പ്രധാനമന്ത്രിപദത്തിനു ചേരില്ല ഈ ഇളകിയാട്ടം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയോജകമണ്ഡലം തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ വിഭാഗീയ പ്രസ്താവനകളും അഭംഗുരം തുടരുകയാണ്. വോട്ടർമാരെ വംശീയമായി തരംതിരിച്ച്​ മുസ്‍ലിംകളെ ശത്രുപക്ഷത്ത് നിർത്തിയും കോൺഗ്രസിനെ കുറ്റപ്പെടുത്തിയും മോദി നടത്തിവരുന്ന പ്രസ്താവനകളെല്ലാം വിഭാഗീയത സൃഷ്ടിക്കുന്നതാണ്​ എന്നതിൽ തർക്കമില്ല.

താൻ അധികാരത്തിലുള്ളിടത്തോളം മുസ്‌ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകില്ല എന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ഹിന്ദു വിഭാഗങ്ങളെ കൈയിലെടുക്കാൻ ഇതുവഴി കഴിയുമെന്നാണ്​ അദ്ദേഹത്തിന്‍റെ വിശ്വാസം. വോട്ടുബാങ്കിൽ കണ്ണുനട്ടു നടക്കുന്ന കോൺഗ്രസിന് മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം സംവരണം ഇല്ലാതാക്കും എന്നുപറയാൻ ധൈര്യമുണ്ടോ എന്ന ചോദ്യം മോദി കോൺഗ്രസിനുനേരെ എറിയുന്നുമുണ്ട്​.

ഇൻഡ്യ മുന്നണി-പ്രധാനം കോൺഗ്രസ് തന്നെ-പട്ടികജാതി-പട്ടിക വർഗ പിന്നാക്ക ജാതിക്കാരുടെ സംവരണം എടുത്ത് മുസ്​ലിംകൾക്ക് കൊടുക്കുകയാണ് ചെയ്യുന്നത് എന്ന കാടടച്ചുള്ള പ്രസ്താവന ആവർത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട്​ അദ്ദേഹം. മുസ്‌ലിംകൾ അതിപിന്നാക്കം പോയ ഇടങ്ങളിൽ പൊതുവായ ഒ.ബി.സി സംവരണത്തിൽത്തന്നെ അവർ ഉൾപ്പെടാതെ പോകുമ്പോൾ ജന സംഖ്യാനുപാതത്തിലും കുറഞ്ഞ നാമമാത്ര പ്രാതിനിധ്യം ഉള്ളിടങ്ങളിൽ ഉപസംവരണം ഏർപ്പെടുത്തിയാലേ അവസരങ്ങൾ ഉണ്ടാവൂവെന്നത്​ ആർക്കും ബോധ്യപ്പെടുന്നതാണ്​. പക്ഷേ, അത്തരം സങ്കീർണഘട്ടങ്ങളിൽ പോലും 15 ശതമാനത്തിലധികം വരുന്ന മുസ്‍ലിംകൾ സംവരണാനുകൂല്യത്തിന്​ അർഹരല്ല എന്ന മനോഗതിയാണ്​ മോദിക്കും സംഘ്പരിവാറിനും. അതുതന്നെയാണ് പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ്സുകളഞ്ഞും ‘നുഴഞ്ഞു കയറ്റക്കാരും’ ‘കൂടുതൽ പെറ്റുകൂട്ടുന്നവരു’മെന്നു മുസ്​ലിംകളെ അധിക്ഷേപിക്കാനും അദ്ദേഹം ആവേശം കാണിക്കുന്നത്. രാഷ്ട്രത്തിന്റെ ജനസംഖ്യയിലെ പതിനഞ്ച് ശതമാനത്തിലധികം വരുന്ന ഒരു വിഭാഗത്തെക്കുറിച്ച് ഒരു പ്രധാനമന്ത്രിക്ക്​ എങ്ങനെയാണ് ഇത്തരം അപലപനീയമായ ഒരു പരാമർശം നടത്താൻ കഴിയുന്നത്.

