ഉണരാം, സ്വാതന്ത്ര്യത്തിലേക്ക്


മനസ്സിൽ ഭീതിയില്ലാത്തിടം, ശിരസ്സുയർന്നിരിക്കുന്നിടം,

അറിവിന് അതിരില്ലാത്തിടം,

കുടുസ്സുചുമരുകളാൽ ലോകത്തെ വേറെവേറെ വെട്ടിമുറിക്കാത്ത ഇടം,

വാക്ക് നേരിന്റെ ആഴത്തിൽനിന്ന് ചുരത്തുന്ന ഇടം...

സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്കാകട്ടെ, എന്റെ ദൈവമേ, എന്റെ നാടിന്റെ ഉണർച്ച.

-ടാഗോർ

അഗാധമായ രാജ്യസ്നേഹവും അതിരില്ലാത്ത വിശ്വമാനവികതയും ഒത്തുപോകുന്ന മനോഹരമായ ഒരു ഭാവി സ്വതന്ത്ര ഇന്ത്യക്കായി സ്വപ്നം കണ്ടവരാണ് നമ്മുടെ നേതാക്കൾ. എഴുപത്തഞ്ചിലെത്തിനിൽക്കെ ആ സ്വപ്നങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടതുണ്ട്. നേരിന്റെ ആഴങ്ങളിൽനിന്ന് വാക്ക് ചുരത്തിയിരുന്ന രാജ്യം പ്രകടനാത്മക രാജ്യസ്നേഹത്തിന്റെ വരൾച്ചയിലേക്കാണോ ഓടിയെത്തിയതെന്ന ചോദ്യം ഉയരുന്നുണ്ട്. മൂന്നു നാളുകളായി രാജ്യം ത്രിവർണ പതാകകളുയർത്തി ആഹ്ലാദിക്കുന്നു, അഭിമാനിക്കുന്നു. അതേസമയം, ഈ ആഹ്ലാദത്തിനും അഭിമാനത്തിനും മുകളിൽ, സ്വാതന്ത്ര്യപ്പുലരിയിലെ സ്വപ്നങ്ങൾക്കു മുകളിൽ, നിഴൽപരത്തുന്ന വസ്തുതകളെക്കൂടി കാണേണ്ട സന്ദർഭമാണിത്. തിരുത്താനും മുന്നേറാനുമുള്ള ആഹ്വാനം കൂടിയാണ് അവ.

