സാധാരണക്കാർക്ക് അന്യമാകുന്ന റെയിൽവേ ട്രാക്കുകൾ

ജൂൺ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമ്പോൾ, തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് ഒരു ട്രെയിൻ പുറപ്പെടുന്നുണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധമില്ലെങ്കിലും, തെരഞ്ഞെടുക്കപ്പെട്ട മുൻ സർക്കാറിന്റെ ജനദ്രോഹ നടപടികളിൽ കാര്യമായി ചർച്ചചെയ്യപ്പെടാതെ പോയ ഒന്നാണ് ഈ തീവണ്ടിയെന്ന് പറയാം. ഇന്ത്യയുടെ ജീവനാഡിയായ, സാധാരണക്കാരുടെ ആശ്രയമായ റെയിൽവേയെ സ്വകാര്യവത്കരിക്കുന്നതിന്റെ മ െറ്റാരു ഘട്ടമായിരുന്നു സ്വകാര്യ തീവണ്ടികളുടെ കടന്നുവരവ്.

നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് റെയിൽവേയുടെ പാതകളിലേക്ക് സ്വകാര്യ തീവണ്ടികൾക്ക് കടന്നുകയറാൻ വഴിയൊരുക്കുന്ന സവിശേഷ പദ്ധതിതന്നെ ആവിഷ്കരിച്ചിട്ടുണ്ട് മോദിസർക്കാർ. അതിന്റെ ഭാഗമായാണ് ഈ മഡ്ഗാവ് യാത്ര. ‘ഭാരത് ഗൗരവ് യാത്ര’ എന്ന പേരിലുള്ള ഈ പാക്കേജിൽ ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്. ഗോവ, മുംബൈ യാത്ര പാക്കേജുകൾ നാലുദിവസവും അയോധ്യ യാത്ര എട്ടുദിവസവുമാണത്രെ.

ചെന്നൈ ആസ്ഥാനമായ എസ്.ആർ.എം.പി.ആർ ഗ്രൂപ് ആണ് ഈ പദ്ധതിക്കു പിന്നിൽ. ഇന്ത്യൻ റെയിൽവേയിൽനിന്ന് വാങ്ങിയ 600 സീറ്റുകളുള്ള സ്വകാര്യ ട്രെയിനുകളാണ് ഇവർ ഉപയോഗിക്കുന്നത്. വിപുലമായ സൗകര്യങ്ങളടങ്ങിയ ഈ വി.ഐ.പി ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ഭാവിയെ സംബന്ധിച്ച് ചില സൂചനകൾ നൽകുന്നുണ്ട്.

2019 മുതൽതന്നെ സ്വകാര്യ തീവണ്ടികൾ നമ്മുടെ ട്രാക്കുകൾ കൈയടക്കിത്തുടങ്ങിയിട്ടുണ്ട്. ലഖ്നോ-ഡൽഹി പാതയിൽ ‘തേജസ് എക്സ്പ്രസി’ലൂടെ തുടങ്ങിയ പരീക്ഷണയോട്ടം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിനിൽക്കുന്നു. 2022 ജൂണിലാണ് രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവിസ് തുടങ്ങിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്ന് മഹാരാഷ്ട്രയിലെ ഷിർദിയിലേക്കായിരുന്നു ആദ്യ യാത്ര.

‘ഭാരത് ഗൗരവ് യാത്ര’യുടെ കീഴിലുള്ള ഈ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് വലിയ പ്രതിഷേധങ്ങൾക്കിടെയാണ് നടന്നത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എൻ.സി പ്രോപർട്ടി ​െഡവലപേഴ്സ് എന്ന കമ്പനിയായിരുന്നു ഈ സർവിസിനു പിന്നിൽ. റെയിൽവേയുടെ ട്രാക്ക്, സിഗ്നൽ സംവിധാനം, പ്ലാറ്റ്ഫോമുകൾ എന്നിവയും റെയിൽവേയിലെത്തന്നെ ലോക്കോ പൈലറ്റ്, ഗാർഡ് എന്നിവരുടെ സേവനവും ഉപയോഗിച്ച് നടത്തുന്ന സർവിസിൽ ടിക്കറ്റ് വിൽപനയും പരിശോധനയും കമ്പനി നിർവഹിക്കും. ഇഷ്ടമുള്ള നിരക്ക് കമ്പനിക്ക് നിശ്ചയിക്കുകയുമാകാം. ആദ്യ ദിവസങ്ങളിൽതന്നെ സാധാരണ നിരക്കിന്റെ ഇരട്ടിയിലധികമാണ് അവർ ഈടാക്കിയത്. സ്വാഭാവികമായും, ഈ നെറികേടിനെതിരെ മധുരയിലും കോയമ്പത്തൂരിലും വിവിധ യൂനിയനുകളുടെ നേതൃത്വത്തിൽ റെയിൽവേ തൊഴിലാളികൾ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. നിർഭാഗ്യവശാൽ, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്ക് അത് വാർത്തയായില്ല. പകരം, സ്വകാര്യ തീവണ്ടിയെക്കുറിച്ചും അതിലെ സൗകര്യങ്ങളെക്കുറിച്ചും വർണിക്കാനാണ് മിക്ക മാധ്യമങ്ങളും സ്ഥലവും സമയവും ചെലവഴിച്ചത്.

