രാജ്യത്തെ ഇരുപതിലേറെ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും പലതവണ അധികാരത്തിലെത്തിയിട്ടുണ്ടെങ്കിലും, ബിഹാറിലെ മുഖ്യമന്ത്രിപദം ബി.ജെ.പിക്ക് എന്നും അന്യമായിരുന്നു. ആ ക്ഷമാപൂർണമായ രാഷ്ട്രീയ കാത്തിരിപ്പിന് വിരാമമാവുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം സംസ്ഥാനരാഷ്ട്രീയത്തിന്റെ ചാലകശക്തിയായിരുന്ന നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് രാജ്യസഭാംഗമാകാൻ നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, വിജയ് സിൻഹ, മന്ത്രിമാരായ വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവർക്കും മുതിർന്ന ബി.ജെ.പി-ജെ.ഡി.യു നേതാക്കളായ നിതിൻ നവിൻ, രാംനാഥ് താക്കൂർ, ഉപേന്ദ്ര കുശ് വാഹ, ശിവേഷ് കുമാർ എന്നിവർക്കുമൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.
‘‘പാർലമെന്ററി ജീവിതം ആരംഭിച്ചതുമുതൽ എന്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ടായിരുന്നു; ബിഹാർ നിയമസഭയിലെ രണ്ട് സഭകളോടൊപ്പം പാർലമെന്റിലെ രണ്ട് സഭകളിലും അംഗമാകണമെന്ന്. അതിന്റെ ഭാഗമായി ഇത്തവണ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ രാജ്യസഭാംഗമാകാൻ ആഗ്രഹിക്കുന്നു’’ എന്ന അദ്ദേഹത്തിന്റെ ട്വീറ്റിനെ ഒരു ‘ഹോളി തമാശ’യായി തള്ളിക്കളയുകയാണ് രാഷ്ട്രീയ എതിരാളികൾപോലും. ബി.ജെ.പി നിതീഷിന്റെ കസേര ഏറ്റെടുക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത് വെറുമൊരു അധികാര കൈമാറ്റമല്ല, ബിഹാറിന്റെ രാഷ്ട്രീയ ഭൂപടത്തിലെ വലിയ പൊളിച്ചെഴുത്താണ്. ഒപ്പം, ബിഹാർ രാഷ്ട്രീയത്തിലെ ഒരു പ്രധാനയുഗത്തിന്റെ അന്ത്യം കൂടിയാണത്.
അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ ശിഷ്യന്മാരായി ബിഹാർ രാഷ്ട്രീയത്തിൽ നിരവധി യുവമുഖങ്ങൾ ഉയർന്നുവന്നു. ലാലുപ്രസാദ് യാദവ്, സുശീൽ മോദി, റാം വിലാസ് പാസ്വാൻ, ശരദ് യാദവ്, നിതീഷ് കുമാർ എന്നിവർ അവരിൽ പ്രമുഖരായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലം ബിഹാർ രാഷ്ട്രീയത്തെ സമ്പൂർണമായും അടക്കിഭരിച്ചത് ഇവരായിരുന്നു. പദവികളോട് വിമുഖത കാണിക്കുകയും ജനങ്ങളോട് മാത്രം പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്ത ജെ.പിയുടെ ശിഷ്യർ, അധികാരത്തിനുവേണ്ടി ‘ആയാറാം ഗയാറാം’ കളിയിലെ ആശാന്മാരായി പരിണമിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ മറ്റൊരു വൈപരീത്യം. ദേശീയ രാഷ്ട്രീയത്തിലെ സന്ദിഗ്ധാവസ്ഥകളിൽ ആര് ഭരിക്കണമെന്ന് നിർണയിക്കുന്നതിൽ ഇവർ സുപ്രധാന പങ്കുവഹിക്കുകയും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലം ഏത് കക്ഷികൾ ഭരിക്കുമ്പോഴും അധികാരത്തിന്റെ അമരത്ത് തുടരുകയും ചെയ്തു. ആ തലമുറയിലെ അവസാന കണ്ണികളിലൊരാളായ നിതീഷ് കുമാർ കൂടി മുഖ്യമന്ത്രി സ്ഥാനം വിടുന്നതോടെ, അധികാരമാറ്റത്തോടൊപ്പം സംഭവിക്കുന്നത് ബിഹാർ രാഷ്ട്രീയത്തിലെ തലമുറമാറ്റം കൂടിയാണ്. മകൻ നിഷാന്ത് കുമാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പുവരുത്തിയിട്ടാണ് ബി.ജെ.പിക്ക് പദവി കൈമാറുന്നതെന്ന് അദ്ദേഹം ആശ്വസിക്കുന്നുണ്ടെങ്കിലും, ബി.ജെ.പിക്ക് ഇതൊരു വലിയ രാഷ്ട്രീയവിജയം തന്നെയാണ്. അതിന്റെ ആഹ്ലാദം ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.
