ജനാധിപത്യമര്യാദകളോ, അതെന്താണ്?

പതിനേഴാമത് ലോക്​സഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യ നേരിടുന്ന വർത്തമാനകാല സാമൂഹികസമസ്യകളുടെ ഉത്തരംതേടിയുള്ള സംവാദങ്ങളായി പരിണമിക്കുമെന്ന്​ ഒരു വിഡ്ഢിപോലും സ്വപ്നംകാണുന്നില്ല. നോട്ടുനിരോധനവും കാർഷിക പ്രതിസന്ധിയുമല് ല, വർഗീയതയും പരമതവിദ്വേഷവുമാണ് പ്രചാരണകാലത്ത് പൊട്ടിയൊഴുകുകയെന്ന്​ സാമാന്യ രാഷ്​ട്രീയസാക്ഷരതയുള്ള ആർക്കും അറിയാം. എന്നാൽ, തെരഞ്ഞെടുപ്പ്​ അന്തിമഘട്ടത്തിലെത്തിയപ്പോൾ ഒരു ജനാധിപത്യ അവിശ്വാസിപോലും പ്രതീക്ഷിക്കാത്തത്ര കടുത്തുപോയിരിക്കുന്നു, അധികാരസ്ഥരുടെ അന്തസ്സുകെട്ടതും അപമര്യാദപരവുമായ വഷളൻപ്രയോഗങ്ങൾ. ജനാധിപത്യ മര്യാദകളോ, അതെന്താണ് എന്നാണ് രാഷ്​ട്രീയക്കാർ പരസ്പരം ചോദിക്കുന്നത്. ജനാധിപത്യത്തി​​െൻറ പ്രാഥമികമര്യാദകൾ പാലിക്കാൻപോലും വിസമ്മതിക്കുന്നവർ ഭരണഘടനയുടെ മൂല്യങ്ങൾ നിഷ്കർഷയോടെ നടപ്പിൽ വരുത്താൻ വോട്ട് തേടുന്ന കോമഡിയാണ് ഇപ്പോൾ അരങ്ങുതകർക്കുന്നത്. വാക്കുകളുടെ വിലയിടിഞ്ഞിരിക്കുന്നു. കളവ് ഏറ്റവും വലിയ അധികാരമൂലധനമായി മാറിക്കഴിഞ്ഞിരിക്കുന്നു. വലിയ നുണ വമ്പിച്ച ജനക്കൂട്ടത്തിൽ അറപ്പില്ലാതെ പറയലാണ് പ്രഭാഷണകല. എതിരാളികളെ തെറിവിളിക്കുന്നതിൽ ഹരം കണ്ടെത്തുന്നവരാണ് മികച്ച നേതാക്കൾ. ഏറ്റവും മോശം വാക്കുകൾ പ്രയോഗിക്കുന്നവന് കൂടുതൽ ഹിറ്റ് എന്നതായിരിക്കുന്നു ‘ടെക്നോ ജനാധിപത്യ’ത്തി​െൻറ പ്രചാരക സൂത്രവാക്യം.

വിദ്വേഷ പ്രഭാഷണങ്ങളും തെരഞ്ഞെടുപ്പുചട്ട ലംഘനങ്ങളും അവസാനിപ്പിക്കാൻ സുപ്രീംകോടതിപോലും ഇന്ന് അശക്തമാണ്. ഭരണകക്ഷിക്കുവേണ്ടി പ്രചാരണം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്​ ഷാക്കുമെതിരായ ചട്ടലംഘന പരാതികളിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന കേസ് തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധി നിരാശജനകമായി. അത്​ കൂടുതൽ വലിയ അധാർമിക പ്രചാരണത്തിന് വളമായി മാറുകയാണ്. പരാതികൾ കാലഹരണപ്പെട്ടുവെന്ന ന്യായത്തിലാണ് കോൺഗ്രസ്​​ നേതാവ്​ സു​ഷ്​​മി​ത ദേ​വ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ തള്ളിയിരിക്കുന്നത്. മോദിക്കും ഷാക്കും നൽകിയ ക്ലീൻചിറ്റുകളുടെ ശരിതെറ്റുകൾ പരിശോധിക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ തീർപ്പ്. പരാതികൾക്കുമേൽ ആഴ്ചകളോളം അടയിരുന്ന് ​െവെകിച്ച തെരഞ്ഞെടുപ്പ് കമീഷ​​െൻറ നടപടി വിലയിരുത്താൻ സുപ്രീംകോടതി വിസമ്മതിച്ചു. സമാനമായ പരാതികളിൽ ഇതര നേതാക്കൾക്കെതിരെ കേസുകളെടുത്തതും കമീഷൻ അംഗം അശോക് ലവാസയുടെ വിയോജനക്കുറിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പൂഴ്ത്തിവെച്ചതും സുപ്രീംകോടതി പരിഗണിച്ചതേയില്ല. സൈന്യത്തെയും വിവിധ മത, ദേശ വിഭാഗങ്ങളെയും മുൻകാല നേതാക്കളെയും നിലവാരംകുറഞ്ഞ ഭാഷയിൽ അപഹസിക്കുകയും അക്രമാത്മകമായ വെറുപ്പ് ജനിപ്പിക്കുകയും ചെയ്യുന്നത് പരമോന്നത കോടതിക്കുപോലും മനസ്സിലാകുന്നില്ലെങ്കിൽ ജനാധിപത്യത്തി​െൻറ ഭാഷയും സംസ്കാരവും രാജ്യത്ത് ജീവനോടെയു​െണ്ടന്ന് കരുതുക മൗഢ്യമാകും.