നിർഭയത്വത്തിന്റെ രാജ്യമാണ് നമ്മുടെ നേതാക്കൾ വിഭാവനം ചെയ്തത്. ഭയത്തിൽനിന്നുള്ള ആ മോചനം മഹാഭൂരിപക്ഷത്തിനും കിട്ടിയില്ല. വിശപ്പ്, തൊഴിലില്ലായ്മ, മാരക നിയമങ്ങൾ എന്നിവ ബ്രിട്ടീഷ് ഭരണകാലത്ത് നമ്മെ അസ്വസ്ഥരും ചകിതരുമാക്കിയിരുന്നു. ഇന്നും തൊഴിലില്ലായ്മ രൂക്ഷമാണ്. ബ്രിട്ടീഷ് കാലത്തെ നിയമങ്ങളും അവയുടെ കൂടുതൽ മൂർച്ചയുള്ള പരിഷ്കൃത പതിപ്പുകളും പൗരന്മാർക്കുമേൽ ഭീതിയുടെ നിത്യസാന്നിധ്യമായിരിക്കുന്നു. നാമുയർത്തിയ പതാക പറയേണ്ടത് ഭരണകൂടത്തിന്റെ അമിതാധികാരത്തിൽനിന്ന് നാം സ്വതന്ത്രരാണ് എന്നായിരുന്നു. എന്തു തിന്നണം, എന്തുടുക്കണം, എങ്ങോട്ടെല്ലാം സഞ്ചരിക്കാം, എവിടെയെല്ലാം പാർക്കാം തുടങ്ങി എന്തു വിശ്വസിക്കണം എന്നുവരെ തീരുമാനിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യമില്ലാത്ത ഒരിടമല്ല മുക്കാൽ നൂറ്റാണ്ടു മുമ്പ് ആമോദത്തോടെ നാം എതിരേറ്റ ഇന്ത്യ. മാധ്യമങ്ങൾ ഭരണകൂടത്തെ വിമർശിച്ചാൽ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന കാലം ബ്രിട്ടന്റെ ഒഴിച്ചുപോക്കോടെ ഇല്ലാതാകും എന്നു നാം മോഹിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് ചൊല്ലും ചെയ്തിയുംകൊണ്ട് സ്ഥാപിച്ചെടുത്ത നേതാക്കളാണ് നമ്മുടെ അടിസ്ഥാനാദർശങ്ങളും ഭരണഘടനയും രൂപപ്പെടുത്തിയത്. കാരണം, സ്വാതന്ത്ര്യത്തിനുവേണ്ടി സന്ധിയില്ലാ സമരം അവർ നടത്തി. കേവലം പ്രകടനാത്മകമല്ലാത്ത യഥാർഥ രാജ്യസ്നേഹമാണ് അവരെ നയിച്ചത്. നിയമമുണ്ടാക്കുമ്പോൾ ഏറ്റവും പാവപ്പെട്ടവനെ മനസ്സിൽ കാണണമെന്ന് ഉപദേശിച്ച രാഷ്ട്രപിതാവ് നമുക്കുണ്ടായിരുന്നു. നാമാകട്ടെ, കോർപറേറ്റുകൾക്കുവേണ്ടി നിയമമുണ്ടാക്കാനാണ് ഇത്രകാലംകൊണ്ട് പഠിച്ചത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് ഉയർന്നു പറക്കുന്ന ത്രിവർണങ്ങൾ. പക്ഷേ, ബഹുസ്വരതയുടെ മഴവില്ല് മറന്ന് ഏകനിറത്തിന്റെ മുരടിപ്പിലേക്കാണ് നാം സഞ്ചരിക്കുന്നത്. പൗരത്വ നിയമഭേദഗതിയും കാർഷിക നിയമങ്ങളും പാസാക്കിയെടുക്കാൻ കഴിയുന്ന ജനപ്രതിനിധിസഭകൾ നമുക്കുണ്ടായിരിക്കുന്നു. തിരുത്തൽ സ്ഥാപനങ്ങളാകേണ്ട മാധ്യമങ്ങളും ജുഡീഷ്യറിയും നിർവീര്യമാക്കപ്പെടുന്ന സന്ദർഭങ്ങൾ ധാരാളം. അപരവത്കരണത്തിന്റെ ആർപ്പുവിളികളുയരുമ്പോൾ ആശ്രയമാകേണ്ടവർ മാളത്തിലൊളിക്കുന്നു. ആൾക്കൂട്ട സംസ്കാരം നിയമവാഴ്ചക്കു മുകളിലും വിദ്വേഷപ്രചാരണങ്ങൾ വസ്തുതകൾക്കു മുകളിലും ആധിപത്യം സ്ഥാപിക്കുന്നു. തീർച്ചയായും ഇതിനെയല്ല സ്വാതന്ത്ര്യമെന്ന് രാഷ്ട്രപിതാവും ഭരണഘടനാ ശിൽപികളും സ്വാതന്ത്ര്യസമര നേതാക്കളും വിളിച്ചത്. സുതാര്യതയാണ് സ്വതന്ത്ര ജനാധിപത്യത്തിന്റെ ആത്മാവ്. ഇലക്ടറൽ ബോണ്ടും, വിവരാവകാശ നിയമം ദുർബലമാക്കപ്പെടുന്നതും പ്രതിപക്ഷത്തെയും ഫെഡറലിസത്തെയും അവഗണിക്കുന്നതുമൊന്നും അതുമായി ചേർന്നുപോകില്ല.