നിതീഷ് കുമാർ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ് നാലുമാസം പിന്നിടുമ്പോഴേക്കും പെട്ടെന്ന് പടിയിറങ്ങിയത് എന്തിന് എന്ന ചോദ്യത്തിന് യുക്തിസഹമായ വിശദീകരണം ലഭിക്കാൻ ഇനിയും സമയമെടുത്തേക്കാം. എന്നാൽ, ബി.ജെ.പിക്ക് അധികാരമേറ്റെടുക്കാനും നിതീഷിനെ മാറ്റാനും പറ്റിയ ഏറ്റവും അനുയോജ്യ സമയം ഇതാണെന്നാണ് രാഷ്ട്രീയവിദഗ്ധർ വിലയിരുത്തുന്നത്. അടുത്ത മൂന്നര വർഷത്തേക്ക് പുതിയ സർക്കാറിന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതില്ല. അതിനിടയിൽ, ബിഹാറിലെ ജനങ്ങളെ -പ്രത്യേകിച്ച് നിതീഷ് കുമാറിന്റെ വോട്ടുബാങ്കായ കുർമി, ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളെ- സ്വാധീനിക്കാനായാൽ അധികാരസ്ഥിരത നേടാനാകുമെന്ന് അവർ വിശ്വസിക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെയും അജിത്പവാർ പക്ഷത്തെയും മൂലക്കൊതുക്കിയതുപോലെ, നിതീഷിന്റെ മകനെയും സഖ്യകക്ഷികളെയും കേന്ദ്രാധികാരം ഉപയോഗിച്ച് ഒതുക്കാനാകുമെന്നും അവർ കണക്കുകൂട്ടുന്നു. നിതീഷിനെ സംസ്ഥാന ഭരണത്തിൽനിന്ന് രാജ്യസഭയിലേക്ക് മാറ്റുന്ന നീക്കം, മഹാരാഷ്ട്ര മോഡൽ രാഷ്ട്രീയത്തെയാണ് ഓർമിപ്പിക്കുന്നത്.
ബി.ജെ.പിയുടെ ഹിന്ദുത്വാധിഷ്ഠിത രാഷ്ട്രീയത്തിന് ബിഹാറിലെ ജാതി-പ്രാതിനിധ്യരാഷ്ട്രീയത്തെ മറികടക്കാനുള്ള കരുത്തുണ്ടാകുമോ എന്നതാണ് മൗലികമായ ചോദ്യം. അനാരോഗ്യം വേട്ടയാടുന്ന നിതീഷ് കുമാറിന് ബി.ജെ.പിയുടെ തന്ത്രങ്ങളെയും കുതികാൽവെട്ടലുകളെയും അതിജീവിച്ച് മകന്റെ രാഷ്ട്രീയഭാവിയും ജെ.ഡി.യുവിന്റെ വോട്ടുബാങ്കും നിലനിർത്താനാകുമോ എന്ന കാര്യത്തിൽ പലരും ആശങ്കാകുലരാണ്. നിതീഷിന്റെ രാജി പാർട്ടിക്കകത്ത് അമ്പരപ്പും അസംതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്. ‘ബിഹാറികളുടെ മണ്ണിന്‍റെ രാഷ്ട്രീയത്തെ ഡൽഹിക്ക് വിറ്റു’ എന്ന തേജസ്വി യാദവിന്റെ രാഷ്ട്രീയ പ്രചാരണത്തിനും ഇതോടെ തുടക്കമായിക്കഴിഞ്ഞു. ബിഹാർ മറ്റൊരു മഹാരാഷ്ട്രയാകുമോ അതോ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലയായി മാറുമോ എന്നറിയാൻ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.