ജനാധിപത്യ സമ്പ്രദായത്തിലുള്ള അധഃപതനം ആർക്കാണ് ഗുണകരമാകുക​? ജനാധിപത്യമര്യാദകൾ കാറ്റിൽപറത്തപ്പെടുന്നതിലൂടെ നഷ്​ടമാകുന്ന ജനവിശ്വാസത്തി​െൻറ ഗുണഭോക്​താക്കൾ ആരാണ് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിലടങ്ങിയിരിക്കുന്നു ഇന്ത്യ അഭിമുഖീകരിക്കുന്ന നിർണായകമായ സാമൂഹിക പ്രതിസന്ധി. ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലം മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി ധാരാളം സമൂഹങ്ങളെ പ്രകോപിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൗർഭാഗ്യവശാൽ, അവക്കെല്ലാം തുടക്കമിട്ടത് പ്രധാനമന്ത്രിയോ അദ്ദേഹത്തി​െൻറ പാർട്ടിയോ ആയിരുന്നു. അദ്ദേഹത്തി​െൻറയും സഹപ്രവർത്തകരുടെയും വ്യാജ അവകാശവാദങ്ങൾക്കെതിരെ വിവിധ മേഖലകളിലെ പ്രമുഖർ രംഗത്തിറങ്ങേണ്ട സ്ഥിതി ഇന്ത്യൻ ചരിത്രത്തിൽ ഇതിനു മു​െമ്പാരിക്കലുമുണ്ടായിട്ടില്ല. സൈനികരെ രാഷ്​ട്രീയതാൽപര്യങ്ങൾക്കു വലിച്ചിഴക്കുന്നതിനെതിരെ മുൻ സൈനിക മേധാവികൾക്ക് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നു. ഹേമന്ത്​ കർക്കരെയെ അപമാനിച്ചതിന് മുംബൈയിലെ ജനങ്ങൾ രംഗത്തിറങ്ങി. വ്യാജ ശാസ്ത്രത്തിനുവേണ്ടിയുള്ള സർക്കാറി​െൻറ അമിതാവേശത്തിനെതിരെ ശാസ്ത്രസമൂഹം ഒപ്പുശേഖരണം നടത്തി മാധ്യമങ്ങളിലൂടെ പ്രസിദ്ധംചെയ്തു. ഏറ്റവും ഒടുവിൽ രാജീവ് ഗാന്ധിക്കെതിരായ അപകീർത്തിപ്രയോഗങ്ങൾക്കെതിരെ ഡൽഹിയിലെ അധ്യാപകർ തെളിവുകളോടെ പൊതുസമക്ഷം സംസാരിക്കുന്നു. പ്രകൃതിദുരന്തത്തിലേക്കു നയിച്ച ‘ഫോനി’യേക്കാൾ അപകടകരമായ രാഷ്​ട്രീയധ്രുവീകരണമാണ് ഫോനിയാനന്തരം ബംഗാളിലും ഒഡിഷയിലും ആഞ്ഞുവീശുന്നത്. അതി​െൻറയും പ്രഭവകേന്ദ്രം പ്രധാനമന്ത്രിതന്നെ.

തെരഞ്ഞെടുപ്പ് മര്യാദകൾ പാലിക്കാതെയുള്ള ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ഉദാത്ത വാക്കുകൾ അകംപൊള്ള മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലെത്തുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തി​െൻറ അകം എത്രമേൽ ശൂന്യമാ​െണന്ന കാര്യം അങ്ങേയറ്റം ഭീതിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കമീഷൻ, വ്യത്യസ്ത അന്വേഷണ ഏജൻസികൾ, ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക്, ഒടുവിൽ കോടതികൾപോലും ഭീതിയുടെ ഇരുട്ടുതന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ജനാധിപത്യത്തി​െൻറ ബഹുസ്വരത സംസ്കാരമായി ഉൾക്കൊണ്ട ഇന്ത്യൻ ജനത, വിശേഷിച്ച് ഗ്രാമീണർ ശരിയായ വോട്ടിങ്ങിലൂടെ ജനാധിപത്യത്തി​െൻറ അന്തസ്സ് വീണ്ടെടുക്കാൻ ശേഷി തെളിയിച്ചിട്ടുള്ളതാണ്. അധികാര ഭൈമീകാമുകരുടെ ഉച്ചത്തിലുള്ള തെറിയഭിഷേകത്തിനും മാധ്യമപ്രഭൃതികളുടെ പക്കമേളത്തിനും മുന്നിൽ അവർക്കും ചിന്താശേഷി കൈമോശം വന്നുപോയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജനാധിപത്യത്തി​െൻറ ഭാവി.

Tags:    
News Summary - What is Courtesy Of Democracy - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.