ശത്രുക്കളുടെ ഉപജാപങ്ങളും പാർട്ടിയുടെ ആഭ്യന്തര ദൗർബല്യങ്ങളുമെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ മതന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ടാവാം.
ഒരു മുസ്ലിം അനീതിക്കിരയായാൽ അത് ‘ന്യൂനപക്ഷ സമുദായക്കാരു’ടെ നേരെ നടന്നതായല്ല ‘മുസ്ലിമി’ന് നേരെത്തന്നെയാണെന്ന് തുറന്നുപറയണമെന്ന് നിർദേശിച്ചിരിക്കുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടി ന്യൂനപക്ഷ വകുപ്പിന്റെ ഉപദേശകസമിതി യോഗത്തെ ശനിയാഴ്ച അഭിസംബോധന ചെയ്യവേയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഇങ്ങനെ പറഞ്ഞതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രത്തിലും രാജ്യത്തെ ഇരുപതിലധികം സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ പാർട്ടി, രാജ്യത്തെ ഇരുപത് കോടി വരുന്ന മുസ്ലിം മതന്യൂനപക്ഷത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതാണ് സാഹചര്യം. ഈ പശ്ചാത്തലത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പൊരുതുന്ന ഇൻഡ്യ മുന്നണിയിലെ മുഖ്യഘടകം കൂടിയായ തന്റെ പാർട്ടിയുടെ ഒരു പ്രധാന ദൗർബല്യത്തിലേക്കാണ് രാഹുൽ വിരൽ ചൂണ്ടിയിരിക്കുന്നതെന്ന് വ്യക്തം.
ഏതാനും ആഴ്ചകൾ മുമ്പ് നടന്ന ബിഹാർ, പശ്ചിമബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തീർത്തും രണോത്സുകമായിരുന്നു തീവ്രഹിന്ദുത്വ കൂട്ടായ്മയുടെ മുസ്ലിംവിരുദ്ധ പ്രചാരണമെന്ന് രാജ്യം കണ്ടതാണ്. ‘നുഴഞ്ഞുകയറ്റക്കാർ’, ‘രാജ്യദ്രോഹികൾ’, ‘ഭീകരർ’ എന്നൊക്കെയുള്ള ശകാരവാക്കുകൾ ചൊരിഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരും സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളും നടത്തിയ കടന്നാക്രമണത്തിനെതിരെ, തുല്യനാണയത്തിലിരിക്കട്ടെ മിതമായ ശൈലിയിൽ പോലും പ്രതികരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടി വക്താക്കൾക്ക് കഴിഞ്ഞില്ല. വോട്ടുചോരിയെക്കുറിച്ചും വിദ്വേഷ പ്രചാരണത്തെക്കുറിച്ചും വാചാലമായി സംസാരിച്ച രാഹുൽ ഗാന്ധി തന്നെയും അസമിലെ അതിക്രൂരമായ മുസ്ലിം വേട്ടയെ തുറന്നെതിർക്കാൻ ധൈര്യപ്പെട്ടില്ല. പശ്ചിമബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ ബി.ജെ.പിക്ക് തുല്യം വിമർശിച്ച മതേതരപാർട്ടികൾ രാജ്യത്തുനിന്ന് പുറന്തള്ളൽ ഭീഷണി നേരിടുന്ന മുസ്ലിംകൾക്കുവേണ്ടി ശബ്ദമുയർത്തുന്നതിൽ അസാധാരണസംയമനം പാലിച്ചതാണ് കാണാനായത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ ദൗർബല്യം ബാബരി മസ്ജിദ് തകർക്കപ്പെട്ട തൊണ്ണൂറുകളുടെ തുടക്കത്തിൽ നരസിംഹറാവുവിന്റെ ഭരണകാലം മുതൽ പ്രകടമാണ്. അതുകൊണ്ടുകൂടിയാണ് എക്കാലത്തും കോൺഗ്രസിന്റെ കൂടെ നിന്നിരുന്ന മുസ്ലിം ന്യൂനപക്ഷം പാർട്ടിയിൽനിന്ന് അകലാൻ തുടങ്ങിയത്. സോണിയഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് ചില തിരുത്തലുകൾക്ക് തയാറായതിനെത്തുടർന്ന് മുസ്ലിം ജനസാമാന്യം