സഹായിക്കാനായിരുന്നു. ഇന്ത്യൻ മുന്നേറ്റത്തിൽ വിരണ്ട പാ​കി​സ്താ​ന്റെ മി​ലി​ട്ട​റി ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ടതിനെത്തുടർന്ന് വെടിനിർത്തൽ തീരുമാനിച്ചുവെന്ന ഇന്ത്യൻസൈന്യത്തിന്റെ ആഖ്യാനത്തെ നിസ്സാരവത്കരിച്ച് നടത്തിയ അവകാശവാദം ട്രംപ് ആവർത്തിച്ചുകൊണ്ടേയിരുന്നു. ട്രംപ് തന്റെ ഫ്രണ്ടാണെന്ന് അഭിമാനം കൊള്ളുന്ന, ഒരു വേള അമേരിക്കയിൽ ചെന്ന് ട്രംപിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണംവരെ നടത്തിയ ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയാവട്ടെ യു.എസ് പ്രസിഡന്റിന്റെ വാദം നിഷേധിക്കാനോ ഇന്ത്യൻസൈന്യത്തിന്റെ നിലപാട് ഉയർത്തിപ്പിടിക്കാനോ ഒരിക്കൽപോലും തയാറായിട്ടുമില്ല.

പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ നമ്മുടെ നിലപാട് അന്താരാഷ്ട്രസമൂഹത്തിനു മുന്നിൽ വിശദീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധിസംഘങ്ങളെ അയച്ചിരുന്നു. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഡോ. ശശി തരൂർ എം.പിയുടെ നേതൃത്വത്തിലെ സംഘമാണ് അമേരിക്കയിൽ പര്യടനം നടത്തിയത്. ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുതകുംവിധത്തിൽ വിദേശരാഷ്ട്ര പ്രതിനിധികളെയോ നയരൂപീകർത്താക്കളെയോ കാണാതെ ഇന്ത്യൻ എംബസികളും ബന്ധുമേഖലകളും സന്ദർശിച്ചും പ്രവാസി ഇന്ത്യക്കാർ അവതരിപ്പിക്കുന്ന സംഘനൃത്തം കണ്ടും വിരുന്നുണ്ടും വ്യക്തിപരമായ മൈലേജുയർത്താനാണ് പല സംഘങ്ങളും ശ്രമിച്ചത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. വിദേശസമൂഹങ്ങൾക്കിടയിൽ ഇന്ത്യയുടെ നിലപാട് ശരിയാംവിധം അറിയിക്കുന്നതിലും പിന്തുണ സ്വരൂപിക്കുന്നതിലും പര്യടന പദ്ധതി എത്രകണ്ട് വിജയിച്ചു എന്ന് പറയാനായിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യു.എസ് ഭരണകൂടത്തിന്റെ മുൻഗണനയും പരിഗണനയും ആർക്കായിരിക്കും എന്നത് വിളിച്ചോതുന്നതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ​കഴിഞ്ഞ ദിവസത്തെ ചെയ്തി.

പഹൽഗാം ഭീകരാക്രമണത്തിനു മുമ്പുതന്നെ പാക് പ്രവാസികൾക്കിടയിൽ ഇന്ത്യക്കെതിരെ വൈരാഗ്യം നിറഞ്ഞ പ്രകോപനപ്രസ്താവനകൾ നടത്തിയ, ഓപറേഷൻ സിന്ദൂറിനു ശേഷവും തരിമ്പ് പ്രതിപക്ഷ ബഹുമാനമോ ലവലേശം കുറ്റബോധമോ ഇല്ലാതെ വിടുവായത്തം തുടരുന്ന പാക്‌ സൈനികമേധാവി ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനിറിനെ വൈറ്റ്ഹൗസില്‍ വിളിച്ചുവരുത്തി ഉച്ചവിരുന്നുനല്‍കി ചര്‍ച്ചനടത്തിയിരിക്കുന്നു ട്രംപ്. ഇന്ത്യക്കെതിരായ സകല കുത്തിത്തിരിപ്പുകളും നടത്തിപ്പോരുന്ന പാക് ചാരസംഘടന ഐ.എസ്.ഐയുടെ മേധാവി ലഫ്.ജനറൽ അസീം മാലിക്കും ഒപ്പമുണ്ടായിരുന്നു. പാക് പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ ഇത്തരത്തിൽ വിരുന്നിനു വിളിച്ചാൽ അസ്വാഭാവികതയില്ല. എന്നാൽ, സൈനിക മേധാവിയെയും ചാരസംഘടനാ തലവനെയും വിരുന്നൂട്ടിയതിനെ അത്തരത്തിൽ കാണാനാവില്ല. ജി-ഏഴ്​ ഉച്ചകോടിക്കിടെ ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് കരുതപ്പെട്ടിരുന്നു. അതുണ്ടായില്ല. കാനഡ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ്‌ പാക്‌ സൈനികമേധാവിക്കായി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയത്‌. ഇന്ത്യയുമായുണ്ടായ യുദ്ധം അവസാനിപ്പിച്ചതിന് നന്ദി പറയാനാണ് പാക് സൈനികമേധാവിയെ ക്ഷണിച്ചതെന്നും അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് വിരുന്നിനു ശേഷമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻപ്രധാനമന്ത്രിയെ പുകഴ്ത്തിയ അദ്ദേഹം താൻ പാകിസ്താനെ സ്നേഹിക്കുന്നുവെന്നും വ്യക്തമാക്കി.

അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ ഇറാനുനേരെ ഇസ്രായേൽ നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താനെ ഒപ്പം നിർത്താൻ നടത്തിയ അടവാണ് ഈ വിരുന്നൂട്ടും പുകഴ്ത്തലുമെന്ന വിശകലനമുണ്ട്. ഇസ്രായേൽ നടപടിയെ അപലപിച്ചുവെങ്കിലും ആയുധദാതാവായ അമേരിക്കയുടെ തീട്ടൂരങ്ങൾക്കപ്പുറം പോകാനുള്ള ധൈര്യമോ ശേഷിയോ ഇല്ലാത്ത പാകിസ്താന്റെ പിന്തുണക്കായി മാത്രം ഇതുപോലെ ബിരിയാണി വെച്ചുവിളമ്പേണ്ടതുണ്ടെന്ന് കരുതാനാവില്ല. ട്രംപിന്റെ താൽപര്യം മറ്റുപലതുമാണ്.

നാളിതുവരെയുള്ള ചെയ്തികളിൽ നിന്ന് മോദിയും മുനിറും മറ്റേതൊരാളും വായിച്ചെടുക്കേണ്ട ഒരു യാഥാർഥ്യമുണ്ട്; ഒരാൾക്കും നമ്പാൻ കഴിയുന്ന ചങ്ങാതിയല്ല ​ട്രംപ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മേധാവിക്ക് ചങ്ങാത്തം തന്നോട് മാത്രമാണ്. ലോകം മുഴുവൻ നിയന്ത്രിക്കുന്നയാളായി സ്വയം ചമയുന്ന, സമാധാന നൊബേൽ സമ്മാനം സ്വന്തമാക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന ട്രംപിന്റെ പിന്തുണയിൽ ഈ ഉലകിൽ നടക്കുന്നത് സംഹാരയുദ്ധങ്ങളും സർവനാശങ്ങളും മാത്രമാണ്. വെടിനിർത്തൽ ധാരണ ലംഘിച്ച് കുഞ്ഞുങ്ങളെ ബോംബെറിഞ്ഞും പട്ടിണിക്കിട്ടും കൊലപ്പെടുത്തുന്ന ഇസ്രായേലിനെ വിരലനക്കം കൊണ്ടുപോലും വിലക്കാൻ തയാറാവാത്ത, അവരുടെ ഭീകരാക്രമണത്തെ ചെറുക്കുന്ന ഇറാൻ ഭരണാധികാരിക്ക് നേരെ കൊലവിളി മുഴക്കുന്ന ട്രംപും ഭരണകൂടവും ലോകത്തെ മറ്റൊരു രാജ്യത്തെയുമെന്നല്ല, അമേരിക്കൻ ജനതയെപ്പോലും സ്നേഹിക്കുന്നില്ല. സ്വേ​ച്ഛാ​ധി​പ​ത്യവാ​ഴ്ച​യി​ലും അ​ഴി​മ​തി​യി​ലും പൊ​റു​തി​മു​ട്ടി അ​മേ​രി​ക്ക​ൻ ജ​ന​ത പ്ര​ക്ഷോ​ഭ​വു​മാ​യി തെ​രു​വു​ക​ളി​ൽ തു​ട​രു​​മ്പോ​ഴാ​ണ് ഇ​ത​ര രാ​ജ്യ​ങ്ങ​ളെ മ​ര്യാ​ദ​യും ജ​നാ​ധി​പ​ത്യ​വും പ​ഠി​പ്പി​ക്കാ​ൻ ട്രം​പ് ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത്. അമേരിക്കയുടെ പ്രീതി പറ്റാൻ സ്വന്തം ജനതയെ വഞ്ചിക്കുന്ന, നശീകരണായുധങ്ങൾ വാങ്ങിക്കൂട്ടുന്ന രാഷ്ട്രനായകർ ഇനിയെങ്കിലും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്.

Tags:    
News Summary - Whose friend is Trump?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.