പ്രധാനമന്ത്രി സംസാരിക്കുന്നത് ആരോട്?

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അമേരിക്കയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമാവുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരെ ട്രംപ് അധിക്ഷേപിച്ചു എന്ന തരത്തിലാണ് അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.

അധിക്ഷേപിച്ചതാണോ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണോ എന്നുള്ളത് ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായേക്കാം. പക്ഷേ, ഒരു കാര്യമുണ്ട്. 2016 ജൂലൈക്ക് ശേഷം ആദ്യമായാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരുമായി നേരിട്ട് സംസാരിക്കുന്നത്. ആശയത്തിലും സമീപനത്തിലും അസഹിഷ്ണുതയും പരവിദ്വേഷവും പുലര്‍ത്തുന്ന ട്രംപ് ദുരന്തങ്ങള്‍ കൊണ്ടുവരാനിടയുള്ള ഏകാധിപതിയാവാനുള്ള സാധ്യത പലരും പ്രവചിക്കുന്നുണ്ട്.

ലോകത്തിലെ മുന്‍നിര ജനാധിപത്യരാജ്യമായ അമേരിക്കയുടെ പ്രസിഡന്‍റാവാന്‍ പോകുന്നയാള്‍ മാധ്യമങ്ങളോട് പുലര്‍ത്തുന്ന സമീപനം ഇതാണെങ്കില്‍ ജനാധിപത്യ രീതികളോടുള്ള അദ്ദേഹത്തിന്‍െറ പ്രതിബദ്ധത സംശയിക്കപ്പെടും. മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും അവരെ അകറ്റി നിര്‍ത്താനും ശ്രമിക്കുന്ന ട്രംപ് പക്ഷേ, മറ്റൊരു കാര്യത്തില്‍ നല്ല ശ്രദ്ധ കൊടുക്കുന്നുണ്ട്. ട്വിറ്റര്‍, യൂട്യൂബ് എന്നിവ വഴി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പ്രോപഗണ്ട സ്വഭാവത്തില്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം നല്ല മിടുക്ക് കാണിക്കുന്നുണ്ട്. എല്ലാ ഏകാധിപതികളും അങ്ങനെയാണ്. ഇങ്ങോട്ട് ചോദ്യങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളെ അവര്‍ ഒഴിവാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ഇന്ത്യയില്‍  പ്രധാനമന്ത്രി നരേന്ദ്ര  മോദി സ്വീകരിക്കുന്ന സമീപനങ്ങളും ട്രംപിന്‍െറ രീതികളും തമ്മില്‍ സാമ്യതകള്‍ കാണാന്‍ കഴിയും. നവംബര്‍ എട്ടിന് രാത്രിയില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ചുകൊണ്ടാണ്, പ്രചാരത്തിലുള്ള കറന്‍സി മൂല്യത്തിന്‍െറ 86 ശതമാനം വരുന്ന, 500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം അദ്ദേഹം നടത്തുന്നത്. അതിനുശേഷം രാജ്യനിവാസികള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കാന്‍ അദ്ദേഹം സന്നദ്ധമായിട്ടില്ല. മാധ്യമങ്ങളെ കാണുന്നതോ പത്രസമ്മേളനം നടത്തുന്നതോ പ്രതിപക്ഷ കക്ഷികളുമായോ മുഖ്യമന്ത്രിമാരുമായോ സംസാരിക്കുന്നതോ പോകട്ടെ, പാര്‍ലമെന്‍റില്‍ വന്നിരിക്കാനും  ചര്‍ച്ചകള്‍ക്ക് മറുപടി പറയാനും പോലും അദ്ദേഹം സന്നദ്ധമായില്ല.

പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബഹളം വെച്ചതിന് ശേഷം മൂന്നാം ദിവസം മാത്രമാണ് പാര്‍ലമെന്‍റില്‍ ഹാജരാവാന്‍ അദ്ദേഹം മനസ്സുവെച്ചത്. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തന്‍െറ പേരില്‍ തയാറാക്കിയ മൊബൈല്‍ ആപ്പിലൂടെ പ്രതികരിക്കാനാണ് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും എന്താണ് സാധനം എന്നു പോലുമറിയാത്ത മൊബൈല്‍ ആപ്പിലൂടെ മോദി സംവദിക്കാന്‍ ഉദ്ദേശിക്കുന്നത് ആരോടാണ്? ജനാധിപത്യ രാഷ്ട്രത്തിലെ പരമോന്നത സഭയായ, പാര്‍ലമെന്‍റിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ എന്തുകൊണ്ടാണ്  അദ്ദേഹം സന്നദ്ധമാകാത്തത്?

കാരണം ലളിതമാണ്. ഏകാധിപതികള്‍ ചോദ്യങ്ങളെ തരിമ്പും ഇഷ്ടപ്പെടുന്നില്ല. തന്നെക്കാള്‍ പദവിയില്‍ കുറഞ്ഞവര്‍ എന്ന് താന്‍ കരുതുന്നവരുമായി സംസാരിക്കുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക്  മറുപടി പറയുന്നതും തന്‍െറ ഊതിവീര്‍പ്പിക്കപ്പെട്ട ബിംബവ്യക്തിത്വത്തിന് ഹിതകരമല്ല  എന്നാണ് അത്തരക്കാര്‍ വിചാരിക്കുന്നത്. അതിനാല്‍, ഏകപക്ഷീയമായ പ്രചാരവേല സംഘടിപ്പിക്കുന്നതില്‍ മാത്രമാണ് ഏകാധിപതികള്‍ക്ക് താല്‍പര്യം. മൊബൈല്‍ ആപ്ളിക്കേഷന്‍, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ സമൂഹത്തിലെ ഒരു ഉപരിവര്‍ഗത്തിലേക്ക് അവര്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടേയിരിക്കും.

പ്രധാനമന്ത്രിയുടെ ഇത്തരം സമീപനങ്ങളുടെ തുടര്‍ച്ച തന്നെയാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിനുള്ള സന്ദര്‍ശന അനുമതി നിഷേധിച്ച സംഭവവും. നോട്ട് നിരോധം സൃഷ്ടിച്ച പ്രയാസങ്ങളും അതത്തേുടര്‍ന്ന് കേരളത്തിന്‍െറ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ സ്ഥാപനങ്ങള്‍ അനുഭവിക്കുന്ന വന്‍ പ്രതിസന്ധിയും മുന്‍നിര്‍ത്തി കേരള നിയമസഭ പ്രത്യേക സമ്മേളനം ചേരുകയും പ്രതിപക്ഷവും ഭരണപക്ഷവും ചേര്‍ന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അതിന്‍െറ തുടര്‍ച്ചയായാണ് സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ പോയി കാണാന്‍ തീരുമാനിക്കുന്നത്.

ഒരു സംസ്ഥാന നിയമസഭ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രകടിപ്പിക്കുന്ന വികാരത്തെ മാനിക്കാന്‍ അദ്ദേഹം തയാറാകണമായിരുന്നു. നമ്മുടെ ഉന്നത ഫെഡറല്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത തീരുമാനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും രീതിയാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ പിന്തുടരുന്നത് എന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചത്.

സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം വലിയ തോതില്‍ വഷളാവാന്‍ പോകുന്നുവെന്നതിന്‍െറ സൂചനകള്‍ ഇതില്‍ കാണാം. കേന്ദ്രത്തിന്‍െറ ഏകപക്ഷീയമായ നടപടികള്‍ സഹിച്ച് കഴിയേണ്ട ഗതികേട് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാവുന്നത് ഗുണകരമല്ല. നമ്മുടെ ഫെഡറല്‍  ജനാധിപത്യ ഘടനയെ  അത്  ദുര്‍ബലപ്പെടുത്തും. ജനാധിപത്യ രാജ്യത്തിന്‍െറ തലവനില്‍നിന്നുതന്നെ അതിനെ അകമേ ദുര്‍ബലമാക്കുന്ന നടപടികള്‍ നിരന്തരം ഉണ്ടാവുന്നത് ആശങ്കജനകം തന്നെയാണ്.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.