ഇപ്പോൾ, കേരളത്തിൽ മറ്റൊരു കമ്പനി ഇതേ സർവിസുമായി രംഗത്തുവരുമ്പോഴും മാധ്യമനിലപാടിൽ മാറ്റമില്ല. അയോധ്യയിലേക്കും മുംബൈയിലേക്കും ഓടാൻ പോകുന്ന തീവണ്ടിയുടെ ഗുണവിശേഷങ്ങൾ സചിത്രം വിവരിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളത്രയും. ഇത്തരം സ്വകാര്യ സർവിസുകളുടെ കടന്നുകയറ്റം സാധാരണക്കാരായ യാത്രക്കാർക്ക് ഏൽപിക്കുന്ന പരിക്ക് ഏറെ വ്യക്തമായിട്ടും അതേക്കുറിച്ച് സംസാരിക്കാൻ ഭരണവർഗവും മാധ്യമങ്ങളും തയാറാവുന്നില്ല.

റെയിൽവേ വികസനത്തിൽ, പ്രതിപക്ഷ സംസ്ഥാനമെന്ന നിലയിൽ കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല. റെയിൽ പാത ഇരട്ടിപ്പിക്കലിലും വൈദ്യുതീകരണത്തിലുമുള്ള അനാസ്ഥയും കാലതാമസവും, തീവണ്ടികളുടെ അപര്യാപ്തത, ലഭ്യമായ തീവണ്ടികളിൽതന്നെ ബോഗികളുടെ കുറവ്, കോവിഡ് കാലത്തിനുശേഷം പാസഞ്ചർ ട്രെയിനുകൾ കൂട്ടത്തോടെ നിർത്തലാക്കിയത് തുടങ്ങി അവഗണനയുടെയും പുറംതള്ളലിന്റെയും വലിയൊരു പട്ടികതന്നെയുണ്ട്.

സാധാരണക്കാർക്ക് ട്രെയിൻ യാത്ര എത്രമേൽ ദുരിതമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം രണ്ടു നാൾ മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചിരുന്നു. തിരക്കേറിയ ട്രെയിനിൽ സീറ്റില്ലാത്തതിനാൽ ടോയ്‍ലറ്റിൽ ഉറങ്ങുന്ന യാത്രികന്റെ ആ ചിത്രം ഇന്ത്യൻ റെയിൽവേയുടെ ദുരന്തമുഖത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കോവിഡിന്റെ മറവിൽ നിലവിലുണ്ടായിരുന്ന ജനറൽ കമ്പാർട്മെന്റുകൾ റിസർവ് കോച്ചുകളാക്കുകയും അതിൽതന്നെ സ്ലീപ്പർ ക്ലാസ് വെട്ടി എ.സി കോച്ചുകൾ വർധിപ്പിക്കുകയും ചെയ്തതോടെ തീവണ്ടിയാത്ര സാധാരണക്കാർക്ക് പ്രാപ്യമല്ലാതായി. കേരളത്തിലാണെങ്കിൽ, രാഷ്ട്രീയ പ്രതികാരമെന്ന നിലയിൽകൂടിയുള്ള ‘ശിക്ഷാ നടപടി’കളുമുണ്ടായി എന്ന് വേണമെങ്കിൽ പറയാം. ഇതിനെതിരെ പ്രതിഷേധമുയർത്തിയിട്ടും ഫലമുണ്ടായില്ല. ബദൽ മാർഗമായി സംസ്ഥാന സർക്കാർ ആലോചിച്ച കെ.റെയിൽ പോലുള്ള അപ്രായോഗികവും ചെലവേറിയതുമായ പദ്ധതികൾ യാഥാർഥ്യമായാൽപോലും സാധാരണക്കാർക്ക് എത്രകണ്ട് ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയമുണ്ട്.

കേന്ദ്രസർക്കാറാകട്ടെ, ഇക്കാലത്ത് അവതരിപ്പിച്ച പുതിയ തീവണ്ടികളും മധ്യവർഗ-ധനിക യാത്രക്കാരെ ലക്ഷ്യംവെച്ചുള്ളതായിരുന്നു. ഇമ്മട്ടിൽ സാധാരണക്കാർക്ക് തീവണ്ടി അന്യമായിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ഇടിത്തീയായി പുതിയ സ്വകാര്യ ട്രെയിനുകൾ ഭരണകൂടം ട്രാക്കിലിറക്കിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഈ ‘പരിഷ്കരണത്തിലും’ ഇരകളാക്കപ്പെടുക സാധാരണക്കാരായ യാത്രികരായിരിക്കും. ചുരുങ്ങിയ അളവിലാണെങ്കിലും, നിലവിലുള്ള പാസഞ്ചർ തീവണ്ടികളെ പിന്നെയും അരികിലാക്കിക്കൊണ്ടായിരിക്കും ഈ സ്വകാര്യ-ആഡംബര ട്രെയിനുകളുടെ യാത്രയെന്ന് ഉറപ്പാണ്. റെയിൽവേയുടെ ഈ സ്വകാര്യവത്കരണത്തെ തടഞ്ഞേ മതിയാകൂ.

Tags:    
News Summary - privatisation of indian railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.