വാനിൽ ദേശീയപതാക അഭിമാനത്തോടെ പറക്കുമ്പോൾ താഴെ, നമ്മെ ചിന്തിപ്പിക്കേണ്ട കണക്കുകളും വസ്തുതകളുമുണ്ട്. മാധ്യമ സ്വാതന്ത്ര്യ നിലവാരത്തിൽ 180 രാജ്യങ്ങളിൽ 150ാം സ്ഥാനമാണ് നമുക്കെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്, മാധ്യമ സുരക്ഷയിൽ നാം വളരെ പിന്നിലാണെന്ന് പറയുന്നു. മതസ്വാതന്ത്ര്യത്തിൽ നാം മോശമെന്ന് അമേരിക്കയുടെ മതസ്വാതന്ത്ര്യ അംബാസഡർ, മതസ്വാതന്ത്ര്യ കമീഷൻ, കേറ്റോ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ വെവ്വേറെ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. ഹോളോകോസ്റ്റ് മ്യൂസിയത്തിലെ മുന്നറിയിപ്പ് സൂചിക, വംശഹത്യാ സാധ്യതയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്തായി ഇന്ത്യയെ എടുത്തുകാട്ടുന്നു. മനുഷ്യ സ്വാതന്ത്ര്യ സൂചികയിൽ 2020ൽ 162 രാജ്യങ്ങളിൽ 111ലേക്ക് താഴ്ന്നു നമ്മൾ. 'ഫ്രീഡം ഹൗസി'ന്റെ അളവനുസരിച്ച്, 'ഭാഗികമായി മാത്രം സ്വാതന്ത്ര്യമുള്ള' രാജ്യങ്ങളിലായിരിക്കുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തരം സൂചികകൾ വേറെയും ധാരാളമുണ്ട്. അവയെ നമ്മുടെ സർക്കാർ അപ്പപ്പോൾ നിരാകരിച്ചുവരുന്നുമുണ്ട്. മാനദണ്ഡങ്ങൾ ശരിയല്ല, തെറ്റായ അളവുരീതി എന്നൊക്കെയാണ് അവയെ തള്ളുന്നതിന് നാം പറയുന്ന ന്യായം. എന്നാൽ, വിവിധ രാജ്യങ്ങളിലെ വിവിധ ഏജൻസികളുടെ വിലയിരുത്തലെല്ലാം ഒരുപോലെ തെറ്റാണെന്ന് പറഞ്ഞുകൊണ്ടിരിക്കാൻ നമുക്ക് കഴിയുമോ? നാട്ടിലെ ​െദെനംദിന യാഥാർഥ്യങ്ങളുമായി ആ റിപ്പോർട്ടുകൾ പൊരുത്തപ്പെടുന്നില്ലെന്ന് പറയാനാകുമോ?

വിമർശകർക്ക് നാം മറുപടി നൽകേണ്ടത് യഥാർഥ സ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ടാകണം. ഇന്നും നമുക്ക് ഭദ്രമായ ഭരണഘടനയും ബഹുസ്വരതയുടെയും വൈജാത്യത്തിന്റെയും കരുത്തറിയിക്കുന്ന ജനസഞ്ചയവും ആദർശനിഷ്ഠ പാരമ്പര്യത്തിന്റെ ചരിത്രവുമുണ്ട്. ലോകത്തിനു മാതൃകയാകേണ്ട ഒട്ടനവധി നേട്ടങ്ങൾ നമുക്കുണ്ട്. പക്ഷേ, സ്വാതന്ത്ര്യമാണ് എല്ലാറ്റിന്റെയും ചാലകം. വിശ്വാസ സ്വാതന്ത്ര്യം, ആചാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ഭയത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിലേക്കുള്ള ഉണർച്ചയാകട്ടെ ഈ സുദിനത്തിൽ നാം നമുക്കുതന്നെ നൽകുന്ന ആശംസ.


Tags:    
News Summary - wake up, to freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.