ഡോ. ബി.ആർ. അംബേദ്‌കർ പട്ടിക ജാതി/വർഗക്കാർക്ക് നൽകിയ സംവരണം കോൺഗ്രസ് മതാടിസ്ഥാനത്തിൽ മുസ്‍ലിംകൾക്ക്​ പതിച്ചു നൽകിയെന്ന അടിസ്ഥാനരഹിതമായ ആരോപണവും പ്രധാനമന്ത്രി ഉന്നയിക്കുന്നുണ്ട്​. ഒരേ സമയം അംബേദ്​ക​ർക്ക്​ വാഴ്ത്തും മുസ്‌ലിംകൾക്ക്​ പഴിയും. മാത്രമല്ല, ഇന്ത്യൻ ഭരണഘടന കോൺഗ്രസ് തകർത്തു എന്ന കുറ്റപ്പെടുത്തലുമുണ്ട്​ അതിൽ. ഒപ്പം ഭരണഘടനാ ഭേദഗതികൾക്ക് തുടക്കമിട്ടതുതന്നെ ജവഹർലാൽ നെഹ്‌റു ആണെന്ന മറ്റൊരു ആരോപണവും.

മോദി ഭരണകൂടം ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത നശിപ്പിക്കുന്നു എന്നും അതില്ലാതാക്കുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുമ്പോഴാണിത്. അത് ഭരണഘടന ഭേദഗതി ചെയ്തുവെന്ന കാരണത്താലല്ല, അതിന്റെ അന്തസ്സത്തയായ ജനാധിപത്യ, മതേതരത്വം, ഫെഡറലിസം തുടങ്ങിയ അടിസ്ഥാനതത്ത്വങ്ങളെ ഇല്ലാതാക്കുന്ന ഭേദഗതികളുടെയും നിയമനിർമാണങ്ങളുടെയും പ്രവർത്തനങ്ങളുടെയും പേരിലാണ്. തുല്യത ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പുകൾ സംവരണത്തിന് തടസ്സമാവുന്നതു ഇല്ലാതാക്കാൻ നെഹ്‌റു ഭരണകൂടം ഭേദഗതി വരുത്തിയെന്നതു ശരിയാണ്​. സത്യത്തിൽ ആ വകുപ്പുകളുടെ തണലിൽ തന്നെയാണ് ഇന്നും എല്ലാ സംവരണങ്ങളും രാജ്യത്ത് നടപ്പിലാവുന്നതും, മോദി അവകാശപ്പെടുന്ന പട്ടിക ജാതി/വർഗ/ഒ.ബി.സി സംവരണമുൾപ്പെടെ നിയമാനുസൃതമാവുന്നതും. ഒരു മതവിഭാഗമായ മുസ്‌ലിംകൾക്ക് സംവരണാവകാശം ലഭിക്കുന്നത് മത സമുദായമെന്ന നിലയിൽ പിന്നാക്കാവസ്ഥ ഉണ്ടെന്നു സ്ഥിതിവിവരക്കണക്കിൽ തെളിഞ്ഞതുകൊണ്ടാണ്.

നേതാക്കളുടെ പ്രസ്താവനകളെന്തും കൈയടിച്ച് പാസാക്കുന്ന അനുയായി വൃന്ദത്തെ കണ്ടാണ്​ ഈ ഇളകിയാട്ടങ്ങൾ. ഒപ്പം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങൾ എന്തുതന്നെയായാലും അതിന്‍റെ പേരിൽ, സ്വന്തം കീശയിലുള്ള കമീഷൻ ഒരു നടപടിയുമെടുക്കില്ല എന്ന ഉറപ്പും. പ്രധാനമന്ത്രി നടത്തിയ പ്രസ്താവനക്കെതിരായ പരാതിയിൽ പതിവിനു വിപരീതമായി പാർട്ടി അധ്യക്ഷനോടായിരുന്നല്ലോ കമീഷൻ​ വിശദീകരണം ചോദിച്ചത്. ഒപ്പം ബാലൻസ്​ ഒപ്പിക്കാൻ രാഹുൽ ഗാന്ധിക്കെതിരായ അത്രയൊന്നും ഗൗരവമില്ലാത്ത പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും നൽകി ഒരു നോട്ടീസ്​. ഇങ്ങനെ ഔദ്യോഗിക സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും വരുതിയിൽ നിർത്തി, വസ്തുതാ വിശകലനത്തിനു തയാറാവാതെ മൈതാനപ്രസംഗങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചും ആവേശമിളക്കിവിട്ടും നടത്തുന്ന അഭ്യാസം വോട്ടിനു മതിയാകുമെങ്കിൽപോലും, 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രധാനമന്ത്രിക്ക് ചേർന്നതല്ല; അതിന്‍റെ നിയമാനുസൃതത്വം എന്തായാലും ശരി. 

Tags:    
News Summary - Narendra Modi hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.