വീണ്ടും കോൺഗ്രസിനെ ഒരളവോളം പിന്തുണച്ചു. നെഹ്റു കുടുംബത്തിന്റെ മതേതരത്വ പ്രതിബദ്ധതയെക്കുറിച്ചോ തീവ്രഹിന്ദുത്വത്തോടുള്ള എതിർപ്പിനെക്കുറിച്ചോ മുസ്ലിം ജനസാമാന്യത്തിന് പൊതുവേ പരാതികളില്ല. എന്നാൽ, കോൺഗ്രസ് നേതാക്കളിൽതന്നെ പല പ്രമുഖർക്കും തീവ്രവലതുപക്ഷത്തോടുള്ള ആഭിമുഖ്യവും അവസരം ഒത്തുവരുമ്പോൾ കാലുമാറാനുള്ള സന്നദ്ധതയും സോദാഹരണം ചൂണ്ടിക്കാട്ടേണ്ട വസ്തുതപോലുമല്ല. ഇന്നേറ്റവും കൊടിയ മുസ്ലിം വിരുദ്ധത പറയുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ കോൺഗ്രസിൽനിന്ന് കുടിയേറി വന്നയാളാണ്. കേന്ദ്രമന്ത്രിസഭയിലെ പലരും മുൻ കോൺഗ്രസുകാരാണ്. താൻ ഹിന്ദുക്കൾക്കുവേണ്ടിയാണ് ഭരിക്കുന്നത്, മുസ്ലിംകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ഒന്നും അനുവദിക്കില്ല എന്ന് തുറന്ന് പ്രഖ്യാപിച്ച ബംഗാൾ ഭരണചുമതലയേറ്റ സുവേന്ദു അധികാരിയും മുൻ കോൺഗ്രസുകാരനും തൃണമൂൽ നേതാവുമായിരുന്നു.
കോൺഗ്രസിനെ ആഴത്തിൽ ഗ്രസിച്ച ആദർശ വ്യതിയാനവും വലതുപക്ഷാഭിമുഖ്യവുമെല്ലാം വേണ്ടവിധം മനസ്സിലാക്കിത്തന്നെയാവും ഉറച്ച മതേതരവാദികളായ നെഹ്റു കുടുംബം ഇപ്പോൾ പാർട്ടിയുടെ പുനരുജ്ജീവനത്തിനുവേണ്ടി പണിയെടുക്കുന്നുവെന്ന് വേണം കരുതാൻ. ശത്രുക്കളുടെ ഉപജാപങ്ങളും പാർട്ടിയുടെ ആഭ്യന്തര ദൗർബല്യങ്ങളുമെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ മതന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് നേതൃത്വം കരുതുന്നുണ്ടാവാം. ആ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് ഒടുവിലത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ടീം യു.ഡി.എഫിന്റെ അത്യുജ്ജ്വല വിജയം. ഈ വിജയത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗും സാമാന്യമായി മുസ്ലിം സമൂഹവും വഹിച്ച പങ്ക് പ്രതിയോഗികൾക്കുപോലും നിഷേധിക്കാനാവില്ല. ഇതിനെതിരെ തീവ്ര വലതുപക്ഷവും ഇൻഡ്യ മുന്നണിയിലെ പങ്കാളിയായ ഇടതുപക്ഷവും നടത്തുന്ന പ്രചാരണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഒരു സമുദായത്തെയും അനർഹമായി പ്രീണിപ്പിക്കുകയോ അവരുടെ അതിരുകവിഞ്ഞ അവകാശവാദങ്ങൾക്ക് വഴങ്ങുകയോ ചെയ്യരുത്. അതേസമയം രാഹുൽഗാന്ധി ഉപദേശിച്ചപോലെ കൊടിയ അനീതിക്കിരയാവുന്നത് മുസ്ലിമായാലും അത് തുറന്നപലപിക്കണം. മതന്യൂനപക്ഷങ്ങളിലും ദലിതരിലുംപെട്ട ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടികൾ മടിക്കരുത്. അത് ഭൂരിപക്ഷ സമുദായത്തിന്റെ അതൃപ്തിയും എതിർപ്പും ക്ഷണിച്ചുവരുത്തുമെന്ന ഭീതി അയഥാർഥമാണ്. ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷം മനുഷ്യരും നാടിന്റെ ശാന്തിയും സമാധാനവും ബഹുസ്വരതയും നിലനിൽക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്. അസഹിഷ്ണുക്കളായ പ്രതിലോമകാരികളുടെ പ്രചാരണങ്ങൾ കൊണ്ട് അവരെ സ്വാധീനിക്കാനും വഴിതെറ്റിക്കാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.